മൃതസംസ്കാരം നിഷേധിക്കാമോ ?

ചോദ്യം:- ശവസംസ്‌ക്കാരശുശ്രൂഷ നിഷേധിക്കുന്നതിനെ സംബന്ധിച്ചുള്ള ഒരു സംശയമാണ്‌ എനിക്ക്‌ ചോദിക്കുവാനുള്ളത്‌. ഞങ്ങളുടെ ഇടവകയില്‍ മരണാസന്നനായി കിടക്കുന്ന ഒരു രോഗിയുണ്ട്‌. അദ്ദേഹം ആരോഗ്യത്തോടെ കഴിഞ്ഞിരുന്ന കാലം ഞങ്ങളുടെ ഇടവകപള്ളിയില്‍ വരികയൊ, നിരവധി വര്‍ഷങ്ങളായി വി. കുമ്പസാരം നടത്തുകയൊ, വി. കുര്‍ബാന സ്വീകരണം നടത്തുകയൊ മറ്റുകൂദാശകളില്‍ പങ്കെടുക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യയും മക്കളും സഭാസംബന്ധമായ കാര്യങ്ങളില്‍ വളരെ സജീവമായി പങ്കെടുക്കുന്നുമുണ്ട്‌. ഒരിക്കല്‍ അദ്ദേഹത്തിന്റെ വീടുവെഞ്ചരിക്കാന്‍ പോയപ്പോള്‍ നമ്മുടെ കര്‍ത്താവിന്റെയൊ, മറ്റു വിശുദ്ധരുടെയോ രൂപങ്ങള്‍ ഒന്നും കാണുവാന്‍ വികാരിയച്ചനു സാധിച്ചില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ലെനിനിന്റെ ഫോട്ടോ പ്രധാന സ്ഥാനത്തു വച്ചിരുന്നു. അതുകണ്ട്‌ ഞങ്ങളുടെ അന്നത്തെ വികാരിയച്ചന്‍ ചോദിച്ചു: “ഈശോയുടെ സ്ഥാനത്ത്‌ മറ്റു ഫോട്ടോയാണല്ലോ വച്ചിരിക്കുന്നത്‌” എന്ന്‌. അന്ന്‌ അദ്ദേഹം വീട്ടിലുണ്ടായിരുന്നു. അദ്ദേഹം ഉടന്‍ മറുപടി പറഞ്ഞു. “ഫോട്ടോയിലൊക്കെ എന്തിരിക്കുന്നു അച്ചോ” എന്ന്‌. ഞങ്ങളുടെ വികാരിയച്ചന്‍ അന്ന്‌ അങ്ങനെ മറുപടി പറഞ്ഞതിന്‌ അദ്ദേഹത്തെ ശാസിച്ചത്‌ പ്രത്യേകം ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം പരസ്യമായി സഭയ്‌ക്കെതിരെ പ്രസംഗിക്കുകയൊ, പ്രവര്‍ത്തിക്കുകയൊ ചെയ്‌ത അനുഭവവും ഇല്ല. മരണകരമായ ഒരു അസുഖം ബാധിച്ച്‌ കിടപ്പിലാണദ്ദേഹം. അദ്ദേഹത്തിന്റെ സഭയോടുള്ള നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല. എന്റെ ചോദ്യം; മൃതിയടയുമ്പോള്‍ അദ്ദേഹത്തിന്‌ സഭാപരമായ ശവസംസ്‌ക്കാരം നിഷേധിക്കാനാകുമോ?
