നമ്മുടെ വിദ്യാലയങ്ങള്‍ എങ്ങനെ പോകുന്നു ?

0
1074

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍

പുതിയ വിദ്യാലയവര്‍ഷം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞകാലത്തെ കോട്ടങ്ങള്‍ തിരുത്തി ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍വേണ്ട ഒരുക്കത്തോടെ ഒരു പുതു വര്‍ഷത്തിനു ആരംഭം കുറിക്കുകയാണല്ലോ. ഈ ഒരുക്കം എളുപ്പമുളള കാര്യമല്ല. വിദ്യാഭ്യാസരംഗം ഇന്ന് ഏറെ സങ്കീര്‍ണ്ണമാ യിരിക്കുകയാണ്. എല്ലാ തലങ്ങളെക്കുറിച്ചുമുളള ചര്‍ച്ച ഒരു ലേഖനത്തില്‍ ഒതുക്കാന്‍ സാധിക്കില്ല. അതിനാല്‍ ക്രൈസ്തവര്‍ക്ക് താല്‍പര്യമുണ്ടായിരിക്കേണ്ട ഒരു കാര്യത്തെക്കുറിച്ചുമാത്രം ഇവിടെ സൂചിപ്പിക്കുകയാണ്.
ഒരു വിദ്യാലയമുണ്ടായാല്‍ രണ്ടുതൂക്കു മരങ്ങള്‍ ഇല്ലാതാകുമെന്നു പണ്ട് പറയുമായിരുന്നല്ലോ. “Better build school rooms for the ‘boy’, than cells and gibbets for the ‘man’”  എന്ന് എലിസാ കുക്ക് പാടിയിട്ടുണ്ട്. വിദ്യാഭ്യാസംവഴിയായി അറിവ് സമ്പാദിക്കുക മാത്രമല്ല, വ്യക്തികളില്‍ ഒരു രൂപാന്തരീകരണം ഉണ്ടാകണം എന്നൊരു സങ്കല്‍പ്പം പണ്ട് ഉണ്ടായിരുന്നു. ഭാരതത്തിലെ പ്രസിദ്ധനായ ഒരു അഭിഭാഷകന്‍ (പിന്നീട് അദ്ദേഹം മന്ത്രിയുമായിരുന്നു) ബോംബേയിലെ സെന്റ്. സേവ്യേഴ്‌സ്  കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഒരു സമ്മേളനത്തില്‍ ഒരിക്കല്‍ പറഞ്ഞത് ശ്രദ്ധേ യമാണ്: ഇവിടെ പഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു സൂചിപ്പിച്ചശേഷം അദ്ദേഹം പറഞ്ഞത്, “I was not converted, but I was transformed” എന്നായിരുന്നു. രൂപാന്തരീകരണമാണ് നമ്മില്‍ നടക്കേണ്ടത്.

അസ്വസ്ഥത ഉളവാക്കുന്ന സാഹചര്യങ്ങള്‍
ധാര്‍മ്മികബോധം പാടേ നഷ്ടപ്പെടുന്ന ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അതിനാല്‍ പലര്‍ക്കും ജീവിതമിന്ന് ദുസ്സഹമായിത്തീര്‍ന്നിരിക്കുകയാണ്. എല്ലാ ദിവസവും മാധ്യമങ്ങള്‍ നമുക്കുമുമ്പില്‍ വിളമ്പുന്ന വിഭവങ്ങള്‍ ആക്രമത്തിന്റെയും കൈയ്യേറ്റത്തിന്റെയും അഴിമതിയുടെയും വഞ്ചനയുടെയും പീഢനങ്ങളുടെയുമെല്ലാം കഥകളാണ്. എല്ലാവരും ഇതേക്കുറിച്ചെല്ലാം പരിതപിക്കാറുണ്ട്. പക്ഷേ അവരും സൗകര്യമനുസരിച്ച് ആ പാതകളിലൂടെത്തന്നെയാണ് സഞ്ചരിക്കുക.
