പരസ്യങ്ങൾ – നന്മയും തിന്മയും

ഏതു മാധ്യമത്തിലും ഇന്നു നിറഞ്ഞുനില്ക്കുന്നത് പരസ്യങ്ങളാണ്. പത്രങ്ങളും മാസികകളും റേഡിയോയും ചാനലുകളും കൂടാതെ രാഷ്ട്രീയപാർട്ടിക്കാരും വ്യവസായികളും കമ്പനികളും സർക്കാരുതന്നെയും പരസ്യങ്ങളുമായി രംഗത്തുണ്ട്. പരസ്യങ്ങൾ ആധുനികകാലജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. അറിയേണ്ട വിവരങ്ങൾ പരസ്യപ്പെടുത്താതെ എല്ലാവരും അറിയില്ലല്ലോ. എവിടെത്തിരിഞ്ഞു നോക്കിയാലും പരസ്യങ്ങൾ കാണാവുന്ന ഒരവസ്ഥയാണിപ്പോൾ ഉള്ളത്. വളരെ കലാപരമായി പരസ്യങ്ങൾ അവതരിപ്പിക്കുന്നവർ ഇന്നുണ്ട്. പരസ്യമെഴുത്ത് ഒരു കലയായി മാറിയിട്ടുണ്ടെന്ന് ഒരു വിധത്തിൽ പറയാം. അത് ഒരു പഠനവിഷയവുമായിട്ടുണ്ട്.
പരസ്യങ്ങളിലൂടെ വളരെ കാര്യങ്ങൾ നാം അറിയുന്നുണ്ട്. പത്രങ്ങൾ വായിക്കുന്നവർ പലരും ആദ്യം നോക്കുന്നത് ചരമവാർത്തകളുടെ പരസ്യങ്ങളാണല്ലോ. ഉദ്യോഗാർത്ഥികൾക്ക് ധാരാളം വിവരങ്ങൾ പരസ്യങ്ങൾമൂലം ലഭ്യമാകുന്നത് തീർച്ചയായും വലിയ നേട്ടംതന്നെയാണ്. തൊഴിലന്വേഷകർക്ക് പരസ്യങ്ങൾ പലപ്പോഴും സഹായകരമാണ്. വിദ്യാഭ്യാസരംഗത്തും പരസ്യങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. കോഴ്‌സുകൾ, വിദ്യാലയങ്ങൾ തുടങ്ങിയവയെപ്പറ്റിയെല്ലാം വിദ്യാർത്ഥികളും രക്ഷിതാക്കളും പലപ്പോഴും അറിയുന്നത് പരസ്യങ്ങളിലൂടെയാണ്. ഇന്റർനെറ്റിൽനിന്നും മറ്റും വിദേശത്തുനിന്ന് ലഭിക്കുന്ന സ്‌കോളർഷിപ്പു വിവരങ്ങൾ മനസ്സിലാക്കി സ്‌കോളർഷിപ്പ് നേടി പഠനം നടത്തിയ ആളുകളിൽ നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർ പോലുമുണ്ട്. ഇന്റർനെറ്റ് പരസ്യങ്ങൾ നമുക്കിന്ന് വിപുലമായ സാദ്ധ്യതകൾ ഒരുക്കിത്തരുന്നുണ്ട്. മാധ്യമങ്ങൾതന്നെ അവയുടെ പ്രചാരം വർദ്ധിപ്പിക്കാൻ പരസ്യങ്ങളെയാണ് ആശ്രയിക്കുക.
പലവിധത്തിലുള്ള പ്രയോജനങ്ങൾ  ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ജീവിതം കൂടുതൽ സൗകര്യപ്രദമാക്കാനും പരസ്യങ്ങൾ സഹായകരമാണ്. വീടുകൾക്കും കാർഷികരംഗത്തും ബിസിനസ് രംഗത്തും പ്രയോജനകരമായ ധാരാളം വിവരങ്ങൾ നമുക്കു ലഭിക്കുന്നത് പരസ്യങ്ങളിലൂടെയാണ്. മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വാണിജ്യരംഗം വിപുലമാവുക മാത്രമല്ല, ജീവിതനിലവാരം മെച്ചപ്പെടാനും ഇടയാകുന്നുണ്ടെന്ന കാര്യം ഓർക്കേണ്ടതുണ്ട്. നഗരങ്ങളിലും മറ്റും ജോലി തേടി വരുന്നവർക്ക് എവിടെ വീടു ലഭിക്കുമെന്നറിയാൻതന്നെ ഇന്നു പരസ്യങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.
