മൊബൈല്‍ ഫോണ്‍ നന്മയ്ക്കായി ഉപയോഗിക്കണം

മാറിയ സാഹചര്യങ്ങൾ
‘വിളിപ്പാടകലെ’ എന്നു പറയുന്നതിനപ്പുറം എങ്ങനെ നമ്മു ടെ സ്വരം എത്തിക്കാൻ കഴിയുമെന്ന് ഒരുകാലത്ത് മനുഷ്യനു വിഭാവനം ചെയ്യാനാവില്ലായിരുന്നു. എന്നാൽ മാർക്കോണി ആ വലയം ഭേദിച്ചു. ലോകത്തെവിടെയും മനുഷ്യന്റെ സ്വരം എത്തിക്കാനുള്ള സാദ്ധ്യത തെളിഞ്ഞു. ടെലിഫോൺ മനുഷ്യനു ലഭിച്ച വലിയൊരു അനുഗ്രഹമാണെന്നതിൽ സംശയമില്ല.
എങ്കിലും ഒരു അൻപതുവർഷം മുൻപുപോലും ടെലിഫോൺ വിളിക്കുക എളുപ്പമായിരുന്നില്ല. ടെലിഫോണിൽ ഓഫീസിൽ വിളിച്ചു കോൾ ബുക്കുചെയ്തു കാത്തിരുന്നാലേ അടുത്ത പ്രദേശങ്ങളിലെ ആളുകളോടുപോലും സംസാരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇന്ന് പുതിയ തലമുറയ്ക്ക് ഈ രീതി മനസ്സിലാക്കാൻ പ്രയാസമുണ്ടാകാം. ടെലിഫോൺരംഗത്ത് വളരെയേറെ പുരോഗതി നേടുവാൻ ഈ കാലയളവിൽ സാധിച്ചു എന്നതാണു വസ്തുത.
വളരെ പ്രയോജനകരമായ
ഉപകരണം
മൊബൈൽഫോൺ വളരെ സൗകര്യപ്രദമായ ഒരുപകരണമാണ്. ഇന്നിപ്പോൾ എപ്പോഴും എവിടെയും ഉപയോഗിക്കാവുന്ന യന്ത്രമാണത്. വാർത്തകളറിയാനും തീയതി മനസ്സിലാക്കാനും സന്ദേശങ്ങളറിയിക്കാനും ഫോട്ടോയെടുക്കാനുമെല്ലാം മൊബൈൽഫോൺ സജ്ജമായിക്കഴിഞ്ഞു. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് സ്വന്തമായുള്ള ഉപകരണമാണിത് എന്നും പറയാം.
പലതരത്തിലും മൊബൈൽ ഫോൺ വളരെ പ്രയോജനകരമാണെന്നതിൽ സംശയമില്ല. മാനുഷികസമ്പർക്കങ്ങൾ പുലർത്തുവാൻ ഇതു വളരെയേറെ സഹായകരമാണ്. വിദൂരത്തിലായിരിക്കുന്ന മാതാപിതാക്കളും മക്കളും ഇന്ന് അപൂർവ്വമല്ല. അവർക്ക് പലപ്പോഴും നേരിട്ടു കണ്ടുമുട്ടാൻ എളുപ്പമല്ല. പക്ഷേ മൊബൈൽ ഫോണിലൂടെ തുടർച്ചയായി സമ്പർക്കം പുലർത്താനും ബന്ധങ്ങൾ സജീവമാക്കാനും സാധിക്കുന്നുവെന്നുള്ളത് വലിയ നേട്ടമാണ്. രോഗവിവരങ്ങളും മറ്റു വാർത്തകളുമെല്ലാം ഉടനുടൻ കൈമാറാൻ ഫോൺ ഉപകാരപ്പെടുന്നുണ്ട്. അപകടങ്ങളിലാകുമ്പോഴും ഫോൺവഴി പലരെയും ബന്ധപ്പെടാൻ കഴിയുമെന്നത് വ്യക്തികൾക്കും സമൂഹത്തിനും ഭദ്രതയ്ക്കു കാരണമാകാം. അടിയന്തിര സാഹചര്യങ്ങളിൽ തീർച്ചയായും മൊബൈൽ വളരെ സഹായകരമാണ്. ആളുകളെ സമ്മേളനങ്ങൾക്കു ക്ഷണിക്കാനും പരിപാടികൾ ക്രമീകരിക്കാനുമെല്ലാം എളുപ്പമാണ്. വ്യക്തിജീവിതഭദ്രതയ്ക്കും സാമൂഹ്യകെട്ടുറപ്പിനും മൊബൈൽഫോൺ പ്രയോജനപ്പെടുത്താവുന്നതാണ്. മാധ്യമങ്ങൾ ഈ ഉപാധി വലിയതോതിൽ ഉപയോഗിക്കുന്നുണ്ടെന്നും നമുക്കറിയാം.
