പൗരോഹിത്യവും ശിഷ്യത്വവും

ഈശോയുടെ ശിഷ്യത്വത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന പുരോഹിതന്റെ ആദ്ധ്യാത്മികതയുടെ സവിശേഷതകൾ എന്തായിരിക്കണമെന്ന് ശിഷ്യരുടെ വിളി രേഖപ്പെടുത്തിയിട്ടുള്ള സുവിശേഷഭാഗങ്ങൾ സൂചിപ്പിക്കുന്നുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 1:35-51 വരെയുള്ള സുവിശേഷഭാഗത്തിന്റെ വെളിച്ചത്തിൽ താഴെപ്പറയുന്ന സവിശേഷതകൾ പുരോഹിതനുണ്ടാവണം.
1. പുരോഹിതൻ: കേൾക്കുന്നവൻ
ആദ്യം ഈശോയെ അനുഗമിച്ച ശിഷ്യന്മാർ യോഹന്നാൻ മാംദാനയുടെ രണ്ടു ശിഷ്യന്മാരായിരുന്നു. അവർ ഈശോയെക്കുറിച്ചുള്ള സ്‌നാപകന്റെ സാക്ഷ്യം കേട്ട് ഈശോയെ അനുഗമിച്ചവരാണ്. അന്ത്രയോസും യോഹന്നാനും (യോഹ. 1:35-37). ‘കേട്ടു’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് വെറും ബാഹ്യമായ ഒരു കേൾവിയല്ല. ഈശോയെ അനുഗമിക്കുന്ന ജീവിതത്തിലേക്ക് നയിക്കുകയും വളർത്തുകയും ചെയ്യുന്ന കേൾവിയാണ്. ഈശോയെക്കുറിച്ചുള്ള സാക്ഷ്യം അഥവാ ഈശോയുടെ സ്വരം കേൾക്കുവാൻ എല്ലാവർക്കും സാദ്ധ്യമല്ല. ”സത്യത്തിൽനിന്നുള്ളവൻ എന്റെ സ്വരം കേൾക്കുന്നു” എന്നാണ് ഈശോ പറയുന്നത് (യോഹ 18:37). ദൈവത്തിന്റെ വചനം കേൾക്കാൻ ദൈവത്തിൽനിന്നുള്ളവനേ സാദ്ധ്യമാകൂ (യോഹ. 8:47). ദൈവത്തിൽനിന്നുള്ളവൻ എന്നു പറഞ്ഞാൽ ദൈവൈക്യത്തിൽ ജീവിക്കുന്നവർ എന്നാണർത്ഥം. ഇത് പ്രാർത്ഥനാ ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. പ്രാർത്ഥനയുടെ പ്രധാന ലക്ഷ്യം ദൈവത്തോടു സംസാരിക്കുക എന്നതിനെക്കാൾ ദൈവത്തെ കേൾക്കുക, ദൈവത്തിന്റെ ഇഷ്ടം അറിയുക, എന്നുള്ളതാണ്. അതുകൊണ്ട് ശിഷ്യത്വം ജീവിക്കുന്ന പുരോഹിതൻ എപ്പോഴും ദൈവത്തിന്റെ മുമ്പിൽ ശ്രവണാത്മകമായ പ്രാർത്ഥനാ ജീവിതം നയിക്കണം.
2. പുരോഹിതൻ: ഈശോയെ അനുഗമിക്കുന്നവൻ
‘ഈശോയെ അനുഗമിക്കുക’ എന്നതിന്റെ അർത്ഥം ഈശോയെ സർവ്വോപരി സ്‌നേഹിക്കുക എന്നതാണ്. ഇത് പത്രോസിന്റെ ജീവിതത്തിൽ ഉദാഹരിക്കപ്പെടുന്നുണ്ട്. പത്രോസിനോട് ”ഇപ്പോൾ എന്നെ അനുഗമിക്കാൻ നിനക്കു കഴിയുകയില്ല. എന്നാൽ പിന്നീടു നീ അനുഗമിക്കും” എന്ന് ഈശോ പറഞ്ഞപ്പോൾ, പത്രോസ് പറഞ്ഞു: ”കർത്താവേ ഇപ്പോൾ തന്നെ നിന്നെ അനുഗമിക്കാൻ എനിക്കു കഴിയാത്തത് എന്തുകൊണ്ട്? നിനക്കു വേണ്ടി എന്റെ ജീവൻ ഞാൻ ത്യജിക്കും” (യോഹ 13:37). ജീവനെക്കാളുപരി ഈശോയെ സ്‌നേഹിക്കുന്നവനാണ് ഈശോയെ അനുഗമിക്കുന്നവൻ. ഉത്ഥാനത്തിനുശേഷം ഈശോയുടെ സ്‌നേഹത്തിൽ പുനരുദ്ധരിക്കപ്പെട്ട പത്രോസിന്റെ രക്തസാക്ഷിത്വം പ്രഖ്യാപിച്ചുകൊണ്ടാണ് ”എന്നെ അനുഗമിക്കുക” എന്ന് ഈശോ പറയുന്നത് (യോഹ. 21:19). അതുകൊണ്ട് ഈശോയെപ്രതി ജീവൻ പോലും ത്യജിക്കാൻ സന്നദ്ധമാകുന്ന സ്‌നേഹത്തിലേക്ക് പുരോഹിതൻ വളരണം.