ഒരു ഇടവകാംഗം

ഉത്തരം:
കൂദാശകള്‍ സ്വീകരിക്കാതെ സഭാകൂട്ടായ്‌മയില്‍ നിന്നും അകന്നുജീവിക്കുന്ന ഒരു വ്യക്തിക്ക്‌ സഭാപരമായ ശവസംസ്‌ക്കാരം കൊടുക്കാമോ എന്നതിനെ സംബന്ധിച്ച്‌ വ്യക്തമായ ഉത്തരം കിട്ടുന്നതിനുമുമ്പ്‌, ഇതുമായി ബന്ധപ്പെട്ട ചില വസ്‌തുതകള്‍ വ്യക്തമാക്കേണ്ടതുണ്ട്‌. സഭാപരമായ ശവസംസ്‌ക്കാരം നിഷേധിക്കാവുന്ന ആളുകളെക്കുറിച്ച്‌ സഭയുടെ നിയമം (CCEO, C. 877) വ്യക്തമാക്കുന്നു: “ക്രൈസ്‌തവ വിശ്വാസികളുടെ പൊതുവായ ഇടര്‍ച്ചയ്‌ക്ക്‌ കാരണമാകുന്നെങ്കില്‍, മരണത്തിനുമുമ്പ്‌ അനുതാപത്തിന്റെ എന്തെങ്കിലും അടയാളം കാണിക്കാത്ത പാപികള്‍ക്ക്‌ സഭാപരമായ മൃതസംസ്‌ക്കാരം നിഷേധിക്കേണ്ടതാകുന്നു”. എന്നാല്‍ ലത്തീന്‍ സഭയ്‌ക്കുള്ള നിയമം 1184 പ്രകാരം മൂന്നുതരത്തിലുള്ള വ്യക്തികള്‍ക്ക്‌ സഭാപരമായ മൃതസംസ്‌ക്കാര ശുശ്രൂഷ നിഷേധിക്കാവുന്നതാണെന്ന്‌ വ്യക്തമാക്കുന്നു: (1) കുപ്രസിദ്ധരായ വിശ്വാസത്യാഗികള്‍ (Apostates), പാഷണ്‌ഡികള്‍ (Heretics), ശീശ്‌മക്കാര്‍ (Schismatics), (2) ക്രിസ്‌തീയ വിശ്വാസത്തിനെതിരായ കാരണങ്ങളാല്‍ സ്വന്തം മൃതശരീരം ദഹിപ്പിക്കണമെന്ന്‌ തീരുമാനിക്കുന്നവര്‍; (3) വിശ്വാസികള്‍ക്ക്‌ പരസ്യമായ ഉതപ്പുകൊടുത്ത്‌ സഭാപരമായ മൃതസംസ്‌ക്കാര ശുശ്രൂഷ നടത്താന്‍ കഴിയാത്ത പരസ്യപാപികള്‍.

എന്തിനാണ്‌ സഭാപരമായ മൃതസംസ്‌ക്കാര ശുശ്രൂഷയെന്നതിന്‌ പൗരസ്‌ത്യ സഭാനിയമം വ്യക്തമായ ഉത്തരം നല്‌കുന്നുണ്ട്‌. 875 -ാം കാനോനായില്‍ “മൃതസംസ്‌ക്കാരത്തില്‍ സഭ മരിച്ചവരുടെ ആത്മീയ നന്മയ്‌ക്കായി പ്രാര്‍ത്ഥിക്കുക യും അവരുടെ ശരീരങ്ങളെ ബഹുമാനിക്കുകയും ജീവിച്ചിരിക്കുന്നവര്‍ക്ക്‌ പ്രത്യാശയുടെ ആശ്വാസം നല്‌കുകയും ചെയ്യുന്നു” എന്ന്‌ പറയുന്നു. മേല്‍പ്പറഞ്ഞ നിയമപ്രകാരം സഭാപരമായ മൃതസംസ്‌ക്കാരശുശ്രൂഷ മരിച്ച വ്യക്തിക്കുള്ള ആദ്ധ്യാത്മിക സഹായം മാത്രമല്ല, ജീവിച്ചിരിക്കുന്ന വര്‍ക്ക്‌ പ്രതീക്ഷയും പ്രദാനം ചെയ്യുന്നു. സാധാരണഗതിയില്‍ വിശ്വാസികള്‍ക്ക്‌ നിഷേധിക്കുന്ന ഒന്നായി സഭാപരമായ മൃതസംസ്‌ക്കാരശുശ്രൂഷയെ കാണുവാന്‍ സാധിക്കില്ല.