ആരോഗ്യപാലനരംഗത്ത് പരസ്യങ്ങൾ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. പുതിയ ചികിത്സാസമ്പ്രദായങ്ങളെക്കുറിച്ചുള്ള അറിവു നമുക്കു ലഭിക്കുന്നത് പരസ്യങ്ങളിലൂടെയാണ്. ചികിത്സാകേന്ദ്രങ്ങളും പലപ്പോഴും അവരുടെ പ്രത്യേകതകൾ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് പരസ്യങ്ങൾവഴിയാണ്. വിവിധ മരുന്നുകളെക്കുറിച്ചും വിലപ്പെട്ട അറിവ് പരസ്യങ്ങൾ നമുക്കു തരുന്നുണ്ട്. കേരളത്തിലെ ആരോഗ്യനിലവാരവും ആയുർദൈർഘ്യവും മെച്ചപ്പെടുത്തുന്നതിൽ പരസ്യങ്ങളും ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്നു പറയാം.
ഇക്കാലത്ത് പരസ്യങ്ങൾ വലിയ ആദായമാർഗ്ഗവുമാണ്. മാധ്യമങ്ങൾതന്നെയും വിജയിക്കാൻ പരസ്യങ്ങളെയാണ് ആശ്രയിക്കുന്നത്. പത്രങ്ങൾ, ചാനലുകൾ തുടങ്ങിയവയെല്ലാം വിജയിക്കണമെങ്കിൽ പരസ്യങ്ങൾ കിട്ടണം. പരസ്യങ്ങൾ നേടുന്നതിൽ വിജയിക്കുന്നവരാണ് ഈ രംഗങ്ങളിൽ മുൻനിരയിലെത്തുന്നത്. ടൈംസ് ഓഫ് ഇൻഡ്യ, മനോരമ തുടങ്ങിയ പത്രങ്ങൾക്കു വേണമെങ്കിൽ പരസ്യംകൊണ്ടുമാത്രം ചെലവു മുഴുവൻ വഹിക്കാൻ കഴിയുമെന്നു പറച്ചിലുണ്ട്.
വഞ്ചനയുടെ ഉപകരണങ്ങൾ?
എന്നാൽ പരസ്യങ്ങളെല്ലാം ഒരുപോലെ വിശ്വാസയോഗ്യമല്ല എന്നതും വസ്തുതയാണ്. പരസ്യങ്ങളാൽ വഞ്ചിക്കപ്പെട്ടവരുടെ കഥകൾ ദിവസേനയെന്നപോലെ വാർത്തകളിലുണ്ടല്ലോ. പരസ്യങ്ങൾ നൽകി ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുക ഇന്ന് വ്യാപകമായിട്ടുണ്ട്. ജോലിയും സാമ്പത്തികലാഭവും പഠനവുമെല്ലാം പരസ്യങ്ങളിലൂടെ വാഗ്ദാനം ചെയ്താണ് ആ വഞ്ചന നടത്തുന്നത്. പൊതുജനശ്രദ്ധ ചിലയിടങ്ങളിലേക്കു മാത്രം തിരിച്ചുവിടാനും ചിലർ പരസ്യങ്ങളെ ആശ്രയിക്കാറുണ്ട്. ഈയിടെ പിടികൂടിയ ഭീകരന്മാരിൽ പലരും ആ തന്ത്രം ഉപയോഗിച്ചിട്ടുണ്ടെന്നാണ് നാം മനസ്സിലാക്കുന്നത്.
വ്യാജമരുന്നുകൾ, വ്യാജഡോക്ടർമാർ, എല്ലാം പരസ്യരംഗത്തുണ്ട്. ഇവർ കാട്ടുന്നത് ക്രൂരതയാണെന്നു പറയാതെവയ്യാ. ഒറ്റമൂലികൾ ഉണ്ടെന്നു പറയുന്നവർ മിക്കവരും അവയുടെ പാർശ്വഫലങ്ങളോ രോഗങ്ങളുടെ സങ്കീർണ്ണതയോ ഒന്നും കണക്കിലെടുക്കാതെയാണ് അതിനെ പരസ്യവിഷയമാക്കുന്നത്. വ്യാപകമായ പ്രചാരണത്തിൽ മയങ്ങി ചില ടോണിക്കുകളും വിറ്റാമിനുകളും മറ്റും കഴിക്കുന്നവർക്ക് വലിയ രോഗങ്ങൾ വരുന്നതായും നാം ചിലപ്പോൾ കേൾക്കാറുണ്ട്.
