1. മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ദൈവശാസ്‌ത്രാടിസ്ഥാനം എന്താണ്?
സഭ വിശുദ്ധരുടെ കൂട്ടായ്‌മയാണ്. സ്വര്‍ഗ്ഗവാസികളായ വിശുദ്ധരും (വിജയസഭ), ഭൂവാസികളായ വിശുദ്ധരും (സമരസഭ – വിശുദ്ധരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായവരുടെ സഭ) ശുദ്ധീകരണ വിധേയരായ ആത്മാക്കളും (സഹനസഭ) ചേര്‍ന്ന് ഈശോയില്‍ ഒരു കുടുംബമാണ്. അത് ഈശോയുടെ മൗതിക ശരീരമാണ്. അതിനാല്‍ പരസ്‌പരസഹോദരങ്ങളുമാണ്. നാം ഈ ഭൂമിയില്‍നിന്ന് കടന്നുപോയാലും ഈശോയുമായി നമുക്കുള്ള ബന്ധവും നാം സഹോദരങ്ങളാണ് എന്ന അവസ്ഥയും ഇല്ലാതാകുന്നില്ല. ഭൂമിയില്‍ ജീവിക്കുന്നവരും മരിച്ച് കടന്നുപോയവരും ഒരേ സഭയുടെ അംഗങ്ങളായി ഈശോയുടെ ശരീരമായി ദൈവസന്നിധിയില്‍ ജീവിക്കുന്നു. ഐക്യത്തില്‍ കഴിയുന്നു.
“നമ്മളെല്ലാവരും മിശിഹായാകുന്ന ഏക ശരീരത്തിന്റെ വിവിധ അവയവങ്ങളാകുന്നു”. (1 കോറി. 12:13) “ഈ ശരീരത്തിലെ ഒരംഗം വേദനിക്കുമ്പോള്‍ ശരീരമാസകലം വേദനിക്കുന്നു; ഒരംഗം ആനന്ദിക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് സ ന്തോഷിക്കുന്നു. നിങ്ങളെല്ലാവരും ചേര്‍ന്ന് മിശിഹായുടെ ശരീരമാണ്…” (1 കോറി 12:16-27) അപ്രകാരം വേദനയനുഭവിക്കു ന്ന സഹനസഭയും വിശുദ്ധജീവിതത്തിനായി നിരന്തരം അധ്വാനിക്കുന്ന സമര സഭയും സ്വര്‍ഗ്ഗീയാനന്ദമനുഭവിക്കുന്ന വിജയ സഭയും കര്‍ത്താവിന്റെ മൗതിക ശരീരമെന്ന നിലയില്‍ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തില്‍ ഒരംഗത്തിനുണ്ടാകുന്ന വേദനയും ആനന്ദവും ശരീരമാകെ പങ്കുവയ്‌ക്കപ്പെടുന്നതുപോലെ മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള ഭൂവാസികളുടെ പ്രാര്‍ത്ഥനയും ദാനധര്‍മ്മങ്ങ ളും ഉപവാസവുമെല്ലാം പരിഗണിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.
2. അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ പൂര്‍വ്വീകര്‍ക്കുവേണ്ടി ഇപ്പോള്‍ പ്രാര്‍ത്ഥിച്ചാല്‍ അത് എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത്?
നല്ല സംശയമാണിത്. മനുഷ്യന്‍ പരിമിതികള്‍ ഉള്ളവനാണല്ലൊ. അവനാണ് ഇന്നലെയും ഇന്നും നാളെയും ഉള്ളത്. എന്നാല്‍ ദൈവം നിത്യനാണ്. അവിടുത്തേയ്‌ക്ക് നമ്മെപ്പോലെ ഇന്നലെയും നാളെയുമില്ല; എന്നും ഇന്നാണ്. അതിനാല്‍ നാം ഇന്നലെ (വര്‍ഷങ്ങള്‍ക്കുമുമ്പും) പ്രാ ര്‍ത്ഥിച്ചതും ഇന്നും നാളെയും പ്രാര്‍ത്ഥിക്കുന്നതും (വര്‍ഷങ്ങള്‍ക്കുശേഷവും) ദൈവതിരുമുമ്പില്‍ ഇന്നിലാണ് സ്വീകരിക്കപ്പെടുന്നത്. “കര്‍ത്താവിന്റെ മുമ്പില്‍ ഒരുദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ് (സങ്കീ. 90:4, 2 പത്രോ. 3:8). അതിനാല്‍ മരിച്ച വിശ്വാസികള്‍ക്കുവേണ്ടി എപ്പോള്‍ പ്രാര്‍ത്ഥിച്ചാലും പരിത്യാഗ പ്രവൃത്തികള്‍ നടത്തിയാലും അവ ദൈവതിരുമുമ്പില്‍ പരിഗണിക്കപ്പെടുക യും വിലമതിക്കപ്പെടുകയും ചെയ്യുന്നു.
