ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ‘കര്‍ത്താവിന്റെ ദിവസം’ എന്ന ശ്ലൈഹികലേഖനത്തെ ആസ്പദമാക്കി സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് സഹോദരി കൊച്ചുത്രേസ്യാ കാവുങ്കല്‍
ബേസ് തോമാ ദയറാ
എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഞാന്‍ സ്ഥിരമായി നൊവേനയ്ക്കു പോകുന്നുണ്ട്. ആ അവസരങ്ങളില്‍ ഞാന്‍ കുര്‍ബാനയിലും പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ചക്കുര്‍ബാന മറ്റുദിവസങ്ങളില്‍ അര്‍പ്പിക്കുന്ന കുര്‍ബാനകളില്‍നിന്നു വ്യത്യസ്തമല്ലല്ലോ. അതിനാല്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് പോയില്ലെങ്കിലും കുഴപ്പമില്ലല്ലോ?
ഞായറാഴ്ചക്കുര്‍ബാന സ്വാഭാവികമായി മറ്റു ദിവസങ്ങളില്‍ ആഘോഷിക്കുന്ന കുര്‍ബാനകളില്‍നിന്നു വ്യത്യസ്തമല്ലെന്നതു ശരിതന്നെ (നമ്പര്‍ 34).
എന്നാല്‍ ഞായറാഴ്ചക്കുര്‍ബാന അതിന്റെ സ്വാഭാവികമായ സഭാത്മകമാനത്തെ കൂടുതല്‍ തീവ്രതയോടെ പ്രകാശിപ്പിക്കുന്നുണ്ട്. അതിന്റെ സവിശേഷമായ ആഘോഷപൂര്‍ണ്ണത, സമൂഹത്തിന്റെ കടമാപരമായ സാന്നിദ്ധ്യം, മിശിഹാ മരണത്തെ കീഴടക്കുകയും തന്റെ അമര്‍ത്യമായ ജീവനില്‍ നമുക്ക് പങ്കുനല്‍കുകയും ചെയ്ത ദിവസംതന്നെ അത് ആഘോഷിക്കുന്നു എന്ന വസ്തുത എന്നിവയാണ് അതിന്റെ കാരണങ്ങള്‍. അത് കുര്‍ബാനയാഘോഷങ്ങള്‍ക്ക് വിശിഷ്ട മാതൃകയായിത്തീരുന്നു. അപ്പം മുറിക്കലിനുവേണ്ടി സകല അംഗങ്ങളെയും സമ്മേളിപ്പിക്കുന്ന ഓരോ സമൂഹവും സഭ എന്ന രഹസ്യത്തെ പൂര്‍ണ്ണമായ രൂപത്തില്‍ സന്നിഹിതമാക്കുന്ന വേദിയായിത്തീരുന്നു (നമ്പര്‍ 34). മുകളില്‍ സൂചിപ്പിച്ച കാരണങ്ങളാല്‍, ഞായറാഴ്ചക്കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ നാം ശ്രദ്ധാലുക്കളായിരിക്കേണ്ടതാണ്.
അതുകൊണ്ട് ഞായറാഴ്ചദിവസം തന്നെ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സഭയുടെ സഭാത്മകമാനത്തെ സവിശേഷമാംവിധം നാം പ്രതിഫലിപ്പിക്കണം. നൊവേനയ്ക്കുപോകുമ്പോള്‍ വീണുകിട്ടുന്ന ഒരവസരത്തിലുപരി ഏറ്റവും പരമമായ സ്തുതിയര്‍പ്പണത്തിനായിത്തന്നെ നാം തീക്ഷ്ണതയോടെ ഇറങ്ങിപ്പുറപ്പെടേണ്ടതാണ്.
ഞായറാഴ്ച കുര്‍ബാനയില്‍ പങ്കുകൊള്ളണം എന്ന് സഭ നിഷ്‌ക്കര്‍ഷിക്കുന്നത് എന്തുകൊണ്ടാണ്? ഞാന്‍ തനിയെ പള്ളിയില്‍ പോയി സ്വകാര്യമായി പ്രാര്‍ത്ഥിച്ചാല്‍ പോരേ?
”യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”. (മത്താ. 28:20) എന്ന ഉത്ഥിതനായ മിശിഹായുടെ വാഗ്ദാനം സഭയില്‍ എപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു. ഉത്ഥാനദിനമെന്ന നിലയില്‍, ഞായറാഴ്ച ഒരു ഭൂതകാലസംഭവത്തിന്റെ സ്മരണമാത്രമല്ല; ഉത്ഥിതനായ കര്‍ത്താവിന് തന്റെ ജനത്തിനിടയിലുള്ള സജീവസാന്നിധ്യത്തിന്റെ ആഘോഷവുമാണ്.
ഉത്ഥിതനായ കര്‍ത്താവിന്റെ ഈ സാന്നിദ്ധ്യം ശരിയായി പ്രഘോഷിക്കപ്പെടുകയും അതു ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയും വേണം. അതിന് മിശിഹായുടെ ശിഷ്യര്‍, സഭാതനയര്‍ വ്യക്തിപരമായി പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ ഹൃദയങ്ങളുടെ നിഗൂഢതലങ്ങളില്‍ സ്വകാര്യമായി മിശിഹായുടെ മരണവും ഉത്ഥാനവും അനുസ്മരിക്കുകയും ചെയ്താല്‍ മാത്രം പോരാ. മാമ്മോദീസാ സ്വീകരിച്ചവര്‍ വ്യക്തികളെന്ന നിലയില്‍ മാത്രമല്ല രക്ഷിക്കപ്പെടുന്നത്, പിന്നെയോ മിശിഹായുടെ മൗതികശരീരത്തിന്റെ അംഗങ്ങളും ദൈവജനത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നവരും എന്ന നിലയിലും കൂടിയാണ്. അതുകൊണ്ട് സഭയുടെ സത്തയെ പൂര്‍ണ്ണമായി പ്രകടിപ്പിക്കുവാന്‍ സഭാംഗങ്ങള്‍ കുര്‍ബാനയില്‍ സമ്മേളിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് (നമ്പര്‍ 31). സഭ എന്നത് ‘എക്ലേസിയാ’ അഥവാ സമ്മേളനം ആണല്ലോ – ആദിമ മെസയാനിക സമൂഹം ”ശ്ലീഹന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു എന്നാണല്ലോ നടപടിപുസ്തകം സാക്ഷിക്കുന്നത്.
