ടിജോ അലക്‌സ് ഇലഞ്ഞിത്തറ
ഉത്തരം : കാലോചിതമായ ഒരു പ്രശ്‌നമാണ് ചോദ്യകർത്താവ് പ്രശ്‌നപരിഹാരരൂപേണ ഉന്നയിച്ചിരിക്കുന്നതെന്ന് ആദ്യമായിത്തന്നെ വ്യക്തമാക്കട്ടെ. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തിരുസഭ, മെത്രാന്മാർ, വൈദീകശുശ്രൂഷയും ജീവിതവും എന്നിവ സംബന്ധിച്ചുള്ള പ്രമാണ രേഖകളിൽ എല്ലാ പുരോഹിത ശുശ്രൂഷികൾക്കും, മെത്രാന്മാർക്കും, വൈദീകർക്കും, ഡീക്കന്മാർക്കും സഭയുടെ പ്രബോധന ദൗത്യത്തിൽ പങ്കുചേരുവാനുള്ള കടമയുണ്ടെന്ന് വ്യക്തമാക്കുന്നു. പുരോഹിത കൂദാശയുടെ സ്വീകരണം വഴി അവർ സുവിശേഷ പ്രഘോഷകരാകുന്നു. കർത്താവിന്റെ പ്രവാചക ദൗത്യത്തിലുള്ള പങ്കുചേരലാണ് അവർ നടത്തുന്നത്. ദൈവവചന ശുശ്രുഷയുടെ പരമപ്രധാനമായ ഭാഗമാണല്ലോ വചനപ്രഘോഷണം എന്നത്. വൈദീകരും, ഡീക്കന്മാരും ദൈവവചന ശുശ്രൂഷയിലുള്ള മെത്രാന്മാരുടെ ഭാഗഭാഗിത്വത്തിലുള്ള അതേ പങ്കുചേരലല്ല നടത്തുന്നത്. എന്നാൽ അവർ സഹകാരികളും സഹപ്രവർത്തകരുമായി ഒരു രൂപതയുടെ മെത്രാനോട് ബന്ധപ്പെട്ട് ഈ ശുശ്രൂഷ ചെയ്യുന്നു. ആയതിനാൽ രൂപതാദ്ധ്യക്ഷനും വൈദീക ശുശ്രൂഷകളുമായുള്ള കൂട്ടാ യ്മ ഇക്കാര്യത്തിൽ പരമപ്രധാനമാണ്.
മുകളിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യം അൽമായർ ദൈവാലയത്തിനുള്ളിൽ നട ത്തുന്ന വചനപ്രഘോഷണത്തെ സംബന്ധിച്ചുള്ളതാണല്ലോ. സഭയുടെ ഔദ്യോഗിക നിലപാട് ചുവടെ ചേർക്കുന്നു. ആരാധനക്രമാനുഷ്ഠാനത്തിനിടയിൽ വചന
പ്രഘോഷണം നടത്തുവാൻ അൽമായ വിശ്വസികൾക്ക് അധികാരമില്ല. പൗരസ്ത്യ സഭകൾക്കുള്ള നിയമം നിഷ്‌കർഷിക്കുന്നു: ”അസാധാരണ (Extra ordinary) സാഹചര്യത്തിൽ, പ്രത്യേകിച്ചും വൈദീക ശുശ്രൂഷികളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി, മറ്റു ക്രൈസ്തവ വിശ്വസികളെയും ദൈവാലയത്തിൽ പോലും വചന പ്രഘോഷണം നടത്തുവാൻ – കാനോന 614, 4 -ാം ഖണ്ഡിക പരിഗണിച്ചുകൊണ്ടുതന്നെ രൂപതാ മെത്രാന് അധികാരപ്പെടുത്താവുന്നതാണ്”. ഈ നിയമത്തിൽ പരാമർശിക്കുന്ന 614-ാം കാനോന, 4-ാം ഖണ്ഡിക വ്യക്തമാക്കുന്നു: ”സുവിശേഷ പ്രസംഗം വൈദീകനും അതുപോലെ പ്രത്യേക നിയമമാനദണ്ഡപ്രകാരം ഡീക്കനുമായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു”. മേൽ വിവരിച്ചിരിക്കുന്ന സഭാ