മരണത്തിനുമുമ്പ്‌ മനഃസ്‌താപത്തിന്റെ എന്തെങ്കിലും അടയാളം വ്യക്തമാക്കുന്ന വ്യക്തിക്ക്‌ സഭാപരമായ മൃതസംസ്‌ക്കാരശുശ്രൂഷ നിഷേധിക്കാനാവില്ല. അത്തരത്തിലുള്ള വ്യക്തി കാണിക്കുന്ന അനുതാപത്തിന്റെ അടയാളം ദൈവവുമായും അവിടുത്തെ സഭയുമായും രമ്യപ്പെടുവാനുള്ള ആഗ്രഹത്താല്‍ പ്രേരിതമായിരിക്കണം. ഒരു വൈദീകന്റെ സാന്നിദ്ധ്യത്തില്‍ കൃപയില്‍ മരിക്കുവാനുള്ള ആഗ്രഹം അങ്ങനെയുള്ള വ്യക്തികള്‍ നടത്തിയേക്കാം. വളരെ കുപ്രസിദ്ധരായ വിശ്വാസഭ്രംശം സംഭവിച്ചവര്‍ വഴി സഭയ്‌ക്കുണ്ടായ അപരിഹാര്യമായ ഉതപ്പ്‌ ഒരളവുവരെ പരിഹരിക്കുവാന്‍ തന്റെ അന്തിമനാളുകളിലെ അനുതാപത്തിന്റെ അടയാളം വഴി സാധിക്കണം.

സഭാപരമായ മൃതസംസ്‌ക്കാര ശുശ്രൂഷ വിശ്വാസത്യാഗികള്‍ ക്കും (Apostates), പാഷണ്‌ഡികള്‍ക്കും (Heretics) ശീശ്‌മക്കാര്‍ക്കും (Shismatics) നിഷേധിക്കണമെന്ന്‌ ലത്തീന്‍സഭയുടെ നിയമം 1184 -ാം കാനന്‍ അനുശാസിക്കുന്നുണ്ടല്ലൊ. ഇങ്ങനെയുള്ള വ്യക്തികള്‍ ഔപചാരികമായി മറ്റേതെങ്കിലും അകത്തോലിക്കാ സഭാസമൂഹത്തില്‍ ചേര്‍ന്നാ ല്‍ നാം മനസ്സിലാക്കേണ്ടത്‌ അവരുടെ മൃതസംസ്‌ക്കാര ശുശ്രൂഷയും അത്തരം സഭാസമൂഹത്തില്‍ വെച്ചുനടത്തണം എ ന്ന അവരുടെ ആഗ്രഹത്തെയാണ്‌. എന്നാ ല്‍ ഔപചാരികമായി കത്തോലിക്കാവിശ്വാസം പരിത്യജിച്ചുവെന്ന്‌ വ്യക്തമാക്കാത്ത ഒരു വ്യക്തിയുടെ മൃതസംസ്‌ക്കാര ശുശ്രൂഷ സഭയില്‍ നിഷേധിക്കാനാവില്ല. കത്തോലിക്കാ വിശ്വാസം ഔപചാരികമാ യി ഉപേക്ഷിച്ചിട്ടില്ലാത്ത വ്യക്തിയെ ക ത്തോലിക്കാ കൂട്ടായ്‌മയില്‍തന്നെ ഉള്ള വ്യക്തിയായി പരിഗണിക്കേണ്ടിവരും. അ ത്തരം വ്യക്തികള്‍ സഭയുടെ നിയമങ്ങള്‍ ക്കും, ചട്ടങ്ങള്‍ക്കും പതിവുകള്‍ക്കും അ നുസരണം അവരുടെ മൃതദേഹ ശുശ്രൂഷ പരികര്‍മ്മം ചെയ്യുന്നതിനെ സംബന്ധിച്ചു ള്ള തീരുമാനത്തോടു വിധേയപ്പെടേണ്ടതാണ്‌. ഉദാഹരണമായി, ശവദാഹം (Cremation) സാധാരണയായി നടപ്പിലില്ലാത്ത ഒരു കത്തോലിക്കാ രൂപതയില്‍ കത്തോലിക്കാ വിശ്വാസ പാരമ്പര്യത്തിനു വിരുദ്ധമായി, അല്ലെങ്കില്‍ തന്റെ സഭയ്‌ക്കെതിരെയുള്ള നിലപാടു വ്യക്തമാക്കുവാന്‍ ശവദാഹം (Cremation) നടത്താന്‍ ആവശ്യപ്പെട്ടാല്‍ അത്‌ തിരസ്‌ക്കരിക്കുവാനുള്ള അവകാശം സഭയ്‌ക്കുണ്ട്‌. വളരെ കുപ്രസിദ്ധിയാര്‍ന്ന പാപാവസ്ഥയില്‍ ജീവിച്ചു അനുതാപമില്ലാതെ മരിച്ചുപോയയാളുടെയും, അത്തരത്തിലുള്ള ഒരു വ്യക്തിയുടെ സഭാപരമായ മൃതസംസ്‌ക്കാര ശുശ്രൂഷ സമൂഹത്തിന്‌ പരസ്യമായ ഉതപ്പിനു കാരണമാവുകയും ചെയ്യുമ്പോള്‍ സഭാധികാരികള്‍ ഓരോ കേസും വിശകലനം ചെയ്‌ത്‌ അത്തരം വ്യക്തികള്‍ക്കുള്ള സഭാപരമായ മൃതസംസ്‌ക്കാരശുശ്രൂഷ നല്‌കുന്നതിനെ സംബന്ധിച്ച്‌ തീരുമാനിക്കും. സഭയുടെ നന്മയ്‌ക്ക്‌ ഹാനികരമാകുന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള ശുശ്രൂഷ ഒഴിവാക്കപ്പെടുകതന്നെ വേണം.

