ചങ്ങനാശേരിയും സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപനവും

0
1126

വികാരിയാത്തുകളില്‍നിന്ന് ഹയരാര്‍ക്കിയിലേയ്ക്ക്
സീറോമലബാര്‍ സഭയുടെ വികാരിയാത്തു സ്ഥാപനത്തിനുശേഷമുള്ള ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന വത്തിക്കാന്‍ രേഖകളുമായി ഒരു പുതിയ ഗ്രന്ഥം മാര്‍ത്തോമ്മാ വിദ്യാനികേതന്‍ 2014 -ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (Paul Pallath, Constitution of Syro-Malabar Hierarchy, A Documental Study, HIRS, Changanacherry 2014). വത്തിക്കാന്‍ ആര്‍ക്കൈവുകളില്‍ നിന്ന് 70 വര്‍ഷം കഴിഞ്ഞ രേഖകള്‍ പഠനവിഷയങ്ങള്‍ക്കായി തുറന്നുകൊടുക്കാറുണ്ട്. ഈ അനുകൂല സാഹചര്യം ഉപയോഗിച്ചുള്ള ഒരു ഗവേഷണപഠനമാണ് മോണ്‍. പോള്‍ പള്ളത്ത് നടത്തിയിരിക്കുന്നത്.
ഒരു പ്രദേശത്തുള്ള സഭയുടെ ഭരണനിര്‍വ്വഹണത്തിനു സഹായകരമായ ഒരു താല്ക്കാലിക സംവിധാനം മാത്രമാണ് വികാരിയാത്ത്. പ്രത്യേക സ്ഥലപരിധി നിര്‍ണ്ണയിച്ച് അവകാശാധികാരങ്ങളോടുകൂടി പൂര്‍ണ്ണ ഭരണസംവിധാനമാകുന്നത് ഹയരാര്‍ക്കി സ്ഥാപനത്തോടുകൂടി മാത്രമാണ്. എന്നാല്‍ ഭാരതത്തില്‍ തനതായ ഒരു സമ്പൂര്‍ണ്ണ ഭരണസമ്പ്രദായമുണ്ടായിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഹയരാര്‍ക്കി 1599 ലെ ഉദയംപേരൂര്‍ സൂനഹദോസുകൂടി അമര്‍ച്ചചെയ്ത ശേഷം അവര്‍ 1653 മുതല്‍ പോര്‍ട്ടുഗീസ് പദ്രുവാദോ യുടെയും (രക്ഷാധികാരം) റോമിലെ വിശ്വാസപ്രചാരണ കാര്യാലയത്തിന്റെ നേതൃത്വത്തിലുള്ള മലബാര്‍ (വരാപ്പുഴ വികാരിയാത്ത്) ന്റെയും കീഴില്‍ ഒന്നിച്ചും മാറിമാറിയും ഭരിക്കപ്പെട്ടുപോന്നു. ഈ അവസ്ഥയ്ക്കു ശാശ്വത പരിഹാരമായാണ് 1887 മെയ് 20 ന് നമ്മുടെ സഭയെ വരാപ്പുഴ ലത്തീന്‍ അതിരൂപതയില്‍നിന്നും വേര്‍പെടുത്തി രണ്ട് വികാരിയാത്തുകളായി രൂപവത്ക്കരിച്ചത്. അതുകൊണ്ട് സീറോമലബാര്‍ സഭയിലെങ്ങും അനുസ്മരിക്കപ്പെടേണ്ട ഒരു സഭാത്മക സ്വാതന്ത്ര്യ പ്രഖ്യാപനദിനമായി ഈ ദിവസത്തെ കണക്കാക്കാം. തുടര്‍ന്ന് 1836 ജൂലൈ 28 ന് ഈ പ്രഥമ വികാരിയാത്തുകളെ മൂന്നു വികാരിയാത്തുകളായി പുനഃസംഘടിപ്പിച്ചെങ്കിലും താല്ക്കാലിക സംവിധാനമായ വികാരിയാത്തില്‍നിന്നും പൂര്‍ണ്ണ ഹയരാര്‍ക്കിയിലേയ്ക്ക് എത്തിച്ചേരാന്‍ നീണ്ട 36 സംവത്സരങ്ങള്‍ കാത്തുനില്‌ക്കേണ്ടിവന്നു. എന്നാല്‍ 1930 ല്‍ പുനരൈക്യപ്പെട്ട സീറോ മലങ്കര സഭയ്ക്ക് കേവലം രണ്ടുവര്‍ഷങ്ങള്‍ക്കൊണ്ട് ഹയരാര്‍ക്കിക്കല്‍ അംഗീകാരം ലഭിക്കുകയുണ്ടായി. സ്വസഭയുടെ ആരാധനക്രമ – ഭരണ നിര്‍വ്വഹണ പാരപമ്പര്യങ്ങളില്‍ ആഭ്യന്തരമായി യാതൊരു അനിശ്ചിതത്വമോ പ്രശ്‌നങ്ങളോ ഇല്ലായിരുന്ന ആ ചെറിയ അജഗണം നന്നായി പഠിച്ചൊരുങ്ങി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെപ്പോലെയായിരുന്നു. അവരുടെ വിജയപ്രഖ്യാപനം നടത്താന്‍ റോമന്‍ നേതൃത്വത്തിനു യാതൊരു സാവകാശവും വേണ്ടിവന്നില്ല.

