മാര്‍ത്തോമ്മാ നസ്രാണികളായ നമ്മുടെ പൂര്‍വ്വികര്‍ സുറിയാനി ഭാഷയില്‍ ദൈവാരാധന നടത്തുവാന്‍മാത്രം പ്രാവീണ്യമുള്ളവരായിരുന്നുവോ?
ഈശോയുടെയും ശ്ലീഹന്മാരുടെയുമൊക്കെ കാലയളവില്‍ ലോകം മുഴുവനിലും പ്രത്യേകിച്ച് കിഴക്കന്‍ പ്രദേശങ്ങളില്‍ അറിയപ്പെട്ടിരുന്ന വാണിജ്യഭാഷയായിരുന്നു അറമായ അഥവാ സുറിയാനി. ഇന്ത്യയും മധ്യപൂര്‍വ്വദേശങ്ങളും തമ്മില്‍ വളരെ അടുത്ത കച്ചവടബന്ധം ഉണ്ടായിരുന്നതായും അതിനാല്‍തന്നെ സുറിയാനിഭാഷ ഇന്ത്യയില്‍ കാര്യമായി പ്രചരിച്ചിരുന്നതായും ചരിത്രസാക്ഷ്യങ്ങളുണ്ട്. അശോകചക്രവര്‍ത്തിയുടെ ശാസനകള്‍ വരെ അറമായ അഥവാ സുറിയാനിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവ കണ്ടുകിട്ടിയിട്ടുണ്ട്.
മാര്‍ത്തോമ്മാ നസ്രാണികളായ നമ്മുടെ പൂര്‍വ്വികര്‍ സുറിയാനി ഭാഷയോട് വളരെയേറെ സ്‌നേഹവും ആദരവും താല്പര്യവും പ്രകടിപ്പിച്ചിരുന്നുവെന്നും സുറിയാനി ഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ അവര്‍ വളരെയധികം അഭിമാനിച്ചിരുന്നുവെന്നുമാണ് നമുക്ക് കൈമാറിക്കിട്ടിയിട്ടുള്ള രേഖകളില്‍നിന്ന് വ്യക്തമാകുന്നത്. 1578- ല്‍ പതിമൂന്നാം ഗ്രിഗോറിയോസ് മാര്‍പ്പാപ്പായ്ക്ക് ഇന്ത്യയിലെ മാര്‍ത്തോമ്മാ നസ്രാണികള്‍ അയച്ച ഒരു കത്ത് ഈ സജീവപാരമ്പര്യം സ്പഷ്ടമാക്കുന്നു. കത്തിന്റെ ആദ്യഭാഗത്ത് അവര്‍ ഇപ്രകാരം സ്വയം പരിചയപ്പെടുത്തുന്നു: ‘ക്രൈസ്തവരുടെയൊക്കെയും പരമാധ്യക്ഷനായ അജപാലകാ, കര്‍ത്താവായ ഈശോയുടെ ശ്ലീഹന്മാരിലൊരാളായ തോമാ ശ്ലീഹായുടെ കാലംമുതല്‍, ഞങ്ങളുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹാ ഞങ്ങ ള്‍ക്കു തന്ന സുറിയാനി അഥവാ കല്‍ദായ ഭാഷയിലാണ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. ഞങ്ങളും ഞങ്ങളുടെ മുന്‍ഗാമികളും ഈ ഭാഷ പഠിച്ചിട്ടുണ്ട്’. അതുപോലെതന്നെ സുറിയാനിഭാഷ വായിക്കുവാനും സുറിയാനിഭാഷയില്‍ ദൈവാരാധന പരികര്‍മ്മം ചെയ്യുവാനും കഴിവുള്ളവരായിരുന്നു 1960-വരെ മാര്‍ത്തോമ്മാനസ്രാണിസഭയില്‍ വൈദികരായി അഭിഷിക്തരായിരുന്നവര്‍.
