ചോദ്യം: രണ്ട് പെണ്‍മക്കളുടെ പിതാവാണ് ഞാന്‍. എന്റെ മൂത്തമകളുടെ വിവാഹം ഈ അടുത്തകാലത്ത് നടന്നു. അവളെ വിവാഹം ചെയ്തിരിക്കുന്നത് മാര്‍ത്തോമ്മാസഭയില്‍പ്പെട്ട ഒരു യുവാവാണ്. ഇപ്പോള്‍ രണ്ടുപേരും അമേരിക്കയില്‍ ജോലിചെയ്യുന്നു. ഞങ്ങള്‍, മാതാപിതാക്കള്‍ ആലോചിച്ച് നടത്തിയ വിവാഹമാണിത്. എന്റെ മകളുടെ നല്ല സുരക്ഷിതത്ത്വമാണ് ഞാന്‍ ഈ വിവാഹത്തിലൂടെ ലക്ഷ്യമാക്കിയത്. മാര്‍ത്തോമ്മാസഭയില്‍പ്പെട്ട എന്റെ മരുമകന്‍ കത്തോലിക്കാസഭയില്‍ ചേരുവാന്‍ താല്പര്യം കാട്ടിയില്ല. അതിനാല്‍ ഞങ്ങളുടെ മകളെ മാര്‍ത്തോമ്മാസഭയില്‍ ചേര്‍ത്താണ് വിവാഹം നടത്തിയത്. എന്റെ ഭാഗത്തുനിന്നും ഞാന്‍ മുന്‍കൈ എടുത്ത് എന്റെ ബന്ധുക്കളെയും സ്‌നേഹിതരെയും ക്ഷണിക്കുകയും വിവാഹം ആഘോഷമായി നടത്തുകയും ചെയ്തു. ഒരുകാര്യം പ്രത്യേകം ചൂണ്ടിക്കാണിക്കട്ടെ; മിശ്രവിവാഹത്തിന്റെ പരിധിയില്‍ ഈ വിവാഹം നടത്തുവാന്‍ ഞങ്ങള്‍ താല്പര്യപ്പെട്ടില്ല. എന്നാല്‍ വിവാഹമെല്ലാം കഴിഞ്ഞ്, ഞങ്ങളുടെ വികാരിയച്ചന്‍ രേഖാമൂലമായ ഒരു വിശദീകരണം ഞങ്ങളില്‍നിന്നും ആവശ്യപ്പെടുകയുണ്ടായി. മറുപടിയില്‍, ഞങ്ങളുടെ പൂര്‍ണ്ണമായ പിന്തുണയോടെയാണ് ഞങ്ങളുടെ മകളുടെ വിവാഹം നടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു.
ഞങ്ങളുടെ മകളുടെ ഭാവിയാണ് ഞങ്ങള്‍ക്കുവലുത്. അതിനാല്‍ ഞങ്ങളുടെ പ്രവൃത്തികള്‍ ദൈവം നീതീകരിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സഭയില്‍ ഞങ്ങളുടെ മകളുടെ വിവാഹം നടത്തിയില്ലായെന്നതിന്റെ പേരില്‍ എന്തെങ്കിലും ശിക്ഷാനടപടികള്‍ ഞങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് ശരിയാണോ?
ഉത്തരം: ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന ചോദ്യഭാഗത്തെ രണ്ടുതരത്തില്‍ കാണാവുന്നതാണ്. ഒന്നാമത്തേത്; പ്രായപൂര്‍ത്തിയായ ഒരാളുടെ വിവാഹത്തിന് മാതാപിതാക്കള്‍ക്ക് എത്രമാത്രം ഉത്തരവാദിത്വമുണ്ട്? രണ്ടാമത്തേത്; സഭയ്ക്കു പുറത്തുവച്ചുള്ള വിവാഹകര്‍മ്മത്തിന് ആ രെയൊക്കെ ശിക്ഷാനടപടികളുടെ പരിധിയില്‍ വരുത്താനാകും? മേല്‍പറഞ്ഞ വ സ്തുതകള്‍ വിശദീകരിക്കുന്നതിനൊരുക്കമായി ചില പ്രത്യേക കാര്യങ്ങള്‍ വ്യ ക്തമാക്കേണ്ടതുണ്ട്.