സഭയുടെ പ്രശംസനീയമായ വളര്‍ച്ച
എന്നാല്‍ ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകളായുള്ള പാശ്ചാത്യവത്ക്കരണവും തുടര്‍ന്നുള്ള സ്വയം ലത്തീനികരണവും, പ്രാദേശിക-വംശീയ കിടമത്സരങ്ങളും ഒക്കെ സഭയുടെ ഹയരാര്‍ക്കി സ്ഥാപനം വൈകിപ്പിക്കുകയാണുണ്ടായത്. മറുവശത്ത്, മടിച്ചുമടിച്ചാണെങ്കിലും അനുവദിച്ച വികാരിയാത്തുകള്‍ക്കുണ്ടായ ചടുലമായ പുരോഗതിയും സഭയുടെ പൊതുവായ വളര്‍ച്ചയും കണ്ടപ്പോള്‍ മെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കുറിച്ചുള്ള മതിപ്പ് സഭാധികാരികള്‍ക്കു കൂടിവരുന്നതായി രേഖകളില്‍ കാണാം.
ഉദാഹരണമായി, സീറോമലബാര്‍ സഭയുടെ ചുമതലയുള്ള ഈസ്റ്റ് ഇന്‍ഡീസിന്റെ അപ്പസ്‌തോലിക് ഗലിഗേറ്റായിരുന്ന മോണ്‍ ലദിസ്ലോവോ സലേസ്‌കി 1896 ല്‍ സഭയ്ക്ക് നാട്ടുമെത്രാന്മാരെ നിയമിക്കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയും റോം നിര്‍ദ്ദേശിച്ചിട്ടുപോലും ഈ സഭയില്‍ മെത്രാനാകാന്‍ യോഗ്യരായ ആരുമില്ലെന്നു കരുതി ആരുടെയും പേരു നിര്‍ദ്ദേശിക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. നാട്ടുമെത്രാന്മാര്‍ ഇന്ത്യയിലെ കത്തോലിക്കാസഭയുടെ സര്‍വ്വനാശത്തിന് കാരണമാകും എന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ 1908 ഡിസംബര്‍ 5 ന് റോമിനെഴുതുന്ന കത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം പൂര്‍ണ്ണമായും മാറിമറിയുന്ന കാഴ്ചയാണ് നാം കാണുന്ന്. കാരണം, 1896 മുതല്‍ നാട്ടുമെത്രാന്മാരുടെ നേതൃത്വത്തില്‍ സഭയ്ക്കുണ്ടായ പുരോഗതി അദ്ദേഹത്തെ അമ്പരപ്പിച്ചു. തന്റെ മേലന്വേഷണ സീമയിലെ (ശ്രീലങ്ക, ഇന്ത്യ) ഒന്നാം റാങ്കില്‍പ്പെട്ടവയാണ് മൂന്നു സുറിയാനി വികാരിയാത്തുകള്‍ എന്ന് അദ്ദേഹം എഴുതി. കത്തോലിക്കരുടെ എണ്ണത്തിലും ഇടവകസംവിധാനത്തിലും അവര്‍ മികച്ചുനില്‍ക്കുന്നു. ഇടവകകള്‍ യൂറോപ്പിലെ പള്ളികള്‍പോലെ അച്ചടക്കവും സ്വയംപര്യാപ്തതയുള്ളതുമാണ്. വൈദികര്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരും; വിജ്ഞാനദാഹികളായ അവര്‍ക്ക് സ്വന്തമായി പുസ്തകശേഖരമുള്ളവരാണെന്നും അദ്ദേഹം എഴുതി. തുടര്‍ന്ന് ജനങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി: ”ജനങ്ങള്‍ക്ക് മാതൃകാപരമായ ഭക്തിയുണ്ട്. സ്ത്രീജനങ്ങള്‍ വിശുദ്ധകളാണ്; അവര്‍ കുഞ്ഞുങ്ങളെ ദൈവഭയത്തില്‍ വളര്‍ത്തുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേദപാഠം നന്നായി അറിയാം. സംസാരിക്കാനറിയാത്ത കൊച്ചുകുഞ്ഞുങ്ങള്‍ക്കുവരെ കുരിശുവരക്കാനറിയാം”. സഭയുടെ വളര്‍ച്ചയെക്കുറിച്ചുള്ള തന്റെ 18 വര്‍ഷത്തെ അനുഭവം വെച്ചുകൊ ണ്ട് ഈ സഭയ്ക്ക് എത്രയും വേഗം ഹയരാര്‍ക്കിക്കല്‍ അംഗീകാരം നല്കണമെന്ന് അദ്ദേഹം റോമിനോട് അഭ്യര്‍ത്ഥിച്ചു.

