1950 ൽ ചങ്ങനാശ്ശേരി രൂപത പാലായും ചങ്ങനാശ്ശേരിയുമായി വിഭജിക്കപ്പെട്ടല്ലോ. അന്ന് പാലായിൽനിന്ന് ഒരാളെ ചങ്ങനാശ്ശേരിയിലേക്കു നിയോഗിച്ചതിൽ ചിലർക്കെല്ലാം അസംതൃപ്തിയുണ്ടായിരുന്നു. പക്ഷേ അഭിവന്ദ്യ കാവുകാട്ടു
പിതാവ് ചാർജ്ജെടുത്ത് കുറേവർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ തങ്ങളുടെ രൂപതാദ്ധ്യക്ഷനായി ലഭിച്ചതിൽ എല്ലാവരും അഭിമാനഭരിതരായിരുന്നു. സാധാരണ ഭാഷയിൽ ‘വന്നു, കണ്ടു, കീഴടക്കി’ എന്ന് വേണമെങ്കിൽ പറയാം. പക്ഷേ ബഹു. കാവുകാട്ടച്ചൻ പുറത്തുനിന്നു വന്നയാളല്ലായിരുന്നു. അദ്ദേഹം നമ്മുടെ കോട്ടയം മൈനർ സെമിനാരിയിലാണ് പഠിച്ചത്. അഭിവന്ദ്യ ജയിംസ് കാളാശ്ശേരി
പിതാവാണ് അദ്ദേഹത്തിന് പട്ടം നൽകിയത്. കുറെനാൾ ഇവിടെ മൈനർസെമിനാരിയിൽ ആദ്ധ്യാത്മിക പിതാവായിരുന്നു. പിന്നീട് മെത്രാനാകുന്നതുവരെ എസ്.ബി. കോളേജിലെ ലക്ചററും ഹോസ്റ്റൽ വാർഡനും ആയിരുന്നു. അങ്ങനെ ചങ്ങനാശ്ശേരിയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ എന്നു പറയാം. അദ്ദേഹത്തെ പരിചയമുള്ളവർക്കെല്ലാം അദ്ദേഹം സ്വീകാര്യനായിരുന്നു. അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് കാലംചെയ്തപ്പോൾ ഈ ലേഖകൻ സ്ഥലത്തുണ്ടായിരുന്നു. കാളാശ്ശേരി പിതാവിന്റെ മൃതദേഹം വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണത്തിനു നടന്നുനീങ്ങിയ വൈദികരിൽ കാവുകാട്ടച്ചനെ കണ്ട് ചിലർ അദ്ദേഹമായിരിക്കും അടുത്ത മെത്രാൻ എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ‘Vox populi, vox dei’ (ജനത്തിന്റെ സ്വരം, ദൈവത്തിന്റെ സ്വരം) എന്ന ചൊല്ല് അന്വർത്ഥമാവുകയായിരുന്നു എന്നതാണ് വസ്തുത.
കരുണയുടെ പിതാവ്
കാവുകാട്ടുപിതാവിന്റെ 1960ലെ പൗരോഹിത്യ രജതജൂബിലി ആചരണം വളരെ ശ്രദ്ധനേടിയ ഒരു സംഭവമായിരുന്നു. ജൂബിലിക്ക് വലിയ ആഘോഷങ്ങളൊന്നും വേണ്ട, ജൂബിലി സ്മാരകമായി പാവപ്പെട്ടവർക്കു വീടുവച്ചു കൊടുത്താൽ മതിയെന്നായിരുന്നു പിതാവിന്റെ ആഹ്വാനം. അങ്ങനെയൊരു ഭവനനിർമ്മാണയജ്ഞം കേരളത്തിന് പുതുമയായിരുന്നു. പിതാവിന്റെ ആഹ്വാനംസ്വീകരിച്ച് അനേകം ഇടവകകളിൽ പാവപ്പെട്ടവർക്കു വീടുവച്ചുകൊടുത്തു. ചിലയിടങ്ങളിൽ പല ഭവനങ്ങൾ അവർ
നിർമ്മിച്ച് ‘കാവുകാട്ടുകോളനികൾ’ക്കു രൂപം കൊടുക്കുകയുണ്ടായി.
