സാമ്പത്തിക വർഷവും സ്‌കൂൾ – കലാലയ വർഷവും നമുക്ക് പരിചിതമാണല്ലോ. സാമ്പത്തിക കാര്യങ്ങളും പഠനവും ഫലപ്രദമായി നടക്കുന്നതിനുള്ള സമയത്തിന്റെ ക്രമീകരണങ്ങളാണിവ. ഏതാണ്ടിതുപോലെ സഭാതനയരെ ദൈവാരാധനയുടെ ആഴങ്ങളിലേക്ക് ഏറ്റം ഫലപ്രദമായി നയിക്കുന്നതിന് സഹായകമായ വർഷത്തിന്റെ ക്രമീകരണമാണ് ആരാധനാവത്സരത്തിലുള്ളത്.
ആരാധന എന്നാൽ മഹനീയമായ രക്ഷാകര പദ്ധതിയെപ്രതി സഭ ത്രിയേക ദൈവത്തിനർപ്പിക്കുന്ന കൃതജ്ഞതയും സ്തുതിയുമാണ്. അതായത്, ആരാധനയുടെ വിഷയമായി നില്ക്കുന്നത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയും രക്ഷാകരസംഭവങ്ങളുമാണ്. ഒരു വർഷത്തിനുള്ളിൽ രക്ഷാകരപദ്ധതിയിലെ മുഖ്യസംഭവങ്ങളെ, പ്രത്യേകിച്ച് മനുഷ്യാവതാരം മുതൽ രണ്ടാം ആഗമനം വരെയുള്ള മിശിഹാസംഭവങ്ങളെ സഭ ക്രമമായി ധ്യാനവിഷയമാക്കുകയും ഈ രക്ഷണീയ രഹസ്യങ്ങളുടെ ചൈതന്യമനുസരിച്ച് സഭാമക്കളുടെ ആരാധനയും ജീവിതവും ക്രമപ്പെടുത്തുകയുമാണ് ആരാധനാവത്സരത്തിലൂടെ. മിശിഹായുടെ ജീവിതത്തിലെ ഓരോ രക്ഷാകരസംഭവങ്ങളുമായി ബന്ധപ്പെടുത്തി രക്ഷാകരചരിത്രം മുഴുവൻ ആരാധനാവത്സരത്തിലെ വിവിധ കാലങ്ങളിലൂടെ ആരാധകരുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്.
രക്ഷാകരസംഭവങ്ങളുടെ വെറും അനുസ്മരണമല്ല ആരാധനാവത്സരത്തിൽ നടക്കുന്നത്. പന്ത്രണ്ടാം പീയൂസ് മാർപാപ്പായുടെ വാക്കുകളിൽ തിരുക്കർമ്മവത്സരം കഴിഞ്ഞുപോയ സംഭവങ്ങളുടെ ഒരു ഡയറിക്കുറിപ്പല്ല, ഇന്നും സഭയിലൂടെയുള്ള മിശിഹായുടെ തീർത്ഥാടനമാണ്. ഭൂതകാലത്ത് ദൈവം ചെയ്ത രക്ഷാകരകർമ്മങ്ങൾ ആരാധനാവത്സരകാലങ്ങളിലൂടെ പ്രതീകാത്മകമായി ഇന്ന് സാക്ഷാത്കരിക്കപ്പെടുകയാണ്. അതായത്, ‘രക്ഷാകര രഹസ്യങ്ങൾ അനുസ്മരിച്ചുകൊണ്ട് തിരുസ്സഭ തന്റെ നാഥന്റെ ശക്തിയുടെയും യോഗ്യതകളുടെയും അനർഘനിക്ഷേപം ആരാധനക്രമവത്സരത്തിലൂടെ വിശ്വാസികൾക്കു സന്നിഹിതമാക്കുന്നു. അങ്ങനെ ഒരു വിധത്തിൽ ഇവ എല്ലാ സമയത്തും അവതരിപ്പിക്കപ്പെടുകയും വിശ്വാസികൾ ഈ രഹസ്യങ്ങൾ ഗ്രഹിച്ച് രക്ഷാകരമായ പ്രസാദവരത്താൽ പൂരിതമാവുകയും ചെയ്യുന്നു’ (ആരാധനക്രമം, 102).
