സുറിയാനി ഭാഷ

0
1106

സീറോമലബാര്‍ സഭയുടെ ദൈവാരാധനയില്‍ മലയാളഭാഷയില്‍ കാണാത്ത പല പദങ്ങളുമുണ്ടല്ലോ. ഉദാഹരണമായി റംശാ, സപ്രാ തുടങ്ങിയ പദങ്ങള്‍ അവ ഏതു ഭാഷയില്‍ നിന്നുവരുന്നു?
നമ്മുടെ സഭയിലെ യാമപ്രാര്‍ത്ഥനകളുടെ പേരുകളായ റംശാ, സപ്രാ തുടങ്ങിയവ മാത്രമല്ല, കുര്‍ബാന, കൂദാശ എന്നിവയും ദൈവാരാധനയിലെ പല പദങ്ങളും സുറിയാനി ഭാഷയിലെ വാക്കുകള്‍ അതേപടി മലയാളത്തിലേക്കു സ്വീകരിച്ചിരിക്കുന്നവയാണ്.

കേരളീയരായ നമ്മുടെ ഭാഷ മലയാളമാണെന്നിരിക്കേ എന്തുകൊണ്ടാണ് സുറിയാനിഭാഷാ പ്രയോഗങ്ങള്‍ നമ്മുടെ ദൈവാരാധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?
നമ്മുടെ ഇപ്പോഴത്തെ മാതൃഭാഷയായ മലയാളം വളര്‍ന്നു വികസിക്കുന്നത് 12 -ാം നൂറ്റാണ്ടു മുതലാണ്. സുറിയാനിയാകട്ടെ ഒന്നാം നൂറ്റാണ്ടിനു മുമ്പുതന്നെ നമ്മുടെയിടയില്‍ പ്രചാരത്തിലിരുന്ന ഭാഷയാണ്. നമ്മുടെ കര്‍ത്താവ് ഈശോ മിശിഹായും പരിശുദ്ധ കന്യകാമറിയവും ഈശോയുടെ ശ്ലീഹന്മാരുമെല്ലാം ഉപയോഗിച്ചിരുന്ന അറമായ ഭാഷയുടെ വികസിത രൂപമാണ് സുറിയാനി. മിശിഹാനുയായികളായ നമ്മുടെ ദൈവാരാധനാഗ്രന്ഥങ്ങള്‍ എല്ലാം എഴുതപ്പെട്ടത് സുറിയാനി ഭാഷയിലാണ്. മാര്‍ത്തോമ്മാ നസ്രാണികളായ നമ്മെ നമ്മുടെ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹാ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചതും നമുക്കു വിശ്വാസം പകര്‍ന്നുതന്നതും സുറിയാനി ഭാഷയിലായിരുന്നു. ഈശോമിശിഹാ സംസാരിച്ച ഭാഷ എന്ന നിലയില്‍ ദൈവികവെളിപാടിന്റെ പൂര്‍ണ്ണത നമുക്കു ലഭ്യമാകുന്നത് സുറിയാനി ഭാഷയിലൂടെയാണ്. ഇക്കാരണങ്ങളാല്‍ സുറിയാനി ഭാഷയിലെ ചില പദപ്രയോഗങ്ങളെങ്കിലും സുറിയാനി ഭാഷയില്‍തന്നെ നിലനിര്‍ത്തുക എന്ന ശൈലിയാണ് നമ്മുടെ സഭ കൈക്കൊള്ളുന്നത്.