സുറിയാനി ഭാഷയില്‍നിന്നും നാം മലയാളത്തിലേക്കു സ്വീകരിച്ച് ഉപയോഗിക്കുന്ന പദങ്ങള്‍ ഏവയൊക്കെയെന്ന് വിശദീകരിച്ചുതരുവാന്‍ സാധിക്കുമോ?
സുറിയാനി ഭാഷയില്‍നിന്നും ഒട്ടേറെ പദങ്ങള്‍ മലയാളത്തില്‍, പ്രത്യേകമായി നമ്മുടെ ദൈവാരാധനയില്‍ നാം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സുറിയാനിഭാഷയിലുള്ള അക്ഷരങ്ങളില്‍ ചിലതിനു സമാനമായ സ്വരങ്ങളുള്ള മലയാള അക്ഷരങ്ങള്‍ ഇല്ല എന്നതിനാലാവാം മലയാളികള്‍ ഒരേ മലയാള അക്ഷരങ്ങള്‍തന്നെ പല സുറിയാനി അക്ഷരങ്ങളുടെയും സ്ഥാന ത്ത് ഉപയോഗിച്ചു കാണുന്നുണ്ട്. ഉദാഹരണമായി നാം ഇന്ന് മലയാളത്തില്‍ ഉപയോഗിക്കുന്ന ‘കുര്‍ബാന’ എന്ന വാക്കിന്റെ തുടക്കമായ ‘ക’ സുറിയാനിയിലെ പത്തൊന്‍പതാമത്തെ അക്ഷരമാണ്. അക്ഷരങ്ങളുടെ പേരുകള്‍ പിന്നീടു കാണാം. അതേസമയം നാം സാധാരണ ഉപയോഗിക്കാറുള്ള ‘മാലാകാ’ എന്ന വാക്കിന്റെ അവസാന അക്ഷരമായ ‘ക’ സുറിയാനിയിലെ പതിനൊന്നാമത്തെ അക്ഷരമാണ്. മലയാളത്തില്‍ അറിയപ്പെടുന്ന നിഘണ്ടുവായ ശബ്ദതാരാവലിയില്‍ ‘മാലാകാ’ ‘മാലാഖാ’എന്നീ രണ്ടു വാക്കുകളും ദൈവദൂതനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന സിറിയന്‍ വാക്കുകളായി കൊടുത്തിരിക്കുന്നു. സുറിയാനിയിലെ പതിനൊന്നാമത്തെ അക്ഷരമായ ‘ക’ നാം സുറിയാനിക്കാര്‍ സാധാരണയായി ‘ഖ’ അക്ഷരത്തിന്റെ സ്വരത്തില്‍ ഉപയോഗിക്കാറില്ല. എന്നാല്‍ സുറിയാനിയിലെ പത്തൊന്‍പതാമത്തെ അക്ഷരത്തിന് ഇംഗ്ലീഷ് ഉച്ചാരണസ്വരമായി ഗ്രാമര്‍ പുസ്തകങ്ങളില്‍ കാണുന്നത് ‘Q’എന്ന അക്ഷരവും Fr. Gabriel of St.Joseph T.O.C.D. . രചിച്ച്, Fr. Emmanuel Thelliyil C.M.I പരിഷ്‌ക്കരിച്ച പതിപ്പില്‍ മലയാള ഉച്ചാരണസ്വരമായി കാണുന്നത് ‘ഖ’യുമായതിനാല്‍ ഈ പഠനത്തില്‍ സുറിയാനിയിലെ പത്തൊന്‍പതാമത്തെ അക്ഷരത്തിന് ‘ഖ’ ഉച്ചാരണസ്വരമായി കൊടുക്കുകയാണ്. സുറിയാനി ഭാഷയിലെ പദങ്ങള്‍ ലിപി മാറ്റി മലയാളത്തിലേക്കു സ്വീകരിക്കുമ്പോള്‍ സ്വരത്തില്‍ മാറ്റം വരാതിരിക്കുന്നതാണല്ലോ കൂടുതല്‍ സൗകര്യപ്രദവും നല്ലതും. മറ്റു സാധ്യതകളൊന്നും ഇല്ലാത്തതിനാല്‍ മലയാളത്തിലെ ‘സ’ എന്ന അക്ഷരമാണ് സുറിയാനിയിലെ ഏഴാമത്തെയും പതിനഞ്ചാമത്തെയും പതിനെട്ടാമത്തെയും അക്ഷരങ്ങള്‍ക്കും ഇരുപത്തിരണ്ടാമത്തെ അക്ഷരത്തിന്റെ മൃദുസ്വരത്തിനും മലയാള ഉച്ചാരണസ്വരമായി ഉപയോഗിക്കുക.