ഒരു പ്രത്യേക വിവാഹത്തെ മനസ്സിലാക്കണമെങ്കില്‍ അത് പരികര്‍മ്മം ചെയ്യപ്പെടുന്ന സ്ഥലത്തെ സാംസ്‌കാരികവും സാമൂഹികവുമായ വസ്തുതകളുടെ സ്വാ ധീനം നാം മനസ്സിലാക്കേണ്ടതുണ്ട്. പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ, വിവാഹവും കുടുംബവും മനസ്സിലാക്കപ്പെടേണ്ടത് പ്രത്യേകമായ സാമൂഹ്യവും സാംസ്‌ക്കാരികവുമായ പശ്ചാത്തലത്തില്‍ ആയിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട് (cf. Familiaris Consortio). വ്യത്യസ്ത മതവിഭാഗങ്ങള്‍ അധിവസിക്കുന്ന ഭാരതത്തില്‍ മാതാപിതാക്കള്‍ ത ങ്ങളുടെ മക്കളെ വിവാഹം ചെയ്തുകൊടുക്കുന്ന രീതിയാണുള്ളത്. ബഹുഭൂരിപക്ഷം വരുന്ന വിവാഹങ്ങളിലും വിവാഹിതരാകുന്ന വ്യക്തികള്‍ക്ക് വിവാഹത്തി ന്റെ നടത്തിപ്പിനെസംബന്ധിച്ച് പ്രധാനപ്പെട്ട ഭാഗഭാഗിത്വം വഹിക്കാനില്ലായെന്നുള്ളതാണ് വസ്തുത.
ഭാരതത്തിലെ ക്രൈസ്തവരുടെ ഇടയില്‍, പൊതുവെ നിലനില്‍ക്കുന്ന മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍, ഒരു പിതാവിന്റെ പ്രധാനമായ കാര്യമാണ് തന്റെ മകളുടെ വിവാഹം ക്രമീകരിക്കുകയെന്നുള്ളത്. ഒരു കാലഘട്ടത്തിനുമുമ്പുവരെ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ വിവാഹത്തിന്റെ കാര്യത്തില്‍ യാതൊരു അഭിപ്രായവും രേഖപ്പെടുത്തുവാന്‍ സാധിക്കാത്ത ഒരു അവസ്ഥയുണ്ടായിരുന്നുവെന്നത് നാം ഓര്‍ക്കേണ്ടതാണ്. ഈ കാലഘട്ടത്തിലെ അണുകുടുംബസംവിധാനത്തിലും പരമ്പരാഗതമായ കുടുംബസംവിധാനത്തില്‍ നിലനിന്നിരുന്ന മാ താപിതാക്കളും മക്കളും തമ്മിലുള്ള ബ ന്ധത്തിന്റെ ദൃഢത ഒരളവുവരെ നിലനി ല്‍ക്കുന്നുവെന്നത് വിസ്മരിച്ചുകൂടാ. ഭാരതത്തിലെ ക്രൈസ്തവരുടെ സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ മക്കള്‍ പൊതുവെ മാതാപിതാക്കളുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്ന പതിവാണ് വിവാഹത്തെ സംബന്ധിച്ച് ഇന്നും പൊതുവായിട്ടുള്ളത്. (അത്, പലസ്ഥലത്തും ക്രമേണ കുറയുന്നുവെന്നുള്ള വസ്തുത അംഗീകരിക്കുന്നു). മാതാപിതാക്കള്‍ ക്രമീകരിക്കുന്ന വിവാഹങ്ങളില്‍, മാതാപിതാക്കള്‍ക്കുള്ള ഉത്തരവാദിത്വത്തില്‍നിന്നും അവര്‍ക്ക് ഒഴിഞ്ഞുനില്‍ക്കുവാനാകില്ല. കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടുള്ള ബഹുമാനത്തില്‍ നിന്ന് നിര്‍ഗ്ഗളിക്കുന്ന സ്‌നേഹവും ബഹുമാനവും അവരുടെ വിവാഹസമ്മതത്തിന്റെ പിന്നിലെ രൂപകാരണങ്ങളായിത്തീരുന്നു. ചുരുക്കത്തില്‍, ഭാരതത്തിലെ ക്രൈസ്തവരില്‍ പ്രത്യേകമായി, വിവാഹമെന്നത് സമൂഹകേന്ദ്രീകൃതവും, കുടുംബകേന്ദ്രീകൃതരുമായ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു.
