ശുദ്ധീകരണസ്ഥലം ഉണ്ടോ?

0
945

തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ വിശുദ്ധീകരണത്തെയാണ്‌ ശുദ്ധീകരണ സ്ഥലം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1031). ലഘുവായ പാപങ്ങളോടും കുറവുകളോടും കൂടി മരിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ്‌ ശുദ്ധീകരിക്കപ്പെടണം.ശുദ്ധീകരണസ്ഥലം എന്ന്‌ നാം പറയാറുണ്ടെങ്കിലും, ഇത്‌ ഒരു പ്രത്യേകസ്ഥലമായി മനസ്സിലാക്കേണണ്ടതില്ല. ഇത്‌ ശുദ്ധീകരിക്കപ്പെടുന്ന ഒരു അവസ്ഥയാണ്‌. സ്ഥലം എന്ന പദം തിരുസ്സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളില്‍ കാണുന്നില്ല.

വി. ഗ്രന്ഥത്തിലും വി. പാരമ്പര്യത്തിലും അടിസ്ഥാനമുണ്ടോ?
യഹൂദര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. 2 മക്ക 12:43-45ല്‍ നാം ഇപ്രകാരം വായിക്കുന്നു. “അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്‌മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേയ്‌ക്ക്‌ അയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന്‌ ഉറച്ച്‌ യൂദാസ്‌ ചെയ്‌ത ഈ പ്രവൃത്തി ശ്രേഷ്‌ഠവും ഉചിതവും തന്നെ. മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്‌ഠിച്ചു.” പുനരുത്ഥാനത്തില്‍ വിശ്വസിക്കുന്ന യഹൂദര്‍, മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു എന്നത്‌ ഇതില്‍നിന്നും വളരെ വ്യക്തമാണ്‌.
അഗ്നിയാലുള്ള വിശുദ്ധീകരണത്തെക്കുറിച്ച്‌ പൗലോസ്‌ശ്ലീഹാ പ്രതിപാദിക്കുന്നുണ്ട്‌. “ഈശോമിശിഹായെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഈ അടിസ്ഥാനത്തിന്‍മേല്‍ ആരെങ്കിലും സ്വര്‍ണമോ വെള്ളിയോ രത്‌നങ്ങളോ തടിയോ പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ചു പണിതാലും ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്റെ ദിനത്തില്‍ അതു വിളംബരംചെയ്യും. അഗ്നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന്‌ അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്‌ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്നിയിലൂടെയെന്നവണ്ണം അവന്‍ രക്ഷപ്രാപിക്കും.” (1 കോറി 3: 11-15).

മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ശ്ലീഹന്മാരുടെകാലം മുതല്‍ സഭയില്‍ നിലനിന്നിരുന്നു. മരണമടഞ്ഞ ഒനേസിഫോറസിന്‌ വിധിദിവസം കര്‍ത്താവിന്റെ കരുണ ലഭിക്കണമെന്ന്‌ പൗലോസ്‌ ശ്ലീ ഹാ പ്രാര്‍ത്ഥിക്കുന്നുണ്ട്‌ (2തിമോ 1:16-18).

തിരുസ്സഭയുടെ ആരംഭകാലം മുതല്‍ മരിച്ചവരെ അനുസ്‌മരിക്കുകയും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, കുര്‍ബാനയര്‍പ്പിക്കുകയും ദാനധര്‍മ്മാദികള്‍ നടത്തുകയും ചെയ്‌തിരുന്നു. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളുടെ പല സാക്ഷ്യങ്ങളും ഭൂഗര്‍ഭ സെമിത്തേരികളില്‍ നിന്ന്‌ ലഭിച്ചിട്ടുണ്ട്‌. വി. കുര്‍ബാനയില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ സഭയുടെ ആദ്യകാലംമുതല്‍ തന്നെ ഈ പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു എന്നതിന്റെ ഏറ്റവും പുരാതനമായ തെളിവാണ്‌. കുര്‍ബാനക്രമങ്ങളിലും കൂദാശാകര്‍മ്മങ്ങളിലും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളുണ്ട്‌. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നത്‌ ജീവിച്ചിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്‌.

