മഹാപരിത്യാഗം മറന്ന ഭാരതം….

0
978

കേന്ദ്രത്തില്‍ ബി. ജെ. പി. സര്‍ക്കാര്‍ ഒറ്റയ്ക്ക് അധികാരത്തിലേറിയതോടെ ഗ്രഹണസമയത്ത് ഞാഞ്ഞൂലും പത്തിവിടര്‍ത്തും എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സകല വര്‍ഗ്ഗീയവാദികളും തങ്ങളുടെ വിഷം ഒളിഞ്ഞും തെളിഞ്ഞും ചീറ്റുകയാണ്. സോഷ്യല്‍ മീഡിയ മുതല്‍ നാട്ടിന്‍പുറങ്ങളിലെ കടത്തിണ്ണകളില്‍ വരെ ചെറുതും വലുതുമായ ഇത്തരം ഞാഞ്ഞൂലുകളെ കാണാം. ലോകം മുഴുവന്‍ ഭാരതത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും, ബഹിരാകാശ വാഹനം മുതല്‍ ക്ലോണിംഗ് വരെയുള്ള സകല ശാസ്ത്ര നേട്ടങ്ങളും ആര്‍ഷഭാരതത്തിലെ മാമുനിമാരുടെ കണ്ടുപിടുത്തങ്ങളാണെന്നും ഇതെല്ലാം പാശ്ചാത്യ ശാസ്ത്രജ്ഞര്‍ മോഷ്ടിച്ചുകൊണ്ടു പോയി സ്വന്തമാക്കിയതാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരില്‍ ‘ബാലഗോകുലത്തില്‍’ പോകു ന്ന നഴ്‌സറി കുട്ടികള്‍ മുതല്‍ ‘ശാസ്ത്രകോണ്‍ഗ്രസ്സില്‍’ പ്രസംഗിക്കാനെത്തുന്ന ബുദ്ധിജീവികള്‍വരെയുണ്ട്. ലോകത്തിനുമുന്നില്‍ സ്വയം വിഡ്ഢിവേഷം കെട്ടുന്ന ഇത്തരം ബഡായിക്കാര്‍ അന്യമതവിദ്വേഷവും വര്‍ഗ്ഗീയ ചിന്താഗതികളും വളര്‍ത്തിയെടുക്കുവാന്‍ പരസ്യമായിത്തന്നെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കായികമായ ആക്രമത്തെക്കാളുപരിയായി ബൗദ്ധികവും സാംസ്‌ക്കാരികവുമായ ആക്രമങ്ങളാണ് ഇത്തരം ഫാസിസ്റ്റുകള്‍ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കഴിവുകെട്ടവനായും ഗാന്ധി ഘാതകനെ ധീരദേശാഭിമാനിയായും അനേകം പേരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുവാന്‍ ഈ ബൗദ്ധിക അക്രമങ്ങളിലൂടെ ഫാസിസ്റ്റ് ശക്തികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഹൈന്ദവ ഫാസിസത്തിനെതിരേ പ്രതികരിക്കുന്നവരെയെല്ലാം തീവ്രവാദികളെന്നോ, രാജ്യദ്രോഹികളെന്നോ, പാശ്ചാത്യ ശക്തികളുടെ ഏജന്റുമാരെന്നോ മുദ്രകുത്തുന്ന പ്രവണതയും ഇന്ന് ഏറിയിരിക്കുന്നു. സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും കഠിന പരിശ്രമങ്ങളുടെ ഫലമായി തുടച്ചുനീക്കപ്പെട്ട പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ശാസ്ത്രമായും വി ശ്വാസ സത്യമായും സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുകയും വേരുറപ്പിക്കുകയും ചെയ്യുമ്പോള്‍ സ്വതന്ത്ര ചിന്താഗതികള്‍ക്ക് ദുര്‍ബലമായ പ്രതിരോധം പോലും സാധ്യമാവാതെ വരുന്നു.

ക്രൈസ്തവര്‍ക്കെതിരായി ഹൈന്ദവ ഫാസിസ്റ്റുകളുടെ ബൗദ്ധിക ആക്രമണങ്ങളില്‍ അവസാനത്തേതാണ് ആര്‍. എസ്. എസ്. മേധാവി മോഹന്‍ ഭാഗവത് മദര്‍ തെരേസയ്‌ക്കെതിരായി നടത്തിയ പ്രസ്താവന. കേവലം ഒരു കവലപ്രസംഗത്തില്‍ നടത്തിയ സാധാരണ പരാമര്‍ശമായി ഇതിനെ തള്ളിക്കളയാന്‍ സാധിക്കില്ല. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന മദര്‍തെരേസയെത്തന്നെ ആര്‍. എസ്. എസ്. മേധാവി ഉന്നം വെച്ചത് ബോധപൂര്‍വ്വമാണ്. ഒരു പഞ്ചായത്തിനപ്പുറം റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ യോഗ്യതയില്ലാത്ത തന്റെ പ്രസംഗം ഇന്‍ഡ്യ മുഴുവനും ചര്‍ച്ച ചെയ്യപ്പെടാന്‍ മദര്‍ തെരേസയെ വിമര്‍ശിക്കുന്നതിലൂടെ സാധിക്കുമെന്ന് മനസ്സിലാക്കിത്തന്നെയാണ് മോഹന്‍ ഭാഗവത് വിമര്‍ശനം ഉന്നയിച്ചത്. ഈ പ്രസ്താവനയുടെ ചുവടുപിടിച്ച് നാടെങ്ങും വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നതിനും ക്രൈസ്തവ മിഷനറിമാരുടെ സേവനങ്ങളെ മതം മാറ്റത്തിനുള്ള ശ്രമമായി ചിത്രീകരിക്കുന്നതിനും കളസം മുറുക്കി ലാത്തിചുഴറ്റി ‘സ്വയം സേവകന്മാര്‍’ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