ധാർമ്മികബോധം ഉണരണം
എന്നാൽ മൊബൈൽ ഒരുപകരണം മാത്രമാണ്. അതിനു സ്വന്തമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ല, സ്വാതന്ത്ര്യവുമില്ല. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രാധാന്യമർഹിക്കുന്നത്. ഉപയോഗിക്കുന്ന ആളിനാണ് അതു നന്മയ്‌ക്കോ തിന്മയ്‌ക്കോ ആയി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുള്ളത്. ഭീകരപ്രവർത്തകർവരെ മൊബൈൽഫോൺ ഉപയോഗിച്ച് വൻനാശം വരുത്തിക്കൂട്ടുന്നുണ്ടെന്ന് നമുക്കറിയാം. ചാരന്മാർക്കും ഗുണ്ടാസംഘങ്ങൾക്കുമെല്ലാം ഇത് പറ്റിയ ഉപകരണമാണ്. ചില കുറ്റവാളികളെ കണ്ടെത്താനും മൊബൈൽ ഉപകാരപ്പെടുന്നുവെന്നതു വേറൊരുവശം.
യുവജനങ്ങൾക്ക് ഫോൺ വളരെ ഉപകാരപ്രദമാണെങ്കിലും പലപ്പോഴും അവരെ ദൂഷിതവലയങ്ങളിൽ കുടുക്കുന്നതിനും ഇതു കാരണമാകുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ചങ്ങാത്തം ഭാവിച്ച് അനേകം യുവജനങ്ങളെ ചതിക്കുഴിയിലാക്കുന്ന ധാരാളം വാർത്തകൾ നാം കേൾക്കാറുണ്ടല്ലോ. സിദ്ധാന്തക്കാരും ഭീകരപ്രവർത്തകരും ലൈംഗികചൂഷകസംഘടനകളുമെല്ലാം മൊബൈൽ ഫോൺ ഒരു ഉപകരണമായി കാണാറുണ്ട്. ചിലർ മൊബൈൽ ഫോൺ സമ്മാനമായും മറ്റും നൽകിയാണ് പക്വതവരാത്ത കുട്ടികളെ ചങ്ങാതികളാക്കി തങ്ങളുടെ ദുഷ്പ്രവൃത്തികൾക്ക് ഇരയാക്കുന്നത്. പെൺകുട്ടികൾ ഇങ്ങനെ പലപ്പോഴും കെണിയിൽപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടല്ലോ. ഈയിടെ ആത്മഹത്യ ചെയ്ത ഒരു കുട്ടി, വീട്ടിൽനിന്നു ഫോൺ നൽകിയിരുന്നില്ലെങ്കിലും സൗഹൃദം ഭാവിച്ചയാൾ അതു സമ്മാനിച്ചിരുന്നതായിട്ടാണല്ലോ റിപ്പോർട്ട്. മൂന്നും നാലും ഫോണുകൾ സമ്മാനമായി ലഭിച്ച കുട്ടികളെക്കുറിച്ചു നാം കേട്ടിട്ടുണ്ടല്ലോ.
ഇങ്ങനെയുള്ള സാഹചര്യത്തിൽ നന്മയ്ക്കായി മാത്രം ഈ ഉപകരണത്തെ ഉപയോഗിക്കുന്ന ഒരു സംസ്‌കാരമാണ് നാം വളർത്തിയെടുക്കേണ്ടത്. അതിന് ആദ്യമേ ആവശ്യമായിട്ടുള്ളത് ശരിയായ ധാർമ്മികബോദ്ധ്യങ്ങളാണ്. കുടുംബത്തിലും വിദ്യാലയത്തിലും ഈ ധാർമ്മികബോധനം ഫലപ്രദമായി നടത്തപ്പെടണം. അപകടങ്ങളെ മനസ്സിലാക്കാനുള്ള കഴിവ് വളർത്തിയെടുക്കണം. കുട്ടികൾക്ക് ആത്മനിയന്ത്രണത്തിൽ വേണ്ടത്ര പരിശീലനം ഇപ്പോൾ ലഭിക്കുന്നില്ല എന്ന താണ് വലിയ പിശക്. അതുതിരുത്താൻ സമൂഹത്തിനു സാധിക്കണം. ഓരോ ഘട്ടത്തിലും ഉണ്ടാകാവുന്ന അപകടസാദ്ധ്യതകളെക്കുറിച്ച് വേണ്ട മുന്നറിയിപ്പു നൽകാൻ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കഴിയണം.
നിയമനിർമ്മാണംകൊണ്ടുമാത്രം ഇത്തരം ഫോൺ ഉയർത്തുന്ന ഭീഷണി നേരിടാനാവില്ല. നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും എളുപ്പമല്ല. കർക്കശനിയമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന് വലിയ നിയന്ത്രണമായിത്തീരാം. അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും ധാർമ്മികബോധമാണ് നാം ഉറപ്പാക്കേണ്ടത്.