വർഗ്ഗീയതയുടെ കേരള രൂപങ്ങൾ

0
129

കേരളാ പോലീസിന്റെ വിശ്വാസ്യതയുടെയും സത്യസന്ധമായ കേസ് അന്വേഷണത്തിന്റെയും കൊടിയടയാളമായ ഉദ്യോഗസ്ഥനെതിരെ അദ്ദേഹത്തോടൊപ്പം നിന്നവർ തന്നെ ഒരുക്കിയ വൻ ഗൂഡാലോചനയുടെ ഫലമാണ് സിബി മാത്യൂസിനെതിരായ വിജിലൻസ് കേസ്.
സിബി മാത്യൂസിനെ അടുത്തറിയുന്നവരെയെല്ലാം അമ്പരപ്പിച്ചു ഈ ഗൂഢാലോചന. ജേക്കബ് പന്നൂസ് കേന്ദ്ര സർവീസിലേക്കു പോകാൻ ഇടയുള്ളതുകൊണ്ട് കേരളാ പോലീസിന്റെ ഡയറക്ടർ ജനറൽ സ്ഥാനത്തേയ്ക്കുള്ള സിബി മാത്യൂസിന്റെ പ്രമോഷൻ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു കേസു കൊടുത്തതും കോടതിയിൽ പോയതും അദ്ദേഹം ഡി.ജി.പി. ആകുന്നത് സാധിക്കുമെങ്കിൽ തടയാനാണെന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്.
വിജിലൻസ് അന്വേഷണത്തിന്റെ ഫലം എന്തായാലും കേസുണ്ടായി എന്നതിലൂടെ അദ്ദേഹത്തിന്റെ പ്രതിച്ഛായയിൽ ചെളി തെറിപ്പിക്കാം എന്ന ചാരിതാർത്ഥ്യവും അവർക്കു ലഭിക്കുന്നു.
സിബി മാത്യൂസ് സർക്കാർ വാഹനത്തിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോയി എന്നതാണ് ആക്ഷേപങ്ങളിൽ ഒന്ന്. പ്രാർത്ഥനയ്ക്കു പോകുന്നതുവരെ ആക്ഷേപമാക്കിക്കൊണ്ടുള്ള ഈ പരാതി അതുകൊണ്ടുതന്നെ ഏറെ കൗതുകം പകരുന്നു.
വിജിലൻസിൽ ഹെഡ് കോൺസ്റ്റബിളായ എൻ.കെ. ബേബിയെ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൾക്കായി അവിടെ തന്നെ നിലനിർത്താൻ തന്റെ സ്വാധീനം ഉപയോഗിച്ചെന്നും ആരോപണമുണ്ട്. സർക്കാർ വാഹനത്തിൽ അദ്ദേഹം തൃശൂരിലേക്ക് പോവുകയും അക്കൂട്ടത്തിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോവുകയും ചെയ്തിട്ടുണ്ടത്രേ! വർഗീയതയുടെ ഇത്തരം വിഷപ്രയോഗങ്ങൾ കേരളസമൂഹം മനസ്സിലാക്കുമെന്നുതന്നെ കരുതാം.
ഇത്തരം കാര്യങ്ങൾ എഴുതാനും പറയാനും കേരളത്തിലെ സാധാരണ ജനങ്ങളുടെ കൈകളിലെത്തുന്ന ശക്തമായൊരു സഭാമാധ്യമം ഇല്ലാതെ പോയതിൽ സങ്കടം തോന്നുന്നു.
മന്ത്രിസഭയുടെ വർഗ്ഗീയത
ഇടതുപക്ഷമന്ത്രിസഭയുടെ സഭയോടുള്ള നീതിനിഷേധത്തിന്റെ പുതിയ മുഖമാണ് നാടാർ സംവരണക്കാര്യത്തിലെ പക്ഷപാതപരമായ തീരുമാനത്തിലൂടെ പ്രകടമാകുന്നത്.
സുദീർഘവും ശാസ്ത്രീയവുമായ പഠനങ്ങൾ നടത്തിയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും ആവലാതികളും എതിർപ്പുകളും പരിഗണിച്ചും സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയുമാണ് കേന്ദ്ര പിന്നോക്ക വിഭാഗ കമ്മീഷൻ നാടാർ സമുദായത്തിലെ എല്ലാ വിഭാഗങ്ങളും പിന്നോക്കമാണെന്നു കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നാടാർ സമുദായത്തിലെ എല്ലാ വിഭാഗങ്ങളും പിന്നോക്കമാണെന്നു പ്രഖ്യാപിച്ചു.
