യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്ന നാള്‍ മുതല്‍ കേരളക്കരയില്‍ വിവാദങ്ങളുടെ ലഹരി നുരയുകയാണ്. സ്റ്റാര്‍ എണ്ണം കുറഞ്ഞ ബാറുകള്‍ പൂട്ടാനും സ്റ്റാറ്റസ് മാറ്റി സ്റ്റാര്‍ എണ്ണം കൂട്ടിയാല്‍ പൂട്ടിയ ബാറുകളും തുറക്കാനും അനുമതി നല്‍കുന്ന വിചിത്ര മദ്യനയം കൊണ്ട് മദ്യവിരുദ്ധരെയും മദ്യാരാധകരെയും (നമ്മുടെ മദ്യമുതലാളിമാരില്‍ പലരും മദ്യപാനികള്‍ അല്ലാത്തതിനാലും മദ്യപാനികളെക്കാള്‍ മദ്യമുതലാളിമാരെയാണ് മദ്യനയം ലക്ഷ്യമിടുന്നത് എന്നതുകൊണ്ടും ‘മദ്യപാനികള്‍’ എന്ന പ്രയോഗം മന:പൂര്‍വം ഒഴിവാക്കിയതാണ്. ) ഒരുപോലെ സംതൃപ്തരാക്കുന്ന ‘പെരുന്തച്ചന്‍ നയം’സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും കെ.പി.സി.സി പ്രസിഡന്റിന്റെ സുധീരതീരുമാനത്തിന്റെ ഫലമായി ബാറുകള്‍ എല്ലാം പൂട്ടേണ്ടി വന്നു. അന്നുമുതല്‍ മദ്യാരാധകര്‍ക്ക് സഭയോടുള്ള വിദ്വേഷം കൂടുതല്‍ കനത്തു. മദ്യവിരുദ്ധ മുന്നേറ്റങ്ങള്‍ക്കു ശക്തമായ നേതൃത്വം നല്‍കുന്നത് കത്തോലിക്കാ സഭയായതിനാലാണ് ഈ വിദ്വേഷം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ബാറുകള്‍ പൂട്ടുകയാണെങ്കില്‍ പള്ളികളില്‍ ഉപയോഗിക്കുന്ന വീഞ്ഞും നിരോധിക്കണം എന്ന ‘ഒരു ബാര്‍ ഉടമയുടെ ദീനരോദനം’ ആണ് കേരളം ആദ്യം കേട്ടത്. മദ്യം വിഷമാണ്, കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത് എന്നൊക്കെ പഠിപ്പിച്ച ശ്രീനാരായണഗുരുവിന്റെ അനുയായിയും സര്‍വോപരി ഒരു മദ്യമുതലാളിയുമായ വെള്ളാപ്പള്ളി നടേശന്റേതായിരുന്നു ആ ദീനരോദനം. തുടര്‍ന്ന് കത്തോലിക്കാ സഭയുടെ കൈയ്യില്‍ ‘ബാര്‍ ലൈസന്‍സ്’ ഉണ്ടെന്ന രീതിയില്‍ നടേശനും ചില മാധ്യമങ്ങളും രംഗത്തു വരുകയുമുണ്ടായി. സര്‍ക്കാര്‍ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്ത് അനുകൂല വിധി സമ്പാദിക്കാമെന്ന പ്രതീക്ഷയുള്ളതിനാലും വെള്ളാപ്പള്ളിയെപ്പോലെ സാമുദായിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലാത്തതിനാലും മറ്റു ബാര്‍ ഉടമകള്‍ നിശബ്ദരായിരുന്നു. എന്നാല്‍ മദ്യം വില്‍ക്കുന്നതും കുടിക്കുന്നതും മൌലികാവകാശമല്ല എന്ന നിരീക്ഷണത്തോടെ കോടതി സര്‍ക്കാരിന്റെ മദ്യ നയത്തോടൊപ്പം നിന്നതോടെ മറ്റു ബാര്‍ ഉടമകളും രംഗത്തിറങ്ങി. കോടതിയെ പഴി പറഞ്ഞ് മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാം എന്നു കരുതിയിരുന്ന സര്‍ക്കാരിലെ ചില തല്പരകക്ഷികളും ഇതോടെ വെട്ടിലായി. പിന്നീട് കോഴ കൊടുത്തവരുടെയും വാങ്ങിയവരുടെയും പേരുകള്‍, കൊടുത്ത രീതി, ഫോണ്‍ സംഭാഷണങ്ങള്‍, നോട്ട് എണ്ണല്‍ യന്ത്രം എന്നിങ്ങനെ കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ നുരഞ്ഞു പൊന്തി. സരിതയ്ക്കും സോളാറിനും ശേഷം മാണിയും, ബിജു രമേശും മാധ്യമങ്ങളില്‍ നിറഞ്ഞു.