ജൂബിലി പ്രമാണിച്ച് കാവുകാട്ടുപിതാവ് എഴുതിയ ഇടയലേഖനം അനേകർക്കു പ്രചോദനമായി. അദ്ദേഹം ഇങ്ങനെ എഴുതി: ”ഇടവകകൾ തോറും പാവപ്പെട്ടവർക്കുവേണ്ടി പണിതുകൊടുക്കുന്ന കൊച്ചുകൊച്ചു ഭവനങ്ങൾ ജൂബിലി സ്മാരകങ്ങളായി ഞാൻ പരിഗണിക്കുന്നു. ഇത്തരം വീടുകളുടെ ഫോട്ടോകൾ അടങ്ങിയ ഒരു ആൽബമായിരിക്കും ജൂബിലി സംബന്ധിച്ച് എനിക്കു ഏറ്റം ഇഷ്ടപ്പെട്ട ഉപഹാരം”. അന്ന് പൂനാ സെമിനാരിയിൽ പഠിച്ചിരുന്ന ഞങ്ങൾക്ക് ഇങ്ങനെയൊരു വാർത്ത വലിയ ആവേശമായിരുന്നു. ഞങ്ങൾ ഇടയലേഖനം തർജ്ജിമ ചെയ്ത് ഹോങ്കോംഗിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന ‘Christ to the World’ എന്ന മാസികയ്ക്ക് അയച്ചുകൊടുക്കുകയും അവർ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് അവിടെ എങ്ങനെ പ്രചോദനമായി എന്നറിയില്ല. ഏതായാലും കേരളത്തിലെ സാമൂഹ്യമണ്ഡലത്തിൽ ഇത് അക്കാലത്ത് കുറേ ചലനം സൃഷ്ടിച്ചു എന്നതാണ് വസ്തുത.
ഇതേതുടർന്നാണ് ഫാ. വടക്കൻ ഭവന നിർമ്മാണ പദ്ധതിക്ക് നേതൃത്വം നല്കിയത്. സർക്കാരിന്റെ ‘ലക്ഷംവീടുപദ്ധതി’ ഈ ഇടയലേഖനത്തിൽനിന്ന് പ്രചോദനം സ്വീകരിച്ചതായിരുന്നുവെന്ന് പറയാം. വ്യക്തിപരമായി പറഞ്ഞാൽ എന്റെ വൈദികപട്ടവും പുത്തൻ കുർബാനയും പ്രമാണിച്ച് ഇടവകയിൽ യാതൊരു ആഘോഷങ്ങളുമില്ലാതെ പകരം ഒരു തുക തെക്കൻ മിഷനിലെ പദ്ധതിക്കായി അരമനയിൽ ഏൽപ്പിക്കുകയാണ് ചെയ്തത്. അതുപോലെ തന്നെ മെത്രാഭിഷേക
ത്തിനും ആഘോഷങ്ങളില്ലാതെ നടത്തിയാണ്. ‘അതിരൂപതാ ജീവകാരുണ്യനിധി’ ആരംഭിച്ചത്. അതിനെല്ലാം കാവുകാട്ടു പിതാവിന്റെ മാതൃകയാണ് പ്രചോദനമായത്.
സ്‌നേഹത്തിലുള്ള ശുശ്രൂഷ
മെത്രാൻസ്ഥാനം ഏറ്റെടുത്തപ്പോൾ പിതാവു സ്വീകരിച്ച മുദ്രാവാക്യം ‘servire in caritate’ (സ്‌നേഹത്തിലുള്ള ശുശ്രൂഷ) എന്നതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതശൈലിയുടെ യഥാർത്ഥ സൂക്തവാക്യമായിരുന്നു അത്. എല്ലാവരോടും സൗഹൃദപൂർവ്വം ഇടപെടാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. മെത്രാനായിരുന്നപ്പോൾ മാത്രമല്ല, വൈദികനായിരുന്നപ്പോഴും ആ മനോഭാവം തന്നെയായിരുന്നു അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് അദ്ദേഹത്തോടു ഭയപ്പാടല്ല, ബഹുമാനാദരവുകൾ മാത്രമാണുണ്ടായിരുന്നത്. കുട്ടികളുടെ കുസൃതികൾ അത്തരത്തിൽ മനസ്സിലാക്കുവാനും ക്ഷമിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സ്‌നേഹമാണ് എല്ലാ ഇടപെടലുകളിലും അദ്ദേഹത്തെ നയിച്ചിരുന്നത്.
