വിശ്വാസവും സൌഹൃദവും

0
1056

വിശ്വാസം സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്നു. സ്‌നേഹത്തിന്റെ വിവിധ മേഖലകളില്‍ നാം അവഗണിക്കാനിടയുള്ള സുകൃതമാണ് സൗഹൃദം. ഹീബ്രു ബൈബിളില്‍ ‘അഹാബാ’ എന്ന പദം സൗഹൃദത്തിലൂന്നിയ സ്‌നേഹത്തെ ധ്വനിപ്പിക്കാനാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഗ്രീക്കുഭാഷയിലെ ‘ഫിലിയാ’ യായുടെ അര്‍ത്ഥം സൗഹൃദപരമായ സ്നേഹം എന്നാകുന്നു. വ്യക്തികളുമായു ള്ള ഹൃദയപൂര്‍വ്വമായ സ്‌നേഹബന്ധത്തിന്റെ പ്രകാശനമാണ് സൗഹൃദം. യഥാര്‍ ത്ഥ വിശ്വാസം സൗഹൃദത്തിന്റെ ഫലം പുറപ്പെടുവിക്കും.
സൗഹൃദത്തിന്റെ മാതൃകയായി ബൈബിള്‍ എടുത്തുകാട്ടുന്ന വ്യക്തിയാണ് സാവൂളിന്റെ പുത്രനായ ജോനാഥന്‍. ജോനാഥാന് തന്റെ അപ്പനായ സാവൂളിന്റെ സ്വാര്‍ത്ഥ പ്രകൃതി ഒട്ടും ഉണ്ടായിരുന്നില്ല. അദ്ദേഹം സത്യദൈവമായ യാഹ്‌വേയില്‍ ആശ്രയിച്ച് ശത്രുക്കള്‍ക്കെതിരെ ധീരമായി പോരാടി. ”നമുക്കുവേണ്ടി കര്‍ത്താവ് പ്രവര്‍ത്തിക്കാതിരിക്കുമോ? ആള് ഏറിയാലും കുറഞ്ഞാലും കര്‍ത്താവിന് രക്ഷിക്കാന്‍ തടസ്സമില്ലല്ലോ” (1 സാമു 14:6) എന്ന് പറഞ്ഞുകൊണ്ട് തന്റെ ആയുധവാഹകനോടൊപ്പം നേരിട്ട് ഫിലിസ്ത്യരുടെ പാളയത്തിലേയ്ക്ക് കയറിച്ചെന്ന് ശത്രുസംഹാരം നടത്തിയ ധീരോദാത്തനായ യുവാവാണ് ജോനാഥാന്‍. (1 സാമു 14:6-23). ശപഥം ലംഘിച്ചതിന്റെ പേരില്‍ സാവൂള്‍ ജോനാഥാനെ വധിക്കാന്‍ ഉദ്യമിച്ചെങ്കിലും ജനം ഇടപെട്ട് സാവൂളിനെ ഭോഷത്തത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. (1 സാമു 14:24-46). സാവൂള്‍ വിശ്വാസത്തില്‍ ചഞ്ചലചിത്തനായിരുന്നെങ്കില്‍, ജോനാഥാന്‍ സത്യവിശ്വാസത്തില്‍ പാറപോലെ ഉറച്ചുനിന്നു.
