പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും

0
928

പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും സഭയുടെ നിലപാടുകള്‍ക്കെതിരല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ ഈയിടെ പറഞ്ഞതായി വായിച്ചു. സഭയുടെ നിലപാടില്‍ എന്തോ വലിയ വ്യത്യാസം വന്നതുപോലെയാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്? യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തോടുള്ള സഭയുടെ നിലപാടില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

പ്രിയപ്പെട്ട പയസ്,
പരിണാമസിദ്ധാന്തംപോലുള്ള ശാസ്ത്രീയ തത്ത്വങ്ങള്‍ വിശ്വാസത്തിനു വിരുദ്ധമല്ലെന്നുള്ളത് ഫ്രാന്‍സിസ് പാപ്പായുടെ നവീന ആശയമല്ല. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബനഡിക്റ്റ് പാപ്പായും 1950 -ല്‍ പീയൂസ് പന്ത്രണ്ടാമന്‍ പാപ്പായും 1996 -ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും സഭയുടെ ഈ നിലപാട് അവതരിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ പുതുതായി ചെയ്തത് സഭയുടെ നിലപാടിനെ സാധാരണക്കാരന്റെ ഭാഷയില്‍ അവതരിപ്പിക്കുക മാത്രമാണ്.
വത്തിക്കാനില്‍ ശാസ്ത്രത്തിനുവേണ്ടി ഒരു പൊന്തിഫിക്കല്‍ കൗണ്‍സിലുണ്ടെന്നുള്ളതുപോലും പലര്‍ക്കും അറിയില്ല. പ്രസ്തുത കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ടു പാപ്പാ പറഞ്ഞു. ”പ്രകൃതിയിലെ പരിണാമം പ്രപഞ്ചസൃഷ്ടി എന്ന ആശയത്തിനു വിരുദ്ധമല്ല…. കാരണം പരിണാമം നടക്കണമെങ്കില്‍ പരിണമിക്കാനുള്ള പദാര്‍ത്ഥം സൃഷ്ടിക്കപ്പെട്ടിരിക്കണമല്ലോ.” ഉത്പത്തിപ്പുസ്തകം വായിച്ചാല്‍ ദൈവത്തെ മാജിക്കുകാരനെന്ന് തെറ്റുദ്ധരിക്കാനിടയുണ്ടെന്നും പാപ്പാ നിരീക്ഷിച്ചു. സൃഷ്ടി മാജിക്കല്ല; ദൈവം ഓരോന്നിനെയും സൃഷ്ടിക്കുകയും അവയുടെ വികാസത്തിനുള്ള ആന്തരികഘടന അവയ്ക്കു നല്‍കുകയും ചെയ്തു. അവ പ്രസ്തുത ഘടനപ്രകാരം വികസിച്ച് പൂര്‍ണ്ണതയിലെത്തുന്നു.
ഈ നിലപാട് സഭയുടെ ഔദ്യോഗിക പഠനംതന്നെയാണ്. ‘ദൈവം ലോകത്തെ സൃഷ്ടിച്ചു’ എന്നത് ദൈവശാസ്ത്രപരവും വിശ്വാസാധിഷ്ഠിതവുമായ ഒരു ബോധ്യമാണ്. ജീവിതാനുഭവങ്ങളുടെ മുമ്പില്‍ ആദരവോടെ നിന്ന മനുഷ്യന്റെ ഉള്‍ബോധ്യമാണത്. എല്ലാം ദൈവം ക്രമീകരിക്കുന്നു എന്ന വിശ്വാസം അനുഭവപരമാണ്. (യൂക്യാറ്റ് 41-42). ശാസ്ത്രം എന്തിനെക്കുറിച്ചു പറഞ്ഞാലും അതിനൊരു ആരംഭം ഉണ്ടാകണം. ഈ ആരംഭത്തെക്കുറിച്ചാണ് വിശ്വാസം പറയുന്നത്.
പരിണാമസിദ്ധാന്തത്തിന്റെ ചുവടുപിടിച്ചു രൂപംകൊണ്ട പരിണാമവാദം പറയുന്നത് പദാര്‍ത്ഥങ്ങള്‍ പരിണമിക്കുന്ന പ്രക്രിയയില്‍ ആകസ്മികമായുണ്ടായതാണ് മനുഷ്യജീവനും മറ്റ് സൃഷ്ടികളും എന്നത്രേ. എന്നാല്‍ സഭ ഈ വാദത്തെ എതിര്‍ക്കുന്നു. ലോകം ആകസ്മികതയുടെ ഉല്‍പ്പന്നമല്ല. ദൈവമാണ് ലോകത്തിന്റെ കാരണമെന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്നും ക്രൈസ്തവര്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ കൈപ്പട പതിഞ്ഞുകിടക്കാത്ത ജീവിതങ്ങള്‍ ആര്‍ക്കെങ്കിലുമുണ്ടോ? ചുരുക്കത്തില്‍ പരിണാമത്തിന്റെ നിയമങ്ങളെയോ തത്ത്വങ്ങളെയോ സഭ എതിര്‍ക്കുന്നില്ല, മറിച്ച് ദൈവത്തില്‍ എല്ലാം ആരംഭിക്കുന്നു എന്ന യുക്തിഭദ്രമായ ദര്‍ശനം അവതരിപ്പിക്കയാണ് ചെയ്യുന്നത്.
പിന്നെ, സഭ ശാസ്ത്രത്തെ എതിര്‍ക്കുന്നു എന്ന ആരോപണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ ആക്ഷേപിക്കാം. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം; വിജ്ഞാനസമ്പാദനത്തെ സുവിശേഷവല്‍ക്കരണത്തിന്റെ ഭാഗമായാണ് സഭ എക്കാലവും കണ്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും പുരാതനമായ യൂണിവേഴ്‌സിറ്റികള്‍ പലതും സഭ ആരംഭിച്ചതാണ്. ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ വളര്‍ച്ചയില്‍ കത്തോലിക്കാസന്യാസ സമൂഹങ്ങളുടെ പങ്കുമാത്രം പഠിച്ചാല്‍ മതി. അപ്പോള്‍ സഭ ശാസ്ത്രീയ വിജ്ഞാനത്തിനെതിരല്ലെന്നു മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുകകൂടി ചെയ്യുന്നു.