[box type=”shadow” align=”alignleft” ]
=> അപ്പെസ്‌ഖോപ്പാ, എപ്പിസ്‌ഖോപ്പാ = അപ്പെസ്‌ക്കോപ്പാ (മേലദ്ധ്യക്ഷന്‍, മെത്രാന്‍)
=> അര്‍ക്കിദ്‌യാഖോന്‍, (അര്‍ക്കെദ്‌യാക്കോന്‍ എന്നും പാശ്ചാത്യ സുറിയാനിയില്‍ കൊടുത്തിട്ടുണ്ട്)= അര്‍ക്കെദ്‌യാക്കോന്‍, പള്ളിശുശ്രൂഷയിലെ പ്രധാനി., ഒരു വൈദികസ്ഥാനി
=> ആമ്മേന്‍ = ആമ്മേന്‍ (ഉറപ്പായും (അപ്രകാരം)ആയിരിക്കട്ടെ)
=> ആലാഹാ = ആലാഹാ (ദൈവം)
=> ആവാ = ആവാ, ആബാ (പിതാവ്, പിതാവായ ദൈവം)
=> ആവൂന്‍ = ആവൂന്‍, ആബൂന്‍ (ഞങ്ങളുടെ പിതാവ്, ഞങ്ങളുടെ പിതാവായ ദൈവം)
=> ഈശോ = ഈശോ
=> ഈറേ = ഈറേ, ഈറേമാര്‍(ജാഗരൂകര്‍, ദൈവദൂതര്‍, ജാഗരൂകരായ മാലാകാമാര്‍)
=> ഉര്‍ഹാ = ഉര്‍ഹാ (വഴി, യാത്ര, വേദം)
=> ഊറാറാ = ഊറാറാ(വിശുദ്ധ കുര്‍ബാനയ്‌ക്കൊരുക്കമായി കൊത്തീനായ്ക്കു മുകളില്‍ കിടക്കത്തക്കവിധം പുരോഹിതന്‍ കഴുത്തില്‍ ധരിക്കുന്ന തിരുവസ്ത്രം)
=> എന്ദാനാ = എന്ദാനാ(കാലം, സമയം, അബ്ദം, മധ്യാഹ്നപ്രാര്‍ത്ഥന)
=> ഏലിയാ, സ്‌ലീവാ, മൂശെ = ഏലിയാ, സ്‌ലീവാ, മൂശെ(ഏലിയാ, സ്‌ലീവാ, മൂശെക്കാലങ്ങള്‍)
=> ഏവന്‍ഗലിയോന്‍ = ഏവന്‍ഗേലിയോന്‍ (സുവിശേഷം)
=> ഓനീസാ = ഓനീസാ (സ്തുതിപ്പ്, തിരുക്കര്‍മ്മങ്ങളില്‍ മറുപടിയായി ചൊല്ലുന്ന/പാടുന്ന ഗീതഭാഗം)
=> ഓശാനാ = ഓശാനാ (ഞങ്ങളെ രക്ഷിക്കണമേ, ഭക്തിയും ശുഭാശംസയും നി റഞ്ഞ ആഹ്ലാദവാക്യം)
[/box]
സഹോദരി കൊച്ചുത്രേസ്യാ കാവുങ്കല്‍
ബേസ് തോമാ ദയറാ