ശോശപ്പ – വി. കുർബാനയിൽ

റവ. ഡോ. ഫ്രാൻസീസ് പിട്ടാപ്പിള്ളിൽ

പൗരസ്ത്യ ആരാധനക്രമ പാരമ്പര്യമനുസരിച്ച് വി. കുർബാന വേളയിൽ ദിവ്യരഹസ്യങ്ങളുടെ പരിപാവനത ദ്യോതിപ്പിക്കുവാനായി കാസയെയും പീലാസയെയും മൂടുവാൻ ഒരു തിരശീല ഉപയോഗിക്കാറുണ്ട്. സുറിയാനി പാരമ്പര്യത്തിൽ ശോശപ്പ എന്നാണ് ഇതറിയപ്പെടുന്നത്. തൂവാല, തിരുശീല, കച്ച എന്നെല്ലാമാണ് ശോശപ്പ എന്ന സുറിയാനി പദത്തിന്റെ അർത്ഥം. തൊട്ടുരുമ്മുക, പൊരുന്നിയാവസിക്കുക എന്നെല്ലാണ് ശോശപ്പ എന്ന പദത്തിന്റെ ക്രിയാർത്ഥം. സാധാരണ ഗതിയിൽ കാപ്പയുടെ നിറത്തിൽ ചതുരാകൃതിയിലുള്ള തിരുവസ്ത്രമാണ് ശോശപ്പ. ഈ തിരുവസ്ത്രം ദിവ്യരഹസ്യങ്ങളുടെ പവിത്രതയെ സൂചിപ്പിക്കുന്നതിനു പുറമെ മിശിഹാ രഹസ്യത്തിന്റെ അനുസ്മരണത്തെ സഹായിക്കുന്ന അടയാളമായും വർത്തിക്കുന്നു. ദിവ്യരഹസ്യങ്ങൾ ബലിപീഠത്തിൽ സന്നിഹതമായിരിക്കുന്ന സമയം മുഴുവനും അവയുടെ പവിത്രതയെ സൂചിപ്പിക്കുന്ന അടയാളമായി ശോശപ്പനിലകൊള്ളുന്നു.
1. ശോശപ്പ കൊണ്ട് മൂടുന്നത്
ബലിവസ്തുക്കൾ പ്രദിക്ഷണമായി മദ്ബഹയിൽ കൊണ്ടുവന്നശേഷം അവയെ ശോശപ്പകൊണ്ട് മൂടുന്നു. ദിവ്യരഹസ്യങ്ങൾ ബലിപീഠത്തിൽ സ്ഥാപിച്ച് ശോശപ്പ കൊണ്ട് മൂടുന്നത് മിശിഹായുടെ മരണത്തിന്റെയും സംസ്‌കാരത്തിന്റെയും സൂചനയായി ആരാധനക്രമ വ്യാഖ്യാതാക്കൾ വ്യക്തമാക്കുന്നു.
അൾത്താരയിൽ അപ്പത്തിന്റയും വീഞ്ഞിന്റെയും മുകളിൽ വച്ചിരിക്കുന്ന ശോശപ്പ പുരോഹിത പ്രമാണിമാരുടെയും വിധികർത്താക്കളുടെയും മോതിരംകൊണ്ട് മുദ്രവയ്ക്കപ്പെട്ടതും ഈശോയുടെ കല്ലറയെ മൂടിയിരുന്നതുമായ കല്ലിനെ സൂചിപ്പിക്കുന്നുവെന്ന് അഞ്ചാം നൂറ്റാണ്ടിലെ ആരാധനക്രമ വ്യാഖ്യാതാവായിരുന്ന മാർ നർസായി പഠിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിലെ ആരാധനക്രമ വ്യാഖാതാവായിരുന്ന ഗബ്രിയേൽ ഖത്രായയുടെ അഭിപ്രായത്തിൽ കാസയെയും പീലാസയെയും മൂടുന്ന ശോശപ്പ കല്ലറയുടെയും, കല്ലറയുടെ പ്രവേശന കവാടത്തിങ്കലുള്ള കല്ലിന്റെയും പ്രതീകമാണ്.