3. പുരോഹിതൻ: ഈശോയുടെ വാസസ്ഥലം അന്വേഷിക്കുന്നവൻ
തന്നെ അനുഗമിച്ച ശിഷ്യന്മാരോട് ഈശോ ചോദിക്കുന്നു ”നിങ്ങൾ എന്തന്വേഷിക്കുന്നു?” അവർ മറുപടിയായി പറഞ്ഞു: റബ്ബി, അങ്ങ് എവിടെയാണ് വസിക്കുന്നത്? (യോഹ. 1:38). ഈശോയുടെ വാസസ്ഥലം ആയിരിക്കണം ഒരു പുരോഹിതന്റെ ഏറ്റം വലിയ അന്വേഷണ വിഷയം. ഈ ലോകത്തിലുള്ളവയൊന്നും തേടാതെ ഈശോയെ മാത്രം തേടുകയും ഈശോയോടൊത്തായിരിക്കുവാൻ ദാഹിക്കുകയും ചെയ്യുന്നവനായിരിക്കണം പുരോഹിതൻ.
4. പുരോഹിതൻ: വിശ്വാസജീവിതം നയിക്കുന്നവൻ
”നീ എവിടെ വസിക്കുന്നു” എന്ന ചോദ്യത്തിനു മറുപടിയായി ഈശോ പറയുന്നു: ”വന്നു കാണുക” (യോഹ. 1:39). യോഹന്നാന്റെ സുവിശേഷത്തിൽ ‘വരിക’ ‘കാണുക’ എന്നീ വാക്കുകൾ രണ്ടും വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിൽ, ‘തന്റെ പക്കലേക്കു വരിക’ എന്നു പറയുന്നത് ‘തന്നിൽ വിശ്വസിക്കുക’ എന്നു പറയുന്നതിനു തുല്യമാണ് (യോഹ. 6:35-36). അതുപോലെതന്നെ ‘കാണുക’ എന്ന വാക്കിനും യോഹന്നാന്റെ സുവിശേഷത്തിൽ ‘വിശ്വസിക്കുക’ എന്ന അർത്ഥമാണുള്ളത് (യോഹ. 6:40). അതുകൊണ്ട് പുരോഹിതർ വിശ്വാസത്തിൽ അടിയുറച്ച ജീവിതം നയിക്കുന്നവരാകണം. എങ്കിലേ, വിശ്വാസികളുടെ സമൂഹമായ സഭയെ പടുത്തയർത്തുന്ന ശുശ്രൂഷ നിർവ്വഹിക്കുവാൻ പുരോഹിതനു കഴിയൂ.
5. പുരോഹിതൻ: ഈശോയോടൊത്തു വസിക്കുന്നവൻ
ഈശോയെ ആദ്യം അനുഗമിച്ച രണ്ടു ശിഷ്യന്മാർ ഈശോയെ വന്നുകണ്ട് ഈശോയോടൊപ്പം വസിച്ചു എന്നാണ് യോഹന്നാൻ പറയുന്നത് (യോഹ. 1:39). ‘വസിക്കുക’ എന്നത് യോഹന്നാന്റെ സുവിശേഷത്തിൽ ദൈവൈക്യത്തെ സൂചിപ്പിക്കുന്ന ഒരു വാക്കാണ്. ഈശോയും ശിഷ്യരും തമ്മിലുള്ള ബന്ധത്തെ ഉദാഹരിക്കുവാൻ യോഹന്നാൻ ഉപയോഗിക്കുന്ന മുന്തിരിച്ചെടിയും ശാഖകളും എന്ന രൂപകത്തിൽ ‘വസിക്കുക’ എന്ന വാക്ക് മിശിഹായുമായുള്ള പരസ്പര സഹവാസത്തെയാണ് സൂചിപ്പിക്കുന്നത്. ”നിങ്ങൾ എന്നിൽ വസിക്കുവിൻ ഞാൻ നിങ്ങളിലും വസിക്കും” (യോഹ. 15:4). പുരോഹിതന്റെ ആദ്ധ്യാത്മികതയുടെ അന്തസ്സത്തയും മറ്റൊന്നല്ല. ഈശോയുമായുള്ള പരസ്പര സഹവാസത്തിന്റെ ഫലമായി സാവകാശം മിശിഹായിലേക്ക് രൂപാന്തരപ്പെടുന്ന ശിഷ്യത്വത്തിന്റെ ആദ്ധ്യാത്മികത പുരോഹിതന്റെ ആദ്ധ്യാത്മിക ജീവിതത്തിന് അടിത്തറയാവണം.