അന്ത്യയാത്ര അമ്മയുടെ മടിയിലേക്ക്

0
588

ഒരു ബന്ധുവിന്റെ മൃതസംസ്‌ക്കാരശുശ്രൂഷയില്‍ പങ്കുകൊള്ളാന്‍ എത്തിയതാണ്‌ മതാദ്ധ്യാപകനായ ആന്റണിസാര്‍. ഒപ്പം സുഹൃത്തായ ദേവസ്യാച്ചനുമുണ്ട്‌. മൃതസംസ്‌ക്കാരയാത്ര സെമിത്തേരിയുടെ സമീപത്തുകൂടി ദൈവാലയത്തിലേയ്‌ക്ക്‌ നീങ്ങുമ്പോള്‍ ദേവസ്യാച്ചന്‌ ഒരു സംശയം. പ്രാര്‍ത്ഥനാനിരതനായി നീങ്ങുന്ന ആന്റണിസാറിനോട്‌ ഉടനെ തന്നെ അതുണര്‍ത്തിക്കുകയും ചെയ്‌തു. “എന്തിനാണ്‌ മൃതദേഹം പള്ളിയില്‍ വയ്‌ക്കുന്നത്‌. നേരെ സെമിത്തേരിയില്‍ കൊണ്ടുപോയാല്‍ മതിയല്ലോ”?
മൃതസംസ്‌ക്കാരയാത്രയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേരണമെന്നും ആ സമയത്ത്‌ കൊച്ചുവര്‍ത്തമാനം പറഞ്ഞുനടക്കുന്നത്‌ ദുര്‍മാതൃകയാണെന്നും ബോധ്യമുണ്ടായിരുന്നതുകൊണ്ടാവണം പിന്നീട്‌ ഉത്തരം പറയാമെന്നു പതിഞ്ഞ സ്വരത്തില്‍ സാര്‍ മറുപടി പറഞ്ഞു. സംസ്‌ക്കാരശുശ്രൂഷകള്‍ അവസാനിച്ചു കഴിഞ്ഞപ്പോള്‍ ദേവസ്യാച്ചന്‍ ചോദ്യം ആവര്‍ത്തിച്ചു. വിശ്വാസസംബന്ധമായ കാര്യങ്ങളെക്കുറിച്ച്‌ സാറിന്‌ നല്ല അവബോധമുണ്ടെന്ന്‌ ദേവസ്യാച്ചനു നിശ്ചയമുണ്ടായിരുന്നു.
ആന്റണിസാര്‍ പറഞ്ഞുതുടങ്ങി “ദേവസ്യാച്ചാ ഒരു കുഞ്ഞ്‌ രൂപമെടുക്കുന്നത്‌ എവിടെയാണ്‌?”
“അമ്മയുടെ ഗര്‍ഭപാത്രത്തില്‍” ദേവസ്യാച്ചന്റെ മറുപടി ഉടനെ വന്നു.
ജന്മം കൊള്ളുന്ന കുഞ്ഞിനെ അമ്മ മടിയിലിരുത്തി പാലൂട്ടി താലോലിച്ചു വള ര്‍ത്തും. അപ്പന്‍ അധ്വാനിച്ചുകൊണ്ടുവന്ന വിഭവങ്ങള്‍ നന്നായി പാകം ചെയ്‌ത്‌ അമ്മ ഭക്ഷണമൊരുക്കും. താരാട്ടുപാടിയുറക്കും. രോഗം വരുമ്പോള്‍ അപ്പനും അ മ്മയും അടുത്തിരുന്ന്‌ ശുശ്രൂഷിക്കും. സ്വ ന്തം വീട്ടുമുറ്റത്തിരുന്ന്‌ ശുശ്രൂഷിക്കും. സ്വ ന്തം വീട്ടുമുറ്റത്ത്‌ പിച്ചവെച്ചു വളരും. ജീവിതത്തിന്റെ ബാലപാഠങ്ങള്‍ മാതാപിതാക്കള്‍ പകര്‍ന്നുകൊടുക്കും. അങ്ങനെ അവന്‍ വളരും. കുഞ്ഞ്‌ മുറ്റത്ത്‌ ഓടിച്ചാടി നടക്കുന്നതിനിടയില്‍ തളര്‍ന്നുവീണുമരിച്ചെന്നു കരുതുക. അപ്പന്‍ ഓടിവന്ന്‌ കോ രിയെടുക്കുന്നു. മരിച്ച കുഞ്ഞിനെ അമ്മ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച്‌ മാറോടുചേര്‍ത്ത്‌ കെട്ടിപ്പിടിക്കുകയും മടിയില്‍ കിടത്തി വിലപിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ സംഗതി മനസ്സിലായോ. ആന്റണിസാര്‍ പറഞ്ഞുനിര്‍ത്തി.