സാധാരണ മേല്‍വിവരിച്ചപ്രകാരമുള്ള ഒരു സാഹചര്യം ഒരു ഇടവകയില്‍ സംജാതമാകുമ്പോള്‍ ബന്ധപ്പെട്ട വികാരി രൂപതാദ്ധ്യക്ഷന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയും വേണം.
അനാഡംബരമായ (Simple) മൃതസംസ്‌ക്കാരത്തെ സംബന്ധിച്ച്‌ സീറോമലബാര്‍ സഭയുടെ പ്രത്യേക നിയമം നടത്തുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ഇപ്രകാരമാണ്‌: “അനാഡംബരമായ മൃതസംസ്‌ക്കാരമെന്നാല്‍, അത്‌ ചരമപ്രസംഗം ഒഴിവാക്കിയതും പരിശുദ്ധകുര്‍ബാന ഇല്ലാത്തതും, ഉച്ചഭാഷിണിയുടെ ഉപയോഗം ഇല്ലാത്തതും, രണ്ട്‌ മുത്തുകുടകള്‍ മാത്രം ഉപയോഗിക്കപ്പെടുന്നതും, ഒരു കുരിശുമാത്രം സംവഹിക്കപ്പെടുന്നതും, ഒരു പുരോഹിതന്‍ മാത്രം സംബന്ധിക്കുന്നതുമായ ഒരു കര്‍മ്മമാണ്‌. ഉതപ്പിനു കാരണമാകുന്ന ആത്മഹത്യമൂലമുണ്ടാകുന്ന മരണങ്ങളില്‍ അനാഡംബരമായ മൃതസംസ്‌ക്കാര കര്‍മ്മങ്ങളില്‍ പള്ളിക്കുള്ളില്‍ മൃതദേഹം പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല. പുരോഹിതന്‍ മൃതസംസ്‌ക്കാരത്തിനു പുറമെ വെച്ച്‌ അങ്ങനെയുള്ളവരുടെ കുഴിമാടം വെഞ്ചരിപ്പു കൊടുക്കുകയാണുവേണ്ടത്‌”. (സീറോമലബാര്‍ സഭയുടെ പ്രത്യേക നിയമം, പി. 175). സഭാ കൂട്ടായ്‌മയില്‍ നിന്നും വിഘടിച്ചുപോയ ഒരാളുടെ മൃതസംസ്‌ക്കാരം എപ്രകാരം നടത്തണമെന്ന്‌ തീരുമാനിക്കുന്നത്‌, എപ്രകാരം ആ വ്യക്തി സഭാകൂട്ടായ്‌മയില്‍ നിന്നും വിഘടിച്ചുപോയി എന്നതിനെയും, എത്രമാത്രം സഭയ്‌ക്കും സമൂഹത്തിനും ആ വ്യക്തിയുടെ വ്യതിചലനം ഹാനികരമായി എന്നതിനെയും ആസ്‌പദമാക്കിയായിരിക്കണം. ഏറ്റവും ചുരുങ്ങിയത്‌ അത്തരം വ്യക്തികളുടെ മൃതസംസ്‌ക്കാരം മൂലം ഒരു സമൂഹത്തിനുണ്ടാകുന്ന ഉതപ്പിനെ സംബന്ധിച്ച്‌ ആവശ്യമായ വിലയിരുത്തലുകള്‍ നടത്തിയിരിക്കണം.