വിവാദങ്ങളുടെ ലഹരി തലയ്ക്കു പിടിച്ചു ലക്കുകെട്ട നിലയിലാണ് പല മാധ്യമങ്ങളും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ‘സെന്‍സേഷണലിസം’ മാത്രം ലക്ഷ്യമിട്ട് ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മാധ്യമ ധര്‍മം എന്നത് വിസ്മരിക്കപ്പെടുന്നു. ഇതിനുത്തമ ഉദാഹരണമാണ് മെയ് 19ന് മാതൃഭൂമി ന്യൂസ് നല്‍കിയ “ബ്രേക്കിംഗ് ന്യൂസും” “സൂപ്പര്‍ പ്രൈം ടൈം” ചര്‍ച്ചയും. വിശ്വാസികളുടെ എണ്ണം കൂടിയതിനാല്‍ വൈന്‍ ഉല്പാദനം കൂട്ടുന്നതിനുള്ള അനുമതി നല്‍കണമെന്ന് ‘സീറോ മലബാര്‍ സഭ’ അപേക്ഷ നല്‍കിയതിനെ മദ്യോല്പാദനം കൂട്ടാന്‍ സഭ അപേക്ഷ നല്‍കി എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന വിധത്തിലാണ് ചിത്രീകരിച്ചത്. സഭയെക്കുറിച്ചും വൈന്‍ ഉപയോഗ രീതിയെക്കുറിച്ചും കൂടുതല്‍ അറിയാത്തവരെ സംബന്ധിച്ചിടത്തോളം ‘ബാറുകള്‍ പൂട്ടിയതോടെ ആവശ്യക്കാര്‍ ഏറിയതിനാല്‍’ സഭ വൈന്‍ ഉല്പാദനം കൂട്ടുന്നു എന്നു തോന്നിക്കത്തക്ക വിധത്തിലായിരുന്നു ചര്‍ച്ച മുന്നേറിയത്. ഇരുപത്തിമൂന്നു വര്‍ഷം മുന്‍പ് 1600 ലിറ്റര്‍ വൈന്‍ ഉല്പാദിപ്പിക്കാന്‍ ലഭിച്ച ലൈസന്‍സ് പുതുക്കുന്ന അവസരത്തില്‍ 5000 ലിറ്റര്‍ ആയി വര്‍ധിപ്പിക്കുവാന്‍ അനുമതി തേടിയതാണ് ‘സഭ മദ്യോല്പാദനം കൂട്ടുന്നു’ എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.
സഭ വിശുദ്ധവും പവിത്രവുമായി കാണുന്ന ആചാരങ്ങളെയും വ്യക്തികളെയും തെരുവ് ചര്‍ച്ചകളിലേയ്ക്ക് വലിച്ചിഴച്ച് അവഹേളിക്കുവാനുള്ള പ്രവണത അടുത്തിടെയായി വര്‍ധിച്ചിരിക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യം ആരെയും അവഹേളിക്കുവാനുള്ള സ്വാതന്ത്ര്യമല്ല എന്ന് അടുത്തിടെ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ഇത്തരക്കാര്‍ ഓര്‍മിക്കുന്നത് നല്ലതായിരിക്കും. സഭയ്ക്കെതിരായി ഉയര്‍ന്നുവരുന്ന ദുര്‍പ്രചരണങ്ങളെക്കുറിച്ചു ബോധവാന്മാരാകുകയും അവയെ പ്രതിരോധിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ വിശ്വാസികള്‍ക്ക് കടമയുണ്ട്. അല്ലാത്ത പക്ഷം സഭ പൊതുജനമധ്യത്തില്‍ അവഹേളിതയാകുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.
ജിന്‍സ് നല്ലേപ്പറമ്പന്‍