മിശിഹായുടെ രക്ഷാകര കർമ്മങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വത്സരക്രമീകരണത്തെ കാലാനുഗതവത്സരവൃത്തം (Temporal Cycle) എന്ന് അറിയപ്പെടുന്നു. കാലത്തിന്റെ ചൈതന്യമനുസരിച്ചാണ് ഈ സഭാവത്സരത്തിൽ വിശുദ്ധരുടെ തിരുനാളുകൾ ആചരിക്കുന്നത്. പൗരസ്ത്യസഭകൾക്ക് പൊതുവെ ഈ വത്സരക്രമീകരണമാണുള്ളത്. പാശ്ചാത്യസഭകളിൽ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും തിരുനാളുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള വത്സരവൃത്തമാണ് നിലവിലുള്ളത്. ഇതിനെ സ്മരണവത്സരവൃത്തം (Sanctoral Cycle) എന്നു വിളിക്കുന്നു. ഈ ആരാധനാവത്സരക്രമത്തിൽ ഓരോ ദിവസവും ഓരോ വിശുദ്ധന്റെയോ രക്തസാക്ഷിയുടെയോ തിരുനാളുമായി ബന്ധപ്പെട്ടിരിക്കും. വിശ്വാസികളുടെ ശ്രദ്ധ പ്രഥമമായി തിരിയേണ്ടത് ദിവ്യരക്ഷകന്റെ തിരുനാളുകളിലേക്കാണെന്ന് വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കുന്നുണ്ട്: ”…… അവ വഴിയാണല്ലോ ആണ്ടുവട്ടത്തിൽ രക്ഷാരഹസ്യങ്ങൾ ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ട് കർത്തൃ കാലഘട്ടങ്ങൾക്ക് വിശുദ്ധരുടെ തിരുനാളുകളേക്കാൾ മുൻഗണന നല്കണം. അങ്ങനെ രക്ഷാകര രഹസ്യങ്ങളുടെ ചരിത്രം മുഴുവൻ ഫലപ്രദമായി നമുക്ക് അനുസ്മരിക്കാൻ കഴിയും (ആരാധനക്രമം 1, 108).
പൗരസ്ത്യ സുറിയാനി സഭാവത്സരം
സീറോ മലബാർ സഭയിൽ നിലവിലിരിക്കുന്ന ആരാധനാക്രമവത്സര പഞ്ചാംഗത്തിന്റെ സമാഹർത്താവ് കൽദായ സഭയുടെ പാത്രിയാർക്കാ ആയിരുന്ന ഈശോയാബ് മൂന്നാമനാണ് (647-657). അദ്ദേഹത്തിന്റെ കാലത്ത് കോഹെലിലെ കത്തീഡ്രൽ പള്ളിയിലും മോസൂളിന്റെ വടക്കു പടിഞ്ഞാറുഭാഗത്ത് ടൈഗ്രീസ് നദിയുടെ തീരത്തു സ്ഥിതിചെയ്തിരുന്ന മാർ ഗബ്രിയേലിന്റെയും മാർ അബ്രാഹത്തിന്റെയും പേരിലുള്ള ആശ്രമത്തിലും ഓരോ പഞ്ചാംഗം നിലവിലിരുന്നു. ഇതിൽ ആദ്യത്തേത് അൽമായരുടെ ഇടയിലും രണ്ടാമത്തേത് സന്യാസികളുടെ ഇടയിലും ഉപയോഗത്തിലിരുന്നതാണ്. ഈ രണ്ടു കലണ്ടറുകളിലുമുണ്ടായിരുന്ന വ്യതിയാനങ്ങൾ നീക്കി, തെറ്റുകൾ തിരുത്തി, ചേർക്കേണ്ടത് ചേർത്ത്, തള്ളേണ്ടത് തള്ളി അത്മായരെന്നോ സന്യാസികളെന്നോ വ്യത്യാസം കൂടാതെ പൗരസ്ത്യ സുറിയാനി സഭയ്ക്കു പൊതുവായി ഒരു പഞ്ചാംഗം ഈശോയാബ് മൂന്നാമൻ പാത്രിയാർക്കാ രൂപപ്പെടുത്തിയെടുത്തു.