പൗരസ്‌ത്യ സഭാനിയമം 875 -ാം കാനന്‍ സഭാപരമായ മൃതസംസ്‌ ക്കാര ശുശ്രൂഷ എല്ലാ ക്രിസ്‌തീയ സഭാവിശ്വാസികള്‍ക്കും നല്‌കണമെന്ന്‌ അനുശാസിക്കുമ്പോള്‍തന്നെ 877 -ാം കാനനിലെ ആര്‍ക്കൊക്കെ മൃതസംസ്‌ക്കാര ശുശ്രൂഷ നിഷേധിക്കണമെന്നുള്ള നിബന്ധന പാലിക്കണമെന്ന്‌ കല്‌പിക്കുന്നു. ഈ നിയമത്തിനുമുമ്പ്‌ 1973 -ല്‍ വിശ്വാസ തിരുസംഘം, സമൂഹത്തിനുണ്ടാകുന്ന വലിയ ഉതപ്പിന്‌ ഒരു മൃതസംസ്‌ക്കാരം കാരണമാകുന്നുവെങ്കില്‍ അനുതാപത്തിന്റെ എന്തെങ്കിലും ഒരു അടയാളം കാട്ടുന്ന വ്യക്തിയുടെ അനുതാപം പരിഗണിച്ച്‌ മൃതസംസ്‌ക്കാരം നടത്തികൊടുക്കുവാന്‍ നിഷ്‌ക്ക ര്‍ഷിച്ചിരിക്കുന്നു. സമൂഹത്തിനുണ്ടാകു ന്ന ഉതപ്പ്‌ രണ്ടുതരത്തില്‍ ആകാം:
(1) ഒരാളുടെ മൃതസംസ്‌ക്കാരം നടത്തിയാല്‍ സമൂഹത്തിനുണ്ടാകുന്ന ഉതപ്പ്‌; (2) ഒരാളുടെ മൃതസംസ്‌ക്കാരം നടത്തിക്കൊടുത്തില്ലെങ്കില്‍ സമൂഹത്തിനുണ്ടാകുന്ന ഉതപ്പ്‌. പലപ്പോഴും ആദ്യം പറഞ്ഞ വസ്‌തുത മാത്രമേ പല സ്ഥലങ്ങളി ലും പരിഗണിക്കപ്പെടുന്നുള്ളൂ. എന്നാല്‍, മരണമടഞ്ഞ വ്യക്തിയോടു ബന്ധപ്പെട്ടവരുടെ വികാരങ്ങള്‍ മനസ്സിലാക്കേണ്ട അവസരംകൂടിയാണ്‌ ഓരോ മൃതസംസ്‌ക്കാര ശുശ്രൂഷാ അവസരവും. സമൂഹത്തിലുള്ള കേവലമായ ഒരു `അവമതി’ മാത്രം പരിഗണിച്ചുകൊണ്ട്‌ ഒരാള്‍ക്കുള്ള മൃതസംസ്‌ക്കാര ശുശ്രൂഷ നിഷേധിക്കാനാവില്ല. എന്നാല്‍ `അവമതി’യെക്കാള്‍ സമൂഹത്തിനുണ്ടാകുന്ന `ഉതപ്പാണ്‌’ പരിഗണിക്കപ്പെടേണ്ടത്‌. എപ്പോഴും ഇത്തരം കേസുകളില്‍ ഒരു തീരുമാനത്തില്‍ എത്തുവാന്‍ സംശയം നേരിടുമ്പോള്‍ സംശയത്തിന്റെ ആനുകൂല്യം മരണമടഞ്ഞ വ്യക്തിക്കായിരിക്കും ലഭിക്കുക.

