മതവിഭാഗീയതയ്‌ക്കെതിരേ ശബ്‌ദമുയര്‍ത്തണം സീറോ മലബാര്‍ സിനഡ്‌

0
824

കൊച്ചി: മതവിഭാഗീയതയ്‌ക്കെതിരെയും സാ മൂഹ്യ ശൈഥല്യത്തിനെതിരേയും എല്ലാ നല്ല മനുഷ്യരും ശബ്‌ദമുയര്‍ത്തണമെന്ന്‌ സീറോ മലബാര്‍ സിനഡ്‌ ആഹ്വാനം ചെ യ്‌തു. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ആശങ്കാജനകമാണ്‌.
അധികാരത്തിലിരിക്കുന്നവര്‍ സമൂഹത്തിന്റെ നിയതമായ ചട്ടക്കൂടുകള്‍ ദുരുപയോഗിച്ചുകൊണ്ട്‌ മത പുനഃപരിവര്‍ത്തനം നടത്തുന്നത്‌ അപഹാസ്യമാണെന്നും സിന ഡ്‌ നിരീക്ഷിച്ചു.
ഏതു മതത്തിലും വിശ്വസിക്കാനും അതു പ്രായോഗികമാക്കാനും പ്രഘോഷിക്കുവാനും വ്യക്തിക്കു സ്വാതന്ത്ര്യം നല്‍കുന്ന നാടാണ്‌ ഭാരതം. ഭരണഘടന ഇങ്ങനെയൊരു സ്വാതന്ത്ര്യം എല്ലാ വ്യക്തികള്‍ക്കും നല്‍കുന്നുണ്ട്‌. രാഷ്‌ട്രീയ നേതൃത്വത്തിലിരിക്കുന്നവര്‍ നിരുത്തരവാദപരമായ കാര്യങ്ങള്‍ പൊതുവേദിയില്‍ പറയുന്നതു വേദനാജനകമാണ്‌. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ സീറോമലബാര്‍ സഭ വിശ്വസിക്കുന്നില്ല. അതിനു കൂട്ടുനില്‍ക്കില്ല. പാവപ്പെട്ടവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നല്‍കി അവരെ പ്രലോഭിപ്പിക്കുന്നത്‌ മനുഷ്യോചിതമല്ല.
സഭയുടെ വിദ്യാഭ്യാസ, ആതുരസേവന പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍നിന്നു പരിത്യക്തരായവര്‍ക്കുവേണ്ടി ഏറ്റെടുക്കുന്ന സമൂഹ്യസേവന മുന്നേറ്റങ്ങളുമാണ്‌ പലപ്പോഴും ആളുകളെ ഈ വിശ്വാസത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കുന്നത്‌. പൊതുവായ കാഴ്‌ചപ്പാടുകള്‍ രൂപപ്പെടുത്തണം. ഒരുമിച്ചുള്ള സേവനരംഗങ്ങള്‍ കണ്ടെത്തണം.
ഭരണഘടന രൂപകല്‌പന ചെയ്‌തവര്‍ മതേതരത്വംകൊണ്ട്‌ ഉദ്ദേശിച്ചത്‌ ഓരോ മതത്തിലുമുള്ള നന്മകള്‍ കൂട്ടിച്ചേര്‍ത്ത്‌ ഒരു നവഭാരതം പണിയപ്പെടുക എന്നതാണ്‌. രാഷ്‌ട്ര നിര്‍മ്മാണത്തില്‍ എല്ലാ മതങ്ങളോടും സമൂഹങ്ങളോടും ഒന്നുചേര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ സഭ ആഗ്രഹിക്കുന്നു.
സീറോമലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിന്‌ പുറത്തേയ്‌ക്ക്‌ കൂടുതല്‍ വ്യാപകമാക്കുമ്പോള്‍ സഭ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെ സമ്പ്രദായങ്ങളെയും പാരമ്പര്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്ഥിതി സഭയ്‌ക്കുണ്ടാകണമെന്നാണ്‌ സിനഡിന്റെ ആഗ്രഹം.