ഏതാനും നാളുകളായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹിന്ദി വാക്കാണ് ‘ഘര്‍ വാപ്പസി’. വിശ്വഹിന്ദു പരിഷത്തും സംഘ് പരിവാറില്‍ ഉള്‍പ്പെടുന്നതും അല്ലാത്തതുമായ മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും ‘ഘര്‍ വാപ്പസി’യുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. ഹിന്ദു മതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേയ്ക്ക് പോയവരെ ശുദ്ധിക്രിയ നടത്തി ഹിന്ദു മതത്തിലേയ്ക്ക് പുനര്‍ മതപരിവര്‍ത്തനം നടത്തുന്ന പ്രക്രിയയാണ് ‘ഭവനത്തിലേക്ക് തിരികെ’ എന്നര്‍ത്ഥം വരുന്ന ‘ഘര്‍ വാപ്പസി’. ഹിന്ദു ധർമ ജാഗരൺ സമാജ്, ബജ്റംഗ് ദൾ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 57 മുസ്ലീം കുടുംബങ്ങളെ ആഗ്രയിൽ വെച്ച് ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തതോടെയാണ് രാജ്യത്ത് ഘർ വാപ്പസി വിവാദമായി മാറിയത്. ഇത് മതം മാറ്റമല്ല വീട്ടിലേക്കുള്ള തിരിച്ചുവരവാണ് എന്നാണ് ആര്‍.എസ്.എസിന്റെയും പരിവാരങ്ങളുടെയും നിലപാട്.
യഥാര്‍ത്ഥത്തില്‍ ഹിന്ദു തീവ്രവാദ സംഘടനകള്‍ മുന്‍പും പലതവണ പുന:മതപരിവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിരിക്കിലും ഘര്‍ വാപ്പസിക്കു മാത്രം ഇത്രയേറെ പ്രചാരം എന്തിനു നല്‍കുന്നു എന്നു നാം ചിന്തിക്കേണ്ടതുണ്ട്. കേന്ദ്രത്തില്‍ ബി ജെ പി ഒറ്റയ്ക്കു ഭരിക്കുന്നതിനാല്‍ സംഘപരിവാരം കാട്ടുന്ന ധാര്‍ഷ്ട്യമോ ഇന്‍ഡ്യയെ ഹിന്ദുരാജ്യമാക്കാന്‍ കാട്ടുന്ന അമിതാവേശമോ ആയി ഈ വിഷയത്തെ കണ്ടുകൊണ്ടാണ് ഒട്ടുമിക്ക ന്യൂനപക്ഷ നേതാക്കളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും പ്രതികരിച്ചത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം ഏതു മതവും സ്വീകരിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടന പൌരന്മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട് എന്ന വസ്തുത മറന്നു കൊണ്ട് അമിതാവേശത്തോടെ ചില നേതാക്കള്‍ നടത്തിയ ‘മതപരിവര്‍ത്തന വിരുദ്ധ പ്രസ്താവനകള്‍ ’ സംഘപരിവാരത്തിന്റെ ‘മതപരിവര്‍ത്തന നിരോധന നിയമം’ എന്ന ആവശ്യത്തെ ശക്തിപ്പെടുത്തുന്നതരത്തിലായിത്തീര്‍ന്നു എന്നതാണ് സത്യം.
‘ഘര്‍ വാപ്പസി’യിലൂടെ ഹിന്ദുമതം സ്വീകരിച്ചവരാരും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനാണ് തങ്ങള്‍ വിധേയരായതെന്ന് പരാതിപ്പെടാത്തിടത്തോളം അത് കുറ്റകൃത്യമാകുന്നില്ല. ഹിന്ദുമതത്തില്‍നിന്നും ക്രിസ്തുമതത്തിലേയ്ക്കും ഇസ്ലാം മതത്തിലേയ്ക്കും പരിവര്‍ത്തനം നടത്താന്‍ സ്വാതന്ത്ര്യമുള്ളതു പോലെതന്നെ ഹിന്ദുമതത്തിലേയ്ക്കും പരിവര്‍ത്തനത്തിനു സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിച്ചുകൊണ്ടുവേണം നാം ഈ വിഷയത്തെ സമീപിക്കാന്‍. അതുകൊണ്ടുതന്നെ പെന്തക്കോസ്തല്‍ സഭകളും മറ്റും കൊട്ടിഘോഷിച്ച് ‘കൂട്ട സ്നാനം’ നടത്തുമ്പോള്‍ ഇല്ലാത്ത ‘മനുഷ്യാവകാശ പ്രശ്നം’ ഘര്‍വാപ്പസിക്കെതിരേയും ആരോപിക്കേണ്ടതില്ല.