ഇടവകപള്ളിയില്‍തന്നെ പോകണമെന്നുണ്ടോ? അടുത്ത പള്ളിയില്‍ പോയി കുര്‍ബാന കണ്ടാല്‍ കടം തീരില്ലേ?
ഒരു വിശ്വാസിയെ, സഭാസന്താനത്തെ സംബന്ധിച്ചിടത്തോളം കുര്‍ബാന കാണല്‍ എന്നൊന്നില്ല. കടം തീര്‍ക്കാനുള്ള ഒരു പ്രക്രിയയുമല്ല അത്. മറിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജന്‍ എന്നതുപോലെതന്നെ നിത്യജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണമാണ് പരി. കുര്‍ബാനയര്‍പ്പണവും പരി. കുര്‍ബാന സ്വീകരണവും. നമ്മുടെ പിതാവായ മാര്‍ തോമ്മാ ശ്ലീഹാ ഉത്ഥിതനായ ഈശോയെ കാണുവാനുള്ള തന്റെ അവകാശവാദം ഉന്നയിച്ചതുപോലെ മാമ്മോദീസാ സ്വീകരിച്ച് വിശ്വാസത്തിലേക്കു കടന്നുവന്ന ഒരുവന്റെ അവകാശമാണ് നിത്യജീവന്റെ അച്ചാരമായ പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയെന്നതും പരി. കുര്‍ബാന സ്വീകരിക്കുകയെന്നതും. പരി. കുര്‍ബാന കാണലല്ല; പരി. കുര്‍ബാനയിലുള്ള സജീവഭാഗഭാഗിത്വമാണ് ആവശ്യം.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച ഒരു കടമെന്ന കാഴ്ചപ്പാട് ശരിയാണെന്നു തോന്നുന്നില്ല. ഞായറാഴ്ചകടം ഒരു നിയമമായി മാറുന്നത് ആറാം നൂറ്റാണ്ടിലാണ്(നമ്പര്‍ 47). നിയമത്താല്‍ അനുശാസിക്കപ്പെട്ട കടമയായിത്തീരുന്നതിന് നൂറ്റാണ്ടുകള്‍ക്കും മുമ്പേ, ശക്തമായൊരു ആന്തരികാവശ്യമെന്ന നിലയില്‍ വിശ്വാസികള്‍ ഞായറാഴ്ചസമ്മേളനം നടത്തിയിരുന്നു. ആഴ്ചതോറും കടന്നുവരുന്ന ഉയിര്‍പ്പുതിരുന്നാള്‍ദിനമായി ഞായറാഴ്ച രൂപപ്പെട്ടു. കര്‍ത്താവിന്റെ അത്താഴം മുടക്കിക്കൂടാ. അതാണു ഞങ്ങളുടെ നിയമം എന്നുപറഞ്ഞ് ഞായറാഴ്ചസമ്മേളനത്തിലേയ്ക്ക്, കര്‍തൃദിനത്തിലേയ്ക്ക് ജീവന്റെ വചനം കേള്‍ക്കാനും എന്നേക്കും നിലനില്‍ക്കുന്ന ദൈവികഭക്ഷണം സ്വീകരിക്കുവാനുമായി ആദിമ മിശിഹാനുയായികള്‍ ഓടുകയായിരുന്നു (നമ്പര്‍ 46). അതിനാല്‍ കടമെന്ന ഇടുങ്ങിയ ചിന്താഗതി മാറി സ്‌നേഹത്തിന്റെ ആന്തരികാവശ്യമായി ഞായറാഴ്ചയാചരണത്തെ, ആഘോഷത്തെ കാണേണ്ടിയിരിക്കുന്നു.
ഞായറാഴ്ചയാഘോഷത്തിനായി ഇടവകപള്ളിയില്‍തന്നെ പോകണമെന്നാണ് സഭ അനുശാസിക്കുന്നത്. ഇതും ഒരു നിയമത്തിന്റെ പശ്ചാത്തലത്തിലല്ല സ്വീകരിക്കേണ്ടത്; മറിച്ച് ഞായറാഴ്ചയാഘോഷത്തിന്റെ കുടുംബപരവും സാമൂഹികവുമായ പശ്ചാത്തലത്തിലാണ്.
കുടുംബപരം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇടവകയാകുന്ന കുടുംബത്തിന്റെ പശ്ചാത്തലമാണ്. ഇടവകയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കര്‍ത്താവിന്റെ ദിവസത്തിന്റെയും അവിടുത്തെ കുര്‍ബാനയുടെയും ആഘോഷംപോലെ മര്‍മ്മപ്രധാനമോ സമൂഹനിര്‍മ്മാണപരമോ ആയ മറ്റൊന്നുമില്ല. ഇടവകസമൂഹത്തോടുകൂടിയ ഞായറാഴ്ചക്കുര്‍ബാനയുടെ ആ ഘോഷത്തിലൂടെയാണ്, സജീവമായ സമൂഹബോധം ഉണ്ടാകേണ്ടത് (നമ്പര്‍ 35). അതുകൊണ്ടുതന്നെയാണ് ഇടവകാംഗങ്ങളെല്ലാവരും ഞായറാഴ്ച ഇടവകപ്പള്ളിയില്‍ തന്നെ പരിശുദ്ധ കുര്‍ബാനയ്ക്കായി എത്തണം എന്ന് സഭാമാതാവ് നിര്‍ദ്ദേശിക്കുന്നത് (നമ്പര്‍ 36).