ഇന്ന് ഭരിക്കുന്നവര്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാമാണല്ലോ. എല്ലാ ദിവസവും ഇവരെക്കുറിച്ചുളള എന്തെല്ലാം കഥകളാണ് നാം കേള്‍ക്കുക. അഴിമതിയുടെ കറപുരളാത്ത എത്ര രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും നമുക്ക് ചൂണ്ടിക്കാണിക്കാനാവും? ഹരിശ്ചന്ദ്രനെയും മറ്റും ഉയര്‍ത്തിക്കാട്ടിയിരുന്ന ഈ നാട് ഇന്ന് അഴിമതിയുടെ കാര്യത്തില്‍ ഏതാണ്ട് മുന്‍പന്തിയിലാണ്. എല്ലാ രാജ്യങ്ങളെയുംതന്നെ ഇന്ന് അഴിമതിയുടെ പട്ടികയില്‍ കാണാം. ഫ്രാന്‍സിസ്പ്പാപ്പാതന്നെ ഒരിക്ക ല്‍ പറഞ്ഞത് “It seems to be impossible for a politician to be honest”    എന്നായിരുന്നല്ലോ.
രാഷ്ട്രീയരംഗത്തുമാത്രമല്ല, എല്ലാരംഗത്തും അഴിമതി നൃത്തംചവിട്ടുകയാണ്. നിയമത്തില്‍നിന്ന് രക്ഷപെടാന്‍ പല പഴുതുകളുമുണ്ട്. രക്ഷപെടാന്‍ കളമൊരുക്കുന്നതിന് നിയമപാലകരും രാഷ്ട്രീയക്കാരുമെല്ലാം റെഡിയാണ്, അതിനു വിലകൊടുക്കണമെന്നുമാത്രം. ഒരിക്കല്‍ മനോരമ വാര്‍ത്താചാനലില്‍ റിട്ടയര്‍ചെയ്ത  ഒരു സുപ്രീംകോടതി ജഡ്ജിയുമായി നടത്തിയ ഒരു അഭിമുഖം കാണാന്‍ ഇടയായി. അതില്‍ ചാനല്‍ പ്രവര്‍ത്തകര്‍ വിവിധരംഗങ്ങളിലെ അഴിമതികള്‍ നിരത്തി. നീതിപാലകരുടെ കഥകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജഡ്ജി അതെല്ലാം സമ്മതിച്ചു. അപ്പോള്‍ ചാനലുകാരന്‍ ചോദിച്ചു, ‘ഇതിനെങ്ങനെയാണ് പരിഹാരം കാണുക’ എന്ന്. ജഡ്ജി ഏതാനും നിമിഷം ആലോചിച്ചിരുന്നശേഷം  പറഞ്ഞത് ‘ധാര്‍മ്മികബോധനം വേണം’ എന്നായിരുന്നു.

ക്രൈസ്തവ ദൗത്യം
ഇവിടെയാണ് കത്തോലിക്കാ വിദ്യാലയങ്ങള്‍ ഈ കാലഘട്ടങ്ങളിലെ ദൗത്യം കണ്ടെത്തേണ്ടത്. വാസ്തവത്തില്‍ കത്തോലിക്കാവിദ്യാലയങ്ങള്‍ എന്നും ധാര്‍മ്മിക ബോധനത്തിനും വിശ്വാസപരിശീലനത്തിനും പ്രഥമപ്രാധാന്യം നല്‍കേണ്ടതാണ്. അങ്ങനെ നല്‍കിയിരുന്നതുകൊണ്ടാണ് നമ്മുടെ വിദ്യാലയങ്ങള്‍ കഴിഞ്ഞകാലഘട്ടങ്ങളില്‍ ആകര്‍ഷകമായത്. കോണ്‍വെന്റു സ്‌കൂളുകള്‍ പെണ്‍കുട്ടികള്‍ക്കു നല്‍കിയിരുന്ന പരിശീലനം അനേകരുടെ പ്രശംസയ് ക്ക് പാത്രമായിട്ടുണ്ട്. സ്വഭാവരൂപീകരണത്തില്‍ നമ്മുടെ വിദ്യാലയങ്ങള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഈ വിദ്യാലയങ്ങളുടെ ജനസമ്മതി മനസ്സിലാക്കി വടക്കേ ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ മറ്റു മതസ്തര്‍ നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് ‘കോണ്‍വെന്റ് സ്‌കൂള്‍’ എന്നു പേരുവച്ചിരിക്കുന്നതായി കണ്ടിട്ടുണ്ട്.