ശുദ്ധീകരണാവസ്ഥയെക്കുറിച്ച്‌ സഭാപിതാക്കന്മാര്‍

1. അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്‌ (+215)
ദൈവവുമായി രമ്യപ്പെട്ടും എന്നാല്‍ പ്രായ ശ്ചിത്തം ചെയ്യാന്‍ സമയംകിട്ടാതെയും മരണമടഞ്ഞ ആത്മാക്കള്‍ അഗ്നിയാലുള്ള ശുദ്ധീകരണത്തിനു വിധേയമാകുന്നു. ഈ അഗ്നി വെറും ഭൗതിക അഗ്നിയല്ല. ആ ത്മാവിന്റെ ഉള്ളറകളിലേയ്‌ക്ക്‌ തുളച്ചുകയറുന്ന ബുദ്ധിപൂര്‍വ്വമായ അഗ്നിയാണ്‌. ഈ അഗ്നി അറിവു നല്‍കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യമാണ്‌.

2. വി. സിപ്രിയാന്‍ (+258)
വരുംലോകത്തിലും വിശുദ്ധീകരണത്തിനുള്ള സാദ്ധ്യത ഉണ്ടെന്ന്‌ സിപ്രിയാന്‍ വി ശദീകരിക്കുന്നു. `ഒടുവിലത്തെ കാശുകൂടെ കൊടുത്തുവീട്ടുവോളം നീ അവിടെ നിന്നും പുറത്തുവരികയില്ല’ (മത്താ 5:26) എന്ന തിരുവചനത്തിന്റെ അടിസ്ഥാനത്തി ല്‍ മരണാനന്തരമുള്ള ഒരു പ്രായശ്ചിത്ത പ്രവൃത്തിയുടെ സാദ്ധ്യത സിപ്രിയാന്‍ സ മര്‍ത്ഥിക്കുന്നു.

3. വി. അപ്രേം (+373)
വി. അപ്രേം മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച്‌ പറയുന്നു. ജീവിച്ചിരിക്കുന്നവര്‍ അര്‍പ്പിക്കുന്ന ബലികള്‍വഴി മരിച്ചവര്‍ക്ക്‌ സഹായംലഭിക്കുന്നു. കര്‍ത്താവിന്റെ പുരോഹിതന്മാര്‍ ദിവ്യബലികളും, പ്രാര്‍ത്ഥനകളും വഴി മരിച്ചവരുടെ പാപങ്ങള്‍ മോചിക്കു ന്നു.

4. വി. ജോണ്‍ ക്രിസോസ്‌തോം (+407)
മരണത്തിനും ഉത്ഥാനത്തിനുമിടയില്‍ ഒരു മദ്ധ്യാവസ്ഥ എല്ലാവര്‍ക്കുമുണ്ട്‌. വിശുദ്ധര്‍ക്ക്‌ ഭൂമിയിലുള്ള വിശ്വാസികള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കാന്‍ കഴിയും. ഭൂമിയിലുള്ളവിശ്വാസികള്‍ക്ക്‌ വിശുദ്ധരുടെ മാദ്ധ്യസ്ഥം അപേക്ഷിക്കാം. വി. കുര്‍ബാന, പ്രാര്‍ത്ഥന, ദാനധര്‍മ്മം എന്നിവ വഴി ജീവിച്ചിരിക്കുന്നവര്‍ക്ക്‌ മരണമടഞ്ഞവര്‍ക്കു ആശ്വാസം നല്‍കാന്‍ കഴിയും.

5. വി. ആഗസ്‌തിനോസ്‌ (+430)
പാശ്ചാത്യസഭാപിതാക്കന്മാരില്‍ ശുദ്ധീകരണാവസ്ഥയെപറ്റി ഏറ്റവുമധികം പ്രതിപാദിച്ചിട്ടുള്ളത്‌ വി. ആഗസ്‌തിനോസാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മരണംമൂലം വേര്‍പിരിയുന്ന ഓരോ ആത്മാവും വിശ്രമത്തിനോ സഹനത്തിനോ വിധേയമാകുന്നു. മാരക പാപങ്ങള്‍ ഭൂമിയില്‍ പൊറുക്കപ്പെടുന്നുണ്ടെങ്കിലും, പാപങ്ങളുടെ കടം നിലനില്‍ക്കുന്നു. കടങ്ങളുടെ പരിഹാരത്തിനായി ആത്മാക്കള്‍ സഹനത്തിന്‌ വിധേയമാകുന്നു. ഈ ലോകത്തുവെച്ചുള്ള ഏതു സഹനത്തെയുംകാള്‍ രൂക്ഷമാണ്‌ മരണശേഷമുള്ള ശുദ്ധീകരണം. ആത്മാക്കളുടെ സഹനത്തില്‍ ഭൗമികസഭാംഗങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍ സാധിക്കും. ജീവിച്ചിരിക്കുന്നവരുടെ ഭക്തിയും, ആദ്ധ്യാത്മികതയും ദാനധര്‍മ്മങ്ങളും ശുദ്ധീകരണാവസ്ഥയിലുള്ളവരുടെ ആത്മാക്കള്‍ക്ക്‌ ആശ്വാസം പകരും.

