ആചാരങ്ങളിലെയും ചിഹ്നങ്ങളിലെയും സാത്താനികത

1
1478

ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിക്കുകയും ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ യോഗയുടെ പ്രചാരകരായി രംഗത്തുവരുകയും ചെയ്തതോടെ യോഗാഭ്യാസ മുറകളും അതുകൊണ്ടുള്ള പ്രയോജനങ്ങളും പൊതുസമൂഹം വിലയിരുത്തുകയും ഒട്ടേറെപ്പേര്‍ യോഗാപരിശീലനം ആരംഭിക്കുകയും ചെയ്തു. ചില മുസ്ലീം സംഘടനകള്‍ യോഗായിലെ ഒരു ഇനമായ സൂര്യ നമസ്കാരത്തിനെതിരേ രംഗത്തുവന്നതും ചില ഹൈന്ദവ സംഘടനകള്‍ യോഗാധ്യാനവേളയില്‍ ഓംകാര മന്ത്രം ജപിക്കണമെന്നും യോഗാ ഹൈന്ദവികമാണെന്നും അഭിപ്രായപ്പെട്ടതും വിവാദങ്ങള്‍ സൃഷ്ടിക്കുകയുമുണ്ടായി. എങ്കിലും പൊതുവേ ലോകം മുഴുവന്‍ യോഗാ ദിനത്തെയും യോഗാ പരിശീലനത്തെയും ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. അതാകട്ടെ ഒരു മാനസിക ശാരീരിക വ്യായാമമുറ എന്ന രീതിയില്‍ ആയിരുന്നുതാനും.

എന്നാല്‍ 2015 ജൂലൈ 19 ലക്കം സണ്‍‌ഡേ ശാലോം വായിച്ച ഒട്ടേറെ ക്രൈസ്തവര്‍ വലിയ ആശയക്കുഴപ്പത്തിലായി. പ്രശസ്ത കരിസ്മാറ്റിക് ഗുരുവായ ഫാ. ജെയിംസ് മഞ്ഞാക്കല്‍ പ്രസ്തുത ലക്കം സ‌ണ്‍‌ഡേ ശാലോമില്‍ എഴുതിയ ‘യോഗ: തത്വവും പരിശീലനവും ക്രൈസ്തവവിരുദ്ധം’ എന്ന ലേഖനമാണ് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ലേഖനത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ യോഗാ പരിശീലനം ക്രൈസ്തവികതക്കെതിരാണെന്നും അത് ഹൈന്ദവിക ആരാധനയാണെന്നുമൊക്കെ ഫാ. ജെയിംസ് മഞ്ഞാക്കല്‍ ഇതില്‍ പറഞ്ഞുവയ്ക്കുന്നു. പൌരസ്ത്യ ധ്യാന ആരാധനാരീതികളോടുള്ള അവജ്ഞ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ ലേഖനം ക്രൈസ്തവ വിശ്വാസികളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്.

പൌരസ്ത്യമായതും ഭാരതീയമായതുമെല്ലാം ഹൈന്ദവികമെന്നും പൈശാചികമെന്നും മുദ്രകുത്തുന്ന പ്രവണത തീവ്ര കരിസ്മാറ്റിക് ഗ്രൂപ്പുകളുടെ ഉല്‍ഭവം മുതല്‍ ഉള്ളതാണ്. സാധാരണ ക്രൈസ്തവ വിശ്വാസികള്‍ കത്തിച്ച നിലവിളക്കില്‍ പ്രകാശമായ മിശിഹായെ കാണുമ്പോള്‍ ഇത്തരക്കാര്‍ കാണുന്നത് ശിവപാര്‍വതി സംയോഗമാണ്. സാധാരണക്കാര്‍ പള്ളി അലങ്കരിച്ചിരിക്കുന്ന ആന്തൂറിയം പൂവ് കാണാന്‍ ഭംഗിയുള്ള ഒരു പുഷ്പം മാത്രമായി ഗണിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് അത് അശ്ലീലമാണ്. സാധാരണക്കാര്‍ യോഗയെ ഒരു വ്യായാമമായി കാണുമ്പോള്‍ ഇവര്‍ക്ക് അത് ഹൈന്ദവ ഭക്താനുഷ്ഠാനമാണ്.