എനിക്ക് എന്റെ വികാരിയച്ചനെ, അച്ചന്റെ കുര്‍ബാനയര്‍പ്പണശൈലിയെ ഇഷ്ടമില്ല. അതിനാല്‍ ഞാന്‍ അടുത്തുള്ള പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുത്തുകൊള്ളട്ടെ? അല്ലെങ്കില്‍ വീട്ടിലിരുന്ന് സ്വന്തമായി പ്രാര്‍ത്ഥിച്ചുകൊള്ളട്ടെ?
വികാരിയച്ചനോടുള്ള ഇഷ്ടമോ ഇഷ്ടക്കേടോ അല്ല ഒരുവന്റെ പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തെ സ്വാധീനിക്കേണ്ടത്. വികാരിയച്ചന്‍ ഒരുപക്ഷേ എല്ലാം നമുക്കിഷ്ടമുള്ളതുപോലെ ചെയ്തില്ലെന്നുവരാം. എന്നാല്‍ പരി. കുര്‍ബാനയര്‍പ്പിക്കുന്ന വൈദികന്‍ ബലിയര്‍പ്പകനായ മിശിഹായുടെ സ്ഥാനത്താണ് നില്‍ക്കുന്നതെന്ന അവബോധം നമുക്കുണ്ടാകണം. ബലിയര്‍പ്പിക്കുന്ന പുരോഹിതനില്‍ മിശിഹായെ ദര്‍ശിക്കുവാന്‍ സാധിക്കണം. അങ്ങനെചെയ്യാന്‍ സാധിക്കുന്ന ഒരു വിശ്വാസിക്ക് അച്ചനെ ഇഷ്ടമില്ലെങ്കിലും ഇടവകപ്പള്ളിയില്‍ പോകുന്നതിനും പരി. കുര്‍ബാനയര്‍പ്പിക്കുന്നതിനും പ്രയാസം നേരിടുകയില്ല.
അതുപോലെ ബലിയര്‍പ്പണത്തിന്റെ അവശ്യവ്യവസ്ഥയായ അനുരഞ്ജനമില്ലാതെ ഇടവകപ്പള്ളി ഉപേക്ഷിച്ച് മറ്റു പള്ളികളെ പരി. കുര്‍ബാനയ്ക്കായി ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. പരി. കുര്‍ബാന സ്‌നേഹത്തിന്റെ കൂദാശയാണല്ലോ. ആ കൂദാശയില്‍ പങ്കുചേരുന്നവര്‍ അവശ്യം സ്‌നേഹത്തിനുവേണ്ടി ത്യാഗങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നവരാകണം.
ശാലോം ടി. വി. യില്‍ കുര്‍ബാനയില്‍ പങ്കെടുക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള അവസരമുണ്ടല്ലോ. അതെക്കുറിച്ച് എന്തുപറയുന്നു?
ടെലിവിഷന്‍, റേഡിയോ തുടങ്ങിയ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളില്‍ കുര്‍ബാനയും യാമപ്രാര്‍ത്ഥനയും ഭക്താഭ്യാസങ്ങളും സംപ്രേഷണം ചെയ്യാറുണ്ട് (നമ്പര്‍ 54). രോഗംകൊണ്ടോ, ഗൗരവപൂര്‍ണ്ണമായ മറ്റേതെങ്കിലും കാരണത്താലുണ്ടാകുന്ന കഴിവില്ലായ്മകൊണ്ടോ ദൈവാലയത്തില്‍ കുര്‍ബാനക്കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത വിശ്വാസികള്‍ക്ക് ഇത് പ്രയോജനപ്രദമാണ്. എന്നാല്‍ ഞായറാഴ്ചദിവസം പരിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ ആരോഗ്യവും സാഹചര്യവുമുള്ളവര്‍ ഇത്തരം സംപ്രേഷണങ്ങളെ ആശ്രയിച്ച് ദൈവാലയത്തില്‍ പോകാതിരിക്കുന്നത് ശരിയല്ല. ഞായറാഴ്ചദിവസങ്ങളില്‍ സാധിക്കുന്നവരെല്ലാം ദൈവാലയത്തില്‍ പോയി പരിശുദ്ധ കുര്‍ബാനയിലും കൂട്ടായ്മയിലും പങ്കുകൊള്ളുക തന്നെ വേണം.
ദൃശ്യ-ശ്രവ്യമാധ്യമങ്ങളില്‍കൂടിയുള്ള പരിശുദ്ധ കുര്‍ബാനയര്‍പ്പണം ഒരു കാണലായി അധഃപതിക്കുമെന്നത് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ അവശ്യഘടകമായ പരിശുദ്ധ കുര്‍ബാന സ്വീകരണം ഇവിടെ അസാധ്യവുമായിത്തീരുന്നു. അതിനാല്‍ പരിശുദ്ധ കുര്‍ബാനയിലെ സജീവഭാഗഭാഗിത്വത്തി നും പരിശുദ്ധ കുര്‍ബാന സ്വീകരണത്തിനും ദൈവാലയത്തില്‍, അതും ഇടവകദൈവാലയത്തില്‍ തന്നെ പോയി പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയാണ് വേണ്ടത്.
എല്ലാ ദിവസവും ഒന്നുതന്നെ പ്രാര്‍ത്ഥിക്കുന്ന കുര്‍ബാന എന്നെ ബോറടിപ്പിക്കുന്നു. എന്നാല്‍ ധാരാളം പാട്ടുകളും കയ്യടികളും, സ്വയംപ്രേരിത പ്രാര്‍ത്ഥനകളും രോഗശാന്തിയും ഒക്കെയുള്ള പ്രാര്‍ത്ഥനാരീതികള്‍ എനിക്ക് ഉണര്‍വ്വ് പ്രദാനം ചെയ്യുന്നു. അതെക്കുറിച്ച് എന്തുപറയുന്നു? കുര്‍ബാനയെക്കാള്‍ മനുഷ്യര്‍ക്ക് അനുഭവം പ്രദാനം ചെയ്യുന്ന നൊവേനകളും മറ്റു പ്രാര്‍ത്ഥനകളുമല്ലേ നല്ലത്?