നമ്മുടെ വിദ്യാലയങ്ങളില്‍ ഭൗതിക കാര്യങ്ങളുടെ പഠനത്തില്‍ ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. മനുഷ്യന്റെ സമഗ്രമാ യ വളര്‍ച്ചയാണ് സഭ ലക്ഷ്യമാക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുളള പ്രഖ്യാപനം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ‘മനുഷ്യന്റെ പരമാന്ത്യത്തെ സ്പര്‍ശിക്കുന്നിടത്തോളം അവന്റെ ഭൗതികകാര്യങ്ങളില്‍ തിരുസ്സഭ ശ്രദ്ധി ക്കേണ്ടിയിരിക്കുന്നു’ (GE. പ്രാരംഭം). വിദ്യാ ഭ്യാസം നല്‍കാനുളള ചുമതല ഒരു പ്രത്യേകവിധത്തില്‍ തിരുസ്സഭയുടേതാണ് (GE. 3) എന്നും കൗണ്‍സില്‍ പറഞ്ഞുവയ്ക്കുന്നു. സാങ്കേതികവിദ്യാലയങ്ങളും ഉന്നതവിദ്യാലയങ്ങളുമെല്ലാം ആവശ്യമനുസരിച്ച് സ്ഥാപിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന മെച്ചപ്പെട്ട ഒരുലോകം കെട്ടിപ്പെടുക്കാന്‍വേണ്ടി എല്ലാ മനുഷ്യര്‍ക്കും സഭ സഹായഹസ്തം നീട്ടുകയാണ്.
മികവുപുലര്‍ത്തണം, പക്ഷേ അതിലുപരിയായി ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും കത്തോലിക്കരായ കുട്ടികള്‍ക്ക് വിശ്വാസപരിശീലനം നല്‍കാനുമുളള വലിയ ഉത്തരവാദിത്വം സഭയ്ക്കുണ്ട്. ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സഭയെപ്പോഴും ഊന്നിപ്പറയുന്നു. സഭയിലെ അംഗ ങ്ങളായ കുട്ടികള്‍ക്ക് വിശ്വാസപരിശീലനം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്, മാതാപിതാക്കളുടെയും സഭയുടെയും കടമയുമാണ്. ക്രൈസ്തവര്‍ക്ക് ക്രിസ്തീയ വി ശ്വാസത്തിനുളള അവകാശമുണ്ട് എന്നുപറഞ്ഞശേഷം ‘വിദ്യാഭ്യാസത്തെ സംബന്ധിച്ച പ്രഖ്യാപനം’ എന്ന രേഖയില്‍ വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പറഞ്ഞുവച്ചു: ‘മനുഷ്യവ്യക്തിത്വത്തിന്റെ പക്വത കൈവരുത്താന്‍ ശ്രമിക്കുകമാത്രമല്ല ക്രിസ്തീയ വിദ്യാഭ്യാസംകൊണ്ടുദ്ദേശിക്കുന്നത്. പ്രത്യുത മാമ്മോദീസാ സ്വീകരിച്ചവരെ സാവധാനം രക്ഷാരഹസ്യത്തിലേക്ക് നയിക്കുകയും അതോടൊപ്പം തങ്ങള്‍  സ്വീകരിച്ച വിശ്വാ സത്തിന്റെ ദാനത്തെപ്പറ്റി അവര്‍ അനുദിനം കൂടുതല്‍ ബോധവാന്മാരാകുക, പിതാവായ ദൈവത്തെ സത്യത്തിലും അരൂപിയിലും, പ്രത്യേകിച്ച് ആരാധനക്രത്തില്‍ അധിഷ്ഠിതമായ അനുഷ്ഠാനങ്ങളിലും ആരാധിക്കാന്‍ പഠിക്കുക, (യോഹ. 4, 23) നീതിയിലും യഥാര്‍ത്ഥ ചൈതന്യത്തിലും സൃഷ്ടിക്ക പ്പെട്ട നൂതനമനുഷ്യന്റെ മാതൃകയില്‍ (എഫേ. 4, 23-24) തങ്ങളുടെ ജീവിതം നയിക്കാന്‍ പരിശീലിക്കുക, മിശിഹായുടെ പൂര്‍ണ്ണതയോട് യോജിച്ച വിധത്തില്‍ (എഫേ. 4, 13) പരിപൂര്‍ണ്ണമായ മനുഷ്യവ്യക്തിത്വം പ്രാപിക്കുക, മൗതികശരീരത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നീകാര്യ ങ്ങളും ക്രൈസ്തവവിദ്യാഭ്യാസം ലക്ഷ്യ മാക്കുന്നുണ്ട്.’  (GE. 2).