എനിക്കൊന്നും മനസ്സിലാകുന്നില്ല ദേവസ്യാച്ചന്‍ സ്വതസിദ്ധമായ നിഷ്‌കളങ്കതയോടെ വെളിപ്പെടുത്തി.
മരണമടഞ്ഞ വിശ്വാസിയുടെ മൃതശരീരം എന്തിനാണ്‌ ദൈവാലയത്തില്‍ കൊ ണ്ടുവന്നു കിടത്തുന്നത്‌ എന്നല്ലേ ദേവസ്യാച്ചന്‍ ചോദിച്ചത്‌. ദൈവാലയം ഇടവകജനത്തിന്റെ അമ്മയാണ്‌. മിശിഹാ മൂലക്കല്ലും ശ്ലീഹന്മാര്‍ അടിസ്ഥാനങ്ങളും വി ശ്വാസികള്‍ സജീവശിലകളുമായി പണിയപ്പെട്ട ദൈവത്തിന്റെ ആലയമായ തിരുസഭയുടെ (എഫേ 2:19-22) പ്രതീകമാണ്‌ ദൈവാലയം. “സ്വര്‍ഗ്ഗീയ ഓര്‍ശ്ലേം” എ ന്നും “നമ്മുടെ അമ്മ” എന്നും സഭ വിളിക്കപ്പെടുന്നു (തിരുസഭ-6). ദൈവവചനം വഴി അനശ്വരമായതില്‍ നിന്നു ജനിക്കുക യും (1 പത്രോ 1:23) പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥിതരാകുകയും ചെയ്യുന്ന ദൈവമക്കളെ പ്രസവിച്ചു വളര്‍ത്തുന്ന അമ്മയാണ്‌ ദൈവാലയം.
നാം ദൈവാലയത്തിനുള്ളില്‍ ആയിരുന്നപ്പോള്‍ ദേവസ്യാച്ചന്‍ ശ്രദ്ധിച്ചുകാണുമല്ലോ മദ്‌ബഹായുടെ ഇരുവശത്തുമുള്ള ചെറിയ കപ്പേളകള്‍. അതില്‍ ഇടതുവശത്തുള്ള അഥവാ തെക്കുവശത്തുള്ള കപ്പേളയില്‍ മാമ്മോദീസാ തൊട്ടി സ്ഥാപിച്ചിരിക്കുന്നത്‌ കണ്ടില്ലേ? “സഭാമാതാവി ന്റെ ഗര്‍ഭപാത്രം” എന്നാണ്‌ സഭാപിതാക്കന്മാര്‍ മാമ്മോദീസാതൊട്ടിയെ വിശേഷിപ്പിക്കുന്നത്‌. ദൈവാലയമാകുന്ന, സഭയാകുന്ന അമ്മയുടെ ഈ ഗര്‍ഭപാത്രത്തിലാണ്‌ ദൈവവചനം വഴി അനശ്വരമായതില്‍ നിന്ന്‌ രൂപമെടുക്കുന്ന നാം ദൈവീകജീവന്‍ പ്രാപിച്ച്‌ ദൈവമക്കളായി ജനിക്കുന്നത്‌. മാമ്മോദീസായിലൂടെ ദൈവമക്കളായി ജനിക്കുന്ന നമ്മെ മദ്‌ബഹയില്‍ പരികര്‍മ്മം ചെയ്യുന്ന ബലിയിലൂടെ മിശിഹായുടെ ശരീരരക്തങ്ങള്‍ ഭക്ഷണപാനീയങ്ങളായി നല്‍കി പരിപോഷിപ്പിച്ചുവളര്‍ത്തുന്നു. ഹൈക്കല സ്ഥിതിചെയ്യുന്ന ബേമ്മയാകുന്ന വചനത്തിന്റെ മേശയില്‍നിന്ന്‌ ഈ അമ്മ നമുക്ക്‌ പ്രബോധനങ്ങള്‍ നല്‍കുന്നു. ഈ അമ്മയുടെ മടിയിലിരുന്ന്‌ നാം വചനം പഠിക്കുമ്പോഴാണ്‌ മായം ചേ ര്‍ക്കാത്ത, കലര്‍പ്പില്ലാത്ത ദൈവവചനം നമുക്ക്‌ ഗ്രഹിക്കാനാവുന്നത്‌. ഈ അമ്മയോടു പ്രാര്‍ത്ഥിക്കുമ്പോഴാണ്‌ വ്യാജപ്രബോധകരില്‍ നിന്നും നാം സംരക്ഷിക്കപ്പെടുന്നത്‌.