കരിസ്മാറ്റിക് പ്രാര്‍ത്ഥനകളും നൊവേനകളും മറ്റു പ്രാര്‍ത്ഥനകളും കൂടുതല്‍ സജീവമാണെന്നും പരി. കുര്‍ബാന ഒന്നുതന്നെയായതിനാല്‍ നിര്‍ജ്ജീവമാണെന്നും ഒരിക്കലും പറയുവാനാവില്ല. നാം മുന്‍പുകണ്ടതുപോലെ ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ സമ്യക്കായ ആഘോഷമാണ് പരിശുദ്ധ കുര്‍ബാന. ദൈവത്തിന്റെ രക്ഷാപദ്ധതി ദൈവത്തിന്റെ രക്ഷ അനുഭവിച്ച വ്യക്തിക്ക് മാത്രമേ അനുഭവപരമാകൂ. കലശലായ രോഗം ബാധിച്ച് മരണത്തിന്റെ വക്കിലെത്തിയ ഒരുവന് പെട്ടെന്നു ലഭിക്കുന്ന രോഗശാന്തി, അല്ലെങ്കില്‍ വൈദ്യശാസ്ത്രത്തിന് സുഖപ്പെടുത്തുവാന്‍ കഴിയാത്ത രോഗത്തില്‍നിന്ന് ഒരുവന് കിട്ടുന്ന വിമുക്തി അവന്റെ ജീവിതത്തില്‍ ഒരിക്കലും വിട്ടുമാറാത്ത അനുഭവമായിരിക്കും. അതെക്കുറിച്ച് എത്ര പേരോടു വിവരിച്ചാലും, എത്ര പ്രാവശ്യം വിവരിച്ചാലും അവന് മടുപ്പില്ല. ഇതുപോലെയാണ് പാപത്തിന്റെ നാശത്തില്‍നിന്ന് നിത്യജീവന്റെ സൗഖ്യത്തിലേയ്ക്ക് ദൈവം കൈപിടിച്ചുകയറ്റിയ മനുഷ്യന്റെ സ്ഥിതിയും. ദൈവം തന്റെ സ്വന്തം പുത്രനെ അയച്ച് ഒരു മനുഷ്യനു മാത്രമല്ല, മനുഷ്യവംശത്തിനു മാത്രമല്ല സൃഷ്ടലോകം മുഴുവനും രക്ഷ പ്രദാനം ചെയ്തതിന്റെ ഓര്‍മ്മയും, അനുസ്മരണവും, ആഘോഷവും, അതിന്റെ അച്ചാരവുമാണ് പരിശുദ്ധ കുര്‍ബാനയാഘോഷമെന്ന അവബോധമുള്ളവര്‍ക്ക് പരി. കുര്‍ബാനയര്‍പ്പണം മുഷിപ്പുണ്ടാക്കുകയില്ല. നശ്വരമായ സുഖമല്ല, ശാശ്വതമായ സുഖവും നിത്യജീവനുമാണ് പരിശുദ്ധ കുര്‍ബാനയിലൂടെ ലഭിക്കുക എന്നു മനസ്സിലാക്കുന്ന വ്യക്തിക്ക് പരി. കുര്‍ബാന അനുഭവമാകാതെ വരില്ല.
പരി. കുര്‍ബാനയിലെ പ്രാര്‍ത്ഥനകളും അടയാളങ്ങളും പ്രതീകങ്ങളും ഒന്നുതന്നെയെന്നിരുന്നാലും അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥതലങ്ങളിലേക്ക് കടന്നുചെല്ലുവാന്‍ അവയെ ധ്യാനിച്ചനുഭവിക്കുവാന്‍ ഒരു പുരുഷായുസ്സ് മതിയാകയില്ല. അതിനാല്‍ പ്രാര്‍ത്ഥനയുടെ ആഴങ്ങളിലേയ്ക്കു കടന്നുചെല്ലുവാന്‍ പരിശ്രമിക്കുന്ന വ്യക്തിക്ക് പരിശുദ്ധ കുര്‍ബാന എന്നും നൂതനമായ അനുഭവം പ്രദാനം ചെയ്യുകതന്നെ ചെയ്യും.
കരിസ്മാറ്റിക് പ്രാര്‍ത്ഥനകളും നൊവേനകളും രോഗശാന്തി ശുശ്രൂഷകളും ഒന്നും മോശമല്ല. അവയുടെ ആത്യന്തിക ലക്ഷ്യമാണ് അവയെ നല്ലതാക്കുന്നത്. കരിസ്മാറ്റിക് പ്രാര്‍ത്ഥന നമ്മില്‍ ഉറങ്ങിക്കിടക്കുന്ന വിശ്വാസത്തെ ഉണര്‍ത്താന്‍ ഉപകരിക്കും. വിശ്വാസമെന്നത് ദൈവത്തോടുള്ള ബന്ധവും ദൈവത്തിലുള്ള ആശ്രയത്വവുമാണ്. മറ്റു പ്രാര്‍ത്ഥനകളും നൊവേനകളുമെല്ലാം ദൈവത്തെ അനുഭവിക്കുന്നതിനും ദൈവത്തോട് സജീവമായ ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടിയാണ്. അങ്ങനെയെങ്കില്‍ ദൈവത്തെ ഏറ്റം ആഴമായി അറിയുന്നതിനും അനുഭവിക്കുന്നതിനും പരി. കുര്‍ബാന സ്വീകരണത്തിലൂടെ ദൈവവുമായി ഒന്നായിത്തീരുന്നതിനും നമുക്ക് അവസരം തരുന്ന പരിശുദ്ധ കുര്‍ബാനയര്‍പ്പണമല്ലേ ഏറ്റവുമധികം സജീവമായി, അനുഭവപരമായിത്തീരേണ്ടത്? ദൈവത്തെ എന്നില്‍നിന്നു മാറിനില്‍ക്കാത്ത വ്യക്തിയായി അനുഭവിക്കുവാന്‍, എന്നില്‍തന്നെ അനുഭവിക്കുവാന്‍, നിരന്തരം അനുഭവിക്കുവാന്‍ സാഹചര്യമൊരുക്കുന്ന പരിശുദ്ധ കുര്‍ബാനയാണോ മറ്റു പ്രാര്‍ത്ഥനകളാണോ നമുക്ക് വലുത് എന്നു നാം ധ്യാനവിഷയമാക്കണം. മറ്റേതു പ്രാര്‍ത്ഥനയും എന്നെ വി. കുര്‍ബാനയിലേക്കു നയിക്കുന്നതാകണം.