മേല്‍പ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ കേവലം പ്രായപൂര്‍ത്തിയായ ഒരാളുടെ വിവാഹത്തിന്റെ കാര്യത്തില്‍ അയാളുടെ മാതാപിതാക്കള്‍ക്ക് പങ്കില്ലായെന്ന് പറയുവാന്‍ സാധിക്കില്ല. ചോദ്യകര്‍ത്താവ് പറഞ്ഞിരിക്കുന്നതുപോലെ കത്തോലിക്കാസഭയ്ക്ക് പുറത്തുവച്ച് വിവാഹം നടത്തിക്കൊടുക്കുവാന്‍ ആവശ്യമായ എല്ലാ ഒത്താശകളും മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങള്‍ തന്നെയാണ് ചെയ്തത്. നിങ്ങള്‍ അത്തരം ഒരു ആലോചനയ്ക്ക് പിന്തുണകൊടുത്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ, ആ വിവാഹം നടക്കുകയില്ലായിരുന്നു.
പൗരസ്ത്യസഭകള്‍ക്കുള്ള നിയമസംഹിതയില്‍ 1500 -ാം കാനന്‍ വ്യക്തമാക്കുന്നു: ”ശിക്ഷ വ്യവസ്ഥ ചെയ്യുന്നതോ, അവകാശങ്ങളുടെ സ്വതന്ത്ര വിനിയോഗം പരിമിതപ്പെടുത്തുന്നതോ, നിയമാപവാദം ഉള്‍ക്കൊള്ളുന്നതോ ആയ നിയമങ്ങള്‍ ക്ലിപ്തമായ (Strict) വ്യാഖ്യാനത്തിനു വിധേയമാണ്”. സഭാവിശ്വാസങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും എതിരായി നടപടി എടുക്കുമ്പോള്‍ ആവശ്യമായ വിശദീകരണം തേടേണ്ടതുണ്ട്. അല്ലാതെ, കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ നടപടികള്‍ സ്വീകരിക്കുകയെന്നുള്ളത് നിയമപരമായി നിലനില്‍ക്കുന്നതല്ല. ഈ സാഹചര്യത്തില്‍, മാതാപിതാക്കള്‍ എന്നനിലയില്‍ നിങ്ങള്‍ക്ക് ഭരമേല്പ്പിച്ചിരിക്കുന്ന വലിയ ഉത്തരവാദിത്വത്തില്‍ വന്ന വീഴ്ചകള്‍ താങ്കളുടെ കത്തില്‍നിന്നുതന്നെ വ്യക്തമാണ്: ഒരു അകത്തോലിക്കാസഭയിലേയ്ക്ക് തങ്ങളുടെ മകളെ വിവാഹം ചെയ്തുകൊടുക്കുവാന്‍ ആവശ്യമായ ഒത്താശകള്‍ എല്ലാം ചെയ്തുകൊടുത്തു പാലിച്ചുവന്ന വിശ്വാസജീവിതത്തില്‍ നിന്നും മാറി മറ്റൊരു വിശ്വാസം ജീവിക്കാനുള്ള പ്രേരണയാണ് ഇത്തരത്തില്‍ നടത്തിയിരിക്കുന്നത്. വിവാഹത്തിന് മകളെക്കാള്‍, മുന്‍കൈ എടുത്തിരിക്കുന്നത് താങ്കള്‍ തന്നെയാണെന്ന് ചോദ്യത്തില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അതായത്, താങ്കളുടെ ഒരു പ്രവൃത്തിമൂലം മകള്‍ക്ക് വിശ്വാസഭ്രമം സംഭവിക്കുവാന്‍ അ ത് കാരണമായി. സാധാരണ ഒരു വിവാഹംപോലെ, സ്‌നേഹിതരെയും ബന്ധുക്കളെയും ഈ ആഘോഷത്തില്‍ പങ്കെടുപ്പിച്ചു. ഒരുപക്ഷെ, കത്തോലിക്കാ ആചാരപ്രകാരമുള്ള ഒരു കര്‍മ്മവും അകത്തോലിക്കാ രീതികളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് അറിയുവാന്‍ മറ്റുള്ളവര്‍ക്ക് താങ്കളുടെ പ്രവൃത്തിമൂലം കാരണമായിട്ടുണ്ട്. സഭ വളരെ ഗൗരവമായ സാഹചര്യത്തില്‍ അനുവദിക്കുന്ന മിശ്രവിവാഹത്തി ന്റെ (കത്തോലിക്കരും അകത്തോലിക്ക രും തമ്മില്‍ നടക്കുന്ന വിവാഹം) പരിധിയില്‍ മേല്‍പ്പറഞ്ഞ വിവാഹം നടത്തുവാ ന്‍ താങ്കള്‍ താല്പര്യം കാണിച്ചില്ല. ചുരുക്കത്തില്‍ സഭയുടെ വിശ്വാസപാരമ്പര്യങ്ങള്‍ക്ക് പ്രഥമമായ സ്ഥാനം നല്കാതെ മകളുടെ ”നല്ല ഭാവി” മാത്രമാണ് താങ്കള്‍ ലക്ഷ്യംവച്ചത്. സഭയില്‍ ദൈവം നല്കിയ വലിയ ദാനമാണ് സന്താനോല്പാദനവും അവരുടെ രൂപവത്കരണവും വേണം. അജപാലകരായ പുരോഹിതര്‍, പിതൃതുല്യമായ സ്‌നേഹത്തോടും പരിഗണനയോടുംകൂടെ നമ്മെ തിരുത്തിയതിനുശേഷം ഫലമില്ലാതെ വരുമ്പോഴാണ് പൊതുനന്മയെ കരുതി ശിക്ഷണനടപടികള്‍ സ്വീകരിക്കുന്നത്. സഭാജീവിതത്തി ല്‍ അപരിഹാര്യമായ ഹാനിയാണ് തന്റെ മകളുടെ വിശ്വാസജീവിതം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിക്കുകവഴി ചെയ്തിരിക്കുന്നത്. കൂടാതെ, താങ്കളോടു ബന്ധപ്പെട്ടവര്‍ക്ക് നിങ്ങളുടെ പ്രവൃത്തികള്‍മൂലം ഉതപ്പിനു കാരണമാകുകയും ചെയ്തു. സ്വന്തം ഇടവകപള്ളിയില്‍ വിവാഹം നടത്തിക്കൊടുക്കുന്ന ലാഘവത്തോടെ, ഒരു അകത്തോലിക്കാ പള്ളിയില്‍വച്ച് താങ്കളുടെ മകളുടെ വിവാഹം നടത്തികൊടുത്തതുവഴി നമ്മുടെ സഭാസമൂഹത്തിനുണ്ടാ യ ഉതപ്പ് പരസ്യമായി ഒരളവുവരെ പരിഹരിക്കാനാകണം. അല്ലെങ്കില്‍, നാളെ ഞങ്ങള്‍ക്കും ഇതാകാം എന്നുള്ള ഒരു ചിന്ത അറിയാതെ സമൂഹത്തില്‍ വ്യാപിക്കുന്നതിനിടവരും. താങ്കളുടെ കത്തില്‍നിന്നുതന്നെ, ചെയ്തുപോയ പ്രവൃത്തിയെക്കുറിച്ച് യാതൊരു കുണ്ഠിതവും ഉള്ളതായി കാണുന്നില്ല. പൗരസ്ത്യ സഭകള്‍ക്കുള്ള നിയമം, 712 -ാം കാനനില്‍ പരസ്യപാപികള്‍ പരി. കുര്‍ബാന സ്വീകരിക്കുന്നതു മുടക്കിയിരിക്കുന്നു. അത് ദൈവജനത്തിന് ഉതപ്പിനു കാരണമാകാതിരിക്കാനാണ്. ചെയ്തുപോയ തെറ്റുകള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുവാനുള്ള അധികാരം സഭാധികാരികള്‍ക്കുണ്ടെന്നുള്ള കാര്യം ഓര്‍ക്കുമല്ലോ. സഭാംഗങ്ങള്‍ സഭയില്‍ ആയിരിക്കുന്നിടത്തോളം, അതിന്റെ നിയമങ്ങള്‍ പാലിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. ശിക്ഷിക്കാതെതന്നെ നമ്മുടെ തെറ്റുകള്‍ തിരുത്തുവാനും ഉതപ്പില്ലാതാക്കാനും സഭ ശ്രദ്ധിക്കുന്നു. അതിനാല്‍ 1414 -ാം കാനനില്‍ വ്യക്തമാക്കുന്നതുപോലെ ശിക്ഷാമുന്നറിയിപ്പു നല്കിയതിനുശേഷമേ ആവശ്യമെങ്കില്‍ ശിക്ഷണ നടപടികളിലേയ്ക്ക് സഭാധികാരികള്‍ പ്രവേശിക്കുകയുള്ളൂ. മേല്‍പ്പറഞ്ഞ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കളില്‍നിന്നും രേഖാമൂലമായ വിശദീകരണം വികാരിയച്ചന്‍ തേടിയത്. വികാരിയച്ചന്റെ നടപടികളെ സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മേലദ്ധ്യക്ഷന് പരാതിപ്പെടാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. സഭയിലെ ശിക്ഷകളുടെ ഉദ്ദേശ്യം ഇതാണ്; കുറ്റകൃത്യങ്ങള്‍ ചെയ്തവരെ സഭാഗാത്രത്തിലെ രോഗബാധിതങ്ങളായ അവയവങ്ങളായി കണ്ട് അവയെ തക്ക ചികിത്സവഴി സുഖപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് സഭ ശിക്ഷകള്‍ നല്കുക”. (cceo. 1410). ആയതിനാല്‍ ചെയ്തത്, തന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് അംഗീകരിക്കുകയും ചെയ്ത തെറ്റിനെയോര്‍ത്ത് ദൈവതിരുമുമ്പാകെ മനസ്തപിക്കുകയുമാണ് യഥാര്‍ത്ഥ അനുതാപത്തില്‍നിന്നും പ്രതീക്ഷിക്കുന്നത്.
താങ്കളുടെ പ്രശ്‌നത്തില്‍ താങ്കള്‍ക്ക് നീതീകരണം കിട്ടാന്‍ ഇടയാകുമായിരുന്ന അവസ്ഥ, മകളുടെ വിവാഹത്തിന് പ്രത്യക്ഷമായോ, പരോക്ഷമായോ (പിതാവാണെങ്കില്‍ക്കൂടി) സഹകരിക്കാതിരിക്കുന്ന അവസരത്തിലായിരുന്നു. എന്നാല്‍, താങ്കളുടെ മകളുടെ വിവാഹത്തിന്റെ രൂപകാരണം തന്നെ മാതാപിതാക്കളായ നിങ്ങളുടെ ഭാഗത്തുനിന്നുമുള്ള പ്രവര്‍ത്തനത്തിലാണ് ഉണ്ടായിരിക്കുന്നത്. ചുരുക്കത്തില്‍, നിങ്ങളുടെ വികാരിയച്ചന് നിയമപരമായി വിശദീകരണം ചോദിക്കുവാനുള്ള അവകാശവും, കടമയും സഭാനിയമം കൊടുക്കുന്നു. താങ്കള്‍ ക്രിയാത്മകമായി അതിനോട് സഹകരിക്കുകയാണ്, നീതിപൂര്‍വ്വകമായ നീതിനിര്‍വ്വഹണത്തിന്റെ ഭാഗമായി ചെയ്യേണ്ടത്. സഭയുടെ നടപടി ക്രമങ്ങളുടെ ഏകലക്ഷ്യം ആത്മാക്കളുടെ രക്ഷയാണെന്ന് മനസ്സിലാക്കി പെരുമാറുകയാണ് വേണ്ടത്.