കുടുംബവും സാക്ഷ്യവും

മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ച ദൈവത്തിന്റെ പദ്ധതിയിൽതന്നെ കൂട്ടായ്മ ലക്ഷ്യംവയ്ക്കുന്ന കുടുംബജീവിതത്തെ ദർശിക്കാനാവും. വിവാഹമെന്ന അടിസ്ഥാനശിലയിലാണ് കുടുംബം രൂപീകരിക്കപ്പെടുക. ഒട്ടേറെ തകർച്ചകൾ കുടുംബരംഗത്ത് ഉണ്ടെങ്കിലും യുവജനങ്ങൾ ഇന്നും വിവാഹത്തിലേർപ്പെടുവാൻ ആഗ്രഹിക്കുന്നു എന്ന സത്യം വിവാഹത്തിലെ ദൈവികപദ്ധതിയുടെ ഉൾപ്രേരണ മൂലമാണെന്ന് ഇപ്പോൾ പുറത്തിറങ്ങിയ അപ്പസ്‌തോലിക പ്രബോധത്തിൽ (സ്‌നേഹത്തിന്റെ സന്തോഷം) ഫ്രാൻസിസ് മാർപ്പാപ്പാ വ്യക്തമാക്കുന്നുണ്ടല്ലോ. സഭയിലേക്കും സമൂഹത്തിലേക്കും മനുഷ്യത്വത്തിലേയ്ക്കുമുള്ള പ്രവേശനവാതിലാണ് കുടുംബം.
ഇന്ന് കുടുംബം ഏറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. കുടുംബത്തിന്റെ സ്വാഭാവിക ഘടനമുതൽ അതിലെ അംഗങ്ങളുടെ വൈകാരിക പക്വത, അതിന്റെ സാമൂഹിക സാംസ്‌ക്കാരിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളിൽ പ്രതിസന്ധികൾ അനുഭവവേദ്യമാണ്. കുടുംബം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ, സഹായിക്കാൻ മിശിഹായുടെ പിൻതുടർച്ചയായ സഭയ്ക്ക്, ഉത്തരവാദിത്വമുണ്ട്, താല്പര്യവുമുണ്ട്. കുടുംബമെന്ന സുവിശേഷം ഇന്നത്തെ തലമുറയിലേക്ക് ശക്തമായി സംവേദനം ചെയ്യപ്പെട്ടും, നവകുടുംബ ജീവിതങ്ങളോട് ഒപ്പമായിരുന്നുകൊണ്ടും കുടുംബങ്ങൾക്ക് ആവശ്യമായ, കാലോചിതമായ പരിശീലന-വേദോപദേശ ക്രമീകരണങ്ങൾ നടത്തിക്കൊണ്ടും, ഈ പ്രതിസന്ധികളെ മറികടക്കാനാവുന്നതാണ്. കുടുംബമെന്ന സുവിശേഷം അഥവാ കുടുംബം പ്രസംഗിക്കുന്ന സുവിശേഷം, അതിലെ ദൈവിക പദ്ധതി തന്നെയാണ്. തുല്യമഹത്ത്വത്തിൽ സൃഷ്ടിക്കപ്പെട്ട് പരസ്പരപൂരകമായ ജീവിതങ്ങളെ കൂട്ടിയിണക്കി, ദൈവത്തോട് സഹകരിച്ച് സൃഷ്ടികർമ്മങ്ങളിൽ പങ്കുകാരാകാൻ വിളിക്കപ്പെട്ടിരിക്കുന്ന ദമ്പതികൾ, പരസ്പരം സമർപ്പണത്തിന്റെ, തുറവിന്റെ നിർമ്മലമായ സ്‌നേഹത്തിന്റെ, പങ്കുവയ്ക്കലിന്റെ, ജീവിതപരിപാലനയുടെ സുവിശേഷമാണ് പ്രസംഗിക്കുക. തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ലൈംഗീകത, ദൈവത്തോടുചേർന്ന് സഹകരിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുമ്പോൾ, ലൈംഗീകത എന്നത് വിവാഹത്തിലെ പരിശുദ്ധിയുടെ, വലിയ സമർപ്പണത്തിന്റെ നിമിഷങ്ങൾക്ക് രൂപം കൊടുക്കുന്നു; ദൈവം ശരീരത്തിനും അതിലെ ലൈംഗീകതയ്ക്കും നൽകിയിരിക്കുന്ന സ്വാഭാവികത നഷ്ടപ്പെടുത്താതെ ദമ്പതികൾ ഒരുമിക്കുമ്പോൾ – അത് അവരുടെ ജീവിതത്തിന്റെ അടിത്തറ ഉറപ്പിക്കുകയും സ്‌നേഹം വളർത്തുകയും വിശ്വാസത്തിൽ പുരോഗതി പ്രാപിക്കാൻ സഹായിക്കുന്ന ഘടകമായി തീരുകയുംചെയ്യുന്നു. സ്ത്രീ-പുരുഷ ശാരീരിക ബന്ധത്തിന്റെ ദൈവോന്മുഖമായ ഈ കാഴ്ചപ്പാടുകൾ ഇനിയും പഠിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു.
