ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് വലിയ ഭീഷണിയാണോ ക്രിസ്തുമതം?

0
958

    ക്രൈസ്തവരുടെ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും മദര്‍തെരേസയും മറ്റും ‘മതപ്രചാരക’ എന്നാക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു സംശയം. ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് വലിയ ഭീഷണിയാണോ ക്രിസ്തുമതം? ഹിന്ദുക്കളും മറ്റു രാജ്യങ്ങളില്‍ മതപ്രചരണം നടത്തുന്നില്ലേ?

പ്രിയപ്പെട്ട ടെസ്സാ,
തികച്ചും യുക്തിഭദ്രമായ ചോദ്യമാണ് നിന്റേത്. ഹിന്ദു തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കെതിരേ തിരിയാന്‍മാത്രം ഭീഷണി അവര്‍ ഉയര്‍ത്തുന്നുണ്ടോ? ഇല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1971 ലെ സെന്‍സസ് പ്രകാരം 2.6 ശതമാനമായിരുന്നു ഇന്ത്യയില്‍ ക്രൈസ്തവരെങ്കില്‍ 2001 -ല്‍ അത് 2.3 ശതമാനമായി കുറഞ്ഞു. 2011 -ലെ സെന്‍സസില്‍ അത് വീണ്ടും കുറഞ്ഞിട്ടുണ്ടെന്നതാണ് ലഭ്യമായ വിവരം. അതേ സമയം ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ വളരെ വര്‍ദ്ധിക്കുകയും ചെയ്തു. എന്നിട്ടും ക്രൈസ്തവരാകുന്നവരുടെ എണ്ണത്തില്‍ കുറവാണ് കണ്ടുവരുന്നത്. ഒരുതരത്തില്‍ അത് നമ്മുടെ സുവിശേഷവല്‍ക്കരണ ശ്രമങ്ങളുടെ പരാജയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മറ്റൊരുതലത്തില്‍ ഓരോ വ്യക്തിയുടെയും വിശ്വാസംതന്നെ നാം എത്രമാത്രം മാനിക്കുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു. ക്രൈസ്തവമതം അടിച്ചമര്‍ത്തപ്പെടുന്ന ചൈനയില്‍പോലും 4.5 ശതമാനം ക്രൈസ്തവരുണ്ടെന്നോര്‍ക്കുക. ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ എണ്ണം കൂടിവരുന്നതായും നമുക്കു കാണാം. ഇംഗ്ലണ്ടില്‍പോലും 13 ശതമാനം ഹിന്ദുക്കളുണ്ട്. അപ്പോള്‍ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി കൂടി ഹൈന്ദവര്‍ക്കു ഭീഷണിയുയര്‍ത്തുന്നുവെന്ന വാദത്തിനു വലിയ പ്രസക്തിയില്ല. മദര്‍തെരേസ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ബംഗാളിലെ ക്രൈസ്തവജനസംഖ്യ എത്രയെന്നറിയാമോ? 00.64 ശതമാനം. എന്നിട്ടാണ് മദര്‍ തെരേസ മതപ്രചാരകയാണെന്ന് പറയുന്നത്.
ഇനി, ഹൈന്ദവര്‍ മതപ്രചാരണം നടത്തിയിട്ടില്ലേ? കമ്പോഡിയയിലും ഇന്തോനേഷ്യയിലും വിയറ്റ്‌നാമിലും കാണുന്ന പുരാതന ഹൈന്ദവക്ഷേത്രങ്ങള്‍ അവരുടെ മതപ്രചാരണത്തിന്റെ സാക്ഷ്യങ്ങളാണ്. ചോളരാജാക്കന്മാര്‍ ഇന്തോനേഷ്യയിലും മ്യാന്‍മറിലും വിയറ്റ്‌നാമിലും നടത്തിയ യുദ്ധങ്ങളുടെ ഫലമായി അവിടെയും ഹൈന്ദവമതം പ്രചരിക്കപ്പെട്ടിട്ടുണ്ട്. ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദമയി, ആശാറാം, സത്യസായി ബാബാ, ഹരേകൃഷ്ണാ ഹരേരാമ മൂവ്‌മെന്റ് എന്നിവര്‍ക്കെല്ലാം ലക്ഷക്കണക്കിന് അനുയായികള്‍ ലോകമെമ്പാടുമുണ്ട്. അപ്പോള്‍പിന്നെ ക്രൈസ്തവരുടെ സുവിശേഷവല്‍ക്കരണത്തിനെതിരെ ആര്‍. എസ്. എസ്. എന്തുകൊണ്ട് മുമ്പോട്ടുവരുന്നുവെന്നത് സംശയകരമാണ് (2015 ഏപ്രില്‍ 13 ലെ ഔട്ട്‌ലുക്ക് വാരികയോടു കടപ്പാട്).
ഫാ. റ്റോമി തറയില്‍