അടിസ്ഥാനമില്ലാത്ത സ്ലീവാവിവാദം

0
984

സഭകളുടെ തുല്യത
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യസഭകളുടെ വ്യക്തിത്വത്തെക്കുറിച്ചും സഭാകൂട്ടായ്മയില്‍ സഭകളുടെ തുല്യതയെക്കുറിച്ചും ശക്തമായ ഉദ്‌ബോധനം നല്‍കുകയുണ്ടായി. ആരാധനക്രമത്തെക്കുറിച്ചുള്ള രേഖയില്‍തന്നെ എല്ലാ സഭകളും തുല്യമാണെന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ‘നിയമാനുസൃതമായ എല്ലാ റീത്തുകള്‍ക്കും തിരുസ്സഭാമാതാവ് തുല്യാവകാശവും ശ്രേഷ്ഠതയുമാണ് കല്‍പ്പിക്കുന്നത്’ (ടഇ 4). അതുകൊണ്ടുതന്നെ ആരാധനക്രമത്തെക്കുറിച്ചുള്ള രേഖയില്‍ പൊതുവായ തത്ത്വങ്ങളെയും മാനദണ്ഡങ്ങളെയും സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് കൗണ്‍സില്‍ പരിഗണിച്ചത്. മറ്റുകാര്യങ്ങള്‍ അതതു സഭകളില്‍ ചെയ്യേണ്ടതാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു (SC 3).
പൗരസ്ത്യസഭകളെക്കുറിച്ചുള്ള രേഖയിലും പിതാക്കന്മാര്‍ ഇത് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ”എല്ലാ സഭകള്‍ക്കും തുല്യ പദവിയാണുള്ളത്. റീത്തിന്റെ ന്യായത്താല്‍ ഒന്ന് മറ്റൊന്നിന്റെ മുന്‍പിലല്ല. എല്ലാ സഭകള്‍ക്കും ഒരേ അവകാശവും ഒരേ ഉത്തരവാദിത്വവുമാണുള്ളത്. അതുപോലെ ലോകം മുഴുവനിലും സുവിശേഷം പ്രസംഗിക്കുക എന്നതും റോമാമാര്‍പ്പാപ്പായുടെ നിര്‍ദ്ദേശാനുസരണം എല്ലാ സഭകളുടെയും കടമയാണ് (OE 3). സഭകളുടെ വ്യത്യസ്ത പാരമ്പര്യങ്ങള്‍ സഭയിലെ ഐക്യത്തെ തകര്‍ക്കുകയില്ല എന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ”അതിനാല്‍ വൈവിധ്യം സഭയുടെ ഐക്യത്തെ തകര്‍ക്കുകയല്ല; പ്രത്യുത പ്രത്യക്ഷമാക്കുകയാണുചെയ്യുന്നത്” (OE 2). ഈ ബോധ്യം നമുക്കും ഉണ്ടായിരിക്കേണ്ടതാണ്.