1923 നവംബര്‍ 12 ന് അന്നത്തെ അപ്പസേ്താലിക് ഡെലിഗേറ്റ് പിയത്രോ പിസാനി ഹയരാര്‍ക്കി സ്ഥാപനത്തെപ്പറ്റിയുള്ള തന്റെ അന്തിമ നിരീക്ഷണങ്ങളിലും സമാന അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. 1921 ജൂലൈയില്‍  തൃശ്ശൂര്‍ വികാരി അപ്പസ്‌തോലിക്കായുടെ മെത്രാഭിഷേക ശേഷം മറ്റു മലബാര്‍ വികാരിയാത്തുകളും സന്ദര്‍ശിച്ചശേഷം ബോംബെ മെത്രാപ്പോലീത്താ ഇങ്ങനെ പറഞ്ഞു: ”വിശ്വാസത്തിന്റെയും ഭക്തിയുടെയും ഇത്രയും മഹത്തായ പ്രകടനം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ബോംബെയിലേയ്ക്ക് തിരിച്ചുപോകാന്‍ എനിക്ക് ലജ്ജതോന്നുന്നു”. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കാന്‍ഡി സെമിനാരി റെക്ടര്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തി: ”വൈദികരുടെയും വിശ്വാസികളുടെയും ഇത്രയും ഹൃദയഹാരിയായ സമ്മേളനങ്ങള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ വളരെ ചുരുക്കമായേ കണ്ടിട്ടുള്ളൂ; ഞാന്‍ ബെല്‍ജിയത്തായിരിക്കുന്നതുപോലെ തോന്നുന്നു”.

ഹയരാര്‍ക്കി സ്ഥാപനത്തിന് വേണ്ട ആരാധനക്രമ – കാനന്‍ നിയമ അടിസ്ഥാനം
കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും സഭയ്ക്കാവശ്യമായ ആരാധനക്രമ ഗ്രന്ഥങ്ങളും വ്യക്തമായ നിയമങ്ങളും പുനരുദ്ധരിച്ചു നല്കിയതിനുശേഷം  മാത്രമേ ഹയരാര്‍ക്കിക്കല്‍ അംഗീകാരം നല്കാവൂ എന്ന വരാപ്പുഴ മെത്രാപ്പോലീത്തായുടെ പരിണിതപ്രജ്ഞവും പ്രസക്തവുമായ അഭിപ്രായത്തിന്മേല്‍ വീണ്ടും ഹയരാര്‍ക്കി സ്ഥാപനം നീണ്ടുപോയി. ഇതനുസരിച്ച് സഭയുടെ പൊന്തിഫിക്കല്‍ ക്രമത്തിന്റെയും (ലത്തീനില്‍നിന്ന് സുറിയാനിയിലേയ്ക്ക്?) ഉദയംപേരൂര്‍ സൂനഹദോസ് അടിസ്ഥാനമിട്ട നിയമങ്ങളെ കാലോചിതമായി അനുരൂപപ്പെടുത്തിയ പ്രത്യേക നിയമങ്ങള്‍ വെച്ച് ഒരു സിനഡല്‍പ്രവര്‍ത്തനപദ്ധതിയുടെയും കരടുരേഖ റോമിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ വികാരി അപ്പസ്‌തോലിക്കമാര്‍ക്കു നിര്‍ദ്ദേശം നല്കണമെന്ന് പൗരസ്ത്യകാര്യാലയം മോണ്‍. സലേസ്‌കിക്ക് 1909 ആഗസ്റ്റ് 26 ന് നിര്‍ദ്ദേശം കൊടുക്കുകയുണ്ടായി. ഈ നിര്‍ദ്ദേശത്തിനു പ്രതീക്ഷിച്ച ഫലം കണ്ടില്ലെങ്കി ലും സഭയിലാകമാനമുള്ള അച്ചടക്കത്തിന്റെയും പുരോഗതിയുടെയും പേരില്‍ ഹയരാര്‍ക്കി സ്ഥാപനം ഒരു യഥാര്‍ത്ഥ സ്വപ്നമായി തെളിഞ്ഞുവന്നു.

