ജോൺസനച്ചൻ
വീട്ടിൽ നിന്നും വരന്റെ പള്ളിയിലേക്ക് വധുവിന്റെ കാർ നീങ്ങുന്നു. കല്യാണപ്പുടവയുടെ സ്വർണ്ണാഭരണങ്ങളും അണിഞ്ഞ് മുടിചൂടി
നിൽക്കുന്ന വധുവിന്റെ സഭയെപ്പോലെ കാറിന്റെ പിൻസീറ്റിൽ ആൻമേരി. അവളുടെ കണ്ണുകളിൽ വിഷാദം കൺമഷി ചാർത്തിയിരിക്കുന്നു. കവിളുകളെ വിരഹം ചുവപ്പിച്ചിരിക്കുന്നു. എന്നും അതിരാവിലെ ഇടവകപ്പള്ളിയിലേക്ക് പോകുമ്പോൾ സ്തുതി ചൊല്ലിയിരുന്ന ഇടവഴിയിലെ പൂച്ചെടികൾ തന്നോടു യാത്രപറയുകയാണോ. ഇടതു വശത്ത് പപ്പായിരിക്കുന്നു. എങ്ങനെയാണ് പപ്പായോട് ഇത് പറയുക. ഈ അവസാന നിമിഷത്തിൽ താനിതു പറഞ്ഞാൽ പപ്പാ സമ്മതിക്കുമോ. അടുത്തിരിക്കുന്ന അനിയത്തി ആൻമേരിയുടെ കയ്യിൽ അമർത്തിപ്പിടിച്ചു. ”സമയം കളയാതെ പപ്പായോട് പറ” ‘പപ്പാ…….” ആൻമേരി പപ്പയുടെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കി. ‘എന്താ മോളേ’ പപ്പാ, നമുക്കു പള്ളിയിൽ ഒന്നു കയറിയിട്ടു പോയാൽ പോരെ? പപ്പ സമ്മതിച്ചു. കുരിശടിയുടെ മുന്നിൽ കാറു നിർത്തി പുറത്തിറങ്ങിയപ്പോൾ മാതാവ് അവളെ നോക്കി
പുഞ്ചിരിക്കുന്നതു പോലെ തോന്നി. ഈ മാതാവിന്റെ രൂപത്തിനു മുന്നിൽ എന്തുമാത്രം പ്രാർത്ഥിച്ചിട്ടുണ്ട്. സ്‌കൂളിലേക്കു വരുമ്പോൾ, തിരിച്ചു പോകുമ്പോൾ,
പരീക്ഷാസമയങ്ങളിൽ ബയോളജി ടീച്ചർ വരാതിരിക്കാൻ, പഠിച്ച ഉത്തരം തന്നോടു ചോദിക്കാൻ അങ്ങനെ എന്തെല്ലാം പ്രാർത്ഥനകൾ.
ധൃതിയുണ്ടായതിനാൽ നടത്തം വേഗത്തിലാക്കി. പള്ളിയിലേക്കുള്ള പടികൾ കയറുമ്പോൾ ഓർമ്മകൾ പടിയിറങ്ങി വന്നു. വേദപാഠത്തിനു താമസിച്ചു വന്ന ദിവസങ്ങളിൽ വടിയുമായി ജോണച്ചൻ കാത്തുനിന്നിരുന്നത് ഇവിടെയാണ്. വിശ്വാസോത്സവത്തിന് കൂട്ടുകാരികൾക്കൊപ്പം കറിയും അച്ചാറും പങ്കുവച്ചു കഴിച്ചതും ഈ പടികളിലാണ്. പള്ളിയിൽ കയറി കുരിശു വരച്ചു. സാരി ചുളുങ്ങുമെന്നു തോന്നിയെങ്കിലും മുട്ടു കുത്തി. കാരണം