ഇനി, പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള ബിഗ് ബാങ്ങ് തിയറിയുണ്ടല്ലോ. ഈ തിയറിയുടെ ആരംഭം ഒരു കത്തോലിക്കാ വൈദികനായ ജോര്‍ജസ് ലെമത്രേയില്‍നിന്നാണ്. വെയ്ര്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറായിരുന്ന ലെമത്രേ വിശ്രുതശാസ്ത്രജ്ഞനായിരുന്നു. കത്തോലിക്കാ വൈദികരുടെയിടയില്‍ത്തന്നെ എണ്ണമറ്റ ശാസ്ത്രജ്ഞരുണ്ട്. ക്രിസ്റ്റലോഗ്രഫിയുടെ ഉപജ്ഞാതാവായ റെനെ ഹൂസ്റ്റ് ഹോയി, ജനിതകശാസ്ത്രത്തിന്റെ പിതാവായ ഗ്രെഗര്‍ മെന്‍ഡല്‍, ചാന്ദ്രിക ഉപരിതലത്തെക്കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തിയ റോജര്‍ ജോസഫ് ബോസ്‌കേവിച്ച്, പ്രകാശത്തിന്റെ ഡിഫ്രാക്ഷന്‍ കണ്ടെത്തിയ ഫ്രന്‍ചെസ്‌കോ ഗ്രിമാള്‍ഡി, ഭൂമിയുടെ വ്യാസം ആദ്യമായി കണക്കുകൂട്ടിയ ജീന്‍ പിക്കാര്‍ഡ്, ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് ആദ്യമായി കണ്ടെത്തിയ കോപ്പര്‍ നിക്കസ് എന്നിവരൊക്കെ കത്തോലിക്കാ വൈദികരായിരുന്നു. ജിയോളജിയുടെ സ്ഥാപകരിലൊരാളായ നിക്കൊളാസ് സ്റ്റെനോ ഒരു മെത്രാനുമായിരുന്നു.

ഗൂഗിളില്‍ കാത്തലിക് പ്രീസ്റ്റ്‌സ് സൈന്റിസ്റ്റ്‌സ് എന്നു ടൈപ്പ് ചെയ്താല്‍ നൂറുകണക്കിനുപേരുകള്‍ ലഭിക്കും. അവരൊക്കെ വിശ്വാസം പഠിപ്പിച്ചവരും ശാസ്ത്രത്തിനു സംഭാവന നല്‍കിയവരുമായിരുന്നു. ശാസ്ത്രവും വിശ്വാസവും ചേര്‍ന്നുപോകില്ലെന്നുള്ളത് ഒരു മിഥ്യമാത്രമാണെന്നു മനസ്സിലായില്ലേ?

ടോമിയച്ചന്‍