മഹനീയമായ പൗരസ്ത്യപൈതൃകം
പൗരസ്ത്യസഭകളുടെ പ്രത്യേക സ്ഥാനത്തെപ്പറ്റി എക്യുമെനിസത്തെക്കുറിച്ചുള്ള ഡിക്രിയിലും വ്യക്തമായി പ്രതിപാദിക്കുന്നു ((UR 14, 15, 16). പൗരസ്ത്യ സഭകളുടെ ആദ്ധ്യാത്മികപൈതൃകത്തോടു പാശ്ചാത്യസഭകള്‍ കടപ്പെട്ടിരിക്കുന്നെന്നുപോലും പിതാക്കന്മാര്‍ ഏറ്റുപറയുന്നു. ”തുടക്കം മുതലെ പൗരസ്ത്യസഭകള്‍ക്ക് ഒരു ഭണ്ഡാഗാരമുണ്ടായിരുന്നു. അതില്‍ നിന്നാണ് പാശ്ചാത്യസഭയുടെ ആരാധനക്രമവും ആദ്ധ്യാത്മികപാരമ്പര്യവും നിയമവും ഗണ്യമായ തോതില്‍ പകര്‍ന്നെടുത്തത്” (UR 14). അതോടൊപ്പം ”പൗരസ്ത്യസഭകളുടെ സമൃദ്ധിയാര്‍ന്ന ആരാധനാപരവും ആദ്ധ്യാത്മികവുമായ പിതൃസമ്പത്ത് എല്ലാവരും അറിയണം, ആദരിക്കണം, കാത്തുസൂക്ഷിക്കുകയും പോറ്റിവളര്‍ത്തുകയും വേണം. പൂര്‍ണ്ണമായ ക്രിസ്തീയപാരമ്പര്യത്തെ വിശ്വസ്തതാപൂര്‍വ്വം സംരക്ഷിക്കാനും കിഴക്കും പടിഞ്ഞാറുമുള്ള ക്രൈസ്തവര്‍തമ്മില്‍ ഐക്യം പുലര്‍ത്താനും ഇതു അനുപേക്ഷണീയമായ ആവശ്യമാണെന്ന് അവര്‍ മനസ്സിലാക്കണം” (UR 15) എന്നും പിതാക്കന്മാര്‍ പ്രഖ്യാപിച്ചു. പൗരസ്ത്യര്‍ തങ്ങളുടെ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കണമെന്നുമാണ് പിതാക്കന്മാര്‍ പഠിപ്പിച്ചത് (ടഇ 6). പൗരസ്ത്യസഭകള്‍ക്ക് തങ്ങളുടെ ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കുവാനുള്ള അവകാശവും കടമയുമുണ്ടെന്ന് കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു (SC 5).

ഇതെല്ലാം പൗരസ്ത്യസഭകളുടെ (അതുകൊണ്ടുതന്നെ നമ്മുടെ സഭയുടെയും) വ്യക്തിത്വത്തെ സംബന്ധിച്ചുള്ള സുദൃഢമായ പ്രബോധനങ്ങളാണ്. പക്ഷെ ഇതെല്ലാം വേണ്ടപോലെ ഉള്‍ക്കൊള്ളാന്‍ ഇവിടെയും അനേകര്‍ക്കു കഴിഞ്ഞില്ല എന്നതാണ് വസ്തുത. നമ്മുടെ സഭയുടെ പാരമ്പര്യത്തെയും പൈതൃകത്തെയും മനസ്സിലാക്കാനും അതിന്റെ ശ്രേഷ്ഠത പുലര്‍ത്താനും പലരും മെനക്കെട്ടില്ല. ശാസ്ത്രസാങ്കേതികവിദ്യകളില്‍ പുരോഗതി നേടിയ പാശ്ചാത്യസഭകളെ മാതൃകയാക്കുകയാണ് നല്ലതെന്ന് അവര്‍ ചിന്തിച്ചു. നാട്ടുമെത്രാന്മാരുടെ കാലത്തും അടുത്തകാലം വരെയും പാശ്ചാത്യസഭയുടെ ഒരുഭാഗം മാത്രമാണെന്ന രീതിയിലായിരുന്നല്ലോ നമ്മുടെ ഭരണക്രമങ്ങള്‍.