മെത്രാപ്പോലീത്തന്‍ ആസ്ഥാനം ചങ്ങനാശേരിയിലോ എറണാകുളത്തോ?
വൈദികരുടെ കത്തുകള്‍
ഹയരാര്‍ക്കി സ്ഥാപനത്തിന്റെ സാ ദ്ധ്യതകളെക്കുറിച്ചുള്ള ചിന്തകള്‍ വൈദികരിലും എത്തിയതിന്റെ ഫലമായി ചങ്ങനാശേരി വികാരിയാത്തിലെ വൈദികര്‍ 1920 നവംബര്‍ 17 -ന് എഴുതിയ കത്തില്‍ സഭയില്‍ പുലരുന്ന സമാധാനവും പുരോഗതിയും പരിഗണിച്ച് ഉടന്‍തന്നെ ഹയരാര്‍ക്കി സ്ഥാപിക്കണമെന്നും അത് ചങ്ങനാശേരിയിലോ, എറണാകുളത്തോ, തൃശ്ശൂരോ ആകാമെന്നും എന്നാല്‍ നേതൃസ്ഥാനം തെക്കുംഭാഗക്കാര്‍ക്കായുള്ള കോട്ടയം വികാരിയാത്തിന്റെ മേലദ്ധ്യക്ഷനു നല്കരുതെന്നും ആവശ്യപ്പെട്ടു. എറണാകുളം വികാരിയാത്തിലെ വൈദികരുടെ കത്തിലാകട്ടെ, നാട്ടുമെത്രാന്മാരെ ലഭിച്ചതിനുശേഷം സഭയ്ക്കുമുഴുവനും, പ്രത്യേകിച്ച് മാര്‍ ളൂയിസ് പഴേപറമ്പിലിന്റെ നേതൃത്വത്തില്‍ എറണാകുളം വികാരിയാത്തിനും ഉണ്ടായ അഭിവൃദ്ധിയെ എടുത്തുപറഞ്ഞുകൊണ്ട് സഭയില്‍ ഐക്യത്തോടുകൂടെ കൂടുതല്‍ പുരോഗതി ഉണ്ടാകാന്‍ വേണ്ടി ”സീറോ കല്ദായ മലബാര്‍” എന്ന പേരിലുള്ള ഹയരാര്‍ക്കി സ്ഥാപിക്കണമെന്ന് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഹയരാര്‍ക്കിയുടെ ആസ്ഥാനം എവിടെ വേണമെന്ന് കത്തില്‍ പരാമര്‍ശിക്കുന്നില്ല.

പാത്രിയാര്‍ക്കല്‍ പദവിയിലുള്ള മെത്രാപ്പോലീത്തായ്ക്കുവേണ്ടി വികാരി അപ്പസ്‌തോലിക്കമാര്‍
1920 ഏപ്രില്‍ 20 ന് സീറോമലബാര്‍ വികാരി അപ്പസ്‌തോലിക്കാമാര്‍ പൗരസ്ത്യ കാര്യാലയത്തിനു നല്കിയ അപേക്ഷയില്‍ ഹയരാര്‍ക്കി സ്ഥാപനത്തിനു തടസ്സമായി നില്‍ക്കുന്ന ആരാധനക്രമ ഗ്രന്ഥ-നിയമ ക്രോഡീകരണത്തിനുള്ള നടപടികള്‍ നടന്നുവരുന്നുവെന്നും കുറഞ്ഞപക്ഷം ലത്തീന്‍ പൊന്തിഫിക്കലെങ്കിലും സുറിയാനിയില്‍ അനുവദിച്ചുതരണമെന്നും പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കാനന്‍ നിയമം തയ്യാറായെങ്കില്‍ അവയുടെ കോപ്പികള്‍ നല്‍കിയാല്‍ അതോടൊപ്പം തങ്ങളുടെ ആചാരങ്ങളും നടപടികളും ചേര്‍ത്ത് സീറോമലബാര്‍ കാനന്‍ നിയമം പ്രസിദ്ധീകരിക്കാമെന്നും എന്നാല്‍ അതിനു കാലവിളംബം വരുന്നതുവരെ കാത്തിരിക്കാതെ തദ്ദേശിയ വികാരി അപ്പസ്‌തോലിക്കാമാരെ നല്കിയതിന്റെ 25 -ാം വാര്‍ഷികത്തിലെങ്കിലും ഹയരാര്‍ക്കി അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടു. ഹയരാര്‍ക്കി സ്ഥാപിക്കുമ്പോള്‍ മറ്റു പൗരസ്ത്യ സഭകള്‍ക്കുള്ളതുപോലെ ഞങ്ങളുടെ മെത്രാപ്പോലീത്തായ്ക്ക് പാത്രിയര്‍ക്കീസ് പദവി നല്കണമെന്നും ഈ സംയുക്ത അപേക്ഷ നിര്‍ദ്ദേശിക്കുന്നുണ്ട്.

