മാര്‍ ജോസഫ് പെരുന്തോട്ടം
1. ചങ്ങനാശേരി അതിരൂപതയുടെ പ്രേഷിതമുന്നേറ്റം ആറുപതിറ്റാണ്ട് പിന്നിടുകയാ ണ്. തെക്കേ അതിര്‍ത്തി പമ്പാനദിയായി നിജപ്പെടുത്തപ്പെട്ടിരുന്ന സീറോമലബാര്‍ സഭയുടെയും ചങ്ങനാശേരി അതിരൂപതയുടെയും വ്യാപ്തി, കൊല്ലം, തിരുവനന്തപുരം, കോട്ടാര്‍ എന്നീ ലത്തീന്‍ രൂപതകളുടെ ഭൂപ്രദേശവുംകൂടി ഉള്‍പ്പെടുത്തി കന്യാകുമാരി വരെ വികസിപ്പിച്ചു. ഈ പ്രദേശമാണ് അതിരൂപതയുടെ തെക്കന്‍മിഷന്‍ എന്ന് അറിയപ്പെടുന്നത്. പൗരസ്ത്യസഭാകാര്യാലയം 1955 ഏപ്രില്‍ 25 ന് തയ്യാറാക്കിയ ‘മുള്‍ത്തോരും ഫിദേലിയും’ എന്ന ഡിക്രി 12-ാം പീയൂസ് പാപ്പായുടെ അംഗീകാരത്തോടെ നടപ്പിലാക്കിക്കൊണ്ടാണ് ഇപ്രകാരമൊരു വികസനം സാധ്യമാക്കിയത്. ഈ സംഭവത്തിന്റെ ചരിത്രപശ്ചാത്തലവും അതിന്റെ പ്രാധാന്യവും എന്തെന്നറിയുന്നത് പ്രസക്ത മായതിനാല്‍ അതേക്കുറിച്ച് ചുരുക്കമായി പ്രതിപാദിക്കാന്‍ ആഗ്രഹിക്കുന്നു.
2. ഏ.ഡി. 52-ല്‍ കൊടുങ്ങല്ലൂരിലെത്തുകയും ഏ.ഡി. 72-ല്‍ മൈലാപ്പൂരില്‍ രക്ത സാക്ഷിത്വം വരിക്കയും ചെയ്ത തോമ്മാശ്ലീ ഹായുടെ 20 വര്‍ഷത്തെ പ്രേഷിതസാക്ഷ്യത്തിന്റെ അടിത്തറയില്‍ രൂപപ്പെട്ടതാണ് മാര്‍ത്തോമ്മാ നസ്രാണികള്‍ അഥവാ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ എന്ന പേരില്‍ വിശ്വവിഖ്യാതമായ ഇന്ത്യയിലെ ആദിമ ക്രൈസ്തവരുടെ സുറിയാനിസഭ. ശ്ലീഹന്മാരുടെ വിശ്വാസമാകുന്ന പാറയില്‍ അടിയുറച്ച്, പൗരസ്ത്യസുറിയാനി സഭാപാരമ്പര്യത്തില്‍ വളര്‍ന്നുവന്ന മാര്‍ത്തോമ്മാ നസ്രാണി കത്തോലിക്കാസഭ 16-ാം നൂറ്റാണ്ടുവരെയും ഇന്ത്യയിലെ ഏക ഔദ്യോഗിക ക്രൈസ്തവസമൂഹമായിരുന്നു. കേരളമണ്ണില്‍ ആഴത്തില്‍ വേരൂന്നി വളര്‍ന്ന ഈ പുരാതന സുറിയാനിസഭയുടെ മേലദ്ധ്യക്ഷന്‍ ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്താ എന്നാണറിയപ്പെട്ടിരുന്നത്. സഭാ ഭരണക്രമത്തിന്റെ മുഖ്യചുമതലക്കാരനായിരുന്ന വൈദികന്‍ ഇന്ത്യ മുഴുവന്റെയും ആര്‍ച്ചുഡീക്കന്‍ എന്നും വിളിക്കപ്പെട്ടിരുന്നു. ഈ രണ്ടു പദവികളും സൂചിപ്പിക്കുന്നത്, മാര്‍ത്തോമ്മാനസ്രാണി സഭയ്ക്ക് അഖിലേന്ത്യാ പദവിയും സഭാതലവന് ഇന്ത്യ മുഴുവനിലും അജപാലനാധികാരവും ഉണ്ടായിരുന്നുവെന്നാണ്.