ഭാരതീയ പൌരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നായ യോഗയെ ഹൈന്ദവികമെന്ന് മുദ്രകുത്തുന്നവര്‍ നാളെ അവിയലിനെയും സാമ്പാറിനെയും പായസത്തെയും ലഡുവിനെയും ജിലേബിയേയുമൊക്കെ ഹൈന്ദവികമെന്നു മുദ്രകുത്തി ക്രൈസ്തവര്‍ക്ക് ഇത് നിഷിദ്ധമെന്ന് ‘ഫത്‌വ’ പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. കാരണം ഈ ഭക്ഷണപദാര്‍ത്ഥങ്ങളുടെയെല്ലാം ഉല്പത്തിക്കു പിന്നില്‍ ഹൈന്ദവ പുരാണകഥകളുണ്ട്. ഇവയില്‍ ചിലത് ഹിന്ദു ദേവന്മാരുടെ ഇഷ്ടഭക്ഷണവും അമ്പലങ്ങളിലെ നേദ്യവുമാണുതാനും.

ആയുര്‍വേദം പോലെ തന്നെ പുരാതന ഭാരതം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗ. തിരക്കും മത്സരവും നിറഞ്ഞ ആധുനികലോകത്ത് മനുഷ്യന്റെ വര്‍ധിച്ചു വരുന്ന മാനസിക സംഘര്‍ഷത്തിന് അയവു വരുത്താന്‍ യോഗക്കുള്ള കഴിവ് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. ഒരു ജീവിത ശൈലി, വ്യായാമ മുറ എന്നീ നിലകളില്‍ യോഗയെ സ്വീകരിക്കുന്നവര്‍ പാശ്ചാത്യ രാജ്യങ്ങളിലടക്കം ഒട്ടേറെയുണ്ട്. ആരോഗ്യത്തിന്റെ ശാസ്‌ത്രമായാണ്‌ യോഗ അറിയപ്പെടുന്നത്‌. ദിവസവും കുറച്ചുസമയം യോഗ ചെയ്യുന്നത്‌ മാനസിക ശാരീരിക ഉണര്‍വിനു സഹായകമാണ്. എന്നാല്‍ യോഗ ക്രൈസ്തവര്‍ക്ക് നിഷിദ്ധം ആണെന്നും അത് വിജാതീയമാണെന്നും അല്പം കൂടി കടന്ന് സാത്താനികമാണെന്നും ചില പെന്തക്കോസ്ത്, കരിസ്മാറ്റിക് ഗ്രൂപ്പുകള്‍ ആക്ഷേപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു പ്രചാരണമാണ് ജെയിംസ് മഞ്ഞാക്കലച്ചനും തന്റെ ലേഖനത്തിലൂടെ ചെയ്തിരിക്കുന്നത്.