മഹത്തായ സേവനപാരമ്പര്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാത്തവരാണ് കല്‍ക്കട്ടാ നഗരത്തിന്റെ തെരുവുകളില്‍ ‘കാലനുപോലും വേണ്ടാതെ’ കിടന്നവരെ വാരിയെടുത്തു ശുശ്രൂഷിച്ച അഗതികളുടെ അമ്മയില്‍ മതപരിവര്‍ത്തനം എന്ന ലക്ഷ്യം ആരോപിക്കുന്നത്. മരിക്കാന്‍ കിടക്കുന്നവരെ മതം മാറ്റിയിട്ട് ആര്‍ക്ക് എന്തുപ്രയോജനം എന്ന് ചിന്തിക്കുവാനുള്ള ‘മിനിമം കോമണ്‍സെന്‍സ്’ പോലും ശരാശരി ഇന്‍ഡ്യന്‍ പൗരന് ഇല്ലെന്നാണോ മോഹന്‍ഭാഗവത് കരുതിയിരിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ മദര്‍തെരേസ എന്ന വ്യക്തിയല്ല ക്രൈസ്തവ സമൂഹമാണ് സംഘപരിവാറിന്റെ ലക്ഷ്യം. ആതുര സേവനരംഗത്തും വിദ്യാഭ്യാസ രംഗത്തും ക്രൈസ്തവ സമൂഹം നടത്തുന്ന സേവനങ്ങള്‍ ഹൈന്ദവ ഫാസിസ്റ്റുകള്‍ക്ക് എന്നും ഒരു ഭീഷണിയാണ്. ഇന്‍ഡ്യന്‍ ജനതയെ മതത്തിന്റെയും ജാതിയുടെയും പേരില്‍ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യണമെങ്കില്‍ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ ക്രൈസ്തവ സമൂഹം പുലര്‍ത്തുന്ന മേല്‍ക്കൈ അവസാനിപ്പിച്ചേ മതിയാകൂ എന്ന് വര്‍ഗ്ഗീയശക്തികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നാളെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയായിരിക്കും ഇവര്‍ ഉന്നം വെയ്ക്കുക. ക്രൈസ്തവ വിദ്യാലയങ്ങള്‍ മതപരിവര്‍ത്തന കേന്ദ്രങ്ങളാണെന്ന പ്രചാരണം പൂര്‍വ്വാധികം ശക്തിയോടെ സംഘപരിവാരം തുടരുന്നുണ്ട്.

ജീവിച്ചിരുന്ന കാലത്തും ഒട്ടേറെ ആക്ഷേപങ്ങള്‍ക്കിരയായ വ്യക്തിയാണ് അഗതികളുടെ അമ്മ. വിദേശ ഫണ്ടിംഗ്, ചാരവൃത്തി തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ മദര്‍തെരേസക്കെതിരായി നിലനില്‍ക്കുന്ന സമയത്ത് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘മദര്‍തെരേസയ്ക്ക്’ എന്ന പേരില്‍ ഒരു കവിത എഴുതുകയുണ്ടായി. ഭാരതം മദര്‍ തെരേസയെ മറക്കുമെന്ന് ദീര്‍ഘവീക്ഷണം നടത്തുന്ന ആ കവിതയുടെ അവസാന വരികള്‍ നമുക്ക് എന്നും ഓര്‍മ്മയുണ്ടാകട്ടെ montanasfeedback.com.

”ജനകനില്ലാതെ ജനനിയില്ലാതെ
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകയ്യാല്‍ വാരിയെടുത്തു ചുംബിയ്ക്കും
മഹാകാരുണ്യത്തിന്‍ മനുഷ്യ രൂപമേ,
ഒരു വെളിച്ചത്തിന്‍ വിഭള ജീവിതം
വെറുമൊരു ചാരക്കഥയെന്നുള്ള
തിമിരകാലത്തിന്‍ അടിമയായ ഞാന്‍
നറുമുലപ്പാലില്‍ അലക്കിയ നിന്റെ
തിരുവസ്ത്രത്തുമ്പില്‍ നിണം-
പുരണ്ടൊരെന്‍ കരം തുടച്ചോട്ടെ
മഹാപരിത്യാഗം മറന്ന ഭാരതം
മദര്‍ തെരേസയെ മറക്കുമെങ്കിലും
മദര്‍ തെരേസയ്ക്ക് മരണമുണ്ടെങ്കില്‍
മരണമല്ലയോ മഹിത ജീവിതം”

ജിന്‍സ് നല്ലേപ്പറമ്പന്‍