ഉത്ഥാനദൈവശാസ്ത്രം

0
1142

മനുഷ്യന് ദൈവത്തോടുള്ള ആരാധന ആരംഭിക്കുന്നത് ദൈവത്തിന്റെ ശക്തിയിലും മഹത്ത്വത്തിലും നിത്യതയിലും വിശ്വാസം വരുമ്പോഴാണ്. പുതിയനിയമ കാലഘട്ടംവരെ ദൈവത്തെ അതിശക്തനും അജയ്യനുമായ ഒരു ദൈവമായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ അതുവരെയുള്ള മാനുഷിക ധാരണകള്‍ക്ക് വിരുദ്ധമായി ദൈവം മനുഷ്യനായെന്നും മനുഷ്യന്റെ സങ്കടങ്ങളിലേയ്ക്ക് ഇറങ്ങിയെന്നും മനുഷ്യനെപ്പോലെ സഹിച്ചെന്നും മരിച്ചെന്നുമൊക്കെയുള്ള കാര്യങ്ങള്‍ സമകാലീനരില്‍ ഭൂരിപക്ഷത്തിനും വിശ്വസിക്കാനായില്ല. അതുകൊണ്ടാണ് ഈശോയുടെ കുരിശുമരണസമയത്ത് യഹൂദപ്രമാണികള്‍ ഇങ്ങനെ പറയുന്നത്: ”ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു ഇവന്‍ ദൈവത്തിന്റെ മിശിഹാ ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍തന്നെത്തന്നെ രക്ഷിക്കട്ടെ (ലൂക്കാ 23:35-36). സ്വയം രക്ഷിക്കാന്‍ കഴിയാത്ത ഒരുവനില്‍ രക്ഷകനെ ദര്‍ശിക്കാന്‍ ഒരിക്കലും സാധിക്കില്ല. എന്നാല്‍ ഈശോയുടെ പരസ്യപ്രബോധനങ്ങളിലെല്ലാം ഉത്ഥാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, മത്താ 12, 39; 16, 4; 17, 22; മര്‍ക്കോ. 8, 31; 14:58; ലൂക്കാ 9, 22; യോഹ 2:19. അവന്റെ ശിഷ്യര്‍പോലും പിന്നീടാണ് അവ മനസ്സിലാക്കിയതെന്നും സുവിശേഷം പറഞ്ഞുതരുന്നുണ്ട്.

തന്റെ പ്രബോധനങ്ങളിലൂടെ ഉത്ഥാനം എന്ന സത്യം ഈശോ കൃത്യമായി പഠിപ്പിച്ചിരുന്നു എന്നാണ് ഈ വചനങ്ങള്‍ വെളിവാക്കുന്നത്. ശ്ലീഹന്മാരുടെ കാലഘട്ടത്തിലെത്തുമ്പോഴും ഉത്ഥാനകേന്ദ്രീകൃതമായ പ്രബോധനങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കിയിരുന്നത്. ശെമയോന്‍ കേപ്പായുടെ ആദ്യപ്രസംഗം മുതല്‍ ഉത്ഥാനത്തെ ഉയര്‍ത്തിക്കാട്ടിയാണ് അവര്‍ പ്രസംഗിച്ചിരുന്നത്.
ശ്ലീഹന്മാരുടെ നടപടിപുസ്തകത്തി ലും ലേഖനങ്ങളിലും കര്‍ത്താവിന്റെ ഉത്ഥാനത്തെ പ്രകീര്‍ത്തിക്കുന്ന പ്രധാന ദൈവവചനങ്ങള്‍ കാണാനാകും. (നട 2, 24; 31-32; 1 കോറി. 15, 14)
കര്‍ത്താവിന്റെ ഉത്ഥാനത്തിലെത്തിനില്‍ക്കുന്ന രക്ഷാകരരഹസ്യങ്ങളുടെ പ്ര ഘോഷണത്തിലാണ് സുവിശേഷവും ലേഖനങ്ങളും അധിഷ്ഠിതമായിരിക്കുന്നത്.