ഇനി എന്നാണ് ഇങ്ങനെ മുട്ടുകുത്താൻ കഴിയുക. മാമ്മോദീസാത്തൊട്ടിയുടെ അടുത്തേക്കു പോയി. തന്നെ ദൈവത്തിന്റെ മകളും തിരുസഭയുടെ പുത്രിയുമാക്കിയ മാമ്മോദീസാതൊട്ടി. തനിക്കു മേരിയെന്ന പേരു നൽകിയ മാമ്മോദീസാതൊട്ടി. അതിനെ കെട്ടിപ്പിടിച്ചുകരയണമെന്നും തന്റെ കണ്ണീർതുള്ളികൾ ആ യോർദ്ദാൻ നദിയിൽ ഒഴുക്കണമെന്നും തോന്നി. എങ്കിലും മനസ്സുനിയന്ത്രിച്ചു. മേയ്ക്കപ്പു പടരും. പള്ളിയുടെ ഏറ്റവും മുന്നിൽപോയി നിന്നു. ഒന്നാംക്ലാസ്സിൽ ആദ്യമായി നിന്ന സ്ഥലത്ത്. ഇതു പോലെ നെറ്റും മുടിയുമണിഞ്ഞ് താൻ ആദ്യകുർബാന സ്വീകരണത്തിനായി വന്നത് ഓർമ്മയിൽ തെളിഞ്ഞു വന്നു. പള്ളിക്കുള്ളിൽ ഒളിച്ചുകളിക്കുന്ന ഒരു ഇളംതെന്നൽ ആൻമേരിയുടെ കവിളിൽ തലോടി കടന്നുപോയപ്പോൾ തൈലാഭിഷോകദിനത്തിൽ മെത്രാൻ തന്റെ കവിളിൽ സ്‌നേഹപൂർവ്വംതലോടിയതോർത്തു പോയി. ബേമ്മയിലെ മൈക്കിനു പിന്നിൽ പലപല അച്ചന്മാർ മിന്നിമറഞ്ഞു. ഓർമ്മവച്ചനാൾ മുതൽ ഇടവകയിൽ ശുശ്രൂഷ ചെയ്ത വികാരിയച്ചന്മാർ, കൊച്ചച്ചന്മാർ, അവരുടെ ഉപദേശങ്ങൾ, കുർബാനകൾ, പന്ത്രണ്ടുവർഷം നീണ്ടു നിന്ന വേദപാഠക്ലാസ്സുകൾ, മതാധ്യാപകർ, സിസ്റ്റേഴ്‌സ്. പപ്പയുടെ കരം തോളിൽ പതിഞ്ഞപ്പോഴാണ് ആൻമേരിയുടെ ഓർമ്മകൾ തിരിച്ചുവന്നത്. ”സമയമാകുന്നു, പോകേണ്ടേ”? എന്നും വണങ്ങിയ ബലിപീഠത്തെ വണങ്ങി മുട്ടുകുത്തി നിലം ചുംബിച്ചപ്പോൾ ഒരു തുളളി കണ്ണീർ അടർന്നു
നിലത്തുവീണു. ഇത് തന്റെ യാത്രപറച്ചിലല്ലേ. വിശുദ്ധീകരണത്തിന്റെ ബലിപഠീമേ സ്വസ്തി! ഇനിയൊരു ബലിയർപ്പിക്കാൻ വിടപറയുമ്പോൾ ഒരു മോഹം ബാക്കിയാവുന്നു. ആ അൾത്താരയിൽ നിന്നൊരു കുർബാനയിൽ സംബന്ധിക്കാൻ കഴിഞ്ഞില്ലല്ലോ. കുഞ്ഞുനാളിൽ അൾത്താര ബാലന്മാരായ ചെക്കന്മാരോട് അസൂയയായിരുന്നു. ആദ്യകുർബാന കഴിഞ്ഞാലുടൻ അവർക്ക് അൾത്താരയിൽ കയറാം. പാവം പെൺകുട്ടികൾ. അവർക്കതു സാധിക്കില്ലല്ലോ.
