സംരക്ഷിക്കപ്പെടേണ്ട പൗരസ്ത്യ ആരാധനാക്രമ പാരമ്പര്യങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെ ഉറച്ച നിലപാടുകളെക്കുറിച്ചുള്ള പഠനം

0
218

വിവിധ ആരാധനക്രമപാരമ്പര്യങ്ങളെ സാധാരണയായി ”റീത്ത്” എന്ന് വിളിക്കാറുണ്ട്. റീത്ത് അനാവശ്യമാണെന്നും അനൈക്യത്തിന് കാരണമാകുന്നുവെന്നും ചിലർ ധരിക്കുന്നു. റീത്തുകളുടെ വൈവിധ്യം ചിലർക്ക് അംഗീകരിക്കാനേ സാധിക്കുന്നില്ല. ദൈവിക വെളിപാടിന്റെ കലവറയായ ശ്ലൈഹിക പൈതൃകമാണ് ആരാധനക്രമ പാരമ്പര്യങ്ങളി (റീത്തുകൾ) ലൂടെ തിരുസഭയിൽ കൈമാറപ്പെടുക എന്ന സത്യം ഗ്രഹിക്കാത്തതുകൊണ്ടാണിത്; എന്നാൽ ഇതെപ്പറ്റി വ്യക്തമായ അവബോധമുള്ള പരിശുദ്ധസിംഹാസനം റീത്തുകളുടെ സംരക്ഷണത്തിനായി കാലാകാലങ്ങളിൽ ഇടപെടുകയും തെറ്റിദ്ധാരണകൾ നീക്കാൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ”റീത്ത്” എന്ന പദത്തിന് രീതി, പതിവ്, കർമ്മം, പ്രവൃത്തി എന്നൊക്കെ അർത്ഥമുണ്ടെങ്കിലും ആദിമകാലങ്ങളിൽ ആരാധനക്രമം എന്ന അർത്ഥത്തിൽ മാത്രമാണ് ഈ പദം ഉപയോഗിച്ചിരുന്നത്. ഒരു വ്യക്തിസഭയുടെ തനതാത്മകത നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളായി വത്തിക്കാൻ കൗൺസിൽ ചൂണ്ടിക്കാണിക്കുന്നത് ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, സഭാശിക്ഷണം തുടങ്ങിയവയാണ്; ഇവയിൽ ഏറ്റവും മുഖ്യമായ ഘടകം ആരാധനക്രമമാണ്. അതിനാൽ വ്യക്തിസഭകൾ സംരക്ഷിക്കപ്പെടണമെങ്കിൽ അവയുടെ ആരാധനക്രമ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടണം; പന്നീട് വ്യക്തിസഭകളെ ഉദ്ദേശിച്ചും ”റീത്ത്” എന്ന പദം ഉപയോഗിക്കുവാൻ തുടങ്ങി. ആരാധനക്രമവും അതിന്റെ ഉടമയായ വ്യക്തിസഭയും തമ്മിലുള്ള ഗാഢമായ ബന്ധമാണ് ഇത് വ്യക്തമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ”റീത്ത്” ഒരു ആരാധനക്രമ പൈതൃകവും വ്യക്തിസഭ ആ പൈതൃകം അനുദിന ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന ക്രിസ്തീയ സമൂഹവുമാണ്.

ആരാധനക്രമപാരമ്പര്യങ്ങളുടെ സംരക്ഷണം തിരുസഭ ആഗ്രഹിക്കുന്നു

കത്തോലിക്കാസഭയിൽ നിലവിലുള്ള എല്ലാ ആരാധനക്രമപാരമ്പര്യങ്ങളെയും (റീത്തുകൾ) സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിശുദ്ധ സിംഹാസനത്തിന്റെ ഉറച്ച നിലപാട്. പൗരസ്ത്യ ആരാധനക്രമ പാരമ്പര്യങ്ങളെല്ലാം പരിരക്ഷിക്കേണ്ടതാണെന്ന് പരി. സിംഹാസനം കാലാകാലങ്ങളിൽ നിർദ്ദേശിച്ചിരുന്നതായിക്കാണാം.

