ആരാധനക്രമ വിവാദങ്ങള്‍ക്കു പിന്നില്‍

0
1095

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുന്‍പ് പാശ്ചാത്യരാജ്യങ്ങളില്‍ ‘ആരാധനക്രമനവോത്ഥാന’ പ്രസ്ഥാനം വ്യാപകമായിരുന്നു. അതിന്റെ പല ആശയങ്ങളും ആധാരമാക്കിയതുകൊണ്ടാണ് ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖ വൈകാതെതന്നെ പാസ്സാക്കാന്‍ കഴിഞ്ഞത്. എങ്കിലും കൗണ്‍സിലിനുശേഷം ആരാധനക്രമം പലയിടങ്ങളിലും  വിവാദ വിഷയമായി. ലെഫേബര്‍ ഗ്രൂപ്പു സഭയില്‍നിന്നും മാറിനില്‍ക്കാന്‍ പോലും ഇടയായി എന്നു നമുക്കറിയാം. നേരെമറിച്ച് ഓര്‍ത്തഡോക്‌സ് സഭകളില്‍ ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള പിരിമുറുക്ക ങ്ങളൊന്നുമുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്. അവര്‍ക്ക് സമയക്കുറവും, ഭാഷയും, പാരമ്പര്യവും ഒന്നും പ്രശ്‌നമായില്ല.
ചില പൗരസ്ത്യ കത്തോലിക്കാ സഭകളിലാണ് ആരാധനക്രമ പരിഷ്‌കരണത്തിന്റെ പേരില്‍ കൂടുതല്‍ അസ്വസ്ഥതകളുണ്ടായത്. ആ സഭകള്‍ പലതും പാശ്ചാത്യഭരണത്തിന്‍ കീഴിലാവുകയും അവരുടെ രീതിയില്‍ വൈദികപരിശീലനം നേടുകയും ചെയ്ത സമൂഹങ്ങളാണ്. കൗണ്‍സില്‍ പറഞ്ഞുവച്ചത് പൗരസ്ത്യസഭകള്‍ അവരുടെ പൗരാണിക പാരമ്പര്യത്തില്‍ നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ തിരിച്ചുപോകണമെന്നാണ്. എന്നാല്‍ ചരിത്രത്തിന്റെ ഈ ഗതിവിഗതികളില്‍  അതിനു നേരെ വിപരീതമായി പ്രവര്‍ത്തിക്കുവാനാണ് പല പൗരസ്ത്യ കത്തോലിക്കാസഭകളും തയ്യാറായത്.

സീറോമലബാര്‍ സഭയില്‍
സീറോ മലബാര്‍ സഭയില്‍ ലിറ്റര്‍ജി പ്രശ്‌നം വലിയ വിവാദമായി, ഒരു പക്ഷെ ഏറെ ഒച്ചപ്പാടുണ്ടായി. കുറെയെല്ലാം വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളും, ചേരിതിരിവും പരസ്യപ്രകടനങ്ങളുമെല്ലാം ഉണ്ടായത് നിര്‍ഭാഗ്യകരമായി. അതിന്റെ തെറ്റും ശരിയും വിശകലനം ചെയ്യാന്‍ ഇവിടെ മുതിരുന്നില്ല. എങ്കിലും ഈ സംഭവങ്ങള്‍ക്കു പിന്നിലുണ്ടാ യിരുന്ന ചിന്താധാരകളെ ഇന്ന് വികാരാവേശം കൂടാതെ വിലയിരുത്താവുന്നതാണ്.
ഇവിടെ പതിനാറാം നൂറ്റാണ്ടുമുതല്‍ നിലവിലിരുന്ന പാശ്ചാത്യഭരണം മറന്നു കൊണ്ട് നമ്മുടെ സഭാചരിത്രം നമുക്കു മനസ്സിലാക്കാനാവില്ല. ആരാധനക്രമത്തിലും ഭക്താനുഷ്ടാനങ്ങളുടെ കാര്യത്തിലും വളരെയേറെ മാറ്റങ്ങള്‍ക്കു ഇതു കാരണമായി. ആരാധനക്രമത്തിലെ ഭാഷ സുറിയാനിയായി തുടര്‍ന്നതുകൊണ്ട് വരുത്തിയ മാറ്റങ്ങളുടെ പൊരുള്‍ പലരും മനസ്സിലാക്കിയുമില്ല. ആരാധനക്രമ ദൈവ ശാസ്ത്രം അന്നത്ര വളര്‍ന്നിട്ടുമില്ലായിരുന്നല്ലോ. അതിനാല്‍ വൈദികര്‍ ഇതിനോടു പൊരുത്തപ്പെട്ടുപോകാനാണ് തയ്യാറായത്. വിയോജിപ്പുണ്ടായിരുന്ന വലിയൊരു വിഭാഗം 1653 ലെ കൂനന്‍ കുരിശു സത്യത്തോടെ മറ്റൊരു സഭയായിമാറി. ബാക്കിയുള്ളവരില്‍ മിക്കവരും പാശ്ചാത്യ രീതികളോട് ആഭിമുഖ്യംപുലര്‍ത്തി നിലകൊള്ളുകയായിരുന്നു. എങ്കിലും ഒരുവിഭാഗം എപ്പോഴും സുറിയാനി പാരമ്പര്യത്തില്‍ നിലനില്‍ക്കുകയും ആ പാരമ്പര്യത്തില്‍ നിന്നും  മെത്രാന്‍മാരെ ലഭിക്കാനാഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു.