മാമ്മോദീസാതൊട്ടിയില്‍ നമ്മെ ജനിപ്പിച്ച്‌ വചനത്തിന്റെ മേശയില്‍നിന്നും, അ പ്പത്തിന്റെ മേശയില്‍നിന്നും നമ്മെ പോഷിപ്പിച്ച്‌ വളര്‍ത്തി വിശുദ്ധരുടെ ഗണത്തിലേയ്‌ക്ക്‌ നമ്മെ ഉയര്‍ത്തുകയാണ്‌ ഈ അമ്മ ചെയ്യുക. മദ്‌ബഹയുടെ വലത്തുവശത്ത്‌ മര്‍ത്തിരിയോണ്‍ അഥവാ ബേദ്‌ സഹദേ എന്നറിയപ്പെടുന്ന കപ്പേള ശ്രദ്ധിച്ചില്ലേ. അവിടെ രക്തസാക്ഷികളുടേയും വിശുദ്ധരുടേയും തിരുശേഷിപ്പുകള്‍ സൂ ക്ഷിച്ചുവയ്‌ക്കുന്ന രീതി ഈ വസ്‌തുതയാ ണ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌. മാമ്മോദീ സാ സ്വീകരിച്ച്‌ അമ്മയുടെ മടിയിലിരുന്ന്‌ വളര്‍ന്ന ഒരു വിശ്വാസിയുടെ മൃതശരീരം സ്വന്തം മടിയിലേയ്‌ക്കാണ്‌ ഈ അമ്മ സ്വീകരിക്കുന്നത്‌. ഈശോമിശിഹായുടെ രണ്ടാം ആഗമനത്തോളം ഈ മൃതശരീരം സൂക്ഷിക്കുന്നതും അമ്മയുടെ സമീപത്തുതന്നെ. (ദൈവാലയത്തിനു സമീപത്തു ത ന്നെ തയ്യാറാക്കിയിരിക്കുന്ന സെമിത്തേരിയില്‍).
“ഒരു ക്രൈസ്‌തവന്റെ ജീവിതത്തില്‍ ഇടവക ദൈവാലയം ഇത്രത്തോളം പ്രാ ധാന്യമുള്ളതാണെന്ന്‌ ഇപ്പോഴാണ്‌ മനസ്സിലായത്‌”. ദേവസ്യാച്ചന്‍ ചിന്താധീനനാ യി”.
പരിശുദ്ധ കന്യാമറിയവും യൗസേപ്പ്‌ പിതാവും ഈശോയെ വളര്‍ത്തിയത്‌ ജറുസലേം ദൈവാലയവുമായും നസ്രത്തിലെ സിനഗോഗുമായും ബന്ധപ്പെടുത്തിയാണ്‌. നസ്രത്തില്‍ നിന്ന്‌ ജറുസലേം ദൈവാലയത്തിലേക്ക്‌ ഏതാണ്ട്‌ 200 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ക്ലേശഭൂയിഷ്‌ടമായ യാത്രകള്‍ അവര്‍ വേണ്ടെന്നു വച്ചില്ല. നമ്മുടെ മക്കളേയും നാം ഇടവക ദൈവാലയവുമായി ബന്ധപ്പെടുത്തി വളര്‍ത്തണം. ആന്റണിസാര്‍ പറഞ്ഞുനിര്‍ത്തി.

സത്യനാഥാനന്ദ ദാസ്‌