ഏറ്റവും ശ്രേഷ്ഠമായ മിശിഹായുടെ ശരീര രക്തങ്ങളാകുന്ന ഭക്ഷണപാനീയങ്ങള്‍ വിളമ്പപ്പെടുന്ന സ്വഭവനത്തില്‍ നിന്ന് ധൂര്‍ത്തപുത്രനെപ്പോലെ അകന്നുപോയി വിശപ്പും ദാഹവുംകൊണ്ട് വലയേണ്ടവരല്ല, തവിടുകൊണ്ട് വയറുനിറയ്‌ക്കേണ്ടവരല്ല സഭാമക്കള്‍. അതിനാല്‍ പെന്തക്കോസ്തുസമൂഹങ്ങളില്‍ പോയി പുറംമോടിയില്‍ ഭ്രമിക്കാതെ നിത്യജീവന്റെ ഉറവിടമായ പരി. കുര്‍ബാന ആഘോഷിക്കുന്ന സഭയില്‍, സഭയുടെ കുര്‍ബാനയില്‍ പങ്കുകൊള്ളുകയാണ് വേണ്ടത്.
പഴയനിയമത്തില്‍ സാബത്ത് എന്തിന്റെ ഓര്‍മ്മയാചരണമായിരുന്നു?
പഴയനിയമത്തില്‍ സാബത്ത് ദൈവത്തിന്റെ വിശ്രമത്തിന്റെയും പുറപ്പാടിന്റെ ജനം-ഇസ്രായേല്‍ ജനം- വാഗ്ദത്തഭൂമിയില്‍ പ്രവേശിച്ചപ്പോള്‍ ദൈവം അവര്‍ക്കുനല്കിയ വിശ്രമത്തിന്റെയും ഓര്‍മ്മയാചരണമായിരുന്നു(നമ്പര്‍ 8).
ദൈവത്തിന്റെ വിശ്രമം എന്നതുകൊണ്ട് പഴയനിയമത്തില്‍ ഉദ്ദേശിക്കുന്നതെന്ത്?
തന്റെ കരം നിര്‍വ്വഹിച്ച സൃഷ്ടികര്‍മ്മം നല്ലതാണെന്നു പ്രഖ്യാപിക്കുവാനും സന്തോഷവായ്‌പോടെ അതിനെ നോക്കിക്കാണുവാനുമുള്ള ദൈവത്തിന്റെ തങ്ങിനില്‍ക്കലിനെയാണ് വിശ്രമം സൂചിപ്പിക്കുന്നത്(നമ്പര്‍ 11).
ദൈവത്തിന്റെ വിശ്രമവും സാബത്താചരണവും തമ്മില്‍ എങ്ങനെ ബന്ധപ്പെടുത്താം?
സൃഷ്ടികര്‍മ്മം തുടരാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട മനുഷ്യന്‍ താന്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ദൈവിക സൃഷ്ടിയുടെ മുമ്പില്‍ വിസ്മയത്തോടും, സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയാകുവാന്‍ തനിക്കു കഴിവുനല്കിയ ദൈവത്തിനുമുമ്പില്‍ നന്ദിനിറഞ്ഞ ഹൃദയത്തോടുംകൂടി തങ്ങിനില്‍ക്കുവാന്‍ വേണ്ടിയാണ് സാബത്താചരിച്ചിരുന്നത്. ഒപ്പം ഈജിപ്തില്‍ നിന്ന് തങ്ങളെ രക്ഷിച്ച, തങ്ങള്‍ക്ക് വിശ്രമമേകിയ ദൈവത്തിനുള്ള നന്ദിപ്രകാശനവുമായിരുന്നു യഹൂദരെ സംബന്ധിച്ചിടത്തോളം സാബത്ത്. ചുരുക്കത്തില്‍ ഭൗതികമായ വിശ്രമത്തിലുപരി ദൈവമനുഷ്യബന്ധത്തിന്റെ ആഘോഷവും അനുസ്മരണവും സജീവമാകുന്ന അവസരമായിരുന്നു സാബത്ത്.
പഴയനിയമത്തില്‍ ദൈവം തന്റെ സൃഷ്ടികര്‍മ്മം ആരംഭിക്കുന്നത് ആഴ്ചയുടെ ആദ്യദിനമായ ഞായറാഴ്ചയല്ലേ? സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയ ദൈവം വിശ്രമിച്ചത് ഏഴാം ദിവസമായ ശനിയാഴ്ചയും. പിന്നെന്തിനാണ് മിശിഹാനുയായികള്‍ ഞായറാഴ്ച ജോലിയില്‍ നിന്നകന്ന് വിശ്രമിക്കുന്നത്? ശനിയാഴ്ചയ്ക്കു പകരം ഞായറാഴ്ചയെ കര്‍ ത്താവിന്റെ ദിവസമായി കണക്കാക്കുന്നത്?
ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ തുടക്കം ഞായറാഴ്ചയാണെന്നതും സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയ ദൈവം വിശ്രമിച്ച ദിനം ശനിയാഴ്ചയാണെന്നതും പഴയനിയമ ചരിത്രത്തില്‍ നാം കാണുന്നുവെന്നതു ശരിതന്നെ. പഴയനിയമജനത-യഹൂദര്‍ – ഇപ്പോഴും സാബത്തായി, കര്‍ത്താവിന്റെ ദിവസമായി ആചരിക്കുന്നത് ശനിയാഴ്ചതന്നെയാണ്. എന്നാല്‍ യഹൂദമതത്തില്‍നിന്നും മാറി പുതിയനിയമത്തിലുള്ള, മിശിഹായിലുള്ള വിശ്വാസത്തിലേയ്ക്ക് കടന്നുവന്ന മിശിഹാനുയായികള്‍ ശ്ലീഹന്മാരുടെ കാലം മുതല്‍ കര്‍ത്താവിന്റെ ദിവസമായി സ്വീകരിച്ചത് ഞായറാഴ്ചയായിരുന്നു. അതിനു പ്രത്യേകമായ കാരണങ്ങളുമുണ്ട്.
1. മിശിഹാരഹസ്യത്തിന്റെ കേന്ദ്രമായ മിശിഹായുടെ ഉത്ഥാനം സംഭവിച്ചത് ഞായറാഴ്ചയായിരുന്നു. വിശ്വാസത്തിന്റെ കേന്ദ്രമായ ഉയിര്‍പ്പുതിരുനാള്‍ ആണ്ടുവട്ടത്തില്‍ ഒരിക്കല്‍ മാത്രമായി ഒതുക്കാതെ ആഴ്ചതോറും മടങ്ങിവരുന്ന ഉയിര്‍പ്പുതിരുനാള്‍ദിനമായി, ശ്ലീഹന്മാരും ആദിമസഭയും ഞായറാഴ്ച ആഘോഷിച്ചു.
2. ആദ്യസൃഷ്ടിക്ക് മിശിഹായിലുള്ള പൂര്‍ത്തീകരണവും പുതിയ സൃഷ്ടിയുടെ ഉദയവും (നമ്പര്‍ 24) ആഘോഷിക്കുന്ന ദിനമാണ് പുതിയനിയമത്തിലെ ഉയിര്‍പ്പുതിരുനാള്‍ ദിനം. അതായത് പാപത്താല്‍ മലിനമാക്കപ്പെട്ട ആദ്യസൃഷ്ടിയായ മനുഷ്യന്റെ സ്ഥാനത്ത്, പൂര്‍ണ്ണനായ ഏകമനുഷ്യന്‍ മിശിഹാ മനുഷ്യത്വത്തിന്റെ പൂര്‍ണ്ണതയില്‍ ജീവിച്ച് മനുഷ്യത്വത്തെ നിത്യജീവനിലേയ്ക്ക് ഉയര്‍ത്തിയ ദിവസം.
3. കൃതജ്ഞതാനിര്‍ഭരമായ ആരാധനയോടെ ലോകത്തിന്റെ ആദ്യദിനത്തെ അനുസ്മരിപ്പിക്കുന്ന ദിവസം. സൃഷ്ടിയില്‍ എല്ലാം ശുദ്ധവും നന്മനിറഞ്ഞതും നല്ലതുമായിരുന്നു. മിശിഹായിലൂടെ പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ആദിമ പരിശുദ്ധിയെ നോക്കിക്കണ്ട് ദൈവത്തെ ആരാധിക്കുന്നതിനുള്ള അവസരമാണ് ആദ്യസൃഷ്ടിയുടെയും പുതിയ സൃഷ്ടിയുടെയും ദിനമായ ഞായര്‍.
4. മിശിഹാ മഹത്ത്വത്തില്‍ വരുകയും സര്‍വ്വതും നവീകരിക്കുകയും ചെയ്യുന്ന അന്തിമദിനത്തെ സജീവമായ പ്രത്യാശയോടെ ഉറ്റുനോക്കുന്ന ദിനമാണ് ഞായര്‍.
പുതിയനിയമത്തില്‍ ഞായറാഴ്ചദിവസം നടന്നതായി എടുത്തുപറയുന്ന സംഭവങ്ങള്‍ ഏവയെന്നു വ്യക്തമാക്കാമോ?
മിശിഹായുടെ ഉയിര്‍പ്പും ഉത്ഥാനാനന്തരമുള്ള മറ്റു പ്രധാന മിശിഹാസംഭവങ്ങളും ഞായറാഴ്ച നടന്നതായിട്ടാണ് വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തിയിരിക്കുന്നത്. അവ താഴെപ്പറയുന്നവയാണ്.
1. സുവിശേഷങ്ങളില്‍ കാണുന്ന പൊതുവായ സാക്ഷ്യമനുസരിച്ച് ഈശോയുടെ ഉത്ഥാനം ”സാബത്തിനു (ശനി) ശേഷമുള്ള ആദ്യദിവസം (ഞായര്‍) സംഭവിച്ചു (മര്‍ക്കോ. 16:2; ലൂക്കാ. 24:1; യോഹ. 20:1).
2. ഉത്ഥിതനായ കര്‍ത്താവ് അവന്‍ ഉത്ഥാനം ചെയ്ത ദിവസംതന്നെ എമ്മാവൂസിലേയ്ക്കു പോയ രണ്ടു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. (ലൂക്കാ. 24:13, 35).
3. ഉയിര്‍പ്പുദിനത്തില്‍തന്നെ ഒന്നിച്ചുകൂടിയിരുന്ന പതിനൊന്നു ശ്ലീഹന്മാര്‍ക്ക് (ലൂക്കാ. 24:36; യോഹ. 20:15) കര്‍ത്താവ് പ്രത്യക്ഷപ്പെട്ടു.