ശുദ്ധീകരണാവസ്ഥയെപ്പറ്റി കത്തോലിക്കസഭയുടെ ഔദ്യോഗികപ്രബോധനങ്ങള്‍: ശുദ്ധീകരണാവസ്ഥയെക്കുറിച്ചും, മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സഭ വ്യ ക്തമായി പഠിപ്പിക്കുന്നുണ്ട്‌.

1. രണ്ടാം ലിയോണ്‍സ്‌ കൗണ്‍സില്‍ (1274)
ചെയ്‌ത പാപങ്ങളെക്കുറിച്ച്‌ മനഃസ്‌തപിച്ചെങ്കിലും, അര്‍ഹമായ പരിഹാരപ്രവൃത്തികള്‍ ചെയ്യാതെ മരണമടയുന്നവരുടെ ആത്മാക്കള്‍ മരണശേഷം ശുദ്ധീകരിക്കപ്പെടണം. ഭൂമിയിലെ വിശ്വാസികളുടെ ദി വ്യബലി, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മം തുടങ്ങിയവയും, തിരുസ്സഭയുടെ നിര്‍ദേശമനുസരിച്ച്‌ വിശ്വാസികള്‍ ചെയ്യുന്ന മറ്റു ഭക്തകൃത്യങ്ങളും, ശുദ്ധീകരണാത്മാക്കളുടെ ശിക്ഷയില്‍ ഇളവുവരുത്തുന്നതിന്‌ സഹായിക്കും (ND 26)..

2. ത്രെന്തോസ്‌ കൗണ്‍സില്‍ (1545-1563)
ശുദ്ധീകരണാവസ്ഥ ഉണ്ടെന്ന്‌ കത്തോലിക്കാസഭ പഠിപ്പിക്കുന്നു. ശുദ്ധീകരണാവസ്ഥയിലുള്ള ആത്മാക്കളെ വിശ്വാസികള്‍ക്ക്‌ തങ്ങളുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനകളാല്‍ പ്രത്യേകിച്ച്‌ വി. കുര്‍ബാനയാല്‍ സഹായിക്കാന്‍ കഴിയും. വി. കുര്‍ബാന പാപപരിഹാര ബലിയാണ്‌. ഈ ബലി ഭൂമിയില്‍ ജീ വിക്കുന്ന വിശ്വാസികളുടെ ആവശ്യങ്ങ ള്‍ക്കുവേണ്ടി മാത്രമല്ല, മിശിഹായില്‍ മരിച്ചവരും എന്നാല്‍ പൂര്‍ണ്ണമായി ഇനിയും ശുദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തവര്‍ക്കും കൂടിയാണ്‌ അര്‍പ്പിക്കപ്പെടുന്നത്‌.

3. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (1962-65)
ശുദ്ധീകരണാവസ്ഥ വിശുദ്ധീകരിക്കുന്നതിനാണ്‌. വിശ്വാസികളില്‍ ചിലര്‍ വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (LG 49). .

4. വിശ്വാസസംരക്ഷണ തിരുസംഘം (1979)
1979 മെയ്‌ 14ന്‌ വിശ്വാസസംരക്ഷണ തിരുസംഘം പുറപ്പെടുവിച്ച Certain Questions Concerning Eschatology എന്ന രേഖയില്‍, ശുദ്ധീകരണാവസ്ഥയെ മനുഷ്യന്റെ വിശുദ്ധീകരണത്തിന്റെ അവസാനഘട്ടമാ യി അവതരിപ്പിക്കുന്നു. എല്ലാ ശുദ്ധീകരണ പ്രക്രിയയിലും ഒരു നിശ്ചിത അളവിലുള്ള സഹനം ഉണ്ട്‌. ശുദ്ധീകരണാവസ്ഥയിലും സഹനത്തിന്റെ അവസ്ഥയുണ്ട്‌.

5. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം (1992)
സ്വര്‍ഗ്ഗത്തിലേയ്‌ക്കു പ്രവേശിക്കാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനാണ്‌ മരണാനന്തരമുള്ള ഈ ശുദ്ധീകരണം. ശു ദ്ധീകരണാവസ്ഥ നരകത്തില്‍നിന്നും തി കച്ചും വിഭിന്നമാണ്‌ (കത്തോലിക്കാസഭ യുടെ മതബോധനഗ്രന്ഥം 1030, 1031).

ഫാ. സെബാസ്റ്റ്യന്‍ ചാലയ്‌ക്കല്‍