ചില ഹൈന്ദവ ഭക്തിപ്രസ്ഥാനങ്ങളും ഗുരുക്കന്മാരുമാകട്ടെ സര്‍വ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന നിലയിൽ യോഗയെ ഉയര്‍ത്തിക്കാട്ടുകയും യോഗയെ ഒരു മതം അഥവാ ആത്മീയ അനുഷ്ഠാനം ആയി അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ടു സമീപനവും യോഗ എന്ന ജീവിത ശൈലിയെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതിനാല്‍ സംഭവിക്കുന്ന വിഡ്ഢിത്തത്തില്‍നിന്ന് ഉളവാകുന്നതാണ്. എം.സി.ബി.എസ് സന്യാസ സമൂഹത്തിലെ ചില വൈദികരുടെ നേതൃത്വത്തില്‍ കുറച്ചുനാള്‍ മുന്‍പ് എറണാകുളം കാലടിയില്‍ ‘ക്രിസ്ത്വാത്വാനുഭവ യോഗാ ധ്യാനം’ ആരംഭിച്ച സമയത്ത് സോഷ്യല്‍ നെറ്റ് ‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ അതിനെതിരായി ഒട്ടേറെ കുപ്രചരണങ്ങള്‍ നടന്നിരുന്നു. അതിനു മറുപടിയായി‘യോഗ ക്രൈസ്തവര്‍ക്കു നിഷിദ്ധമോ’ എന്ന പേരില്‍ ‘ജാഗ്രതാവേദി’യില്‍ തന്നെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നതിനാല്‍ അതിന്റെ വിശദാംശങ്ങളിലേയ്ക്കു കടക്കുന്നില്ല. എന്നാല്‍ ശാന്തമായ മനസ്സിലും അന്തരീക്ഷത്തിലും ദൈവാനുഭവം ആഗ്രഹിക്കുന്നവരെയും അത്തരം ധ്യാനങ്ങള്‍ ഒരുക്കുന്നവരെയും എതിര്‍ക്കുവാന്‍ ചില കോളാമ്പി ആത്മീയതക്കാര്‍ മുന്നിട്ടിറങ്ങുന്നതിന്റെ ഉദ്ദേശ്യം ‘പ്രൊഫഷണല്‍ ജെലസി’ ആണോ എന്ന് കുറേപ്പേരെങ്കിലും ചിന്തിക്കുന്നുണ്ട് . വിശ്വാസികളെ കാതടപ്പിക്കുന്ന അന്തരീക്ഷത്തില്‍ മാസ് ഹിസ്റ്റീരിയക്കു വിധേയരാക്കുകയും അര്‍ത്ഥശൂന്യമായ ജല്പനങ്ങള്‍ക്കു മറുഭാഷ എന്നു പേരുനല്‍കിയും ഹിപ്നോസിസിലൂടെ സംഭവിക്കുന്ന രോഗശാന്തികളെ അത്ഭുതപ്രവര്‍ത്തനങ്ങളാക്കി പരസ്യപ്പെടുത്തിയും ആത്മീയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത് സ്വയം ആള്‍ദൈവങ്ങളാകുന്നവര്‍ക്ക് വിശ്വാസികള്‍ ശാന്തരാകുന്നതും വചനം മനനം ചെയ്യുന്നതും തങ്ങളുടെ ബിസിനസിന്റെ നിലനില്‍പ്പിന് തടസമാകും എന്ന ‘ദീര്‍ഘദര്‍ശനം’ ലഭിച്ചിരിക്കുന്നതിനാലാണോ ഈ എതിര്‍പ്പുകള്‍ എന്നാണ് അവരുടെ ചോദ്യം.
മൊബൈല്‍ ഫോണിലും മറ്റും കളിക്കാവുന്ന ‘ക്ലാഷ് ഓഫ് ക്ലാന്‍സ്’ എന്ന വീഡിയോ ഗെയിം സാത്താനികം ആണെന്ന ഒരു പ്രചരണം സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ ഗെയിമിന്റെ ചില പ്രത്യേക സ്ക്രീനുകളില്‍ കുറുക്കന്റേതെന്നോ ആടിന്റേതെന്നോ തോന്നിക്കുന്ന ഒരു ശിരസിന്റെ ചിത്രീകരണം പോലുള്ള നിഴല്‍ രൂപം കാണാം എന്നും അത് സാത്താനിക ചിഹ്നം ആണെന്നും അതിനാല്‍ ഈ ഗെയിം ഉപേക്ഷിക്കണം എന്നുമായിരുന്നു പ്രചരണം. അക്രമങ്ങളും ലൈംഗിക അരാജകത്വവും പ്രോത്സാഹിപ്പിക്കുന്നതും അതു ചെയ്യുന്നവരെ ഹീറോകളായി ചിത്രീകരിക്കുന്നതുമായ ഒട്ടേറെ വീഡിയോ ഗെയിമുകളും കോമിക്സുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അവയില്‍ പലതിനും പിന്നില്‍ സാത്താനിക ആരാധനാ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്. എന്നാല്‍ ബിസിനസ് രംഗത്തെ അനാരോഗ്യകരമായ മത്സരങ്ങളുടെ ഫലമായി എതിരാളികളെ സാത്താനിക ആരാധനക്കാരായി മുദ്രകുത്തി അവരുടെ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന കുതന്ത്രം അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ഇത്തരം പ്രചരണങ്ങള്‍ക്ക് ആരു തുടക്കമിടുന്നുവെന്നോ അവരുടെ ലക്ഷ്യം എന്താണെന്നോ വ്യക്തമല്ലാത്ത രീതിയിലാണ് ഇതുപോലുള്ള പ്രചരണങ്ങള്‍ നടക്കുന്നതെന്നത് പ്രചാരകരുടെ ഉദ്ദേശ്യ ശുദ്ധിയെക്കുറിച്ച് സംശയം ഉളവാക്കുന്നുണ്ട്.