ജോനാഥാന്‍ ദാവീദിനെ സുഹൃത്തായി സ്വീകരിക്കുകയും അവനെ പ്രാണനുതുല്യം സ്‌നേഹിക്കുകയും ചെയ്തു. ജോനാഥാന്റെ സൗഹൃദത്തെക്കുറിക്കുന്ന ചില വാക്യങ്ങള്‍ ശ്രദ്ധേയമാണ്. ”ജോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു. ജോനാഥാന്‍ ദാവീദിനെ പ്രാണനുതുല്യം സ്‌നേഹിച്ചു” (1 സാമു 18:1). ”ജോനാഥാന്‍ ദാവീദിനെ വളരെയധികം സ്‌നേഹിച്ചിരുന്നു”. (1 സാമു 19:1). അയാള്‍ ദാവീദുമായി ഒരു ഉടമ്പടിയിലേര്‍പ്പെട്ടു. തന്റെ മേലങ്കിയൂരി ദാവീദിനെ അണിയിച്ചു. തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു (1 സാമു 18:13-14). ദാവീദിനെ കൊല്ലാന്‍ സാവൂള്‍ തീരുമാനമെടുത്തപ്പോള്‍ ആ ദുഷ്‌കൃത്യത്തില്‍നിന്ന് സാവൂളിനെ പിന്തിരിപ്പിച്ചതും ദാവീദിനുവേണ്ടി രാജാവിനോട് വാദിച്ചതും ജോനാഥാനാണ് (1 സാമു 19:1-7) ജോനാഥാന്റെ ന്യായപൂര്‍വ്വമായ വാദം സ്വീകരിച്ച്, ദാവീദിനെ കൊല്ലുകയില്ലെന്ന് കര്‍ത്താവിന്റെ നാമത്തില്‍ സാവൂള്‍ ശപഥം ചെയ്തു. ജോനാഥാന്‍ ദാവീദിനെ വീണ്ടും രാജസന്നിധിയില്‍ കൊണ്ടുവന്നു. എന്നാല്‍ സാവൂളിന്റെ ശപഥം അധികദിവസം നീണ്ടുനിന്നില്ല. അയാള്‍ ദാവീദിനെ കൊല്ലാന്‍ വീണ്ടും കെണികളൊരുക്കുകയായി.
അമാവാസിദിനത്തില്‍ രാജകൊട്ടാരത്തില്‍ ഭക്ഷണത്തിനെത്താതിരുന്ന ദാവീദിനെതിരെ സാവൂള്‍ കോപാക്രാന്തനായി. ജോനാഥാന്‍ ദാവീദിനുവേണ്ടി വാദിച്ചെങ്കിലും സാവൂള്‍ ജോനാഥാനെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തു (1 സാമു 20:25-34). സാവൂള്‍ ദാവീദിനെ കൊല്ലാന്‍ ഉറച്ചിരിക്കുന്നു എന്ന് ജോനാഥാന് ബോധ്യമായി. അയാള്‍ ഇക്കാര്യം ദാവീദിനെ അറിയിച്ചു. സാവൂളിന്റെ പക്കല്‍നിന്ന് രക്ഷപെട്ട് ഒളിച്ചോടാന്‍ ജോനാഥാന്‍ ദാവീദിനെ സഹായിച്ചു (1 സാമു 20:1-42). ദാവീദിന്റെ ഒളിച്ചോട്ടക്കാലത്ത് സിഫ് മരുഭൂമിയിലെ ഹോറെഷിലെ ഒളിസ്ഥലത്ത് എത്തി ജോനാഥാന്‍ ദാവീദിനെ ധൈര്യപ്പെടുത്തി (1 സാമു 23:16-18). സാവൂളിന് ദാവീദിനെ പിടികൂടാന്‍ സാധിക്കുകയില്ലെന്നും ദാവീദ് ഇസ്രായേലിന്റെ രാജാവാകുമെന്നും ജോനാഥാന്‍ ആ സന്ദര്‍ഭത്തില്‍ പ്രവചനരൂപേണ ദാവീദിനോട് പറഞ്ഞു.