4. ഉയിര്‍പ്പിനുശേഷമുള്ള എട്ടാംനാള്‍ ഞായറാഴ്ച ശിഷ്യന്മാര്‍ എല്ലാവരും ഒരുമിച്ചിരിക്കെ ഈശോ പ്രത്യക്ഷപ്പെട്ട് തോമ്മാശ്ലീഹായ്ക്ക് തന്റെ പീഢാനുഭവത്തി ന്റെ അടയാളങ്ങള്‍ കാണിച്ചുകൊടുത്തു.
5. ശിഷ്യന്മാരുടെമേല്‍ റൂഹാദ്ക്കുദ്ശാ ഇറങ്ങിവസിച്ച പന്തക്കുസ്താദിനം ഞായറാഴ്ചയായിരുന്നു.
6. ശ്ലീഹന്മാരില്‍ പ്രമുഖനായി ഈശോ തെരഞ്ഞെടുത്ത ശിമയോന്‍ കേപ്പായുടെ ആദ്യപ്രഘോഷണവും അതേത്തുടര്‍ന്നുള്ള വിശ്വാസികളുടെ മാമ്മോദീസാ സ്വീകരണവും പന്തക്കുസ്താ ഞായറില്‍ തന്നെയായിരുന്നു.
7. സഭയുടെ ഉദ്ഘാടനദിവസമായിരുന്നു പന്തക്കുസ്താ ദിനമായ, ആദ്യമാമ്മോദീസാ ദിനമായ ഞായര്‍.
8. ആദിമസഭയിലെ വിശ്വാസികള്‍ അപ്പം മുറിക്കലിനും ദൈവവചനശ്രവണത്തിനും കൂട്ടായ്മയ്ക്കുമായി ഒന്നിച്ചുകൂടിയിരുന്നത് സാബത്തിനുശേഷമുള്ള ആദ്യദിനമായ ഞായറാഴ്ചയായിരുന്നു.
9. വെളിപാടുപുസ്തകം ആഴ്ചയുടെ ഒന്നാം ദിവസത്തെ കര്‍ത്താവിന്റെ ദിവസം എന്നു വിളിക്കുന്നു. (1:10).
തിരക്കേറിയ അനുദിനജീവിതസാഹചര്യങ്ങളില്‍ ഒരു ദിവസം മുഴുവന്‍ ജോലിചെയ്യാതെ നഷ്ടപ്പെടുത്തുന്നത് വലിയ സമയനഷ്ടമല്ലേ? ആറുദിവസ ത്തെ ജോലിഭാരം കുറയ്ക്കാന്‍ ഞായറാഴ്ചകൂടി ജോലി ചെയ്തുകൂടേ?
കര്‍ത്താവിന്റെ ദിവസം ഞായറാഴ്ച വിശ്രമത്തിനും കര്‍ത്താവിനും സഹോദരങ്ങള്‍ക്കുമായി സമയം ചെലവഴിക്കുവാനുമായി നീക്കിവയ്ക്കുന്നത് സമയനഷ്ടമല്ല. മറിച്ച് സമയത്തിന്റെ ശരിയായ വിനിയോഗമാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇപ്രകാരം പറയുന്നു: ”നിങ്ങളുടെ സമയം മിശിഹായ്ക്കു കൊടുക്കുവാന്‍ ഭയപ്പെടേണ്ടാ! അതേ, നമുക്കു നമ്മുടെ സമയത്തെ മിശിഹായ്ക്കായി തുറന്നുകൊടുക്കാം. അവിടുന്ന് അതില്‍ പ്രകാശം ചൊരിയുന്നതിനും അതിനെ നയിക്കുന്നതിനും വേണ്ടി അപ്രകാരം ചെ യ്യാം…. മിശിഹായ്ക്കു നല്‍കപ്പെടുന്ന സമയം ഒരിക്കലും നഷ്ടപ്പെട്ട സമയമല്ല, പിന്നെയോ നേടിയ സമയമാണ്; നമ്മുടെ ബന്ധങ്ങളും യഥാര്‍ത്ഥത്തില്‍ നമ്മുടെ മുഴുവന്‍ ജീവിതവും കൂടുതല്‍ ആഴത്തില്‍ മാനുഷികമായിത്തീരുന്നതിനുവേണ്ടി നേടിയ സമയം”(നമ്പര്‍ 7).
ഞായറാഴ്ചദിവസം പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചതിനുശേഷമുള്ള സമയം എപ്രകാരം ഫലപ്രദമായി വിനിയോഗിക്കാം?
മിശിഹായുടെ ശിഷ്യന്മാര്‍ ജീവന്റെ അപ്പമായ പരി. കുര്‍ബാന സ്വീകരിച്ചുകൊണ്ട് മിശിഹായുടെയും അവിടുത്തെ റൂഹാദ്ക്കുദ്ശായുടെയും ശക്തിയോടെ തങ്ങളുടെ അനുദിന ജീവിതത്തിലെ കടമകള്‍ ഏറ്റെടുക്കുവാന്‍ തങ്ങളെത്തന്നെ ഒരുക്കുന്ന ദിനമാണ് ഞായര്‍. തങ്ങള്‍ ചെയ്തതിന്റെ അര്‍ത്ഥം എന്താണെന്നു മനസ്സിലാക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം കുര്‍ബാനയാഘോഷം ദൈവാലയ കവാടത്തില്‍ വച്ച് അവസാനിക്കുന്നില്ല. തിരുവുത്ഥാനത്തിന്റെ പ്രഥമ സാക്ഷികളെന്നപോലെ, ഉത്ഥിതനായ മിശിഹായുടെ സാന്നിധ്യത്തെ അനുഭവിക്കാനും തങ്ങളുടെ അനുദിനജീവിതത്തില്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും ഓരോ ഞായറാഴ്ചയും സമ്മേളിക്കുന്ന വിശ്വാസികളുടെ സമൂഹം വിളിക്കപ്പെട്ടിരിക്കുന്നു.