2 ശോശപ്പാ ദിവ്യരഹസ്യങ്ങൾക്ക് ചുറ്റും വയ്ക്കുന്നത്
സമാധാനാശംസയെത്തുടർന്നുള്ള ഡീക്കന്റെ പ്രഘോഷണസമയത്ത് കാർമ്മികൻ കാസയെയും പീലാസയെയും മൂടിയിരിക്കുന്ന ശോശപ്പ എടുത്തു ദിവ്യരഹ്യങ്ങൾക്ക് ചുറ്റുമായി വയ്ക്കുന്നു. ഈ കർമ്മത്തിലൂടെ പുരോഹിതൻ ആരാധ്യമായ ദിവ്യരഹസ്യത്തെ വെളിപ്പെടുത്തുവെന്ന് മാർ നർസായി ഉദ്‌ഘോഷിക്കുന്നു.
ഈ കർമ്മത്തിന് യുഗാന്തോന്മുഖമായ വ്യാഖ്യാനം നൽകികൊണ്ട് ഒൻപതാം
നൂറ്റാണ്ടിലെ ആരാധനക്രമ വ്യാഖ്യാതാവായിരിക്കുന്ന അർബേലിലെ ജോർജ്ജ് എഴുതുന്നു: പുരോഹിതന്റെ മുന്നിൽ ശോശപ്പ മാറ്റപ്പെടുന്നു. രാജ്യത്തിന്റെ രഹസ്യങ്ങൾ അവനു മുമ്പിൽ വെളിപ്പെടുന്നു. തത്സമയം അവൻ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും അവകാശിയായിരിക്കുന്നു. കബറിത്തിൽ നിന്ന് ഉരുട്ടിമാറ്റിയ കല്ലിനെയാണ് ശോശപ്പ സൂചിപ്പിക്കുന്നതെന്ന് പാത്രിയർക്കീസ് തിമോത്തി രണ്ടാമനും (1318-1332), ദിവ്യരഹസ്യങ്ങളുടെ മേലുള്ള ശീല മാറ്റുന്നത് കബറിടത്തിൽ നിന്നുള്ള കല്ലുമാറ്റുന്നതിന്റെ സൂചനയാണെന്ന് അബ്ദീശോയും (+1318) അഭിപ്രായപ്പെടുന്നു.
3 ശോശപ്പാ നിവർത്തിവയ്ക്കുന്നത്
വിഭജന ശുശ്രൂഷയെ തുടർന്ന് കാർമ്മികൻ ദിവ്യരഹസ്യങ്ങൾക്ക് ചുറ്റും വച്ചിരിക്കുന്ന ശോശപ്പാ നിവർത്തിവയ്ക്കുന്നു. ഈശോയെ സംസ്‌ക്കരിച്ചപ്പോൾ അവിടുത്തെ തിരുശരീരം പൊതിഞ്ഞിരുന്ന കച്ചയുടെ പ്രതീകമാണ് ശോശപ്പ. അവിടുത്തെ ഉത്ഥാനശേഷം ഈ കച്ച കല്ലറയുടെ ഒരു വശത്ത് ചുരുട്ടി വച്ചിരുന്നതായി കാണപ്പെട്ടു (യോഹ 20 : 7-8). കർത്താവിന്റെ മൃതശരീരം പൊതിഞ്ഞിരുന്നതും അവിടുത്തെ ഉത്ഥാനശേഷം ശവകുടീരത്തിൽ കാണപ്പെട്ടതുമായ കച്ചയെ അതു സൂചിപ്പിക്കുന്നു. വിഭജന ശുശ്രൂഷ മിശിഹായുടെ മരണത്തെ സൂചിപ്പിക്കുന്നതിനാൽ, അവിടുത്തെ ഉത്ഥാനത്തെ സൂചിപ്പിക്കുവാനാണ് ശോശപ്പ ഈ സമയത്ത് നിവർത്തി വയ്ക്കരുത്. മിശിഹായുടെ ഉത്ഥാനം വഴി രക്ഷാകര ഫലം ലോകത്തിൽ ഒരുക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് നിവർത്തിയിരിക്കുന്ന ശോശപ്പ.