3. 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്ത്യയിലെത്തിയ പാശ്ചാത്യ ലത്തീന്‍ മിഷനറിമാര്‍ ക്രമേണ പോര്‍ട്ടുഗീസ് രാജഭരണാധികാരത്തിന്റെ പിന്‍ബലത്തില്‍ ഇവിടത്തെ പുരാതനമായ മാര്‍ത്തോമ്മാ നസ്രാണിസഭയുടെമേല്‍ ആധിപത്യം നേടുകയും, അവളുടെ സ്വതന്ത്ര മെത്രാപ്പോലീത്തന്‍ പദ വി ഇല്ലാതാക്കി, അടുത്തകാലത്തുമാത്രം രൂപംകൊണ്ട ഗോവാ ലത്തീന്‍ അതിരൂപത യുടെ ഒരു സാമന്തരൂപതയാക്കി അതിനെ തരംതാഴ്ത്തുകയും ചെയ്തു. അങ്ങനെ 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഈ സഭയുടെ അഖിലേന്ത്യാപദവിയും അജപാലനസ്വാതന്ത്ര്യവും ഇല്ലാതായി.
4. മാര്‍ത്തോമ്മാ നസ്രാണിസഭയുടെ ആസ്ഥാനം അങ്കമാലിയായിരുന്നു. അതിനു മുമ്പ് കൊടുങ്ങല്ലൂരും സഭയുടെ ആസ്ഥാനമായിട്ടുണ്ട്. ഇപ്പോഴത്തേതുപോലെ അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ട രൂപതകളായിട്ടായിരുന്നില്ല അന്നത്തെ നസ്രാണിസഭയുടെ ഘടന. പൗരസ്ത്യസുറിയാനി പാരമ്പര്യത്തില്‍പ്പെട്ട ഈ സഭ അതേപാരമ്പര്യം പുലര്‍ത്തുന്ന കല്‍ദായസഭയുടെ തലവനായ പാത്രിയര്‍ക്കീസിന്റെ ആത്മീയാധികാരത്തിന്‍ കീഴില്‍, ഇന്ത്യ മുഴുവനിലും അജപാലനസ്വാതന്ത്ര്യമുണ്ടായിരുന്ന മെത്രാപ്പോലീത്തന്‍ സഭയായിരുന്നു. ഈ അവസ്ഥയ്ക്കു മാറ്റം വരുത്തിയത് ഗോവാ മെത്രാ പ്പോലീത്തയായിരുന്ന മെനേസിസ് 1610 ഡിസംബര്‍ 22-ന് നടത്തിയ ഓമ്‌നിബൂസ് നോത്തും (Omnibus Notum) എന്ന പ്രഖ്യാ പനത്തിലൂടെയാണ്. ഈ പ്രഖ്യാപനംവഴി അങ്കമാലി അതിരൂപതയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ടു. മാത്രമല്ല, 1599-ലെ ഉദയംപേരൂര്‍ സൂനഹദോസിനെത്തുടര്‍ന്ന് ലത്തീന്‍ അധികാരത്തിന്‍ കീഴിലാക്കപ്പെട്ട മാര്‍ത്തോമ്മാനസ്രാണികളുടെ അങ്കമാലി അതിരൂപത ഒരു ലത്തീന്‍ രൂപതപോലെയാണ് പരിഗണിക്കപ്പെട്ടത്. അന്ന് നിലവിലു ണ്ടായിരുന്ന ലത്തീന്‍ രൂപതകള്‍ ഗോവാ അതിരൂപതയും, കൊച്ചി, മൈലാപ്പൂര്‍ എന്നീ രൂപതകളുമായിരുന്നു. ശ്ലൈഹികകാലം മുതല്‍ നിലവിലിരുന്ന നസ്രാണിസഭയുടെ പൗരസ്ത്യവ്യക്തിത്വവും, ഒരു സ്വതന്ത്രസഭയെന്ന നിലയിലുള്ള പദവിയും അവഗ ണിക്കപ്പെടുകയും, മാര്‍ത്തോമ്മാ നസ്രാണികള്‍ ലത്തീന്‍കാരോടൊപ്പം എണ്ണപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍, ഇന്ത്യ മുഴുവന്‍ നാലു ലത്തീന്‍ രൂപതകളായി വിഭജിക്ക പ്പെടുകയായിരുന്നു. നസ്രാണിസഭയുടെ ആസ്ഥാനം വീണ്ടും കൊടുങ്ങല്ലൂരായി. കൊടുങ്ങല്ലൂര്‍, കൊച്ചി രൂപതകളിലായി മാര്‍ത്തോമ്മാ നസ്രാണികളും വിഭജിക്കപ്പെട്ടു.