വൈദിക പരിശീലനം
റോമന്‍ ഐക്യത്തില്‍ കഴിഞ്ഞ നസ്രാണി സമൂഹത്തിലെ വൈദിക പരിശീലനം പൂര്‍ണ്ണമായും പാശ്ചാത്യ നിയന്ത്രണത്തിലായിരുന്നു. പാശ്ചാത്യ സന്യാസ സമൂഹങ്ങളായിരുന്നല്ലോ വൈദികപരിശീലനത്തിനു നേതൃത്വം കൊടുത്തിരുന്നത്. അതുകൊണ്ട് പാശ്ചാത്യ ശൈലികളോട് താദാന്മ്യപ്പെടുക എളുപ്പമായിരുന്നു. പൗരസ്ത്യ സഭകളെക്കുറിച്ചോ അവരുടെ ആരാധനക്രമ രീതികളെക്കുറിച്ചോ ദൈവശാസ്ത്രപരമായ പഠനങ്ങളൊന്നും അന്ന് ലഭ്യമായിരുന്നില്ല. പരിശുദ്ധ കുര്‍ബാനയുടെ അനുഷ്ഠാന വിധികളും ഗീതങ്ങളുമെല്ലാം പഠിപ്പിക്കുകയായിരുന്നു പരിശീലനവേദികളിലെ ലിറ്റര്‍ജിക്ലാസ്സുകളില്‍ നടന്നിരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍വരെ ഈ ശൈലി തുടര്‍ന്നെന്നു പറയാം morrisathome.com/survey.
നാട്ടുമെത്രാന്‍മാര്‍ വന്നപ്പോഴും ലിറ്റര്‍ജിരംഗത്തെ സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നില്ല. അവരില്‍ പലരും റോമിലും കാന്റിയിലുമെല്ലാം പഠിച്ചവരുമായിരുന്നു. അതു കൊണ്ടുതന്നെയാണ് നമ്മുടെ പിതാക്കന്‍മാര്‍ കുറെനാള്‍ ലത്തീന്‍ ക്രമത്തില്‍ത്തന്നെ പട്ടക്രമങ്ങള്‍ നടത്തിയിരുന്നത്. പിന്നീട് സുറിയാനിക്കാര്‍ക്കായി ലത്തീന്‍ ക്രമം സുറിയാനിയിലാക്കിത്തരാന്‍ പതിനൊന്നാം പീയൂസ് പാപ്പായോട് അവര്‍ ആവശ്യപ്പെടാനും തയ്യാറായി. എന്നാല്‍ ലെയോ പതിമൂന്നാമന്‍ പാപ്പായുടെ Orientalium Dignitas എന്ന ചാക്രികലേഖനത്തിനു ശേഷം പൗരസ്ത്യര്‍ ലത്തീന്‍ രീതികള്‍ തുടരണമെന്ന ചിന്ത റോമിനില്ലായിരുന്നു. അതുകൊണ്ട് പീയൂസ് മാര്‍പാപ്പ പൗരസ്ത്യ സുറിയാനി ക്രമമനുസരിച്ച്  നമ്മുടെ ആരാധനക്രമം പരിഷ്‌കരിക്കണമെന്ന് നമ്മുടെ പിതാക്കന്‍മാരോടു നിര്‍ദ്ദേശിച്ചു.  അതിനു ശേഷമുണ്ടായ റോമിലെ കമ്മറ്റികളുടെ പരിശ്രമ ഫലമായാണ് 1962 മുതല്‍ പുനരുദ്ധാരണ ശ്രമം ആരംഭിച്ചത്.
ഇതു സ്വാഭാവികമായും ചിലര്‍ക്കു സ്വീകാര്യമായിരുന്നില്ല. പാശ്ചാത്യരീതിയാണ് മെച്ചപ്പെട്ടത് എന്നു ചിന്തിക്കുക അക്കാലത്ത് എളുപ്പമായിരുന്നു. പൗരസ്ത്യ സഭകളെക്കുറിച്ചും പൗരസ്ത്യപാരമ്പര്യത്തെക്കുറിച്ചും ഗ്രന്ഥങ്ങളും മറ്റുമുണ്ടാകാനിടയായത് കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിക്കുശേഷമാണല്ലോ. ഇതെല്ലാം ‘അറബികളുടെ’ രീതിയാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവരും കുറവായിരുന്നില്ല. ആ മനോഭാവം ശരിയായ ആരാധനക്രമ പുനരുദ്ധാരണത്തിന് സഹായമാകില്ല.