ഒരിക്കൽ എസ്.ബി. കോളേജിൽ ഒരു വിദ്യാർത്ഥിസമരമുണ്ടായി. ഹോസ്റ്റലുകൾ അടച്ചുവെങ്കിലും വിദ്യാർത്ഥികൾ മിക്കവരും പോയില്ല. ഭക്ഷണം ലഭ്യമല്ലായിരുന്നു. വിശപ്പടക്കാൻ ചിലർ ഹോസ്റ്റൽ പറമ്പിലെ തേങ്ങായും കരിക്കും മറ്റും പറിച്ചെടുത്തിരുന്നു. ഒരു ദിവസം സന്ധ്യകഴിഞ്ഞ് കാവുകാട്ടച്ചൻ കോളേജിൽനിന്ന് ഹോസ്റ്റലിലേയ്ക്ക് വന്നപ്പോൾ ഒരാൾ തെങ്ങിൽ കയറി തേങ്ങാ പറിച്ചെടുക്കുകയായിരുന്നു. അച്ചൻ ടോർച്ചടിച്ച് വെളിച്ചം കാട്ടി, ആളിന്റെ
പേര് വിളിച്ച് താഴെവീഴാതെ ഇറങ്ങിപ്പോരാൻ ശാന്തമായി പറഞ്ഞു. ഇത് വിദ്യാർത്ഥികളുടെ ഇടയിൽ അന്നത്തെ സംസരാവിഷയായിരുന്നു.
മെത്രാനായിരുന്നപ്പോൾ സ്‌നേഹത്തിന്റെ ആർദ്രമായ കരുണയുടെ സ്പർശമായിരുന്നു അദ്ദേഹത്തിൽനിന്ന് എല്ലാവർക്കും ലഭിച്ചത്. അദ്ദേഹം എപ്പോഴും ശാന്തതയോടും സൗഹൃദത്തോടുംകൂടെയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. ആവശ്യമായ തിരുത്തലുകൾ സ്‌നേഹപൂർവ്വം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പ്രശ്‌നങ്ങളുമായി വരുന്നവരെ ആശ്വസിപ്പിച്ച് അയയ്ക്കാൻ അദ്ദേഹത്തിനു സാധിച്ചു എന്നതാണ് വസ്തുത. സ്‌നേഹത്തിലുള്ള ശുശ്രൂഷയ്ക്കു വിനയമാണ് ആവശ്യം. വിനയം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നുവെന്ന് പറയാം. ധാർഷ്ഠ്യത്തിന്റെ ഭാവം അദ്ദേഹത്തെ ഒരിക്കലും സ്പർശിച്ചിരുന്നില്ല. അദ്ദേഹം ഒരിക്കലും സ്ഥാനമാനങ്ങൾ മോഹിച്ചില്ല. മെത്രാനാകാനുള്ള നിയമനം കിട്ടിയപ്പോൾ താൻ അതിന് അർഹനല്ല എന്നുപറഞ്ഞ് എഴുതിയതായി കേട്ടറിവുണ്ട്. റോമിൽ നിന്നും നൽകാൻ ശ്രമിച്ച കർദ്ദിനാൾ പദവിയും അദ്ദേഹം നിഷേധിച്ചതായികേട്ടിട്ടുണ്ട്.