അതോടുചേര്‍ത്ത് അജപാലകര്‍ക്ക് പ്രത്യേകമായ നിര്‍ദ്ദേശം കൗണ്‍സില്‍ നല്‍ കുന്നുണ്ട്. ‘ആകയാല്‍ എല്ലാ വിശ്വാസികള്‍ക്കും വിശിഷ്യാ സഭയുടെ പ്രതീക്ഷയായ യുവജനങ്ങള്‍ക്ക് ക്രിസ്തീയവിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടതെല്ലാം സജ്ജീകരിക്കുന്നതിന് തങ്ങള്‍ക്കുള്ള കടമയെപ്പറ്റി ഈ സൂനഹദോസ് അജപാലകരെ അനുസ്മരിപ്പിക്കുന്നു’ (ibid) ഇത്രയും ശക്തമായ രീതിയില്‍ കൗണ്‍സില്‍ ക്രിസ്തീയവിദ്യാഭ്യാസത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും കൗണ്‍സില്‍ പൊതുവിദ്യാഭ്യാസത്തിനും സാങ്കേതികവിദ്യകള്‍ക്കുമാണു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്നും മറ്റും പറഞ്ഞ് ക്രിസ്തീയവിദ്യാഭ്യാസത്തില്‍ നിന്നും നമ്മുടെ ശ്രദ്ധയകറ്റുന്ന വ്യാഖ്യാതാക്കളുണ്ട്. ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ വിശ്വാസപരിശീലനത്തിന് നമ്മുടെ വിദ്യാലയങ്ങളില്‍ പരമാവധി ശ്രദ്ധ ഉണ്ടാകണമെന്നാണ് പിതാക്കന്‍മാര്‍ ആഗ്രഹിച്ചതെന്നു വ്യക്തം.
എന്നാല്‍ ഭൗതികതലത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ വിദ്യാലയങ്ങള്‍പോലും ഇക്കാര്യത്തില്‍ എന്താണു ചെയ്യുന്നത്? ക്രൈസ്തവവിദ്യാലയങ്ങള്‍ ക്രൈസ്തവരുടെ വിശ്വാസപരിശീലനത്തിനു പ്രോത്സാഹനം നല്‍കുന്നില്ലെങ്കില്‍ അതു സഭയുടെ പ്രബോധനത്തിനു വിരുദ്ധമാണ്. രാഷ്ട്രംപോലും ഒരുവിധത്തില്‍ നമ്മോടിത് ആവശ്യപ്പെടുന്നുണ്ട്. ഭാരതത്തിന്റെ ഭരണഘടന ഭാഷാന്യൂനപക്ഷങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും വിദ്യാലയങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നത് ഈ വിഭാഗങ്ങളുടെ ഭാഷാ, മതന്യൂനപക്ഷങ്ങളുടെ-സംസ്‌കാരം സംരക്ഷിക്കപ്പെടണം എന്ന ഉദ്ദേശത്തോടുകൂടിയാണ്. കേരളത്തിലുള്ള തമിഴര്‍ക്കു അവരുടെ ഭാഷയിലും സംസ്‌കാരത്തിലും പരിശീലനം ലഭിക്കാതിരുന്നാല്‍ അവര്‍ അന്യംനിന്നുപോകും. അതു തന്നെയാകും കുട്ടികളുടെ വിശ്വാസ പരിശീലനം അവഗണിക്കുന്ന മത ന്യൂനപക്ഷങ്ങള്‍ക്കും ഉണ്ടാവുന്ന ഗതി. ക്രൈസ്ത വവിദ്യാലയങ്ങള്‍ ക്രൈസ്തവരുടെ വിശ്വാസത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കാ ന്‍ പ്രത്യേകം പരിശ്രമിക്കുകതന്നെവേണം.