നിയമങ്ങൾ അനുസരിച്ച് ഞായറാഴ്ചകളിലും മറ്റു കടമുള്ള ദിവസങ്ങളിലും നടത്തപ്പെടുന്ന വചനപ്രഘോഷണം പുരോഹിതരും പുരോഹിത ശുശ്രൂഷികളും നടത്തുവാൻ കടപ്പെട്ടിരിക്കുന്നു. അൽമായ വിശ്വാസികൾ നടത്തുന്ന വചന പ്രഘോഷണത്തെ പുരോഹിത ശുശ്രൂഷികൾ നടത്തുന്ന വചനപ്രഘോഷണത്തിന് പകരമായി സഭാ നിയമം കാണുന്നില്ല. ആരാധനാ കർമ്മാനുഷ്ഠാനങ്ങൾക്കിടയിലുള്ള വചനപ്രഘോഷണവും മറ്റ് വചനപ്രഘോഷണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. ആരാധനാ കർമ്മാനുഷ്ടങ്ങൾക്കിടയിലുള്ള വചന പ്രഘോഷണം യാതൊരു കാരണവശാലും പുരോഹിത ശുശ്രൂഷികളല്ലാത്തവർക്ക് നടത്തുവാൻ സാധിക്കില്ല. എന്നാൽ മറ്റ് രീതിയിലുള്ള വചനപ്രഘോഷണങ്ങൾ നടത്തുവാൻ ചുമതലപ്പെട്ടിരിക്കുന്ന അൽമായൻ തങ്ങളുടെ ദൗത്യം നിർവ്വഹിക്കുന്നതിന് മുമ്പ് ആവശ്യമായ അനുവാദം വാങ്ങിയിരിയ്ക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. അനുവാദം ഒരു പ്രത്യേക കാലയളവിലേക്കോ, ഒരു പ്രത്യേക പരിപാടിക്കോ വേണ്ടി വ്യക്തികൾക്കു നല്കുന്നതാണ്. ഒരു രൂപതയുടെ വചന പ്രഘോഷണ ശുശ്രൂഷയുടെ പ്രഥമ ചുമതല രൂപതാ മെത്രാനായതിനാൽ അദ്ദേഹത്തിന് മേൽ പറഞ്ഞ ശുശ്രൂഷ തന്റെ രൂപതയിൽ ക്രമപ്പെടുത്തുവാനുള്ള പ്രഥമമായ ഉത്തരവാദിത്വമുണ്ട്. സന്ന്യാസ സഭകളുടെ അധികാരികൾക്ക് തങ്ങളുടെ സന്ന്യാസ സഭകളുടെ അംഗങ്ങൾക്കായി സന്ന്യാസ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന വചന ശുശ്രൂഷയ്ക്കായി യുക്തമെന്ന് ബോധ്യമുള്ള വചന ശുശ്രൂഷകരെ വയ്ക്കാം. എന്നാൽ സന്ന്യാസ സമൂഹാംഗങ്ങൾ അല്ലാത്തവർ പങ്കെടുക്കുന്ന വചന ശുശ്രൂഷാ വേളകളിൽ നിശ്ചയമായും രൂപതാ മെത്രാന്റെ അനുവാദവും മാർഗ്ഗദർശനവും ആവശ്യമാണ്.
പാണ്ഡിത്യവും വിശുദ്ധിയുമുള്ള അൽമായരുടെ ശുശ്രൂഷ സഭയുടെ വിശ്വാസ
പരിശീലന പരിപാടികളിൽ അനിവാര്യമാണ്. എന്നാൽ അവരുടെ ശുശ്രൂഷ തികഞ്ഞ ജാഗ്രതയോടെ, എപ്പോഴും വിലയിരുത്തപ്പെടുകയും മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യണം. വചന പ്രഘോഷണം ഏറ്റം ഫലവത്താകുവാൻ ആവശ്യമായ അറിവ് കാലോചിതമായി വചന പ്രഘോഷകർ (പുരോഹിതരും
പുരോഹിത ശുശ്രൂഷികളും ഉൾപ്പെടെ) ആർജ്ജിച്ചിരിക്കണം.
വിശുദ്ധ ഗ്രന്ഥം, ദൈവശാസ്ത്രം എന്നിവയിലുള്ള അറിവ് ക്രിസ്തീയ പക്വതയിലും അനുഭവജ്ഞാനത്തിലുമുള്ള വളർച്ച, ഭാഷാ പരിജ്ഞാനം, ആശയങ്ങൾ പ്രകടിപ്പിക്കുവാനുള്ള കഴിവ്, സർവ്വോപരി മാതൃകാപരമായ ജീവിതം എന്നിവ വചനപ്രഘോഷകന് ഉണ്ടാകണം. സജീവവും ഊർജ്ജ്‌സ്വലവുമായ വചനത്തിന്റെ ശുശ്രൂഷ ഫലപ്രദമാകുവാൻ അത് രൂപതാദ്ധ്യക്ഷനുമായുള്ള കൂട്ടായ്മയിൽ നിർവ്വഹിക്കപ്പെടുക അത്യന്താപേക്ഷിതമാണ്.