വെല്ലുവിളികളെ അഭിമുഖീകരിച്ച പിതാവ്
കേരളത്തിലെ വിദ്യാഭ്യാസരംഗം സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തീർത്തും കലുഷിതമായിരുന്നു. ‘പനമ്പള്ളി പദ്ധതിയും’ മുണ്ടശ്ശേരിനയവുമെല്ലാം
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളിന്മേലുള്ള കൈയേറ്റങ്ങളായിരുന്നു. ഇ.എം.എസി.ന്റെ കാലത്ത് കാർഷികരംഗത്തെ നിയന്ത്രണങ്ങൾ കൂടിയായപ്പോൾ മറ്റു സമുദായങ്ങളും ഉണർന്നെഴുന്നേറ്റു. അങ്ങനെയാണ് ‘വിമോചനസമരം’
രൂപം പ്രാപിച്ചത്. കേരളചരിത്രത്തിലെ തന്നെ വലിയൊരു പോരാട്ടമായിരുന്നു അത്. ആ സമരത്തിലും അഭിവന്ദ്യ പിതാവ് മന്നത്തു പത്മനാഭനോടൊപ്പം നേതൃത്വം വഹിച്ചു. പിന്നീട് അധികാരത്തിലേറിയ മുന്നണി ഭരണകാലത്താണ് ഹൈറേഞ്ചിലെ കുടിയിറക്ക് സമരങ്ങൾ നടന്നത്. ഉടുമ്പൻചോലയിലെ കുടിയിറക്കുശ്രമം, അമരാവതിയിലെ കുടിയിരുത്ത്, അയപ്പൻ കോവിലിലെ കർഷകദ്രോഹം തുടങ്ങിയ നടപടികളെല്ലാം പിതാവിനെ ഏറെ വേദനിപ്പിച്ച സംഭവങ്ങളായിരുന്നു. കുടിയിറക്കുകാര്യത്തിൽ ശക്തമായ നിലപാട് എടുത്തതിൽ മറ്റു ചില
പിതാക്കന്മാർപോലും അതൃപ്തി പ്രകടിപ്പിച്ചു. അത് പിതാവിനു കൂടുതൽ വേദനയുണ്ടാക്കി. എങ്കിലും അദ്ദേഹം ഈ പ്രശ്‌നങ്ങളിൽ പതറാതെ നേതൃത്വം
നല്കുകതന്നെ ചെയ്തു. ഏറെ വേദനിപ്പിച്ചത് ബ. ബനഡിക്റ്റ് ഓണംകുളത്തച്ചനെ പ്രതിയാക്കിയുള്ള കേസായിരുന്നു. ഇതെല്ലാം പിതാവിന്റെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. അതുമൂലം അദ്ദേഹത്തിനു രണ്ടാം വത്തിക്കാൻ കൗൺസിലിലെ അവസാന സമ്മേളനങ്ങളിൽ സംബന്ധിക്കുവാൻ പറ്റിയില്ല. അതു പോലെ തന്നെ അതിരൂപതയിലെ പട്ടംനൽകൽപോലുള്ള ശുശ്രൂഷകളിൽനിന്നു പോലും പിതാവിന് മാറിനില്‌കേണ്ടിവന്നു. ഇതെല്ലാം മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന വേദനകൾക്കിടയാക്കി. ഇതിനെയെല്ലാം നേരിടാൻ അദ്ദേഹത്തിന്റെ പ്രാർത്ഥനാജീവിതമാണ് സഹായകമായത്. ഹോസ്റ്റൽ വാർഡനായിരുന്നപ്പോൾ അദ്ദേഹം പലപ്പോഴും ചാപ്പലിൽ പ്രാർത്ഥിക്കുന്ന രംഗം വിദ്യാർത്ഥികൾക്ക് ഉത്തേജനം നൽകി. പക്ഷേ അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ പ്രാർത്ഥനയിലുള്ള നിഷ്ഠയും വിദ്യാർത്ഥികൾക്ക് പ്രചോദനമായിരുന്നു. എസ്.ബി. കോളേജിൽ അദ്ധ്യാപകനായിരുന്നപ്പോൾ മതബോധന ക്ലാസ്സുകൾ എടുക്കുവാൻ താൽപര്യമെടുത്ത കാവുകാട്ടച്ചൻ മെത്രാനായപ്പോൾ മുതിർന്നവർക്കും വിശ്വാസകാര്യങ്ങളിൽ കൂടുതൽ പരിശീലനം നൽകാനായി രൂപതാതലത്തിൽ ‘അദ്ധ്യയനമണ്ഡലം’ എന്നപേരിൽ ഒരു സംവിധാനം ഏർപ്പെടുത്തിയതും മതബോധനരംഗത്തിന് അദ്ദേഹം നൽകിയ പ്രാധാന്യത്തിന് ഉദാഹരണമാണ്. സ്‌നേഹത്തിന്റെ ശുശ്രൂഷ വിനയത്തോടെ നിർവ്വഹിച്ച് സഹനംകൊണ്ട് ശുദ്ധീകരിക്കപ്പെട്ട ഒരു ജീവിതമായിരുന്നു പിതാവിനു സമർപ്പിക്കാനുണ്ടായിരുന്നത്. അതുമായി 1969 ഒക്‌ടോബർ 9-ാം തീയതി പരമകാരുണികന്റെ പക്കലേക്ക് അദ്ദേഹം യാത്രയായി.