5. തങ്ങളുടെ സഭയുടെ പൗരസ്ത്യ പാരമ്പര്യവും വ്യക്തിത്വവും അവഗണിക്കപ്പെടുകയും വളരെ ചെറിയ പ്രദേശത്തായി തങ്ങള്‍ ഒതുക്കപ്പെടുകയും ചെയ്തതില്‍ മനം നൊന്ത നസ്രാണികള്‍ അതിന് പരിഹാരം കാണാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. ഈ പരിശ്രമം ഏതാണ്ട് മൂന്നു നൂറ്റാണ്ടോളം തുടര്‍ന്നു. തങ്ങളുടെ സുറിയാനി റീത്തിന്റെ പുനരുദ്ധാരണത്തിനും സംരക്ഷ ണത്തിനുംവേണ്ടി ക്ഷമാപൂര്‍വ്വം നിരന്തരം നടത്തിയ പരിശ്രമങ്ങള്‍ 19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടമായപ്പോഴേക്കും ഫലം കണ്ടു തുടങ്ങി. ഇതിനകം വരാപ്പുഴ ലത്തീന്‍ അതിരൂപതയുടെ ഭാഗമായി കഴിഞ്ഞിരുന്ന സുറിയാനി കത്തോലിക്കരായ മാര്‍ത്തോമ്മാ നസ്രാണികളെ വരാപ്പുഴയുടെ അധികാരത്തില്‍ നിന്നു സ്വതന്ത്രരാക്കി കോട്ടയം, തൃശൂര്‍ എന്നീ രണ്ടു പുതിയ വികാരിയാത്തുകളിലാക്കി. 1887 മേയ് 20-ന് ‘ക്വോദ് യാം പ്രിദം’ (Quod Jam Pridem) എന്ന തിരുവെഴുത്തു വഴി 13-ാം ലെയോ മാര്‍പ്പാപ്പയാണ് പ്രസ്തുത സുറിയാനി വികാരിയാത്തുകള്‍ സ്ഥാപിച്ചത്. ലത്തീന്‍ മെത്രാന്മാര്‍ തന്നെയാണ് വികാരി അപ്പസ്‌തോലിക്കാമാരായി നിയമിക്കപ്പെട്ടതെങ്കിലും സുറിയാനി റീത്തുകാരായ മാര്‍ത്തോമ്മാ നസ്രാണികളുടെ സഭാത്മകവ്യക്തിത്വവും തനിമയും അംഗീകരി ക്കപ്പെട്ടതിന്റെ സൂചനയായിരുന്നു അവരെ റീത്തടിസ്ഥാനത്തില്‍ ലത്തീന്‍കാരില്‍നിന്ന് വേര്‍തിരിച്ച് പ്രത്യേക വികാരിയാത്തുകളിലാക്കിയത്. കത്തോലിക്കരായ മാര്‍ത്തോമ്മാ നസ്രാണികളുടെ സഭയെ സീറോ മലബാര്‍ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിരിക്കുന്ന പ്രഥമരേഖയാണ് 13-ാം ലെയോ മാര്‍പ്പാപ്പായുടെ ‘ക്വോദ് യാം പ്രിദം’ എന്ന തിരുവെഴുത്ത്. ‘സീറോമലബാര്‍സഭയും സീറോമലബാര്‍ റീത്തും’ അങ്ങ നെ സ്ഥിരപ്രതിഷ്ഠിതമായി. മലയാറ്റൂര്‍ മുതല്‍ കൊച്ചിവരെ ആലുവാപ്പുഴ അതിര്‍ത്തിയായി കണക്കിലെടുത്താണ് തൃശൂര്‍, കോട്ടയം വികാരിയാത്തുകള്‍ രൂപീകൃതമായത്; ആലുവാപ്പുഴയ്ക്ക് വടക്ക് തൃശൂര്‍ വികാരിയാത്തും തെക്ക് കോട്ടയം വികാരിയാത്തും.
