റവ. ഡോ. ജോബി കറുകപ്പറമ്പിൽ
നസ്രാണി ദുരന്തമായി മാറിയ 1653ലെ കൂനൻ കുരിശുസത്യത്തിന്റെ നാളുകൾ മുതൽതന്നെ ഏകതലവന്റെ കീഴിൽ അനുരഞ്ജനത്തിനും പുനരൈക്യത്തി
നുംവേണ്ടി നസ്രാണി സഭ തീവ്രമായി പരിശ്രമിച്ചു. 1656ൽ സെബസ്ത്യാനിയുടെ നേതൃത്വത്തിൽ നിയോഗിക്കപ്പെട്ട പ്രൊപ്പഗാന്താ മിഷനും, 1663ൽ ഇരുളിൽ വീശിയ വെള്ളിവെളിച്ചംപോലെ മാർത്തോമ്മാ നസ്രാണികൾക്ക് മാർ പറമ്പിൽ ചാണ്ടിയിലൂടെ ലഭ്യമായ നാട്ടുമെത്രാൻ പദവിയും പുനരൈക്യശ്രമങ്ങൾ പൂവണിയുെമന്ന പ്രതീക്ഷ നിലനിർത്തി. എന്നാൽ ഈ പ്രതീക്ഷകൾക്കേറ്റ ആഘാതമായിരുന്നു 1663ൽ ഇന്ത്യ വിടുന്നതിനുമുൻപ് മാർ സെബസ്ത്യാനി ആർച്ചുഡീക്കന്റെയും (മാർത്തോമ്മാ 1) കൂട്ടരുടെയുംമേൽ നടപ്പിലാക്കിയ മഹറോൻ ശിക്ഷ. ഇവിടെയാണല്ലോ നസ്രാണിസഭയിലെ വിഭജനങ്ങൾക്ക് പുതിയ മാനങ്ങൾ കൈവന്നത്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിനു പുറമെ പാശ്ചാത്യ സുറിയാനി പാരമ്പര്യവും കേരളസഭയിൽ ആവിർഭവിക്കുവാൻ ഇടയാകുന്നത് തുടർന്നുള്ള ചരിത്രം. ഈ സാഹചര്യങ്ങളിലും പുനരൈക്യത്തിനായുള്ള ദാഹം പൂർണ്ണമായും കെട്ടടങ്ങിയില്ല എന്നു കാണാം. മാർത്തോമ്മാ ഒന്നാമന്റെ പിൻഗാമികൾ വിവിധ കാലഘടങ്ങളിൽ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യത്തിനായുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നു. 1704ൽ മാർത്തോമ്മാ ഒന്നാമന്റെ മൂന്നാമത്തെ പിൻഗാമിയായ മാർത്തോമ്മാ നാലാമനും അദ്ദേഹത്തെ അനുകൂലിച്ചിരുന്ന പന്ത്രണ്ട് വൈദികരും 29 ഇടവകകളിൽനിന്നുള്ള പ്രതിനിധികളും ഒപ്പിട്ട ഒരു അപേക്ഷ ഉർബൻ വേദന ഏഴാം മാർപ്പാപ്പായ്ക്ക് അയയ്ക്കുകയുണ്ടായി. പുനരൈക്യത്തിനായുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടൊപ്പം തങ്ങളുടെ സുറിയാനി പാരമ്പര്യങ്ങൾ നിലനിർത്തുന്നതിനും വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയോടുചേർന്ന് സ്വയംഭരണാധികാരത്തിനുള്ള അവകാശം നല്കണമെന്നും ആവശ്യപ്പെട്ടു. 1748ൽ വീണ്ടും അദ്ദേഹത്തിന്റെ പിൻഗാമി മാർത്തോമ്മാ അഞ്ചാമനും പുനരൈക്യത്തിനായുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് ബനഡിക്റ്റ് പതിനാലാമൻ മാർപ്പാപ്പായ്ക്ക് തങ്ങളെ കത്തോലിക്കാ സഭയിലേയ്ക്ക് സ്വീകരിക്കണമെന്ന് അപേക്ഷ നല്കി. ഇരുവിഭാഗങ്ങളും ഉയർത്തിയ വ്യവസ്ഥകളിലും പുലർത്തിപ്പോന്ന മുൻവിധികളിലും തട്ടിത്തകർന്ന് ഈ പരിശ്രമങ്ങൾ ഫലമണിയാതെ പോയി. പുനരൈക്യമാണ് പ്രൊപ്പഗാന്തായുടെ ഭാരതത്തിലെ മിഷൻ പ്രവർത്തനം എന്നിരിക്കെ അവരുടെ പ്രവർത്തനങ്ങളും കർമ്മലീത്താ മിഷനറിമാരുടെ സമീപനങ്ങളും പല അവസരങ്ങളിലും മാർത്തോമ്മാ നസ്രാണികളുടെ പുനരൈക്യശ്രമങ്ങളെ തളർത്തുന്നവയയായിരുന്നു. പറമ്പിൽ ചാണ്ടി മെത്രാനിലൂടെ സ്വന്തമായ ഒരു നാട്ടുമെത്രാനെ ലഭിച്ച നസ്രാണിസഭ അതിലൂടെ ഏറെ
സ്വപ്നങ്ങൾ നെയ്‌തെടുത്തു. ശീശ്മയെ മറികടക്കുന്ന ഐക്യത്തിന്റെ നാളുകൾ അവർ പ്രത്യാശിച്ചു. എന്നാൽ 1667ൽ പറമ്പിൽ ചാണ്ടി മെത്രാന് ഒരു പിൻഗാമിയെ തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ട കർമ്മലീത്താ മിഷനറിമാർ മാർത്തോമ്മാ നസ്രാണികളുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി ഒരു പോർട്ടുഗീസ് വംശജനായ ഫാ. റഫായേൽ ഡെ ഫിഗുരേദോ സൽഗാദോയെ തിരഞ്ഞെടുത്തപ്പോൾ വിഭജനത്തിന്റെ മുറിവുണക്കാനുള്ള ഒരു സുവർണ്ണാവസരം വീണ്ടും നഷ്ടമായി.
