വിശ്വാസപൈതൃകം സംരക്ഷിക്കണം : മാര്‍ ആലഞ്ചേരി

0
834

കൊച്ചി: മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികളുടെ മഹത്തായ വിശ്വാസപൈതൃകം എക്കാലവും സംരക്ഷിക്കപ്പെടണമെന്ന്‌ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പറഞ്ഞു. അവിഭക്ത പുത്തന്‍പള്ളി ഇടവകയില്‍ പുണ്യജീവിതം നയിച്ചു കടന്നുപോയ വിശുദ്ധാത്മാക്കളെ സ്‌മരിക്കുന്ന പുണ്യസ്‌മൃതിയോടനുബന്ധിച്ച്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ പുത്തന്‍പള്ളി സെന്റ്‌ ജോര്‍ജ്ജ്‌ പളളിയില്‍ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ തന്റെ ജീവിതത്തിന്റെ അവസാനത്തെ ഏഴു വര്‍ഷവും വിശുദ്ധ ഏവുപ്രാസ്യാമ്മ സമര്‍പ്പിതജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ഒന്‍പത്‌ വര്‍ഷവും പുത്തന്‍പള്ളി ഇടവകയുടെ ഭാഗമായ കൂനന്മാവില്‍ ജീവിച്ചു. വാഴ്‌ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും ദൈവദാസനായ മാര്‍ മാത്യു മാക്കിലും ഇവിടെവെച്ച്‌ വൈദികപട്ടം സ്വീകരിച്ചു. ദൈവദാസന്മാരായ മാര്‍ മാത്യു കാവുകാട്ട്‌, ഫാ. ജോസഫ്‌ വിതയത്തില്‍, പൂതത്തില്‍ തൊമ്മിയച്ചന്‍, ഫാ. വര്‍ഗ്ഗീസ്‌ പയ്യപ്പള്ളി തുടങ്ങിയ പുണ്യാത്മാക്കളും ഇവിടെയുണ്ടായിരുന്നു.