മാധ്യമങ്ങളും മറ്റും പരസ്യങ്ങളെ ആശ്രയിക്കുന്ന കാര്യം പറഞ്ഞല്ലോ. പക്ഷേ ഈ ആശ്രയത്വത്തിന്റെ ഫലമായി ധാർമ്മികതയ്ക്കു നിരക്കാത്ത ചിത്രീകരണങ്ങളും പരസ്യങ്ങളുമെല്ലാം നൽകേണ്ടിവരും. പരസ്യം നൽകുന്ന വൻകിടക്കാരോടു വിധേയത്വം ഉണ്ടാകാനും സാധ്യതയുണ്ട്.സർക്കാരിന്റെയും വൻപാർട്ടികളുടെയും ചട്ടുകങ്ങളായി മാധ്യമങ്ങൾ മാറുന്നതിന്റെ പിന്നിലും പരസ്യം നൽകുന്നതിന്റെ സ്വാധീനം കാണും. ഇതെല്ലാം പൊതുസമൂഹത്തിന് ഹാനികരമായിത്തീരാവുന്നതാണ്. ജീവനും ലൈംഗിക ധാർമ്മികതയ്ക്കും എതിരായി പ്രവർത്തിക്കാൻ ആ രംഗത്തുനിന്നു മുതലെടുക്കുന്ന അന്താരാഷ്ട്രകമ്പനികളും പ്രസ്ഥാനങ്ങളുമുണ്ട്.
പരസ്യങ്ങൾ ആളുകളെ ആകർഷിക്കുന്നതിനായി ലൈംഗികത ഉപയോഗിക്കാറുണ്ടെന്നത് പരസ്യമായ വസ്തുതയാണ്. മനുഷ്യരുടെ അധമവികാരങ്ങൾ ഉണർത്തി മുതലെടുക്കാനാണ് ഇത്തരം പരസ്യക്കാർ ശ്രമിക്കുന്നത്. സ്ത്രീകൾ ഈ രംഗത്ത് വല്ലാതെ ചൂഷണം ചെയ്യപ്പെടുന്നു എന്നതു ഖേദകരമാണ്. പുതിയ തലമുറയുടെ ഈ രംഗത്തുള്ള ആസക്തി വർദ്ധിപ്പിക്കാനും ശരിയായ ധാർമ്മികബോധം നഷ്ടപ്പെടുത്താനും ഇതു പലപ്പോഴും കാരണമാകുന്നു. യുവജനങ്ങൾ ഇവിടെ വലിയ പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണ്.
വിലയിരുത്താൻ കഴിയണം
ഇത്തരമൊരു പശ്ചാത്തലത്തിൽ പരസ്യങ്ങളെ എല്ലാം നമുക്കു വിശ്വസിക്കാനാവില്ല എന്നു നാം മനസ്സിലാക്കണം. യാഥാർത്ഥ്യം മറ്റു തലങ്ങളിലൂടെ വിലയിരുത്താൻ കഴിയണം. നമ്മുടെ ധാർമ്മികബോധം തളർത്തി അധർമ്മത്തിലേക്കു നയിക്കുന്ന പരസ്യങ്ങളെയും അവയ്ക്ക് ഉപാധിയാകുന്ന മാധ്യമങ്ങളെയും കേന്ദ്രങ്ങളെയും മാറ്റിനിറുത്താനും നമുക്കു കഴിയണം. തെറ്റും ശരിയും സംബന്ധിച്ചുള്ള ഒരു ശക്തമായ ബോധനം പുതിയ തലമുറയ്ക്കുണ്ടാകണം. നമ്മുടെ മാധ്യമങ്ങൾ എപ്പോഴും ലാഭം നോക്കാതെ, തിന്മയിലേക്കു നയിക്കാനിടയുള്ള പരസ്യങ്ങൾ ഉപേക്ഷിക്കുകതന്നെ വേണം.