സിമിത്തേരിയിൽക്കൂടി കയറിയിട്ടു പോകാമെന്നു പറഞ്ഞപ്പോൾ ആദ്യം പപ്പ വിസമ്മതിച്ചു. പക്ഷേ, പിന്നീടെന്തോ സമ്മതം മൂളി. പ്രിയപ്പെട്ട കൂട്ടുകാരി ലിൻസമ്മയോടൊപ്പം എല്ലാ ദിവസവും ഇവിടെ വരുമായിരുന്നു. മരിച്ച വിശ്വാസികൾ തനിക്ക് കൂടെയുള്ളവരെപ്പോലെയായിരുന്നു. ക്ലാസിലെ വിശേഷങ്ങൾ അവരോട് പറയാം. ചില സമയങ്ങളിൽ എല്ലാ കല്ലറയിൽ നിന്നും ആത്മാക്കൾ തങ്ങളെക്കാണാൻ ഇറങ്ങി വരുന്നതായി സങ്കല്പിച്ചുനോക്കും. തങ്ങൾ ഈ ലോക ജീവിത്തെക്കുറിച്ചു സംസാരിക്കുമ്പോൾ അവർ സ്വർഗ്ഗത്തെക്കുറിച്ചു സംസാരിക്കും. അങ്ങനെ താനും ലിൻസയും എത്രപ്രാവശ്യം സിമിത്തേരിയിലുള്ളവരെ മുഴുവൻ പരിചയപ്പെട്ടുതീർത്തു. പതിവു പോലെ ഉത്ഥാന പൂന്തോട്ടത്തിലെ ജമന്തിച്ചെടിയിൽ നിന്നും മൂന്നുപൂക്കൾ അറുത്തെടുത്തു. ഗ്രോട്ടോയിലെ മാതാവിനു കൊടുത്തു. രണ്ടുപൂക്കൾ! അതു താനും ലിൻസയുമായിരുന്നു. മറ്റൊന്ന് അന്ന് പരിചയപ്പെട്ട മരിച്ച വിശ്വസിക്ക്. പപ്പായ്ക്ക് ഇതൊക്കെ തന്റെ കുട്ടിക്കളിയായി തോന്നുമായിരിക്കും. കെട്ടിക്കാറായിട്ടും കുട്ടിക്കളി മാറാത്തവളെന്ന് ഉള്ളിൽ പറഞ്ഞു കാണുമോ? ഗ്രോട്ടോയിലെ മാതാവിന് മൂന്നുപൂക്കൾ സമർപ്പിച്ചു. തന്റെ ബാല്യത്തിലെയും കൗമാരത്തിലെയും കണ്ണുനീരുകൾ, പുഞ്ചിരികൾ, പൊട്ടിച്ചിരികൾ എല്ലാം കേട്ടുനിന്ന അമ്മ, തന്റെ മാത്രമല്ല എത്രയോ കുട്ടികളുടെ ഹൃദയ രഹസ്യങ്ങൾ കേട്ടവളാണ് ഈ അമ്മ. പ്രിയപ്പെട്ട അമ്മേ, ഇടവക ദൈവാലയമേ ഞാൻ നിന്നോട് യാത്ര പറയുന്നു. സത്യത്തിൽ ഞാനിന്ന് വിടപറയുന്നത് അപ്പന്റെ വീട്ടിൽ നിന്നുമാത്രമല്ല. ഇടവകയമ്മയുടെ വീട്ടിൽ നിന്നുമാണ്. ഈ വേർപിരിയൽ എത്ര ദുഃഖപൂർണ്ണമാണ്. നിന്റെ സിമിത്തേരിയിൽ അന്തിയുറങ്ങണമെന്ന് ഞാനെത്ര കൊതിച്ചു. പലപ്പോഴും അമ്മയോട് തമാശയായി പറഞ്ഞിട്ടുണ്ട് എന്നെ ഈ ഇടവകയിൽതന്നെ കെട്ടിച്ചാൽമതിയെന്ന്. കണ്ണിൽ നിന്നു മറയുന്നതുവരെ ആൻമേരിയുടെ കണ്ണുകൾ ഇടവകപ്പള്ളിയെ നോക്കിനിന്നു. അമ്മ പറയാറുള്ളതു പോലെ ഇനി നിന്റെ അമ്മ ഞാനല്ല, ഭർത്താവിന്റെ അമ്മയാണ്. കാർ വരന്റെ പള്ളിയുടെ മുന്നിൽ വന്നുനിന്നു. ഇതാ പുതിയൊരു പള്ളി. തന്റെ പുതിയ അമ്മ. ഭർത്താവിന്റെ ഇടവക പള്ളി. ആ ദൈവാലയം തന്നെ ആശ്ലേഷിക്കുകയാണെന്ന് ആൻമേരിക്കു തോന്നി, ദൈവാലയമണി മുഴങ്ങി. അതേ അമ്മ വിളിക്കുകയാണ്. ‘അടുത്തുവാ മക്കളേ’.