കൃത്യമായി ആചരിക്കണം

ആരാധനക്രമപാരമ്പര്യങ്ങൾ കൃത്യമായി ആചരിക്കുന്നതിന് മാർഗ്ഗനിർദ്ദേശം നല്കിക്കൊണ്ട് ബനഡിക്ട് 13-ാമൻ (1724-1730) മാർപാപ്പ 1725 ഡിസംബർ 6 ന് ഒരു ഡിക്രി പുറപ്പെടുവിക്കുകയും റോമിലെ എല്ലാ ദേവാലങ്ങളിലും അതു പരസ്യപ്പെടുത്തുകയും ചെയ്തു; പ്രത്യേകിച്ചും പൗരസ്ത്യസഭകളിലെ എല്ലാ ആരാധനക്രമ പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഡിക്രിയിൽ വിശദീകരിക്കുന്നു. ബനഡിക്ട് 14-ാമൻ മാർപാപ്പ (1740-58) യുടെ പ്രസിദ്ധമായ പ്രബോധനമാണ് ”അല്ലാത്തെ സുന്ത്” എന്ന ചാക്രികലേഖനം. അതിൽ റീത്തുകളുടെ (ആരാധനക്രമപാരമ്പര്യങ്ങളുടെ) ആചരണത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അതിൽ മാർപാപ്പ ഇപ്രകാരം പറയുന്നു, ”തങ്ങളുടെ റീത്തിന്റെ ആചരണവും ആചാരങ്ങളും പൗരസ്ത്യ കത്തോലിക്കർ ഉപേക്ഷിക്കുന്നത് അനുവദനീയമല്ലെന്ന് പ്രൊപ്പഗാന്താതിരുസംഘം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.”

വൈവിധ്യം സഭയുടെ മഹത്ത്വം

9-ാം പീയൂസ് മാർപാപ്പ (1846-1878) 1862 ഏപ്രിൽ 8-ാം തീയതി പുറപ്പെടുവിച്ച ”അമാന്തിസ്സിമൂസ്” എന്ന തിരുവെഴുത്ത് പൗരസ്ത്യ സഭകളുടെ ആരാധനക്രമ പാരമ്പര്യങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് പ്രസ്തുത സഭകളിലെ മെത്രാന്മാർക്കെഴുതിയ കത്തായിരുന്നു. റീത്തുകളുടെ വൈവിധ്യം കത്തോലിക്കാ സഭയുടെ ഐക്യത്തിനെതിരല്ലെന്നും അവ പൂർണ്ണമായി സംരക്ഷിക്കണമെന്നും തിരുവെഴുത്തിലൂടെ പരി. പിതാവ് ആഹ്വാനം ചെയ്യുന്നു. ”നിയമാനുസൃതമായ വിവിധ റീത്തുകൾ കത്തോലിക്കാസഭയുടെ ഐക്യത്തിന് ഒരു വിധത്തിലും എതിരല്ല; പ്രത്യുത, ഈ വിവിധത്വം സഭയുടെ തന്നെ മഹത്ത്വത്തെ വളരെയധികം വർദ്ധിപ്പിക്കുകയത്രേ ചെയ്യുന്നത്.” തന്റെ മുൻഗാമികളായ മാർപാപ്പമാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി പറഞ്ഞുകൊണ്ട് മാർപാപ്പ പറയുന്നു. ”അവരുടെ (മുൻഗാമികളായ മാർപാപ്പമാരുടെ) പൂർണ്ണമായ ആഗ്രഹം ഇതായിരുന്നു. പൗരസ്ത്യസഭകളുടെ റീത്തുകൾ അഭംഗുരം സംരക്ഷിക്കപ്പെടണം.”
12-ാം പീയൂസ് മാർപാപ്പയുടെ 1950 ൽ പുറപ്പെടുവിച്ച ”ഓറിയെന്താലിസ് എക്‌ളേസിയേ” എന്ന തിരുവെഴുത്തിൽ പൗരസ്ത്യ ആരാധനക്രമ പാരമ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു. ”എല്ലാ പൗരസ്ത്യരും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ, തങ്ങളുടെ നിയമാനുസൃതമായ ആചാരങ്ങളും പൗരാണിക സ്ഥാപനങ്ങളും ലത്തീൻ ആചാരങ്ങളും സ്ഥാപനങ്ങളുമായി കൈമാറ്റം ചെയ്യപ്പെടാൻ ഒരിക്കലും നിർബ്ബന്ധിക്കപ്പെടുകയില്ലെന്ന്. രണ്ടും തുല്യ ആദരവോടും ബഹുമാനത്തോടും കൂടി പരിഗണിക്കപ്പെടേണ്ടതാണ്. നിയമാനുസൃത വൈവിദ്ധ്യത്തോടെ അവ നമ്മുടെ പൊതു മാതാവായ സഭയെ ചൂഴ്ന്നു നില്ക്കുകയാണ്. മാത്രമല്ല, ഇരുസഭകളിലും പൗരാണികവും വിലയേറിയതുമായവയെ പരിരക്ഷിക്കുന്ന ആചാരങ്ങളുടെയും സ്ഥാപനങ്ങളുടെയും ഈ വിവിധത്വം, ശരിയായ ഐക്യത്തിന്റെ പാതയിൽ യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.” വീണ്ടും 1954 ൽ പുറപ്പെടുവിച്ച ”ഓറിയെന്താലിസ് എക്ലേസിയേ ദേക്കൂസ്” എന്ന തിരുവെഴുത്തിൽ 12-ാം പീയൂസ് മാർപാപ്പ പറയുന്നു, ”യാതൊരാളും സ്വന്തം ആരാധനക്രമങ്ങളും പുരാതനവും പവിത്രവുമായ ആചാരങ്ങളും ഉപേക്ഷിച്ച് ലത്തീൻ ക്രമങ്ങളും ആചാരങ്ങളും സ്വീകരിക്കേണ്ടി വരികയില്ലെന്ന് എല്ലാവർക്കും ഉറപ്പുകൊടുക്കേണ്ടിയിരിക്കുന്നു.