6. രണ്ടു സുറിയാനി വികാരിയാത്തുകള്‍ സ്ഥാപിതമായെങ്കിലും സ്വന്തം റീത്തില്‍ പ്പെട്ട മെത്രാന്മാരെ ലഭിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 1896 ജൂലൈ 28-ന് അതും സഫലമായി. ‘ക്വേ റെ യി സാക്രേ’ എന്ന തിരുവെഴുത്തുവഴി മാര്‍പ്പാപ്പാ രണ്ടു സുറിയാനി വികാരിയാത്തുകള്‍ പുനര്‍നിര്‍ണ്ണയം ചെയ്ത് തൃശൂര്‍, ചങ്ങനാശേരി, എറണാകുളം എന്നീ മൂന്നു വികാരിയാത്തുകള്‍ സ്ഥാപിച്ച് സുറിയാനിക്കാരും നാട്ടുകാരുമായ മെത്രാന്മാരെ പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിന്‍കീഴില്‍ വികാരി അപ്പസ്‌തോലിക്കാമാരായി നിയമിച്ചു. അങ്ങനെ 296 വര്‍ഷ ത്തെ ലത്തീന്‍ ഭരണാധികാരത്തില്‍ നിന്ന് സീറോമലബാര്‍ സഭ സ്വതന്ത്രയായി. പൗരസ്ത്യസുറിയാനി സഭാപാരമ്പര്യത്തിലും തനിമയിലുമുള്ള സീറോമലബാര്‍ സഭയുടെ നിലനില്പിനും വളര്‍ച്ചയ്ക്കും വേണ്ടിയായിരുന്നു, നസ്രാണി കത്തോലിക്കരുടെ ആഗ്രഹങ്ങളും അപേക്ഷകളും അംഗീകരിച്ചുകൊണ്ട്, മറ്റെല്ലാ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും തരണം ചെയ്ത് പരിശുദ്ധ സിംഹാസനം ഇപ്രകാരം തീരുമാനമെടുത്തത്. പിന്നീട്, 1923-ല്‍ സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതും 1992-ല്‍ സീറോ മലബാര്‍ സഭയെ ഒരു സ്വയാധികാര മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തിയതും ഒരു സ്വതന്ത്ര പൗരസ്ത്യവ്യക്തി സഭയെന്ന നിലയിലുള്ള അതിന്റെ വളര്‍ച്ചയും പൂര്‍ണ്ണതയും ലക്ഷ്യം വെച്ചായിരുന്നു.
7. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠി പ്പിക്കുന്നതുപോലെ ലിറ്റര്‍ജി, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം മുതലായവയിലുള്ള തനിമയാര്‍ന്ന പാരമ്പര്യങ്ങ ളും സവിശേഷതകളുമാണ് ഒരു വ്യക്തി സഭയെ രൂപപ്പെടുത്തുന്നത്. മൂന്നു നൂറ്റാണ്ടോളം പാശ്ചാത്യ ലത്തീന്‍ഭരണത്തിന്‍ കീ ഴിലായിരുന്ന സീറോമലബാര്‍ സഭയ്ക്ക് അവളുടെ പൗരസ്ത്യവ്യക്തിത്വത്തില്‍ വളര്‍ന്നു വികസിക്കാന്‍ സാധിച്ചില്ലെന്നു മാത്രമ ല്ല, ലിറ്റര്‍ജി, ദൈവശാസ്ത്രം, ആദ്ധ്യാത്മികത തുടങ്ങിയ കാര്യങ്ങളിലെല്ലാം സാരമായ കോട്ടം സംഭവിക്കുകയും ചെയ്തു. പൗരസ്ത്യവിരുദ്ധ നിലപാടു പുലര്‍ത്തിയിരുന്ന സഭാഭരണനേതൃത്വത്തിന്റെ ലത്തീനീകരണ നയം മൂലം വിശ്വാസികളുടെയിടയില്‍ സ്വന്തം സഭയുടെ യഥാര്‍ത്ഥ പാരമ്പര്യങ്ങളെക്കുറിച്ചുള്ള അജ്ഞത വളരുകയും പലരിലും ഒരു പൗരസ്ത്യ വിരുദ്ധ മനോഭാവം തന്നെ ഉടലെടുക്കുകയും ചെയ്തു. നഷ്ടപ്പെട്ട ആധികാരികസഭാപാരമ്പര്യങ്ങള്‍ പുനഃസ്ഥാപിച്ച് അവളുടെ പൗരസ്ത്യ വ്യക്തിത്വം അതിന്റെ തനിമയില്‍ വീണ്ടെടുക്കുവാനുള്ള രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും ഉദ്‌ബോധനങ്ങള്‍ അവയുടെ പൂര്‍ണ്ണതയില്‍ നടപ്പിലാക്കാന്‍ സീറോമലബാര്‍ സഭയ്ക്ക് ഇനിയും സാധിക്കാത്തതിന്റെ മുഖ്യകാരണം അതാണ്.
8. 1896-ല്‍ സീറോമലബാര്‍ സഭയ്ക്ക് സുറിയാനി റീത്തുകാരും നാട്ടുകാരുമായ മെത്രാന്മാരെ ലഭിച്ചെങ്കിലും, അതോടൊപ്പം വലിയൊരു നഷ്ടവും സഹിക്കേണ്ടിവന്നു. 1610- ല്‍ ഇന്ത്യയെ ലത്തീന്‍ അധികാരത്തിന്‍ (പദ്രൊവാദോ) കീഴില്‍ ഗോവാ, കൊച്ചി, മൈലാപ്പൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ നാല് രൂപതകളായി വിഭജിക്കുന്നതുവരെ മാര്‍ത്തോമ്മാ നസ്രാണിസഭയുടെ തലവനായ മെത്രാപ്പോലീത്തായ്ക്ക് ഇന്ത്യമുഴുവനിലും തന്റെ അജഗണത്തിന്മേല്‍ അജപാലനാധികാരമുണ്ടായിരുന്നു. ഈ വിഭജനത്തിലൂടെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ഭൂവിസ്തൃതി മലബാറിന്റെ (കേരളം) ചെറിയൊരു ഭാഗത്തായി പരിമിതപ്പെടുത്തപ്പെട്ടു. തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും കുറെ ഭാഗങ്ങളും അതില്‍പ്പെട്ടിരുന്നു.1887-ല്‍ രണ്ടു സുറിയാനി വികാരിയാത്തുകള്‍ രൂപീകരിച്ചത് ആലുവാപ്പുഴയുടെ തെക്കും വടക്കുമായിട്ടാണ്. അവയുടെ പുറമെയുള്ള മറ്റതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, 