പരി. കുര്‍ബാന ഏറ്റം ഉദാത്തമായ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സംഭവവും പദ്ധതിയുമാണെന്നതിനാല്‍ പരി. കുര്‍ബാനയില്‍നിന്നും ലഭിക്കുന്ന സ്‌നേഹത്തിന്റെ നീരുറവയാണ് ഓരോ വ്യക്തിയും മറ്റുള്ളവര്‍ക്കായി പകര്‍ന്നുനല്‍കേണ്ടത്.
പരി. കുര്‍ബാന വിശ്വാസിക്ക് പകര്‍ന്നുനല്‍കുന്നത് അമ്മയായ സഭയാണ്. അതിനാല്‍തന്നെ അനാഥത്വത്തിന്റെ തെരുവിലിരുന്ന് വിലപിക്കുന്നവരെപ്പോലെയാകാതെ അമ്മയുടെ മടിത്തട്ടിലിരുന്ന് സനാഥത്വത്തിന്റെ സന്തോഷവും അമ്മയുടെ വാത്സല്യവും സ്‌നേഹവും നുകരുവാന്‍ ആദ്യമായിത്തന്നെ ഓരോ വിശ്വാസിക്കും കഴിയണം.
താന്‍ സഭയുടെ മകനാണ്, മകളാണ് എന്ന തിരിച്ചറിവിലേയ്ക്ക് കടന്നുവരുന്ന ഓരോ വിശ്വാസിയും തന്റെ ചുറ്റുപാടുമുള്ളവരെ സഹോദരങ്ങളായി, സഭയുടെ മക്കളായി കാണുന്ന തിരിച്ചറിവിലേയ്ക്കു കടന്നുവരണം. ഞായറാഴ്ചയുടെ സന്തോഷവും വിശ്രമവും തനിക്കുമാത്രമുള്ളതല്ല എന്ന അവബോധം വിശ്വാസിക്കുണ്ടാകണം. തന്റെ സഹായം ആവശ്യമുള്ളവരുണ്ടോ എന്നറിയുവാനായി ചുറ്റും നോക്കണം. തന്റെ അയല്‍പക്കത്തോ, അറിയുന്നവരുടെയിടയിലോ രോഗികളോ, വൃദ്ധരോ, കുട്ടികളോ, പരദേശികളോ സഹായം ആവശ്യമുള്ള മറ്റാരെങ്കിലുമോ ഉണ്ടായിരിക്കാം. തീവ്രമായ ഏകാന്തതയും ആവശ്യങ്ങളും ദുരിതവും അനുഭവിക്കുന്ന അവര്‍ക്കുവേണ്ടി ഞായറാഴ്ചദിവസം മാറ്റിവയ്ക്കുവാന്‍ സാധിക്കണം.
ഇപ്രകാരം ജീവിച്ചാല്‍ ഞായറാഴ്ചകുര്‍ബാന മാത്രമല്ല, ഞായറാഴ്ച ദിവസം മുഴുവനും സ്‌നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ഒരു മഹാപാഠശാലയായിത്തീരും.
ഞാന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലെ ഒരു ഡ്രൈവറാണ്. ഞായറാഴ്ചദിവസം പരി. കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ജോലിത്തിരക്കുമൂലം എനിക്കു സാധിക്കുന്നില്ല. എന്നെപ്പോലെതന്നെ ജീവസന്ധാരണത്തിനായി ഞായറാഴ്ചദിവസങ്ങളിലും ജോലിചെയ്യേണ്ടിവരുന്ന അനേകം ആളുകളുണ്ട്. ഞങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ എന്തുചെയ്യാനാവുമെന്ന് നിര്‍ദ്ദേശിക്കാമോ?
ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, തങ്ങളുടെ വിശ്വാസത്തിന്റെ ആവശ്യങ്ങളനുസരിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന പലരും പ്രയാസങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ നേരിടുന്നു. അവ വിശ്വാസികളെ കീഴടക്കാതിരിക്കണമെങ്കില്‍ മെസയാനികസമൂഹത്തിന്റെ പിന്തുണയില്‍ അവര്‍ ആശ്രയിക്കണം.
”മെസയാനിക സമൂഹത്തിന്റെ പിന്തുണയില്‍ അവര്‍ ആശ്രയിക്കണം” എന്ന് മാര്‍പ്പാപ്പ പറയുമ്പോള്‍ സഭയെയും സഭയിലെ എല്ലാ ശുശ്രൂഷകളേയുമാണ് ഉദ്ദേശിക്കുന്നത്. ആയതിനാല്‍ ഞായറാഴ്ച പരി. കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ ഗൗരവപൂര്‍ണ്ണമായ തടസ്സമുള്ളവര്‍ തങ്ങളുടെ ഇടവകയിലെ വികാരിയച്ചനെ സമീപിച്ച് വിവരം ധരിപ്പിക്കുക. അദ്ദേഹം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊള്ളും. കാര്യങ്ങള്‍ ക്രമീകരിച്ചുകൊള്ളും.
കൂടാതെ, ഞായറാഴ്ചകളില്‍ വീടുകളില്‍ നിന്ന് അകലെയായിരിക്കുന്നവര്‍, അവര്‍ ആയിരിക്കുന്നിടത്തുള്ള സമൂഹത്തെ, വ്യക്തിപരമായ സാക്ഷ്യംകൊണ്ട് സമ്പന്നമാക്കിക്കൊണ്ട് അവിടെ പരി. കുര്‍ബാനയില്‍ സംബന്ധിക്കണം(നമ്പര്‍ 49). ഞായറാഴ്ചദിവസവും ജോലിചെയ്യേണ്ടിവരുന്നവര്‍ ജോലിയുടെ ഇടവേളകളിലോ, ജോലിക്കുമുമ്പോ (ജാഗരണകുര്‍ബാന) ജോലിക്കുശേഷമോ ഇനി അതും സാധിക്കുന്നില്ലെങ്കില്‍ വികാരിയച്ചന്റെ നിര്‍ദ്ദേശത്തിന്‍കീഴില്‍ ഇടദിവസങ്ങളിലോ പരിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കേണ്ടതാണ്.