ഉത്ഥാനവും  ആരാധനക്രമവും
പൗരസ്ത്യസുറിയാനി ആരാധനക്രമം ഉത്ഥാനകേന്ദ്രീകൃതമാണ്. ഉത്ഥാനത്തിന്റെ ആഘോഷവും ആനന്ദവും ഈ ബലിയര്‍പ്പണത്തില്‍ പ്രകടമാണ്. ദേവാലയഘടനയുടെ ക്രമീകരണത്തിലും പ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും, ദൈവജനത്തിന്റെ നിലപാടുകളിലും തിരുവസ്ത്രങ്ങളുടെ വര്‍ണ്ണഭംഗിയിലും എല്ലാം ഈ ആഘോഷാത്മക മാനം വ്യക്തമാണ്.
പരിശുദ്ധ കുര്‍ബാനയുടെ അടിസ്ഥാ നം തന്നെ ‘എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍’ എന്ന ഈശോയുടെ വാക്കുകള്‍ ആണ്. ഒരാള്‍ ഓര്‍മ്മയാകുന്നത് അയാളുടെ ശാരീരികസാന്നിധ്യം അവസാനിക്കുമ്പോഴാണ്. അവിടുന്ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് എഴുന്നള്ളുന്നതുവരെയാണ് അവന്റെ ശാരീരികസാന്നിധ്യം ശിഷ്യഗണത്തോടൊപ്പം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ബലിയര്‍പ്പണം അവന്റെ സഹനങ്ങളുടെയും മരണത്തിന്റെയും മാത്രം അനുഷ്ഠാനം അല്ല, മറിച്ച് രക്ഷാകര രഹസ്യം മുഴുവനുമാണ്. അതിന്റെ കേന്ദ്രമാകട്ടെ ഉത്ഥാനവും.

ഉയിര്‍പ്പുതിരുനാളിനെ ‘തിരുനാളുകളു ടെ തിരുനാള്‍’ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?
കോറിന്തോസിലെ ദൈവജനത്തോട് വി. പൗലോസ് ശ്ലീഹാ പറയുന്ന വാക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്ക്  ഇതിനെ വ്യാഖ്യാനിക്കാം. ശ്ലീഹാ പറയുന്നതിപ്രകാരമാണ്. ”മിശിഹായുടെ ഉത്ഥാനമില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം” (1കോറി 15:14). തിരുനാളുകള്‍ നമ്മുടെ വിശ്വാസത്തിന്റെ ആഘോഷപൂര്‍വ്വമായ പ്രഘോഷണങ്ങളാണ്. വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത് നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനത്തിലായതുകൊണ്ടാണ് ഉത്ഥാനത്തിരുനാള്‍ ‘തിരുനാളുകളുടെ തിരുനാള്‍’ ആയി മാറുന്നത്. കൂടുതല്‍ വിശദമായി പറയുമ്പോള്‍ വിശുദ്ധരുടേയും വേദസാക്ഷികളുടെയും ജീവിതം മിശിഹായുടെ പെസഹാരഹസ്യങ്ങളോടുള്ള വിശ്വസ്തതയും ജീവിതംകൊണ്ടുള്ള പ്ര ഘോഷണവും ആയിരുന്നല്ലൊ. അങ്ങനെയെങ്കില്‍ വിശുദ്ധരുടെ തിരുനാളുകള്‍ അര്‍ത്ഥവത്താകുന്നതും പ്രസക്തമാകുന്നതും നമ്മുടെ കര്‍ത്താവിന്റെ പെസഹാരഹസ്യങ്ങളുടെ കേന്ദ്രമായ ഉയിര്‍പ്പിന്റെ ആഘോഷത്തിലാണ്.

പാശ്ചാത്യ പൗരസ്ത്യസഭകളിലെ പരിശുദ്ധ കുര്‍ബാന നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനത്തോടു ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
ഈ ചോദ്യം പ്രധാനമായും വിവിധ വ്യക്തിസഭകളുടെ ആരാധനക്രമത്തോട് (ലിറ്റര്‍ജിയോട്) ബന്ധപ്പെട്ടാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്.
പൗരസ്ത്യസുറിയാനി ആരാധനക്രമത്തിന്റെ കേന്ദ്രഭാഗവും അടിസ്ഥാനവും നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ്. എന്നാല്‍ പാശ്ചാത്യസഭയില്‍ ആരാധനക്രമം അധിഷ്ഠിതമായിരിക്കുന്നത് കര്‍ത്താവിന്റെ പീഡാസഹനത്തിലും കുരിശുമരണത്തിലും ആണ്. ഈ വ്യത്യാസത്തിന് സ്ഥലകാലസാഹചര്യങ്ങളുടെ സ്വാധീനവുമുണ്ട്. കര്‍ത്താവിന്റെ പെസഹാരഹസ്യങ്ങള്‍ നിറവേറിയ പൗരസ്ത്യദേശത്ത് രൂപംകൊണ്ട ആരാധനക്രമത്തില്‍ അതിന്റെ പൂര്‍ണ്ണത വെളിവായി.
ആരാധനക്രമത്തിന്റെ രൂപഭാവങ്ങളില്‍ ശ്ലീഹന്മാരുടെ മിശിഹാ അനുഭവത്തിനും അവര്‍ നല്‍കിയ ഊന്നലിനും വലിയ പ്രാധാന്യം ഉണ്ട്. പത്രോസ് ശ്ലീഹായുടെ മിശിഹാനുഭവം ഈശോയുടെ പീഡാസഹനവുമായി ബന്ധപ്പെട്ടതാണ്. അതുപോലെ മാര്‍ത്തോമ്മാശ്ലീഹായ്ക്ക് അത് ഉത്ഥാനവുമായി ബന്ധപ്പെട്ടതുമാണല്ലൊ. അതുകൊണ്ട് അവരുടെ പ്രഘോഷണങ്ങളില്‍ ഈ ഊന്നലുകളും ഉണ്ടായത് സ്വാഭാവികമാണ്. ഇപ്രകാരമുള്ള ഘടകങ്ങളൊക്കെ ആരാധനക്രമത്തെയും സ്വാധീനിച്ചിട്ടുണ്ട്.