1896-ല്‍ മൂന്നു സുറിയാനി വികാരിയാത്തുകളായി പുനര്‍നിര്‍ണയം ചെയ്യപ്പെട്ടപ്പോള്‍ അവയ്ക്ക് കൃത്യമായ അതിര്‍ത്തികള്‍ നിശ്ചയിക്കപ്പെട്ടു. അതുവഴി സീറോമലബാര്‍സഭ കേരളത്തിലെ ഒരു ചെറിയ ഭാഗത്തായി ഒതുക്കപ്പെട്ടു. അതായത്, ഭാരതപ്പുഴയ്ക്കും പമ്പാനദിക്കും ഇടയ്ക്കുള്ള സ്ഥലത്ത്. ഇന്ത്യയുടെ ഏതാണ്ട് 1/200 ഭാഗം (200-ല്‍ ഒന്ന്) മാത്രമായിരുന്നു അത്. ഈ പ്രദേശത്തിന് പുറത്തേയ്ക്ക് വളരാന്‍ സീറോമലബാര്‍ സഭയ്ക്ക് സാധിച്ചിരുന്നില്ല. അവിടെ വസിക്കുന്ന സീറോമലബാര്‍ വിശ്വാസികള്‍ ലത്തീന്‍ രൂപതകളുടെ കീഴില്‍ ലത്തീന്‍ റീത്തനുസരിച്ച് വിശ്വാസജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായി. അവിടങ്ങളില്‍ സ്വതന്ത്രമായ പ്രേഷിതപ്രവര്‍ത്തനം നടത്താനുള്ള അവകാശവും സീറോമലബാര്‍ സഭയ്ക്ക് നിഷേധിക്കപ്പെട്ടു.
9. അജപാലനാധികാരവികസനം
പരിമിതമായ സ്ഥലത്ത് ഒതുക്കപ്പെട്ടിരുന്ന സീറോമലബാര്‍ സഭയുടെ അജപാലനാധികാരം കുറച്ചുകൂടി വികസിപ്പിച്ചുകൊണ്ട് പൗരസ്ത്യസഭാ കാര്യാലയം 1955 ഏപ്രില്‍ 25-ന് നാലു ഡിക്രികള്‍ തയ്യാറാക്കുകയും 12-ാം പീയൂസ് പാപ്പായുടെ അംഗീകാരത്തോടെ 1955 ജൂലൈ 25-ന് അവ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അവ താഴെപ്പറയുന്നവയാണ്.
ഒന്ന്: ‘മുള്‍ത്തോരും ഫിദേലിയും’ എന്ന ഡിക്രിവഴി ചങ്ങനാശേരി രൂപതയുടെ അതിര്‍ത്തി കൊല്ലം, തിരുവനന്തപുരം, കോട്ടാര്‍ എന്നീ ലത്തീന്‍ രൂപതകളുടെ പ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി കന്യാകുമാരിവരെ വ്യാപിപ്പിച്ചു.
രണ്ട്: ‘സേപേ ഫിദേലസ്’ എന്ന ഡിക്രിവഴി തൃശൂര്‍ രൂപതയുടെ അതിര്‍ത്തി കോയമ്പത്തൂര്‍ ലത്തീന്‍ രൂപതയുടെ പ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി വ്യാപിപ്പിച്ചു.
മൂന്ന്: ‘പ്രോ ഫിദേലിബൂസ്’ എന്ന ഡിക്രിവഴി തലശേരി രൂപതയുടെ അതിര്‍ത്തി മൈസൂര്‍, മാംഗ്ലൂര്‍ എന്നീ ലത്തീന്‍ രൂപതകളുടെ പ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി വ്യാപിപ്പിച്ചു.
നാല്: മറ്റൊരു ഡിക്രിവഴി (Suddistica Gens) സീറോ മലബാര്‍ സഭയ്ക്ക് അജപാലനാധികാരമുള്ള ഭൂപ്രദേശങ്ങളില്‍ വസിക്കുന്ന എല്ലാ ക്‌നാനായ കത്തോലിക്കരുടെയും മേല്‍ കോട്ടയം രൂപതാദ്ധ്യക്ഷന് വ്യക്തിപരമായ അജപാലനാധികാരം നല്‍കി.
Good information, I never knew about this.
Comments are closed.