എന്നാല്‍ ‘ക്രിസ്ത്യാനികളെ’ മതം മാറ്റുന്നതിന് ക്രിസ്തുമസ് ദിനം തിരഞ്ഞെടുക്കുന്നത് ക്രൈസ്തവസമൂഹത്തെ പ്രകോപിപ്പിക്കുന്നതിനാണെന്നും ഈ പ്രകോപനത്തിന്റെ ഫലമായി ക്രൈസ്തവ സമൂഹം വികാരപരമായി പ്രതികരിക്കുമ്പോള്‍ ‘മതപരിവര്‍ത്തന നിരോധനനിയമം’ എല്ലാവരുടെയും ‘സമ്മതത്തോടെ’ കൊണ്ടുവരിക എന്ന നിഗൂഢ ലക്ഷ്യമാണുള്ളതെന്നും നാം തിരിച്ചറിയണം. പ്രധാന മന്ത്രിയുടെ മൌനവും, ആഭ്യന്തര മന്ത്രിയടക്കമുള്ള ഉന്നതരുടെ ‘ഹിന്ദുത്വ പ്രസ്താവനകളും’ വിരല്‍ ചൂണ്ടുന്നത് ഈ ലക്ഷ്യത്തിലേയ്ക്കാണ്. മതം മാറിയവരെ തിരിച്ചു കൊണ്ടു വരുന്നു എന്ന പേരില്‍ നടത്തപ്പെടുന്ന പൊറാട്ടു നാടകങ്ങള്‍ക്കുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ അജണ്ടകളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതായുണ്ട്. മത വിദ്വേഷം വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട് ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ലക്ഷ്യം ഇതിനുപിന്നിലുണ്ടാവാം, മതേതര രാജ്യം എന്ന നിലയില്‍നിന്നു ഹിന്ദു രാജ്യം എന്ന നിലയിലേയ്ക്ക് ഇന്‍ഡ്യയെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ നാന്ദി കുറിക്കലുമാകാം ഇത്, അല്ലെങ്കില്‍ വികസനവും സമ്പല്‍ സമൃദ്ധിയും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ‘കരുത്തന്റെ’ ഭരണ ദൌര്‍ബല്യങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നതിനുള്ള ഉപായവുമാകാം. എന്തായാലും ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തി മറ്റു മതങ്ങള്‍ക്ക് അംഗ സംഖ്യ കൂട്ടി ഭൂരിപക്ഷമായിമാറാന്‍ സാധിക്കില്ലായെന്നത് പകല്‍പോലെ വ്യക്തമാണ്.