ശരിയായ ശാസ്ത്രീയ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് കേരളത്തിലെ നാടാർ സമുദായം ഒന്നാകെ പിന്നോക്കമാണെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയതെന്ന് ഹൈക്കോടതിയുടെ വിധിന്യായത്തിലും പറഞ്ഞിട്ടുണ്ട്. നാടാർ സമുദായം ഒന്നാകെ പിന്നോക്കമാണെന്നു പരിഗണിച്ചിട്ടാണെന്നും അല്ലാതെ മതത്തിന്റെ അടിസ്ഥനത്തിലല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നിട്ടെന്തേ, തീർത്തും പിന്നോക്കാവസ്ഥയിൽ കഴിയുന്ന മുപ്പതിലധികം ക്രൈസ്തവ വിഭാഗങ്ങളെ മന്ത്രിസഭ മറന്നുപോയി?
മലബാർ, മലങ്കര ഉൾപ്പെടെ മുപ്പതിലധികം വിഭാഗങ്ങളിൽപ്പെടുന്ന നാടാർ ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രസർക്കാർ ഉദ്യോഗങ്ങൾക്ക് അപേക്ഷിക്കുമ്പോൾ ഒ.ബി.സി. സർട്ടിഫിക്കറ്റ് ഹാജരാക്കുകയും അനനുതന്നെ സംസ്ഥാനസർക്കാർ സ്ഥാപങ്ങളിലേക്കുള്ള ഉദ്യോഗ അപേക്ഷകളിൽ ഒ.ബി.സി. അല്ലെന്നു രേഖപ്പെടുത്തുകയും ചെയ്യേണ്ടിവരുന്ന വിചിത്രമായ അവസ്ഥാവിശേഷമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈവിധ്യത്തിൽ ഏകത്വം കാത്തുസൂക്ഷിക്കുന്ന നാടാർ ജനവിഭാഗത്തെ സഹായിക്കുന്നതിലുപരി ശിഥിലീകരിക്കുന്നതിനും പരസ്പര സ്പർധ ഉളവാക്കുന്നതിനും മാത്രമേ മന്ത്രിസഭയുടെ ഇപ്പോഴത്തെ തീരുമാനം കാരണമാകൂ.
ക്രൈസ്തവ വിഭാഗത്തിൽ, ഒരു പൊതുനിരത്തിന്റെ ഒരു വശത്തിരിക്കുന്ന പള്ളിയിൽ പോകുന്നയാളിന് സംവരണം ലഭിക്കുമ്പോൾ അതേ വീട്ടിൽനിന്നുതന്നെ നിരത്തിന്റെ മറുഭാഗത്തിരിക്കുന്ന പള്ളിയിൽ പോകുന്നയാളിന് സംവരണം ലഭിക്കുന്നില്ല. ഒരേ വീട്ടിൽതന്നെയുണ്ട് അമ്പലത്തിൽ പോകുന്നയാളും സി.എസ്.ഐ. പള്ളിയിൽ പോകുന്നയാളും ലാറ്റിൻ കാത്തലിക് പള്ളിയിൽ പോകുന്നയാളും സീറോ മലബാർ മലങ്കര കാത്തലിക് പള്ളിയിൽ പോകുന്നയാളും പെന്തക്കോസ്ത് പള്ളിയിൽ പോകുന്നയാളും. കൂടാതെ യഹൂദമതം സ്വീകരിച്ചവരുമുണ്ട് ഈ സമുദായത്തിൽ. ഇതിൽ ആദ്യത്തെ മൂന്നു കൂട്ടരെ പിന്നോക്കക്കാരായി പരിഗണിച്ച് സംവരണം നൽകുമ്പോൾ മറ്റുള്ളവർ മുന്നോക്കക്കാരായി ഗണിക്കപ്പെടുന്നു. ഇതു സാമൂഹ്യനീതിയുടെ നിഷേധമാണ്.
കേരള സംസ്ഥാനം രൂപംകൊണ്ടതിനു മുൻപും അതിനുശേഷവും നാടാർ സമുദായം സംവരണ അവകാശം അനുഭവിക്കുന്ന സമുദായമാണ്. സമുദായത്തിലെ ഹിന്ദുവിനും ക്രിസ്ത്യാനിക്കും സമുദായ സംവരണം ലഭിക്കുന്നുണ്ട്. എന്നാൽ, എല്ലാവർക്കും ലഭിക്കുന്നില്ല. ഇതു സ്വാഭാവിക നീതിയുടെ ലംഘനമാണ്. ഇതു മനുഷ്യാവകാശ ലംഘനമാണ്. ഭരണ-നിയമ-നീതിന്യായവ്യവസ്ഥകളുടെ പരിപാലക സ്ഥാപനങ്ങൾ ഇതു കാണാതിരിക്കുന്നത് അനീതിയാണ്. നാടാർ സമുദായത്തിനുള്ള സംവരണാനുകൂല്യം സമുദായത്തിലെ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കണം.