പുനരൈക്യചരിത്രത്തിലെ ഏറ്റം പ്രത്യാശാഭരിതമായ ഏടുകളിലൊന്നാണ് 18-ാം
നൂറ്റാണ്ടിൽ മാർ ദിവന്നാസ്യോസ്, മാർ കരിയാറ്റിൽ എന്നിവരുടെ പരിശ്രമങ്ങൾ.
മാർത്തോമ്മാ മെത്രാന്മാരുടെ നിരയിലെ ആറാമത്തെ ആളായിരുന്നു മാർത്തോമ്മാ ആറാമൻ അല്ലെങ്കിൽ മാർ ദിവന്ന്യാസോസ്. സഭാചരിത്രത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ വെളിച്ചത്തിൽ മഹാനായ ദിവന്ന്യാസോസ് മെത്രാൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചുവെങ്കിലും വിഭജിത വിഭാഗത്തിന്റെ തലവനും, അദ്ദേഹത്തിന്റെ മാതുലനുമായിരുന്ന മാർത്തോമ്മാ അഞ്ചാമന്റെ സ്വാധീനത്തിൽ യാക്കോബായ സമൂഹത്തിലെ ഒരു വൈദീകനായിത്തീർന്നു. ഡയനീഷ്യസ്, അഥവാ ദിവന്ന്യാസോസ് 761ൽ മാർത്തോമ്മാ അഞ്ചാമനാൽ തന്നെ മെത്രാൻ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു എങ്കിലും തന്റെ മേല്പട്ടാഭിഷേകത്തിന്റെയും സ്ഥാനത്തിന്റെയും സാധുതയെപ്പറ്റി എപ്പോഴും സംശയവും ആശങ്കയും പുലർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യത്തിനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തി. ഈ പരിശ്രമങ്ങൾ പ്രധാനമായും രണ്ട് തലങ്ങളിലാണ് നടന്നത്. ഭാരതത്തിലെ പാശ്ചാത്യ മിഷനറിമാരിലൂടെ നടത്തിയ ആദ്യശ്രമം വിജയം കാണായ്കയാൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ തങ്ങളുടെ പുനരൈക്യത്തെക്കുറിച്ച് പ്രൊപ്പഗാന്താ, പദ്രവാദോ അധികാരികളോട് നേരിട്ട് കുടിയാലോചന നടത്തുന്നതിനായി ഫാ. ജോസഫ് കരിയാറ്റിയുടെയും പാറേമ്മാക്കൽ തോമാക്കത്തനാരുടെയും നേതൃത്വത്തിൽ 1778ൽ ഒരു നിവേദനസംഘത്തെ റോമിലേയ്ക്കും ലിസ്ബണിലേയ്ക്കും അയച്ചു. പുനരൈക്യശ്രമങ്ങൾക്കായി യൂറോപ്പിലെത്തിയ ജോസഫ് കരിയാറ്റിയെത്തന്നെ കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി പദ്രവാദോ നിയമിച്ചു. 1782ൽ അഭിഷിക്തനായ മാർ ജോസഫ് കരിയാറ്റി മാർ ദിവന്ന്യാസോസിനെയും കൂട്ടരെയും കത്തോലിക്കാ സഭയിലേയ്ക്ക് ചേർക്കുന്നതിനുള്ള അധികാരാവകാശങ്ങൾ സ്വന്തമാക്കിയാണ് ഭാരതത്തിലേയ്ക്ക് യാത്രതിരിച്ചത്. ഐക്യത്തിന്റെ പുത്തൻ പന്തക്കൂസ്താ സ്വപ്നംകണ്ട മാർത്തോമ്മാ നസ്രാണികളുടെമേൽ വീണ്ടും ഒരു ദുരന്തംപോലെ എത്തിയത് മാർ കരിയാറ്റിയുടെ നിര്യാണമായിരുന്നു. മഹാനായ മാർ ദിവന്ന്യാസോസിന്റെ ആഗ്രഹങ്ങളും മാർ ജോസഫ് കരിയാറ്റിയുടെയും പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെയും റോമാ ദൗത്യവും ഭാരതസഭാചരിത്രത്തിലെ പൂർത്തീകരിക്കാൻ സാധിക്കാത്ത ഏടുകളുമായി മാറി. എങ്കിലും നസ്രാണികളുടെ ഉള്ളിലെ ഐക്യത്തിനായുള്ള ആഗ്രഹം അണയാത്ത ദീപംപോലെ തെളിഞ്ഞുനിന്നിരുന്നു.