ഒരിടവകയിലെ അജപാലന ദൗത്യങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ശുശ്രൂഷകളില്‍ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കുകയെന്നത്‌ പ്രധാനപ്പെട്ട വിഷയമാണ്‌. തികഞ്ഞ വിവേകവും, കരുണയും പ്രതിഫലിക്കുന്ന ഒരു തീരുമാനമാണ്‌ ഇക്കാര്യത്തില്‍ ആവശ്യമായിട്ടുള്ളത്‌. ഇത്തരുണത്തില്‍ മാനസീക അസ്വസ്ഥതകള്‍, ഉത്‌കണ്‌ഠ, അമിതമായ ഭയം, ക്ലേശം, കഷ്‌ടപ്പാട്‌, ശാരീരിക പീഡനങ്ങള്‍ എന്നിവയൊ ക്കെ ഓരാളുടെ ആത്മഹത്യയ്‌ക്ക്‌ കാരണമാകുന്നുവെങ്കില്‍ അയാള്‍ക്ക്‌ സഭാപരമായ മൃതദേഹ ശുശ്രൂഷ നിഷേധിച്ചുകൂടാ. (Cf. Catechism of the Catholic Church, 2282 – 2293) എല്ലാ വിശ്വാസികള്‍ക്കും തുല്യമായ അവകാശങ്ങളും കടമകളും സഭയില്‍ ഉള്ളതിനാല്‍ ഒരുതരത്തിലുമുള്ള വിവേചനങ്ങള്‍ മൃതസംസ്‌ക്കാരശുശ്രൂഷയുടെ കാര്യത്തില്‍ ഉണ്ടാകരുത്‌ (CCEO, 878). ചുരുക്കത്തില്‍ സഭാപരമാ യ മൃതസംസ്‌ക്കാരം നിയമാനുസൃതം നടത്തുകയോ, നടത്താതിരിക്കുകയോ ചെയ്യുന്നതിനുമുമ്പ്‌ അത്‌ സമൂഹത്തില്‍ വരുത്തിവെയ്‌ക്കുന്ന ഉതപ്പിനെ സംബന്ധിച്ച്‌ തികഞ്ഞ ബോധ്യം തീരുമാനം കൈക്കൊള്ളുന്ന അധികാരികള്‍ക്കുണ്ടായിരിക്കണം.
ചോദ്യകര്‍ത്താവിന്റെ ചോദ്യത്തില്‍ പരാമര്‍ശിക്കുന്നതുപോലെ മരണാസന്നനായി കിടക്കുന്ന വ്യക്തി “പരസ്യമായി സഭയ്‌ക്കെതിരെ പ്രസംഗിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌ത ഒരു അനുഭവം ഇല്ല”. പക്ഷെ ചോദ്യകര്‍ത്താവ്‌ പറയുന്നതുപോലെ, അദ്ദേഹം വിശുദ്ധകൂദാശകള്‍ സ്വീകരിച്ചതായി കാണുന്നില്ല. ആണ്ടുവട്ടത്തില്‍ ഒരിക്കലെങ്കിലും സ്വീകരിക്കേണ്ട വി. കൂദാശകള്‍ സ്വീകരിക്കാത്തതിനെ സംബന്ധിച്ച്‌ ഔദ്യോഗികമായി മേല്‍പ്പറഞ്ഞ വ്യക്തിയോട്‌ വിശദീകരണം ചോദിച്ചതായി കാണുന്നില്ല. കൂടാതെ, അദ്ദേഹത്തിന്റെ വിശ്വാസജീവിതത്തെപ്പറ്റി ചില നിഗമനങ്ങളാണ്‌ ചോദ്യത്തിലുള്ളത്‌. ഏതൊരു ശിക്ഷയും പ്രഖ്യാപിക്കുംമുമ്പ്‌ ആവശ്യമായ വിശദീകരണം ചോദിക്കേണ്ടതുമുണ്ട്‌. മേല്‍പ്പറഞ്ഞ വ്യക്തിയോട്‌ നിയമപരമായ രീതിയില്‍ എന്തെങ്കിലും തരത്തിലുള്ള വിശദീകരണം ചോദിച്ചിട്ടില്ല. ആവശ്യമായ നടപടിക്രമം സ്വീകരിക്കാതെ സഭാപരമായ മൃതസംസ്‌ക്കാരം അദ്ദേഹത്തിനു നിഷേധിക്കുന്നത്‌ ഉചിതമാവില്ല. മാത്രമല്ല, അത്തരം മൃതസംസ്‌ക്കാരം നിഷേധിക്കുന്നത്‌ കൂടുതല്‍ നിയമപ്രശ്‌നങ്ങള്‍ക്ക്‌ വഴിവെച്ചേക്കാം. ചുരുക്കത്തില്‍, നിയമപ്രകാരം മേല്‍പ്പറഞ്ഞ വ്യക്തിയ്‌ക്കു സഭയിലെ മൃതസംസ്‌ക്കാരശുശ്രൂഷ നിഷേധിക്കാനാവില്ല.

വായനക്കാരുടെ സഭാപരമായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുന്നത് ചങ്ങനാശേരി അതിരൂപത ജുഡീഷ്യല്‍ വികാര്‍ റവ. ഡോ. മാത്യു ചങ്ങങ്കരി