നമ്മുടെ പരിശുദ്ധ കുര്‍ബാനയില്‍ ഉത്ഥാനസന്തോഷം പ്രകടമാകുന്നത് ഏതൊക്കെ രീതിയിലാണ്?
– വര്‍ണ്ണാഭമായ തിരുവസ്ത്രങ്ങള്‍
– ദൈവാരാധനയുടെ ഭൂരിഭാഗസമയവും ദൈവജനം നില്‍ക്കുന്നത് ഉത്ഥാന സന്തോഷം പ്രകടമാക്കാനാണ്.
– ദേവാലയം, പ്രധാനമായും മദ്ബഹാ പ്രകാശപൂരിതമായിരിക്കും.
– മദ്ബഹായുടെ കേന്ദ്രഭാഗത്ത് ശൂന്യമായ സ്ലീവാ (മാര്‍ത്തോമ്മാ സ്ലീവാ) സ്ഥാപിക്കുന്നു. പ്രാര്‍ത്ഥനകളുടെ ചൈതന്യവും ഉത്ഥാനസന്തോഷം നിറഞ്ഞുനില്‍ക്കുന്നതാണ്.

മാര്‍ത്തോമ്മാ സ്ലീവാ നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനവും ആയി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ശൂന്യമായ കല്ലറയാണ് മിശിഹായുടെ ഉത്ഥാനത്തിന്റെ ആദ്യതെളിവായി മാറുന്നത്. അതുപോലെതന്നെ ശൂന്യമായ സ്ലീവായും ഉത്ഥാനത്തിന്റെ തെളിവാണ്. ക്രൂശിതന്‍ ഉത്ഥിതനാകുമ്പോഴാണ് കുരിശ് രക്ഷയുടെ അടയാളമായി മാറുന്നത്: സ്ലീവായുടെ അഗ്രങ്ങളിലെ മുകുളങ്ങളും സ്ലീവായിലേയ്ക്ക് പറന്നിറങ്ങുന്ന പ്രാവും ഉത്ഥാനത്തിന്റെയും നവജീവിതത്തിന്റെ യും പ്രതീകമാണ്.
ഭക്തിയിലും വിശ്വാസത്തിലും വൈകാരികതയ്ക്ക് പ്രാധാന്യം ഏറിവരുന്ന ഒരു കാലമാണിത്. എന്തിനെയും വൈകാരികമായി അവതരിപ്പിച്ച് ആരാധകരുടെയും ശ്രോതാക്കളുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനാഗ്രഹിക്കുന്നവരുടെ കാലത്ത്, കര്‍ത്താവിന്റെ ഉത്ഥാനരഹസ്യം കൂടുതലായി വിസ്മരിക്കപ്പെട്ടുപോകുന്നുണ്ട്. പീഡാസഹനത്തിനും കുരിശുമരണത്തിനും പ്രാധാന്യംനല്‍കി മനുഷ്യന്റെ വൈകാരികമേഖലകളെ തൃപ്തിപ്പെടുത്താനാണ് പലരുടെയും ശ്രമം. എന്നാല്‍ ഉത്ഥാനരഹസ്യത്തിലെത്തിനില്‍ക്കാത്തതും ഉത്ഥാനകേന്ദ്രീകൃതമാകാത്തതുമായ ഭക്തിയും വിശ്വാസവും സ്ഥായിയായി നിലനില്‍ക്കുന്നവയല്ല. സഹനത്തിനും മരണത്തിനും അപ്പുറം ഒരു ഉത്ഥാനം ഉണ്ടെന്നുള്ള സത്യമാണ് വിശ്വാസികളുടെ ഹൃദയത്തില്‍ രൂഢമൂലമാകേണ്ടതും ആക്കേണ്ടതും.

ഫാ. പോള്‍ പീടിയേക്കല്‍