മരണം വരെ ജോനാഥാന്‍ ദാവീദിനോട് വിശ്വസ്തനായിരുന്നു. ഫിലിസ്ത്യരോട് പടവെട്ടി ഗില്‍ബോവാക്കുന്നില്‍ അദ്ദേഹം മൃതിപ്പെട്ടു (1 സാമു 31:2) ജോനാഥാന്റെ മരണവാര്‍ത്തയറിഞ്ഞ് ദാവീദ് വിലപിച്ചു: ”സോദരാ, ജോനാഥാന്‍ നിന്നെയോര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു. നീ എനിക്ക് അതിവത്സലനായിരുന്നു. എന്നോടുള്ള നിന്റെ സ്‌നേഹം സ്ത്രീകളുടെ പ്രേമത്തെക്കാള്‍ അഗാധമായിരുന്നു”. (2 സാമു 1:26).

സൗഹൃദത്തിന്റെ പ്രത്യേകതകള്‍
ജോനാഥാന്റെ സൗഹൃദത്തില്‍ നാം നാല് പ്രത്യേകതകള്‍ കാണുന്നു: ഒന്നാമത്, പ്രാണനു തുല്യമുള്ള സ്‌നേഹം. തന്റെ പ്രാണനെ താന്‍ എങ്ങനെ സനേഹിക്കുന്നുവോ അതുപോലെ ജോനാഥാന്‍ ദാവീദിനെ സ്‌നേഹിച്ചു. യഥാര്‍ത്ഥ സുഹൃത്ത് സ്‌നേഹിതനെ സ്വന്തം പ്രാണനെപ്പോലെ സ്‌നേഹിക്കും. സ്‌നേഹിതന് ഒരാപത്തും വരാന്‍ മനസ്സാ വാചാ കര്‍മ്മണാ താല്പര്യപ്പെടുകയില്ല. രണ്ടാമത്, സഹായമേകുന്ന സ്‌നേഹം. ജോനാഥാന്‍ ദാവീദിന് എപ്പോഴും സഹായമായി നിലകൊണ്ടു. തന്റെ വിലപ്പെട്ട വസ്തുക്കളെല്ലാം ദാവീദിന് കൊടുത്തു. ദാവീദിന്റെ വിജയത്തില്‍ സന്തോഷിച്ചു. ആപത്തുകാലത്ത് ദാവീദിനെ ഉള്ളുതുറന്ന് സഹായിച്ചു.  മൂന്നാമത്, ത്യാഗപൂര്‍വ്വമായ സ്‌നേഹം ദാവീദിന്റെ വളര്‍ച്ചയിലൂടെ തന്റെ രാജസ്ഥാനം നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടുകൂടി അദ്ദേഹം ദാവീദിനെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. സ്വാര്‍ത്ഥതയോ, അസൂയയോ തീണ്ടാത്ത ത്യാഗനിര്‍ഭരമായ സ്‌നേഹമാണ് യഥാര്‍ത്ഥ സൗഹൃദം. നാലാമത്, ഉഭയവ്യവസ്ഥകളുള്ള ഉടമ്പടിയില്‍ അധിഷ്ഠിതമായ സ്‌നേഹം ജോനാഥാന്‍ ദാവീദിനെ സഹായിക്കുന്നതുപോലെ ദാവീദിന്റെ ഐശ്വര്യകാലത്ത് ജോനാഥാനോടും കുടുംബത്തോടും കരുണ കാണിക്കാനുള്ള കടമ ദാവീദിനുണ്ട്. (1 സാമു 20:14-17) ഇത് അദ്ദേഹം നിറവേറ്റുന്നത് പില്‍ക്കാല ചരിത്രത്തില്‍ കാണാം. ‘സ്‌നേഹിതനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്ന്’ പഠിപ്പിച്ച ഈശോ സൗഹൃദത്തിന്റെ ഏറ്റവും വലിയ മാതൃകയാണ്. വത്സലശിഷ്യനായ യോഹന്നാനും ഇതര ശ്ലീഹന്മാരും മറ്റ് അനേകം വ്യക്തികളും ഈശോയുടെ സുഹൃദ്‌സ്‌നേഹം അനുഭവിച്ചറിഞ്ഞു. അതുകൊണ്ടാണ് അവര്‍ വിട്ടുമാറാതെ നാഥനെ പിന്തുടര്‍ന്നതും ഉയിര്‍പ്പിനുശേ ഷം നാഥനുവേണ്ടി ജീവന്‍ ബലികഴിക്കാ ന്‍ തയ്യാറായതും.
സുഹൃദ്‌സ്‌നേഹത്തില്‍ വളരുന്നതാണ് യഥാര്‍ത്ഥവിശ്വാസം. കാരണം വിശ്വാസം വ്യക്തിബന്ധങ്ങള്‍ക്കും അ ന്യോന്യമുള്ള കരുതലിനും പ്രാധാന്യം കൊടുക്കുന്നു. ”സ്‌നേഹം അസൂയപ്പെടുന്നില്ല… അഹങ്കരിക്കുന്നില്ല… കോപിക്കുന്നില്ല… അത് സകലതും സഹിക്കുന്നു. സകലതും വിശ്വസിക്കുന്നു. (1 കോറി 13:4-8)

ഫാ. തോമസ് വള്ളിയാനിപ്പുറം