മംഗളവാർത്തക്കാലം, ദനഹാക്കാലം, നോമ്പുകാലം, ഉയിർപ്പുകാലം, ശ്ലീഹാക്കാലം, കൈത്താക്കാലം, ഏലിയാ-സ്ലീവാക്കാലം, മൂശക്കാലം, പള്ളിക്കൂദാശക്കാലം എന്നിങ്ങനെ ഒൻപതു കാലങ്ങളായിട്ടാണ് ആരാധനാവത്സരത്തെ വിഭജിച്ചിരിക്കുന്നത്. മിശിഹായിൽ പൂർത്തിയാക്കപ്പെട്ട ദൈവത്തിന്റെ രക്ഷണീയപദ്ധതിയിലെ മർമ്മപ്രധാനമായ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് പൗരസ്ത്യ സുറിയാനി സഭാവത്സര കാലങ്ങൾ രൂപംകൊണ്ടിരിക്കുന്നത്. മംഗളവാർത്തക്കാലം മനുഷ്യാവതാരഹസ്യത്തെയും, ദനഹാക്കാലം മിശിഹായുടെ മാമ്മോദീസായിൽ ആരംഭിച്ച് അവിടുത്തെ പരസ്യജീവിതത്തിലൂടെ വെളിപ്പെടുത്തപ്പെട്ട പരി. ത്രിത്വത്തിന്റെ രഹസ്യത്തെയും കേന്ദ്രീകരിച്ച് രൂപപ്പെട്ടിരിക്കുന്നു. നോമ്പുകാലത്ത് മിശിഹായുടെ പീഡാനുഭവ രഹസ്യവും, ഉയിർപ്പുകാലത്ത് വീണ്ടെടുപ്പിന്റെ രഹസ്യവും, ശ്ലീഹാക്കാലത്ത് സഭയിൽ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യരഹസ്യവും സഭ ചിന്താവിഷയമാക്കുന്നു. കൈത്താക്കാലത്ത് സഭയുടെ വളർച്ചയുടെ രഹസ്യവും ഏലിയാ-സ്ലീവാക്കാലത്ത് സ്ലീവായുടെ ശക്തിയുടെ രഹസ്യവും മൂശക്കാലത്ത് മിശിഹായുടെ രണ്ടാമത്തെ ആഗമന രഹസ്യവും പള്ളിക്കൂദാശക്കാലത്ത് യുഗാന്ത്യത്തിലെ മിശിഹായിലുള്ള നമ്മുടെ മഹത്ത്വീകരണ രഹസ്യവും ധ്യാനവിഷയമാക്കുന്നു.
പൗരസ്ത്യ സുറിയാനി ആരാധനാവത്സരത്തിൽ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും തിരുനാളുകൾ ആചരിക്കുന്നത് വെള്ളിയാഴ്ചകളിലാണ്. ഞായറാഴ്ചകൾ കർത്താവിന്റെ ഉത്ഥാനത്തിന്റെ അനുസ്മരണാദിനങ്ങളാകയാൽ കർത്താവിന്റെ മരണദിവസമായ വെള്ളിയാഴ്ചകളിലാണ് വിശുദ്ധരെ അനുസ്മരിക്കുന്നത്. മിശിഹാ രഹസ്യത്തെ സഭയ്ക്കു വെളിപ്പെടുത്തിത്തന്ന വിശുദ്ധരുടെ തിരുനാളുകൾ ദനഹാക്കാലത്തും രക്തസാക്ഷികളുടെ തിരുനാളുകൾ കൈത്താക്കാലത്തും ആഘോഷിക്കുന്നു.
ആരാധനാവത്സരത്തിലൂടെ അനാവരണം ചെയ്യപ്പെടുന്ന രക്ഷാകരചരിത്രത്തെ ഓരോ കാലത്തിന്റെയും ചൈതന്യത്തിൽ മനസ്സിലാക്കാനാണ് തുടർന്നു ശ്രമിക്കുന്നത്. ഓരോ കാലത്തിനുമുള്ള യാമപ്രാർത്ഥനകൾ അതാതു കാലത്തിന്റെ ചൈതന്യം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.