3. “കരിങ്കല്ല് കഴിച്ചിട്ട് ചുക്കുകഷായം സേവിച്ചാല്‍ എന്തുഫലം?” എന്നതുപോലെ ഈ ലോകത്തില്‍ പാപിയായി ജീവിച്ചു മരണമടഞ്ഞ വ്യക്തിക്ക് നമ്മുടെ പ്രാര്‍ത്ഥനയും പരിത്യാഗ പ്രവൃത്തികളുംകൊണ്ട് എന്തെങ്കിലും ഫലമുണ്ടോ?
“വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപ്പെടും”. (മത്താ. 7:2) ഒരാളെ പാപിയെന്നുവിധിക്കേണ്ടത് വിധിയാളനായ ദൈവമാണ്. മനുഷ്യനെ പൂര്‍ണ്ണതയില്‍ – സമഗ്രതയി ല്‍ ദര്‍ശിക്കാനും വിലയിരുത്താനും വിധിക്കാനും കഴിയുന്നത് ദൈവത്തിനുമാത്രമാണ്. എന്നാല്‍ മനുഷ്യന് ഭാഗികമായി മാത്രമേ മറ്റൊരുവനെ കാണുവാനും വിലയിരുത്താനും സാധിക്കൂ. മനുഷ്യദൃഷ്‌ടിയില്‍ പാപിയായ ചുങ്കക്കാരന്‍ നീതിമാനെന്നു സ്വയം ഭാവിച്ച ഫരിസേയനെക്കാള്‍ നീതീകരിക്കപ്പെട്ടവനായിയെന്ന് ഈശോ (ലൂക്കാ 18:9-14) വ്യക്തമാക്കുന്നുണ്ടല്ലോ. അതുപോലെ, മനുഷ്യദൃഷ്‌ടിയി ല്‍ കുറ്റങ്ങളില്ലാത്ത ധനവാന്‍ (ലൂക്കാ 16: 23) നരകശിക്ഷ അനുഭവിക്കുന്നുണ്ടല്ലോ. തന്മൂലം ഈ വിധി കാരുണ്യവാനായ ദൈ വത്തില്‍ നിഗൂഢമായിരിക്കുന്ന രഹസ്യമാണ്. ഭൂവാസികള്‍ക്ക് ചെയ്യാനാവുന്നത് മരിച്ച വിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും സത്‌പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യുക എന്നതാണ്; അത് പരേതനോ സഭാഗാത്രത്തിനോ പ്രയോജനപ്രദമാവുകതന്നെ ചെയ്യും – തീര്‍ച്ച.
4. സഭയില്‍ എപ്പോള്‍ മുതലാണ് മരിച്ച വിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പരിത്യാഗപ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്ന പാരമ്പര്യം കടന്നുവന്നത്?
യഹൂദര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. മരിച്ചവരുടെ പാപങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനകളും പരിഹാരബലിയും പര്യാപ്‌തമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. (2 മക്ക 12:42-45; പ്രഭാ 7:33, റൂത്ത് 1:8, 2:20). സഭയുടെ ഉത്ഭവം യഹൂദരില്‍നിന്നും യഹൂദേതര ജനങ്ങളില്‍നിന്നുമാണ്. അതിനാല്‍ ആദിമ സഭയുടെ ആരംഭം മുതല്‍ മരിച്ചവരെ ഓര്‍ക്കുകയും അവര്‍ക്കുവേണ്ടി വി. കുര്‍ബാന അര്‍പ്പിക്കുകയും പരിത്യാഗപ്രവൃത്തികള്‍ ചെയ്യുകയും ചെയ്‌തിരുന്നു. എല്ലാ ശ്ലൈഹിക സഭകളിലെയും കുര്‍ബാന ക്രമങ്ങള്‍ മൃതസംസ്‌കാര ശുശ്രൂഷാക്രമങ്ങള്‍, മറ്റു കൂദാശക്രമങ്ങള്‍ എ ന്നിവയില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനകളുണ്ട്. പ്രാചീന ശ്‌മശാന ലിഖിതങ്ങളും, സഭാ പിതാക്കന്മാരും മല്‌പാന്മാരും ഇതിനു സാക്ഷ്യം നല്‌കുന്നു. അതു സഭയുടെ ശക്തമായ പാരമ്പര്യമായി നിലനിന്നു.