താന്‍ ജനിച്ചതും തന്റെ പൂര്‍വികര്‍ വിശ്വസിച്ചിരുന്നതുമായ മതം ഉപേക്ഷിച്ച് ഒരുവന്‍ മറ്റൊരു മതത്തെ ആശ്ലേഷിക്കുന്നുണ്ടെങ്കില്‍ അതിനു കാരണമെന്താണെന്നാണ് ഹിന്ദു തീവ്രവാദികള്‍ ആദ്യം അന്വേഷിക്കേണ്ടത്. ഹിന്ദുക്കളിലെ അവശരുടെ ദാരിദ്ര്യത്തെയും അറിവില്ലായ്മയേയും മിഷനറിമാരും മറ്റും ചൂഷണം ചെയ്യുന്നു എന്ന പതിവു പല്ലവി ഉപേക്ഷിച്ച് സഹായം ആവശ്യമുള്ളവര്‍ക്ക് അതു നല്‍കാനും അവശതയില്‍നിന്നു കരകയറ്റാനുമാണ് ശ്രമിക്കേണ്ടത്. തൊട്ടു കൂടായ്മയും, തീണ്ടികൂടായ്മയും കൊണ്ട് അസംതൃപ്തരായ താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കള്‍ തങ്ങളെ ആശ്ലേഷിച്ച് സഹോദരാ എന്നു വിളിക്കുന്നവരുടെ മതം സ്വീകരിക്കുന്നുണ്ടെങ്കില്‍ കുറ്റം ആരുടേതാണെന്ന് അഭിനവ ഹിന്ദു മത സംരക്ഷകര്‍ ചിന്തിക്കട്ടെ. സ്വസമുദായത്തില്‍ പെട്ട പാവപ്പെട്ടവര്‍ ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ ഉഴലുമ്പോള്‍ അമ്പലങ്ങളിലെ ശ്രീകോവിലിനും കൊടിമരത്തിനും സ്വര്‍ണം പൂശുന്നതിനു പകരം അവരെ സഹായിക്കാന്‍ ഇക്കൂട്ടര്‍ തുനിയട്ടെ. അതിനു പകരം മറ്റു മതങ്ങളിലെ നന്മകളെ ഭയക്കുകയും അവയില്‍ ആളുകള്‍ ആകൃഷ്ടരാകുന്നതില്‍ പ്രകോപിതരാകുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കട്ടെ. വേണ്ടത് ‘ഘര്‍ വാപ്പസി’യല്ല ‘ഘര്‍ ശുദ്ധീകരണ്‍’ ആണ്. ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും സംരക്ഷണമേകാനുതകുന്നതരത്തിലുള്ള ‘ഭവന ശുദ്ധീകരണം’.
“ചതിയിലൂടെയും കപട വാഗ്ദാനങ്ങളിലൂടെയും മത പരിവര്‍ത്തനത്തിന് വിധേയരായവര്‍ വര്‍ഷങ്ങള്‍ നീണ്ട കഷ്ടപ്പാടുകള്‍ക്കൊടുവില്‍ തറവാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്” എന്ന് കേരളത്തില്‍നടന്ന ഘര്‍വാപ്പസിയെക്കുറിച്ച് പെണ്‍ ഹിന്ദു തീവ്രവാദി ശശികല നടത്തിയ പ്രസ്താവന പരിഹാസ്യമാണ്. ഹിന്ദു മതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് വിശ്വാസികള്‍ ഹിന്ദു മതം സ്വീകരിച്ചതല്ല ഘര്‍വാപ്പസിയില്‍ നടന്ന പരിവര്‍ത്തനങ്ങളൊന്നുപോലും. സംവരണം ഉള്‍പ്പെടെയുള്ള തങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ലഭ്യമാക്കുവാന്‍ ഏതാനും പാവപ്പെട്ട ദളിതര്‍ ഹിന്ദുമതം സ്വീകരിക്കാന്‍ തയ്യാറാകുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രലോഭിപ്പിച്ചുള്ള മതം മാറ്റം എന്ന കുറ്റമാണ് ഘര്‍ വാപ്പസിയുടെ സംഘാടകര്‍ ചെയ്തത്. വിശ്വാസത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാകുന്നവനാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി. പ്രലോഭനങ്ങളുടെയോ ഭീഷണിയുടെയോ മുന്നില്‍ വിശ്വാസത്യാഗം ചെയ്യുന്നവര്‍ ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെടാന്‍ യോഗ്യരുമല്ല. എങ്കിലും ആത്മതാപത്തോടെ നാം തിരിച്ചറിയേണ്ട ഒന്നുണ്ട്. മതത്തിന്റെ പേരില്‍ ഒരു പൌരനും തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്ന് ഭരണഘടന വ്യക്തമാക്കുമ്പോളും മതം മാറി എന്ന ഒറ്റക്കാരണത്താല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന ദളിതര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ പതിറ്റാണ്ടുകളായി നാം നടത്തിപ്പോരുന്ന ‘ജസ്റ്റിസ് സണ്‍ഡേ’ ആചരണങ്ങള്‍ക്ക് കഴിയാതെ പോയതാണ് ഇത്തരം മടങ്ങിപ്പോക്കുകള്‍ക്കു പിന്നിലെന്ന സത്യം.
ജിന്‍സ് നല്ലേപ്പറമ്പന്‍