അതുകൊണ്ട് കൗണ്‍സിലിനുശേഷമുണ്ടായ പാശ്ചാത്യ ആരാധനക്രമരീതികള്‍ പകര്‍ത്തുക പലര്‍ക്കും എളുപ്പമായിരുന്നു. അങ്ങനെയാണ് ആരാധനക്രമത്തിലും മറ്റും അവരെ അനുകരിച്ച് സ്വേച്ഛം പോലെ മാറ്റങ്ങള്‍ വരുത്താന്‍ ചിലര്‍ തുടങ്ങിയത്. പാശ്ചാത്യസഭയില്‍ കാര്‍മ്മികരുടെ ക്രിയാത്മകതയ്ക്കു പ്രാധാന്യം നല്‍കുക എന്ന ഒരു ചിന്തയാണ് മുന്തിവന്നത്. അവരെ അനുകരിച്ച് പരിശുദ്ധ കുര്‍ബാനയില്‍ ജനങ്ങളുടെ നേരെ തിരിഞ്ഞുനില്‍ക്കുക, സ്വയംപ്രേരിത പ്രാര്‍ത്ഥനകള്‍ കൂട്ടിച്ചേര്‍ക്കുക, കാഴ്ചവസ്തുക്കളുമായി അള്‍ത്താരയിലേക്കു പ്രദക്ഷിണം നടത്തുക, ചാരം പൂശല്‍ കര്‍മ്മം ബുധനാഴ്ചത്തേയ്ക്കു മാറ്റുക തുടങ്ങിയ രീതികള്‍ നമുക്കിടയില്‍ ആരംഭിച്ചത്. അതേസമയം പൗരസ്ത്യ പൈതൃകങ്ങളോടു പ്രതിബദ്ധതയുണ്ടായിരുന്നവര്‍ പൗരസ്ത്യരീതികള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചു. ഇത് അഭിപ്രായ ഭിന്നതയ്ക്കും ചേരിതിരിവിനും ഇടയാക്കി. പിന്നീട് പൗരസ്ത്യരീതികള്‍ സൂക്ഷിക്കുന്നവരെ യാഥാസ്ഥിതികരെന്നും മറ്റും വേര്‍തിരിച്ച് വിഭജനമനോഭാവം വളര്‍ന്നു: അതേത്തുടര്‍ന്ന് പ്രാദേശികതാബോധവും തലയുയര്‍ത്തി.

അടിസ്ഥാനമില്ലാത്ത സ്ലീവാവിവാദം
മാര്‍ത്തോമ്മാസ്ലീവായെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ത്തന്നെ ഈ വിഭജനത്തില്‍ പ്രസക്തമായ ഒരു ഉദാഹരണമാണ്. നമ്മുടെ പല പുരാതന പള്ളികളിലും ഇന്നും കാണുന്നതാണ് മാര്‍ത്തോമ്മാസ്ലീവാ. മാര്‍ത്തോമ്മാ പാരമ്പര്യം അവകാശപ്പെടുന്ന ഓര്‍ത്തഡോക്‌സ് സഭയില്‍ മാര്‍ത്തോമ്മാകുരിശാണ് കൂടുതലായി ഉപയോഗിക്കുന്നു. യാക്കോബായക്കാര്‍ അന്ത്യോക്യന്‍ കുരിശും ഉപയോഗിക്കുന്നു. മലങ്കരകത്തോലിക്കര്‍ അന്ത്യോക്യന്‍ കുരിശ് വ്യാപകമായിട്ടുപയോഗിക്കുന്നു. അതോടൊപ്പം മാര്‍ത്തോമ്മാസ്ലീവായും. 1972 ല്‍ മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19 -ാം ശതാബ്ദി ആഘോഷിച്ചപ്പോള്‍ സീറോമലബാര്‍ സഭയുടെ പിതാക്കന്മാര്‍ ഐക്യകണ്‌ഠേന സര്‍ക്കാരിനോടാവശ്യപ്പെട്ടത് മാര്‍ത്തോമ്മാസ്ലീവായുള്ള സ്റ്റാമ്പ് പ്രസിദ്ധീകരിക്കാനാണ്. ആരാധനക്രമവിവാദത്തില്‍ ഒരു വിഭാഗം മാര്‍ത്തോമ്മാസ്ലീവായ്ക്ക് പ്രാധാന്യം കൊടുത്തു പ്രചരിച്ചപ്പോള്‍ അതും വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ എതിര്‍പ്പിനുള്ള കാരണമായി. സഭയിലെ ചില വിഘടനവാദികള്‍ ഇതു ‘മനിക്കേയന്‍’ കുരിശാണെന്നെല്ലാം ആരോപിച്ച് പുതിയ തിയറികള്‍ കൊണ്ടുവന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.
(തുടരും)

 

ആരാധനക്രമ വിവാദങ്ങള്‍ക്കു പിന്നില്‍ – 1