എന്നാല്‍ 16 -ാം നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്റിസത്തിന്റെ ആവീര്‍ഭാവത്തോടെ പ്രൊട്ടസ്റ്റന്റ് സഭകളും, പിന്നീടുടലെടുത്ത നവീകരണ പ്രസ്ഥാനങ്ങളും ഇപ്പോള്‍ പെന്തിക്കോസ്‌തുകാരും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പുരാതന സഭാരീതി ഉപേക്ഷിക്കുകയാണ് ചെയ്‌തത്. അങ്ങനെ പ്രസ്‌തുത സഭകളും സമൂഹങ്ങളും പുരാതന പാരമ്പര്യത്തില്‍നിന്നും വ്യതിചലിച്ച് പൊതുസമൂഹത്തില്‍ ഉതപ്പ് നല്‌കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ് morrisonsfeedback.co.uk.
5. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ബൈബിള്‍ വിരുദ്ധമാണെന്നാണല്ലോ പ്രൊട്ടസ്റ്റന്റ്‌കാരും പെന്തക്കോസ്‌ത് സ മൂഹങ്ങളും പഠിപ്പിക്കുന്നത്. ഈ കാര്യ ത്തില്‍ കത്തോലിക്കാസഭയുടെ വീക്ഷണം എന്താണ്?
മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന തീര്‍ച്ചയായും വി. ഗ്രന്ഥാടിസ്ഥാനത്തിലുള്ളതാണ്; അത് ഒരിക്കലും ബൈബിള്‍ വിരുദ്ധമല്ല. ഏതാനും ഉദാഹരണങ്ങള്‍ സൂചിപ്പിക്കാം.
(a) യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ പാപമോചനാര്‍ത്ഥം അവര്‍ക്കുവേണ്ടി പാപപരിഹാര കര്‍മ്മം അനുഷ്‌ഠിക്കുന്നു മക്കബായനായ യൂദാസ് (2 മക്കബായര്‍ 12:43-45).
(b) മരിച്ചവരോടുള്ള കടമ മറക്കരുത് (പ്രഭാ 7:33).
(c) ശാപമേല്‍ക്കുകയും (ഉത് 49:4) പിന്നീട് മരിക്കുകയും ചെയ്‌ത റൂബന്റെ പാപമോചനത്തിനായി മൂശെ പ്രാര്‍ത്ഥിക്കുന്നു. “റൂബന്‍ ജീവിക്കട്ടെ, അവന്‍ മരിക്കാതിരിക്കട്ടെ”. (നിയമ. 33:6).
(d) “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്ന ദൈവത്തെക്കുറിച്ച് നവോമി പരാമര്‍ശിക്കുന്നു (റൂത്ത് 1:8, 2:20).
(e) സറേഫാത്തായിലെ വിധവയുടെ മരണമടഞ്ഞ മകനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഏലിയാ പ്രവാചകന്‍ (1 രാജാ 17: 17-23)
(f) മരണമടഞ്ഞ ലാസറിനുവേണ്ടിയും (യോഹ 11:38-44); നായിനിലെ വിധവയുടെ മകനുവേണ്ടിയും (ലൂക്കാ 7:11-14) ജായ്‌റോസിന്റെ മരണമടഞ്ഞ മകള്‍ക്കുവേണ്ടിയും (ലൂക്കാ 8:51-54) പ്രാര്‍ത്ഥിക്കുന്ന ഈശോ.
(g) മരിച്ചുപോയ ഒനേസിഫൊറോസിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പൗലോസ് ശ്ലീ ഹാ (2 തിമോ. 1:16-18)
ചുരുക്കത്തില്‍ മരണമടഞ്ഞുപോയവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും സല്‍പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുക എന്നത് ബൈബിളിന്റെ അടിസ്ഥാനപരമായ പ്രബോധനങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇവയില്‍ പല തിരുലിഖിതങ്ങളെയും അപ്രമാണിക ഗ്രന്ഥങ്ങളില്‍ ഉ ള്‍പ്പെടുത്തി മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന മനഃപൂര്‍വ്വം ഉപേക്ഷിക്കുകയാണ് പ്രൊട്ടസ്റ്റന്റ്‌സഭകളും പെന്തക്കോസ്‌ത് വിഭാഗങ്ങളും ചെയ്യുന്നത്.
തയ്യാറാക്കിയത് :
മലയില്‍ ആന്റണി തോമസ് MA (RSc)