ആസ്ഥാനം ചങ്ങനാശേരിയില്‍ വേണമെന്ന് ഡെലിഗേറ്റ് പരി. സിംഹാസനത്തോട്
മെത്രാപ്പോലീത്തന്‍ ആസ്ഥാനം എവിടെയായിരിക്കണമെന്നുള്ള അന്വേഷണമാണ് പിന്നീട് നടന്നത്. 1916 ല്‍ അപ്പസ്‌തോലിക് ഡെലിഗേറ്റായി ചുമതലയേറ്റ പിയെത്രോ ഫുമസോണി ബിയോന്‍ഡി വിവിധ സാഹചര്യങ്ങളെ അപഗ്രഥിച്ചശേഷം ഹയരാര്‍ക്കിയുടെ ആസ്ഥാനം ചങ്ങനാശേരിയിലായിരിക്കണമെന്ന് മൈലാപ്പൂരില്‍നിന്നും 1918 ഡിസംബര്‍ 18 ന് അയച്ച കത്തില്‍ പരി. സിംഹാസനത്തോടു നിര്‍ദ്ദേശിച്ചു. തൃശ്ശൂരോ ചങ്ങനാശേരിയോ മെത്രാപ്പോലീത്തന്‍ സ്ഥാനത്തേയ്ക്കുയര്‍ത്തിയാല്‍ അതിന്റെ സാമന്തനായിരിക്കുന്നതില്‍ സന്തുഷ്ടനായിരിക്കുമോ എന്ന് താന്‍ മാര്‍ ളൂയിസ് പഴേപറമ്പിലിനോട് അന്വേഷിച്ചുവെന്നും പരി. സിംഹാസനത്തിന്റെ ഏതു തീരുമാനത്തിനും താന്‍ സസ്സന്തോഷം വിധേയനായിരിക്കുമെന്ന മറുപടി ലഭിച്ചെന്നും എന്നാല്‍, നവംബര്‍ 25 ന് (1918) അദ്ദേഹം അയച്ച കത്തില്‍ തന്റെ ആസ്ഥാനത്തെ മെത്രാപ്പോലീത്തന്‍ സിംഹാസനമാക്കണെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും അതിന്റെ കാരണങ്ങള്‍ അവതരിപ്പിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്. നിലവിലുള്ള സീറോമലബാര്‍ ഭൂപ്രദേശത്തിന്റെ മദ്ധ്യത്തിലായതുകൊണ്ട് എറണാകുളം ആസ്ഥാനമാക്കണമെന്നാണ് മാര്‍ ളൂയിസിന്റെ നിര്‍ദ്ദേശം. എന്നാല്‍ സാമന്ത രൂപതകളുടെ ഭരണത്തില്‍ മെത്രാപ്പോലീത്താ ഇടപെടാനോ, അവിടുത്തെ വൈദികരോ വിശ്വാസികളോ ആസ്ഥാനത്തേക്ക് കൂടെക്കൂടെ വരാനോ ആവശ്യമില്ലെന്ന് മോണ്‍. ബിയോന്‍ഡി നിരീക്ഷിക്കുന്നു. രണ്ടാമത്തെ വാദഗതി എറണാകുളം കൊച്ചിയുടെ തലസ്ഥാനമാണെന്നാണ്. ഇതിനു മറുപടിയായി അപ്പസ്‌തോലിക് ഡെലിഗേറ്റ് ഉന്നയിക്കുന്നത് വികാരിയാത്തുകളുടെ ഭരണാതിര്‍ത്തിയില്‍ കൂടുതല്‍ ഭാഗവും തിരുവിതാംകൂറിലാണെന്നും ഒരു കൊച്ചുരാജ്യമായ കൊച്ചിയുടെ ചരിത്രപരമായ തലസ്ഥാനം എറണാകുളമാണെങ്കിലും അതിന്റെ നിലവിലുള്ള തലസ്ഥാനം തൃശൂരാണെന്നും തൃശൂര്‍ സന്ദര്‍ശിച്ചവേളയില്‍ ദിവാന്‍തന്നെ ഈ കാര്യം തന്നോടുപറഞ്ഞിട്ടുണ്ടെന്നുമാണ്. എറണാകുളം നഗരത്തില്‍ അഞ്ഞൂറില്‍ താഴെ മാത്രം വിശ്വാസികളുള്ളപ്പോള്‍ തൃശ്ശൂരില്‍ 3697 ഉം  ചങ്ങനാശേരിയില്‍ പതിനായിരവുമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എറണാകുളവും തൃശ്ശൂരുമായി നോക്കുമ്പോള്‍ വികാരിയാത്ത് സ്ഥാപനത്തില്‍ തൃശ്ശൂരിനാണ് മുന്‍ഗണന. എറണാകുളത്ത് വളരെ ചെറിയ കത്തീഡ്രല്‍ മാത്രമുള്ളപ്പോള്‍ തൃശ്ശൂരില്‍ വലിയ കത്തീഡ്രലുണ്ട്; ചങ്ങനാശേരിയിലാകട്ടെ, ഏറ്റവും മികച്ചതും. മാത്രമല്ല, 4500 ലത്തീന്‍ കത്തോലിക്കരുള്ള എറണാകുളം നഗരമാണ് വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്റെ ആസ്ഥാനവും. തന്നെയുമല്ല, എറണാകുളം തൃശ്ശൂര്‍ വികാരി അപ്പോസ്തലിക്കാമാര്‍ തമ്മില്‍ ചില അസ്വാരസ്യങ്ങളുള്ളതായും ഡെലിഗേറ്റ് ചൂണ്ടിക്കാട്ടുന്നു.