ദൈവാരാധനയുടെ മൂലഭാഷ സുറിയാനിയാണെന്ന് പറഞ്ഞല്ലോ. അങ്ങനെയെങ്കില്‍ സുറിയാനി ഭാഷയില്‍ തന്നെ ദൈവാരാധന പരികര്‍മ്മം ചെയ്യുന്ന ശൈലിയായിരുന്നിരിക്കുമല്ലോ മുമ്പ് നിലവിലിരുന്നത്?
തീര്‍ച്ചയായും അത് അപ്രകാരം തന്നെയായിരുന്നു. മെശയാനിക അഥവാ ക്രൈസ്തവ ആരാധനക്രമങ്ങളുടെ ഉത്ഭവം, വളര്‍ച്ച തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള പണ്ഡിത വരേണ്യരുടെ നിഗമനത്തില്‍ ഈശോയെ തുടര്‍ന്നുള്ള അരനൂറ്റാണ്ടുകാലം എല്ലാ സമൂഹങ്ങളിലും സഭയുടെ ആരാധന ‘അറമായ’ ഭാഷയിലായിരുന്നു. സാവകാശത്തില്‍ ഗ്രീസ്, റോമാ തുടങ്ങിയ പാശ്ചാത്യദേശങ്ങളില്‍ അന്ന് പ്രചാരത്തിലിരുന്ന സാംസ്‌ക്കാരിക ഭാഷയായ ‘ഗ്രീക്ക്’ ദൈവാരാധനയ്ക്ക് ഉപയോഗിച്ചുതുടങ്ങി. റോമിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍, ഉത്തര ആഫ്രിക്കന്‍ പ്രദേശങ്ങള്‍  4-ാം നൂറ്റാണ്ടോടുകൂടി തങ്ങളുടെ ദൈവാരാധന ‘ലത്തീന്‍’ ഭാഷയിലാക്കി. അങ്ങനെ നമ്മുടെ ദൈവാരാധനാ ചരിത്രം അപഗ്രഥിക്കുമ്പോള്‍ സഭയുടെ ദൈവാരാധന ആദ്യത്തെ അരനൂറ്റാണ്ടുകാലം അറമായ അഥവാ സുറിയാനി ഭാഷയില്‍ മാത്രവും തുടര്‍ന്നുള്ള മൂന്ന് നൂറ്റാണ്ടുകാലം സുറിയാനിയിലും ഗ്രീക്കിലും പിന്നീട് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ സുറിയാനി, ഗ്രീക്ക്, ലത്തീന്‍ ഭാഷകളിലുമാണ് പ്രധാനമായും നടന്നിരുന്നതെന്ന് കാണുവാനാകും.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമാണോ ദൈവാരാധനയ്ക്ക് മാതൃഭാഷ ഉപയോഗിച്ചുതുടങ്ങിയത്?
പൗരസ്ത്യസഭകള്‍, അതായത് സുറിയാനി, ഗ്രീക്ക് ഭാഷകള്‍ ദൈവരാധനയ്ക്കായി ഉപയോഗിച്ചിരുന്നവര്‍, അവരുടെ ആരാധനാ ഭാഷകള്‍ക്ക് ഒരുതരത്തിലുള്ള ദൈവികപ്രാധാന്യം കല്പ്പിച്ചിരുന്നെങ്കിലും, കാലക്രമത്തില്‍ ആവശ്യാനുസരണം, ഭാഗികമായിട്ടെങ്കിലും സ്വന്തം മാതൃഭാഷയും ദൈവാരാധനയില്‍ ഉപയോഗിച്ചിരുന്നു. റോമാ കേന്ദ്രീകരിച്ചുള്ള പാശ്ചാത്യസഭ മാത്രമാണ് മാതൃഭാഷ ഒട്ടും ഉപയോഗിക്കാതെ ലത്തീന്‍ ഭാഷയില്‍ മാത്രം ദൈവാരാധന നടത്തിയിരുന്നത്. അതുകൊണ്ട് പൗരസ്ത്യസഭകളെ സംബന്ധിച്ചിടത്തോളം ദൈവാരാധനയിലെ മാതൃഭാഷയുടെ ഉപയോഗം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നവീകരണ ഫലമല്ല മറിച്ച്, ലത്തീന്‍ സഭയിലെ മാതൃഭാഷാ ഉപയോഗത്തിന് പ്രേരണ നല്കിയത് പൗരസ്ത്യസഭകളാണ്.

സഹോദരി കൊച്ചുത്രേസ്യാ കാവുങ്കല്‍
ബേസ് തോമാ ദയറാ