എറണാകുളം ഇടപ്പള്ളി പള്ളിയുടെ മദ്ബഹയില്‍ ചിത്രീകരിച്ചിരിക്കുന്ന ‘എല്ലാം കാണുന്ന കണ്ണ്’(All seeing eye) എന്ന ചിഹ്നത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവരുടെ ഭയപ്പെടുത്തല്‍ സാത്താനിക ആരാധകരുടെ ചിഹ്നം കത്തോലിക്കാ സഭയുടെ പള്ളികളില്‍ പോലും സ്ഥാപിക്കാന്‍ കഴിയുന്ന വിധം സാത്താന്‍ ആരാധക സംഘടനകള്‍ ശക്തിപ്രാപിച്ചിരിക്കുന്നു എന്നായിരുന്നു. ത്രികോണത്തിനുള്ളില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു കണ്ണാണ് ‘എല്ലാം കാണുന്ന കണ്ണ്’ എന്ന ചിഹ്നം. ഒട്ടേറെ ക്രൈസ്തവ ദൈവാലയങ്ങളില്‍ ഈ ചിഹ്നം കാണാവുന്നതാണ്. വാസ്തവത്തില്‍ തികച്ചും ക്രൈസ്തവിക അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇത്. പേഗന്‍ സംസ്കാരത്തില്‍നിന്നും പാശ്ചാത്യ സഭ സ്വീകരിച്ച ഒരു ചിഹ്നമാണ് ഇത്. മൂന്നു വശങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ത്രികോണം, ദൈവത്തിന്റെ ഏകത്വത്തെയും ത്രിത്വത്തെയും സൂചിപ്പിക്കുമ്പോള്‍ അതിനുള്ളില്‍ ചിത്രീകരിച്ചിരിക്കുന്ന കണ്ണ് ദൈവം എല്ലാം കാണുന്നുവെന്നും അവിടുത്തെ മുന്നില്‍ ഒന്നും മറയ്ക്കാന്‍ സാധിക്കുകയില്ലെന്നും സൂചിപ്പിക്കുന്നു.
കുറുക്കനെയും, ആടിനെയും, നക്ഷത്രത്തെയും എല്ലാം സാത്താനികം എന്ന് മുദ്രകുത്തുമ്പോള്‍ അതില്‍ പല ചിഹ്നങ്ങളും ക്രിസ്തുമതം ഉള്‍പ്പെടെ പല മതങ്ങളും അവരുടെ ചിഹ്നങ്ങളായി ഉപയോഗിക്കുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്. തലതിരിഞ്ഞ കുരിശ് വിശുദ്ധ പത്രോസിനെ തറച്ച കുരിശായതിനാല്‍ പല ക്രൈസ്തവ ദൈവാലയങ്ങളിലും അതിന്റെ ചിത്രീകരണം കാണാം. സാത്താന്‍ ആരാധകരുടെ ഒരു ചിഹ്നമായ അഞ്ചു കാലുകളുള്ള നക്ഷത്രം ക്രിസ്തുമസ് കാലയളവില്‍ ക്രൈസ്തവരും അക്രൈസ്തവരും ഒരുപോലെ ഉപയോഗിക്കുന്നതാണല്ലോ. എന്തിലും ഏതിലും സാത്താനെക്കാണുകയും സാത്താനെക്കുറിച്ചു പറഞ്ഞ് ഭയേടുത്തുകയും ചെയ്യുന്ന പലരും ദൈവത്തെക്കാള്‍ ശക്തനായി സാത്താനെ ചിത്രീകരിക്കുന്നതുപോലെ തോന്നാറുണ്ട്. ചിഹ്നങ്ങളെയും ആചാരങ്ങളെയും വിലയിരുത്തേണ്ടത് ഓരോ സംഘടനകളും പ്രസ്ഥാനങ്ങളും എന്ത് അര്‍ത്ഥത്തില്‍ അവയെ ഉപയോഗിക്കുന്നു എന്നു നോക്കിയാണ്. നിലവിളക്കിന് താന്ത്രിക മതക്കാര്‍ നല്‍കുന്ന അര്‍ത്ഥമല്ലല്ലോ ക്രിസ്ത്യാനികള്‍ നല്‍കുന്നത്. നക്ഷത്രത്തിനും, ആടിനും സാത്താന്‍ ആരാധകര്‍ നല്‍കുന്ന അര്‍ത്ഥമല്ലല്ലോ നാം കല്പിക്കുന്നത്.

അതിനാല്‍ ഫലത്തില്‍നിന്നും വൃക്ഷത്തെ അറിയുക എന്ന മിശിഹായുടെ വാക്കുകള്‍ ആവണം നമുക്ക് മാര്‍ഗദര്‍ശനം ആവേണ്ടത്. വ്യക്തിയിലും സമൂഹത്തിലും തിന്മ വളര്‍ത്തുകയും ദൈവത്തില്‍നിന്നും സഭയില്‍നിന്നും നമ്മെ അകറ്റുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളിലും ആചാരങ്ങളിലും നിന്ന് അകന്നു നില്‍ക്കുവാന്‍ നമുക്ക് സാധിക്കണം. അതോടൊപ്പം ദൈവത്തിന്റെയും മനുഷ്യന്റെയും സൃഷ്ടികളില്‍ സാത്താനികത ആരോപിക്കുന്നവരുടെ കുതന്ത്രങ്ങള്‍ മനസ്സിലാക്കുവാനും നമുക്ക് കഴിയണം. സാത്താനെക്കാള്‍ ശക്തന്‍ ദൈവം ആണെന്ന് എന്നും നമ്മുടെ ഓര്‍മയിലുണ്ടായിരിക്കട്ടെ, ദൈവം മാത്രമാവട്ടെ നമ്മുടെ ആശ്രയവും.

1 COMMENT

Comments are closed.