ഇതെല്ലാം പരിഗണിച്ച് ചെറുനഗരമെങ്കിലും കൂടുതല്‍ സുറിയാനി കത്തോലിക്കര്‍ അധിവസിക്കുന്നതും, ബൃഹത്തും മനോഹരവുമായ കത്തീഡ്രലുള്ളതും സാമ്പത്തിക സുസ്ഥിതിയുള്ളതുമായ ചങ്ങനാശേരിയില്‍ മെത്രാപ്പോലീത്തന്‍ ആസ്ഥാനം സ്ഥാപിക്കണമെന്ന് ഡെലിഗേറ്റ് ആവശ്യപ്പെടുന്നു. കൂടാതെ, തിരുവിതാംകൂറിന്റെ ഭാഗമായ വരാപ്പുഴയിലെ മെത്രാന്‍ തന്റെ ആസ്ഥാനം കൊച്ചിരാജാവിന്റെ ഭരണത്തിലുള്ള എറണാകുളത്തേക്കു മാറ്റിയതില്‍ തിരുവിതാംകൂര്‍ മഹാരാജാവിന് അതൃപ്തിയുണ്ടായെന്നും തിരുവിതാംകൂറില്‍തന്നെ പുതിയ ആസ്ഥാനം സ്ഥാപിച്ചാല്‍ മഹാരാജാവു സന്തുഷ്ടനായിരിക്കുമെന്നും മോണ്‍. ബിയോന്‍ഡി എടുത്തുപറയുന്നുണ്ട്. മാത്രമല്ല, വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക മോണ്‍. അര്‍ഗിന്‍സോണിസും ചങ്ങനാശേരിയെയാണ് അനുകൂലിക്കുന്നതെന്നും അദ്ദേഹം എടുത്തുപറയുന്നു. ഈ തീരുമാനത്തില്‍ തൃശ്ശൂര്‍, എറണാകുളം വികാരി അപ്പസ്‌തോലിക്കാമാര്‍ ദുഃഖിതരായേക്കുമെങ്കിലും അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തതിനാല്‍ അത് പ്രശ്‌നമാകില്ലെന്നും വ്യക്തിതാല്പര്യങ്ങളെ നോക്കാതെ ഉചിതമായ തീരുമാനത്തില്‍ എത്തിച്ചേരണമെന്നും അദ്ദേഹം തന്റെ കത്തില്‍ ആവശ്യപ്പെടുന്നു.