കൗദാശിക കൃപകൾ അനർഗ്ഗളമായി പ്രവഹിക്കുന്ന വിവാഹത്തിൽ മരണംവരെയുള്ള കൂട്ടായജീവിതത്തിലാണ് നാം വാക്കുകൾ കൈമാറുക. കൂദാശയിൽ ലഭിക്കുന്ന കൃപാവരം, ജീവിതകാലം മുഴുവൻ പങ്കാളിയുടെ നന്മ അന്വേഷിക്കാനുള്ള വൈകാരിക ധാർമ്മികതയോടും വിശ്വസ്തരാകാനും, കുടുംബജീവിത പക്വതകൈവരിക്കാനും നമ്മെ ക്ഷണിക്കുന്നു.
”കുടുംബം സഭയിലേയ്ക്കുള്ള വഴിയാണ്” – മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പാ നമ്മെ ഓർമ്മിപ്പിച്ചു. സഭയുടെ എല്ലാ സ്വഭാവ വിശേഷങ്ങളും അതിന്റെ തനതായ രീതിയിൽ കുടുംബത്തിൽ പ്രതിഫലിക്കേണ്ടതുണ്ട്. പ്രസ്തുത അർത്ഥത്തിലാണ് കുടുംബത്തെ ഗാർഹിക സഭയെന്ന് നാം വിളിക്കുക. മറ്റുവാക്കുകളിൽ സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകമാണ് കുടുംബം. സമൂഹത്തിന്റെ അടിസ്ഥാനഘടകമായതുകൊണ്ടുതന്നെ കുടുംബമെന്ന സംവിധാനത്തെ സംരക്ഷിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സമൂഹ ഭരണാധികാരികൾക്കുണ്ട്.
കുടുംബവും വർത്തമാനകാല വെല്ലുവിളികളും
കൗദാശികമല്ലാത്ത വിവാഹങ്ങളുടെ വർദ്ധനവും വർദ്ധിച്ചുവരുന്ന വിവാഹബന്ധ വേർപെടുത്തലുകളും അണുകുടുംബ പരിണാമവും ഈ കാലയളവിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതായിട്ടുണ്ട്. അമിതമായ ലൗകായികത്വം കുടുംബജീവിതങ്ങളെ തകർത്തിരിക്കുന്നു എന്ന് 2014, 2015-ൽ റോമിൽ നടന്ന സിനഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സീറോ മലബാർ ഫാമിലി കമ്മീഷൻ അടുത്ത കാലത്ത് നടത്തിയ സർവ്വേയിലും ചില കാര്യങ്ങൾ വെളിപ്പെട്ടു. വിവാഹമോചനങ്ങളും കൗദാശികമല്ലാത്ത കുടിതാമസങ്ങളും കുട്ടികളില്ലാത്ത അവസ്ഥയും സിങ്കിൾ പേരന്റിംഗും ആശങ്കയുണർത്തും വിധം വർദ്ധിക്കുന്നു.
