സീറോമലബാര്‍ സഭ പൊതുയോഗം 2016 ഓഗസ്റ്റില്‍

0
881

കൊച്ചി: സീറോമലബാര്‍ സഭയിലെ രൂപതകളില്‍നിന്നു വൈദിക, സന്ന്യസ്‌ത, അല്‌മായ പ്രതിനിധികള്‍ പങ്കെടുക്കുന്ന പൊതുയോഗം 2016 ഓഗസ്റ്റില്‍ നടക്കും. ഒരു വിഷയത്തിലുള്ള പഠനം എന്നതിനേക്കാള്‍ വിശ്വാസി സമൂഹത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതികരണങ്ങള്‍ അറിയാന്‍ പൊതുയോഗം ഉപകാരപ്പെടുത്തണമെന്ന്‌ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെ ന്റ്‌ തോമസില്‍ നടക്കുന്ന മെത്രാന്‍ സിനഡ്‌ നിരീക്ഷിച്ചു.
അഞ്ചുവര്‍ഷം കൂടുമ്പോഴാണ്‌ സീറോ മലബാര്‍ സഭ പൊതുയോഗം നടക്കുന്നത്‌. പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചു പൊതുവായ ധാരണകള്‍ രൂപപ്പെടുത്താനുമുള്ള അവസരമായി പൊതുയോഗം മാറണമെന്നാണ്‌ സിനഡിന്റെ ആഗ്രഹം. ക്രൈസ്‌തവ കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ചു സിനഡ്‌ ചര്‍ച്ചചെയ്‌തു. 2015 അവസാനം റോമില്‍ നടക്കുന്ന സിനഡില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരാമര്‍ശിക്കപ്പെടാന്‍ വേണ്ടതെല്ലാം ചെയ്യണം. അതിനു രൂപതാതലങ്ങളില്‍ വൈ ദിക സമിതികളുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സമ്മേളനങ്ങളുടെ നിഗമനങ്ങള്‍ മൗണ്ട്‌ സെന്റ്‌ തോമസില്‍ അറിയിക്കണം.
സീറോമലബാര്‍ സഭയുടെ ആരാധനക്രമ വിശ്വാസപരിശീലനം, ആദ്യകുമ്പസാരവും ആഘോഷപൂര്‍വകമായ കുര്‍ബാന സ്വീകരണവും എന്നീ പുസ്‌തകങ്ങള്‍ വരും മാസങ്ങളില്‍ പ്രസിദ്ധീകരിക്കും. ആരാധനക്രമ വിശ്വാസപരിശീലന ഗ്രന്ഥത്തില്‍, പൗരസ്‌ത്യ സുറിയാനി പാരമ്പര്യം അടിസ്ഥാനമായി സ്വീകരിക്കുന്നതിനോടൊപ്പം സീറോ മലബാര്‍ സഭയുടെ തനതായ പാരമ്പര്യത്തില്‍ രൂപംകൊണ്ട ഘടകങ്ങളും ചേര്‍ത്തു വിശദീകരിച്ചിട്ടുണ്ട്‌. കൂടുതല്‍ ഉറച്ച വിശ്വാസബോധ്യത്തോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാനും വിശുദ്ധ കുര്‍ബാന സ്വീകരിക്കാനും കുട്ടികളെ പ്രാപ്‌തരാക്കുകയാണ്‌ ആദ്യകുമ്പസാരവും ആഘോഷപൂര്‍വ്വകമായ കുര്‍ബാന സ്വീകരണവും എന്ന പുസ്‌തകത്തിന്റെ ലക്ഷ്യം.