പൊതുവിജ്ഞാനത്തിലും ശാസ്ത്രസാങ്കേതിക രംഗങ്ങളിലും മികവുകാട്ടുന്ന നമ്മുടെ പല വിദ്യാലയങ്ങളും തങ്ങളുടെ ഈ സുപ്രധാന ദൗത്യം മറക്കുന്നത് നിര്‍ഭാഗ്യകരമാണ്. പ്രശസ്തിയും സാമ്പത്തിക ലാഭവും ഉണ്ടാക്കാനും ഇതു മതിയാകാം. അവര്‍ക്ക് ന്യൂനപക്ഷഅവകാശങ്ങളൊന്നും കാര്യമല്ല. അതിനെ വിഭാഗീയതയായി ചിലപ്പോള്‍ അവര്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്!! എന്നുവച്ചാല്‍ അവരുടെ വിദ്യാലയങ്ങള്‍ ബിസിനസുകാരുടെ വിദ്യാലയങ്ങളായി മാറുകയാണോ എന്നുവേണം ചോദിക്കുവാന്‍.
ക്രൈസ്തവരല്ലാത്തവര്‍ക്കും സന്മാര്‍ഗ്ഗബോധം നല്‍കാന്‍ നമ്മുടെ വിദ്യാലയങ്ങള്‍ ശ്രമിക്കേണ്ടതാണ്. സമൂഹത്തിന്റെ ക്ഷേമത്തിനും സുസ്ഥിതിയ്ക്കും  ഇതു ആവശ്യമാണ്. നല്ല മനുഷ്യര്‍ രൂപപ്പെട്ടാലെ ഇതു സാധ്യമാകൂ. അതുകൊണ്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇങ്ങനെ നിരീക്ഷിച്ചത്: ‘ശരിയായ മനഃസാക്ഷിയോടെ ധാര്‍മ്മികമൂല്യങ്ങളെ വിലയിരുത്തുവാനും ആ ധാര്‍മ്മികമൂല്യങ്ങളെ വ്യക്തിപരമായി ആശ്ലേഷിക്കാനും ദൈവത്തെ ശരിയായി അറിഞ്ഞു സ്‌നേഹിക്കുവാനും പ്രചോദനം നല്‍കുന്ന പരിശീലനം ലഭിക്കാന്‍ ഓരോ കുട്ടിക്കും അവകാശമുണ്ടെന്നു ഈ പരിശുദ്ധ സൂനഹദോസ് പ്രഖ്യാപിക്കുന്നു’  (GE.1). ധാര്‍മ്മികബോധമുള്ള ഒരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാന്‍ നമ്മുടെ വിദ്യാലയങ്ങള്‍ കാരണമാകണം. ക്രൈസ്തവവിദ്യാര്‍ത്ഥികള്‍ ധാര്‍മ്മികതയുടെ പ്രതിരൂപങ്ങളായി മാറാനാണ് നമ്മുടെ വിദ്യാലയങ്ങള്‍ ശ്രമിക്കേണ്ടത്.
ഒരു കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ ധാര്‍മ്മികബോധത്തിനും സ്വഭാവരൂപീകരണത്തിനും ക്രൈസ്തവവിദ്യാര്‍ത്ഥികളുടെ വിശ്വാസപരിശീലനത്തിനും ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ഈ ശൈലി ഇന്നത്തെ ലോകത്തിന് ഏറെ ആവശ്യമാണ്. പല മാധ്യമങ്ങളും പ്രത്യയശാസ്ത്രങ്ങളും യുവതലമുറയെ വഴിതെറ്റിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ വിദ്യാലയങ്ങള്‍ തിരുത്തല്‍ ശക്തികളായി മാറേണ്ടതാണ്. അല്ലെങ്കില്‍ നമ്മുടെ വിദ്യാലയങ്ങള്‍ ഇന്ന് അപ്രസക്തമാവുകയാണെന്നു വേണം പറയാന്‍.