ചങ്ങനാശേരിക്കുവേണ്ടി അപ്പ. ഡെലി. മോണ്‍. പിയത്രോ പിസാനിയും
അപ്പസ്‌തോലിക് ഡെലിഗേറ്റ് ബിയോന്‍ഡിയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റ പിയത്രോ പിസാനിയും (1919-1924) ചങ്ങനാശേരിയെ ഹയരാര്‍ക്കിയുടെ ആസ്ഥാനമാക്കണമെന്ന് പരി. സിംഹാസനത്തോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ബാംഗ്ലൂരില്‍നിന്നും 1922 ജൂലൈ 20 ന് അയച്ച കത്തില്‍ ചങ്ങനാശേരിക്ക് അനുകൂലമായി കൂടുതല്‍ ന്യായങ്ങള്‍ അദ്ദേഹം നിരത്തുന്നു. ചങ്ങനാശേരിയില്‍ മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട പ്രിപാരറ്ററി സെമിനാരി, മദ്രാസ് സര്‍വ്വകലാശാലയുടെ കീഴില്‍ ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള കത്തോലിക്കാ കോളേജ്, ലത്തീന്‍ രൂപതകളുള്‍പ്പെടെ ഇതര വികാരിയാത്തുകളെ അപേക്ഷിച്ച് പ്രൈമറി സ്‌കൂളുകളുടെയും വിദ്യാഭ്യാസ-സാമൂഹിക-സേവന-കാരുണ്യ സ്ഥാപനങ്ങളുടെ ബാഹുല്യം, സന്യാസിനികള്‍ക്കുവേണ്ടിയുള്ള ഇരുപതിലേറെ ഭവനങ്ങള്‍ എന്നിവയുണ്ടെന്നും എറണാകുളം, തൃശ്ശൂര്‍, വരാപ്പുഴ, കൊല്ലം മെത്രാന്മാരോടു ചോദിച്ചാല്‍ ചങ്ങനാശേരിയെത്തന്നെയായിരിക്കും അനുകൂലിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോണ്‍. സലേസ്‌കി: ആസ്ഥാനത്തിനു യോജ്യം എറണാകുളം
നമ്മുടെ സഭയ്ക്കു ”സീറോ മലബാര്‍” എന്ന പേര് നിര്‍ദ്ദേശിക്കുകയും പ്രഥമ വികാരിയാത്തുകള്‍ക്കും തുടര്‍ന്ന് നാട്ടുമെത്രാന്മാരുടെ നേതൃത്വത്തില്‍ മൂന്നു വികാരിയാത്തുകള്‍ക്കും രൂപം നല്‍കുകയും ചെയ്തതിനു ചുക്കാന്‍പിടിച്ച അപ്പോസ്തലിക് ഡെലിഗേറ്റായിരുന്ന മോണ്‍. ലഡിസ്ലാവോ മിഖേലേ സലേസ്‌കി (1892-1916) യുടെ അഭിപ്രായത്തെ റോം ഏറെ വിലമതിച്ചിരുന്നു. ഈസ്റ്റ് ഇന്‍ഡീസ് ഡെലിഗേറ്റ് പദവിയെത്തുടര്‍ന്ന് അദ്ദേഹത്തെ അന്ത്യോക്യയിലെ ലാറ്റിന്‍ പാത്രിയാര്‍ക്കല്‍ സ്ഥാനികപദവിയോടെ (1098 ല്‍ സ്ഥാപിതം) റോമിലെ മാതാവിന്റെ വലിയപള്ളി ആസ്ഥാനമാക്കി നിയമിച്ചിരുന്നു. മലബാര്‍ സഭയ്ക്ക് ഒരു ഹയരാര്‍ക്കി വേണമെന്ന ആശയം സമര്‍ത്ഥിച്ച് ആദ്യമായി പരി. സിംഹാസനത്തോട് അപേക്ഷിച്ചതും (1908 ല്‍) അദ്ദേഹമായിരുന്നു. സ്വാഭാവികമായും ഹയരാര്‍ക്കി സ്ഥാപനം ഏതാണ്ട് തീര്‍ച്ചയാക്കിക്കൊണ്ട് വത്തിക്കാന്‍ അദ്ദേഹത്തോടും അഭിപ്രായമാരാഞ്ഞു. 1922 ജൂണ്‍ 26 ന് ലഭിച്ച കത്തിനു തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം നല്കിയ ഹ്രസ്വവും കൃത്യവുമായ മറുപടി തന്റെ പിന്‍ഗാമികളുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു പത്തുവര്‍ഷംമുമ്പുതന്നെ ഹയരാര്‍ക്കി സ്ഥാപിക്കണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മെത്രാപ്പോലീത്തന്‍ സിംഹാസനം എറണാകുളമായിരിക്കണമെന്നു നിര്‍ദ്ദേശിച്ച അദ്ദേഹം അതിനു വ്യക്തമായ കാരണങ്ങള്‍ എടുത്തു നിരത്തി. എറണാകുളം വലിയ ഭാവിയുള്ള ഒരു നഗരമാണെന്നും, ഭാവിയില്‍ അത് ഇന്ത്യയിലെ ഏറ്റം വലിയ തുറമുഖങ്ങളിലൊന്നായി മാറുമെന്നും ഇപ്പോള്‍തന്നെ മലബാറിലെ മെട്രോപോളീറ്റന്‍ എന്നു വിളിക്കപ്പെടാവുന്നതാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. പ്രധാന നഗരങ്ങളിലെ (Metropolitan) മെത്രാനാണ് മെത്രാപ്പോലീത്തന്‍ പദവി നല്കുന്നതെന്ന സഭയുടെ അതിപുരാതന പാരമ്പര്യത്തെയാണ് അദ്ദേഹം ഇവിടെ അടിസ്ഥാനമാക്കുന്നത്. എറണാകുളം വളരുന്നതനുസരിച്ച് ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു രണ്ടാംതരം പട്ടണമാണ് തൃശ്ശൂരെന്നും അതിനെ പരിഗണിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. ചങ്ങനാശേരിയെക്കുറിച്ച് അദ്ദേഹത്തിന് ഒട്ടുംതന്നെ അഭിപ്രായമില്ല: ”ചങ്ങനാശേരി ഒരു അറിയപ്പെടാത്ത സ്ഥലമാണ്. ഞാന്‍ അവിടെ പോയപ്പോഴൊക്കെ മോശ മരുഭൂമിയിലെന്നപോലെ രണ്ടുമണിക്കൂറെങ്കിലും വഴിചുറ്റിയിട്ടേ അവിടെ ചെന്നെത്തിയിട്ടുള്ളൂ”. അതോടൊപ്പംതന്നെ തെക്കുംഭാഗക്കാര്‍ക്കായുള്ള കോട്ടയം വികാരിയാത്തിനെ സീറോമലബാര്‍ ഹയരാര്‍ക്കിയില്‍നിന്നും വേര്‍പെടുത്തി റോമിന്റെ കീഴില്‍ പ്രത്യേക രൂപതയാക്കണമെന്ന ആ രൂപതാദ്ധ്യക്ഷന്റെ വാദഗതികള്‍ ഒരിക്കലും സമ്മതിച്ചുകൊടുക്കരുതെന്നും അത് ദീര്‍ഘകാല കലഹങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും അനിഷേധ്യമാംവണ്ണം നയിക്കുമെന്നും തന്റെ കത്തില്‍ അദ്ദേഹം തുറന്നടിച്ചു.

ഹയരാര്‍ക്കി സ്ഥാപനത്തിന്റെ ശുഭാന്ത്യം
മേല്‍വിവരിച്ച എല്ലാക്കാര്യങ്ങളും പരിഗണിച്ച് 1923 ഡിസംബര്‍ 3 ന് നടന്ന പ്ലീനറി സമ്മേളനത്തില്‍ വച്ച് എറണാകുളം കേന്ദ്രമാക്കി അവിടുത്തെ മേലദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ ഹയരാര്‍ക്കി സ്ഥാപിക്കാന്‍ തീരുമാനിക്കുകയും 1921 ഡിസംബര്‍ 21 ന് ”റൊമാനി പൊന്തിഫിച്ചെസ്” എന്ന ശ്ലൈഹിക പ്രമാണരേഖവഴി 11 -ാംപീയൂസ് മാര്‍പ്പാപ്പാ സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കുകയും മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിനെ അതിരൂപതാദ്ധ്യക്ഷനും മറ്റു വികാരിയാത്തുകളുടെ മേലദ്ധ്യക്ഷന്മാരെ രൂപതാദ്ധ്യക്ഷന്മാരുമായി നിയമിക്കുകയും ചെയ്തു. സംഭവബഹുലവും ഉദ്വേഗജനകവുമായ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സഭയുടെ വളര്‍ച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലില്‍ എത്തിച്ചേര്‍ന്നു. ഈ പ്രക്രിയയില്‍ പ്രഥമ വികാരിയാത്തായ കോട്ടയത്തിന്റെ ആസ്ഥാനമായി മാറിയ ചങ്ങനാശേരിയുടെയും അവിടുത്തെ മേലദ്ധ്യക്ഷന്റെയും വിശ്വാസയോഗ്യത വിളിച്ചറിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ രേഖകള്‍.
വിശ്വാസപരവും സഭാത്മകമായ പുരോഗതിയേക്കാള്‍ ഭൂമിശാസ്ത്രപരവും സെക്കുലറുമായ മാനദണ്ഡങ്ങള്‍ പരിഗണിക്കപ്പെട്ടതുമാത്രമാണ് ചങ്ങനാശേരിക്ക് തിരിച്ചടിയായത്. വാസ്തവത്തില്‍ ലത്തീന്‍ കാനന്‍ നിയമമനുസരിച്ചുള്ള (CIC, 1917) ഒരു പ്രവിശ്യാസ്ഥാപനം മാത്രമാണ് 1923 ല്‍ നടന്നത്. ഇതേ നിയമമനുസരിച്ചുതന്നെ 1959 ജൂലൈ 29 ന് ചങ്ങനാശേരിയെ മെത്രാപ്പോലീത്തന്‍ അതിരൂപതയാക്കി ഉയര്‍ത്തുകയും ചെയ്തു.

ഡോ. ജോസ് കൊച്ചുപറമ്പില്‍