നാമകരണ നടപടികൾ
വി. അൽഫോൻസാമ്മയുടെ കാര്യത്തിലെന്നപോലെ പിതാവിന്റെ നിര്യാണശേഷം ആരുടേയും പ്രേരണ കൂടാതെ അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യസഹായംതേടി പലരും കബറിടത്തിങ്കൽ വരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ധാരാളംപേർ തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് പത്രങ്ങളിൽ പരസ്യം നൽകുകയുംചെയ്തു. ഇതെല്ലാം തികച്ചും സ്വയംപ്രേരിതമായി സംഭവിച്ച കാര്യങ്ങളായിരുന്നു. ആണ്ടുതോറും നടന്ന അനുസ്മരണ ചടങ്ങുകളിലെല്ലാം ധാരാളം ആളുകൾ സംബന്ധിക്കുവാനും തുടങ്ങി. അക്കാലത്ത് കേരളത്തിൽ നാമകരണ നടപടികൾ അധികമില്ലായിരുന്നു. ഭാരതത്തിൽതന്നെ നാമകരണംചെയ്യപ്പെട്ട വിശുദ്ധർ ആരുമില്ലായിരുന്നല്ലോ. അതുകൊണ്ട് പിതാവിന്റെ നാമകരണ നടപടികൾ പെട്ടെന്നാരംഭിച്ചില്ല. ഏതാണ്ട് ഇരുപത് വർഷങ്ങൾക്കുശേഷം ഏതാനും സീനിയർ വൈദികരുടെ അപേക്ഷ സ്വീകരിച്ചുകൊണ്ട് 1988ൽ ഔദ്യോഗികമായി പ്രാരംഭ നാമകരണനടപടിൾ ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിനായി ഒരു കമ്മറ്റിയെ വച്ചു. ആ കമ്മറ്റിയുടെ അനുകൂലമായ റിപ്പോർട്ട് ലഭിച്ചശേഷം 1992 ഡിസംബറിൽ കൂടിയ കെ.സി.ബി.സി. മീറ്റിംഗിൽ വിഷയം ചർച്ചചെയ്തശേഷം 1993ലാണ് വിശദമായ പഠനത്തിനായി ഔദ്യോഗികമായി ഒരു പോസ്റ്റുലേറ്ററിനെ നിയോഗിച്ചത്. 1955ൽ അഭിവന്ദ്യ കാവുകാട്ട് പിതാവിന്റെ പ്രസിദ്ധീകരിക്കപ്പെട്ട രചനകളുടെ ദൈവശാസ്ത്രപരമായ വശങ്ങളെപ്പറ്റി പഠിക്കാൻ ഒരു കമ്മറ്റി നിയോഗിക്കപ്പെട്ടു. കമ്മറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കെ.സി.ബി.സി.യുടെ രേഖയും no-objection രേഖയും കിട്ടി. വീണ്ടും കൂടുതൽ വിപുലമായ പഠനത്തിനു വേണ്ടിയാണ് ട്രൈബ്യൂണൽ സ്ഥാപിക്കപ്പെട്ടത്. അവർ പിതാവിനെ അടുത്തറിയുന്ന അനേകരുടെ സാക്ഷ്യം രേഖപ്പെടുത്തി. 2006-ൽ ട്രൈബൂണലിന്റെ അന്വേഷണം പൂർത്തിയായി.