ഇത്തരം സാഹചര്യങ്ങൾ ന്യൂനപക്ഷമായ സീറോ മലബാർ സമൂഹത്തിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നു. മേൽ പറഞ്ഞ പ്രശ്‌നങ്ങളെ നേരിടാൻ ശ്രമിക്കുമ്പോൾ തന്നെ നല്ല കുടുംബങ്ങളെ, എല്ലാ സാഹചര്യങ്ങളിലും സാക്ഷ്യം
പുലർത്തുന്ന സുവിശേഷമാകുന്ന കുടുംബങ്ങളെ എല്ലാവർക്കുമായി പരിചയപ്പെടുത്തുക, വളരെ ഫലദായകമായ സ്വാധീനങ്ങൾക്ക് വഴി തുറക്കും എന്ന് കരുതാം. സ്വാഭാവിക സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഈറ്റില്ലമായ കുടുംബം, 24 മണിക്കൂറും പ്രവർത്തന നിരതമാകുന്ന ടെലിവിഷൻ പ്രളയങ്ങളിൽ മുങ്ങിമരിക്കാൻ പാടില്ല. ചിലകാര്യങ്ങളിൽ വൻവളർച്ചയുണ്ടായെന്ന് വിസ്മരിക്കപ്പെട്ടുകൂടാ. തൊഴിൽ കാര്യങ്ങളിൽ സ്ത്രീ – പുരുഷ തുല്യത, കുട്ടികളോടും സ്ത്രീകളോടുമുള്ള സമീപനത്തിലെ നിയമസംരക്ഷണങ്ങൾ, ഒരുമിച്ചുള്ള തീരുമാനമെടുക്കൽ എന്നിവ അവയിൽ ചിലതാണ്. എന്നാൽ വേദനാജനകമായ മറ്റ് യാഥാർത്ഥ്യങ്ങൾ നാം കാണുന്നു. വളർന്നു വരുന്ന വ്യക്തിവാദങ്ങൾ, ഉപഭോക്ത സംസ്‌കാരം, കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയ വിടവ്, ദമ്പതികൾ തമ്മിലുള്ള സ്‌നേഹമില്ലായ്മ എന്നിവ അവയിൽ ചിലതാണ്. അന്യമതസ്ഥരുമായുള്ള വിവാഹബന്ധങ്ങളിലെ വർദ്ധനവും കുട്ടികളുടെ എണ്ണത്തിൽ വരുന്ന ആശങ്കാകരമായ കുറവും, വിവാഹത്തോടുള്ള അതൃപ്തിയും, കുടുംബം തകർക്കുന്ന തരത്തിലുള്ള സ്വഭാവ അടിമത്തങ്ങളും നമ്മുടെ പ്രത്യേക പരിഗണന അർഹിക്കുന്നു.
കുടുംബം മെച്ചപ്പെടുത്തുവാനുള്ള പ്രായോഗിക വഴികൾ
കുടുംബത്തിന്റെ സുവിശേഷം ഇനിയും പ്രഘോഷിക്കപ്പെടണം. കുടുംബമെന്ന ദൈവീക പദ്ധതി ഇനിയും വേണ്ട പോലെ പഠിക്കപ്പെടണം. ജീവനോടുള്ള സ്വാഭാവിക സ്‌നേഹവും, കുടുംബപ്രാർത്ഥനയുടെ മധുരവും കുട്ടികളുടെ കടമകൾ വ്യക്തമാക്കുന്നതും മാതൃപിതൃധർമ്മങ്ങൾ പ്രഘോഷിക്കുന്നതും വ്യക്തിയെ സാർവ്വത്രിക സഭയാകുന്ന കുടുംബത്തിലേക്ക് നടക്കാൻ പഠിപ്പിക്കുന്നതുമായ ഒരു യഥാർത്ഥ കുടുംബത്തിന് ഇന്ന് എന്നേത്തതിലും പ്രസക്തിയുണ്ട്. വിവാഹത്തിലേക്ക് പ്രവേശിച്ച നവദമ്പതികളെ, കരുതലോടെ അനുഗമിക്കണം, അവരുടെ തളർച്ചയിലും വളർച്ചയിലും സഭ കൂടെയുണ്ടെന്ന് അവർക്ക് ബോധ്യപ്പെടണം. വിവാഹമെന്ന വിശുദ്ധകർമ്മത്തെ ഇവന്റ് മാനേജ്‌മെന്റായി അധഃപതിപ്പിക്കുന്ന പ്രവൃത്തികളിൽ നിന്ന് പിന്തിരിയണം. കുടുംബം ഒരു നല്ല പള്ളിക്കൂടമാകണം, ലൈംഗികതയുടെ പക്വത നിറഞ്ഞ പള്ളിക്കൂടം കുടുംബം തന്നെയാകണം. കുടുംബത്തെക്കുറിച്ചുള്ള കൃത്യമായ ദൈവീക പദ്ധതിയെക്കുറിച്ചറിയുവാനും അതിനു തക്കവിധം നമ്മുടെ കുടുംബജീവിതങ്ങളെ ക്രമവത്ക്കരിക്കാനും ചർച്ചയ്ക്കായി
നൽകപ്പെട്ടിരിക്കുന്ന പ്രബോധന രേഖ നമ്മെ ഓർമ്മിപ്പിക്കുന്നു.