ഇതിനിടെ ചരിത്രപരമായ പഠനത്തിനായി ചരിത്രകമ്മീഷനെ നിയോഗിച്ചു.
പിന്നീട് ഈ ചരിത്ര കമ്മീഷൻ റോമിലെ പൗരസ്ത്യ കാര്യാലയത്തിലെ ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനുള്ള അനുവാദം കിട്ടിയതനുസരിച്ച് രേഖകളെല്ലാം പരിശോധിച്ച റിപ്പോർട്ട് സമർപ്പിച്ചു. 2016 മാർച്ച് 15 കൂടി ചരിത്രകമ്മീഷന്റെ അന്വേഷണങ്ങളെല്ലാം പൂർത്തിയായി. മലയാളത്തിൽ ലഭിച്ച രേഖകളും സാക്ഷ്യങ്ങളും ഭാഷാന്തരം ചെയ്തു. ഇതിനിടെ 2006ൽ നാമകരണ നടപടിക്രമങ്ങളുടെ ഭാഗമായി കബറിടം പരിശോധിക്കുകയും ഭൗതികാവശിഷ്ടങ്ങൾ വീണ്ടും അവിടെ തന്നെ സംസ്‌ക്കരിക്കുകയും ചെയ്തു. പിന്നീട് ഈ അടുത്തിടെ ഭൗതികാവശിഷ്ടങ്ങൾ മദ്ബഹായിൽനിന്ന് മാറ്റി കബറിടപ്പളളിയിൽ സ്ഥാപിച്ചു.
ഇപ്പോഴുള്ള സന്തോഷവാർത്ത അതിരൂപതാ തലത്തിലുള്ള നടപടികളെല്ലാം പൂർത്തിയാക്കി മെയ്യ് 18-ാം തീയതി രേഖകളെല്ലാം അടങ്ങിയ പെട്ടി സീൽചെയ്ത് റോമിലേക്ക് അയയ്ക്കുന്ന ഔപചാരിക നടപടി നടത്തുന്നുവെന്നുള്ളതാണ്. അങ്ങനെ നാമകരണ നടപടിയുടെ ഒരു പ്രധാനഘട്ടം ഇവിടെ പൂർത്തിയാവുകയാണ്. ഇനിയും രേഖകളെല്ലാം റോമിലെ വിശദമായ പഠനത്തിന് വിധേയമാക്കും. അവിടെ തടസ്സങ്ങളൊന്നുമില്ലെന്ന് കണ്ടാൽ വന്ദ്യപിതാവും, അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിനെപ്പോലെ ‘ധന്യ’നായി പ്രഖ്യാപിക്കപ്പെടും.
ദൈവദാസനെപ്പറ്റി സാക്ഷ്യപ്പെടുത്തിയവരെല്ലാവർക്കും പറയാനുള്ള പ്രധാനപ്പെട്ട കാര്യം അദ്ദേഹം കരുണയുടെ മനുഷ്യനായിരുന്നു എന്നുള്ളതാണ്. കരുണയുടെ വർഷത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ അതിരൂപതയിലെ നടപടികളെല്ലാം പൂർത്തിയായത് സമുചിതമായെന്ന് പറയാം. സ്വർഗ്ഗസ്ഥനായ പിതാവിന്റെ കരുണയുടെ മുഖമാണ് ഈ ദൈവദാസനിൽ പ്രത്യേകം പ്രതിഫലിച്ചിരിക്കുന്നതെന്ന് വേണം പറയാൻ. 1993-ൽ തുടങ്ങിയ നടപടികളാണ് ഇപ്പോൾ സമാപന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഇനിയുള്ള കാര്യങ്ങൾ റോമിലാണ് പരിശോധിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്നത്. ദൈവഹിതമെങ്കിൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള അനുഗ്രഹത്തിനായി നമുക്ക് കാത്തിരിക്കാം.