വിശ്വസ്തതാപൂർവ്വം കാത്തുപാലിക്കണം

മേൽപ്പറഞ്ഞ കാര്യങ്ങൾ രണ്ടാം വത്തിക്കാൻ കൗൺസിൽ ആവർത്തിച്ചു പറയുന്നുണ്ട്. ശ്ലീഹന്മാരിൽ നിന്നാരംഭിച്ച ഈ ആരാധനാ പൈതൃകം പരമ്പരാഗതമായി പൂർവ്വികരിലൂടെ ഇന്നത്തെ തലമുറിയിലെത്തിയതിന്റെ ഫലമായാണ് നമുക്ക് ആരാധനക്രമങ്ങൾ ലഭ്യമായത്. ഇന്നത്തെ തലമുറ ഈ ശ്ലൈഹിക പൈതൃകം കാത്തുപരിപാലിക്കണമെന്നും അവികലമായി അടുത്ത തലമുറയ്ക്ക് കൈമാറണമെന്നുമാണ് തിരുസ്സഭയുടെ ഔദ്യോഗിക പ്രബോധനം. ”ഓരോ പ്രാദേശിക സഭകളുടെയും പാരമ്പര്യങ്ങളെ അഭംഗമായും പൂർണ്ണമായും സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്ഷ്യം” എന്നാണ് പൗരസ്ത്യ സഭകളെക്കുറിച്ചുള്ള പ്രമാണരേഖയിൽ പറഞ്ഞിരിക്കുന്നത്. ”ആകയാൽ ലോകമാസകലമുള്ള ഓരോ പ്രത്യേക സഭയെയും സരക്ഷിക്കുവാനും വളർത്തുവാനും ശ്രദ്ധിക്കേണ്ടതാണ്” എന്ന് കൗൺസിൽ ആഹ്വാനം ചെയ്യുന്നു. സഭകളിൽ നിലനിന്നുപോരുന്ന വൈവിദ്ധ്യമാർന്ന ശ്ലൈഹികപാരമ്പര്യം സഭൈക്യത്തിനു വഴിതെളിക്കുന്നതിനാലും സഭയുടെ വിശ്വാസപൈതൃകത്തിന്റെ പൂർണ്ണതയ്ക്ക് ഈ വൈവിദ്ധ്യം വിലപ്പെട്ടതായതിനാലും അവ സംരക്ഷിക്കണമെന്ന് സൂനഹദോസ് ഉദ്‌ബോധിപ്പിക്കുന്നു. അതിനാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ സഭൈക്യത്തെക്കുറിച്ചുള്ള പ്രമാണരേഖയിൽ പറയുന്നു, ”പൗരസ്ത്യസഭകളുടെ ധന്യമായ ആരാധനാപരവും ആദ്ധ്യാത്മികവുമായ പിതൃസ്വത്ത് എല്ലാവരും അറിയുകയും ആദരിക്കുകയും കാത്തുസൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വേണം. പൂർണ്ണമായ ക്രിസ്തീയപാരമ്പര്യത്തെ വിശ്വസ്തതാപൂർവ്വം സംരക്ഷിക്കാനും കിഴക്കും പടിഞ്ഞാറുമുള്ള ക്രൈസ്തവർ തമ്മിൽ ഐക്യം കൈവരുത്താനും ഇതനുപേക്ഷണീയമാണെന്ന് അവർ മനസ്സിലാക്കണം.”

സീറോ മലബാർ സഭയുടെ ആരാധനക്രമ പൈതൃകം

അംഗീകരിക്കപ്പെട്ട ആറ് ആരാധനക്രമങ്ങളാണ് തിരുസഭയിലുള്ളത്. ഓരോ വ്യക്തിസഭയ്ക്കും ഇവയിൽ ഏതെങ്കിലും ഒന്ന് പൈതൃകമായി ലഭിച്ചിട്ടുള്ളതാണ്. റോമൻ (ലത്തീൻ) പൗരസ്ത്യ സുറിയാനി (കാൽഡിയൻ), അന്തിയോക്യൻ (പാശ്ചാത്യസുറിയാനി), അലക്‌സാഡ്രിയൻ, ബൈസന്റയിൻ, അർമ്മേനിയൻ എന്നിവയാണ് ഈ ആറ് ആരാധനക്രമ കുടുംബങ്ങൾ. ഇവയിൽ ഏതെങ്കിലും പെട്ടതാണ് ഇന്ന് ലോകത്തിൽ നിലവിലുള്ള എല്ലാ സഭകളുടെയും ആരാധനക്രമങ്ങൾ. ഒരു വ്യക്തിയുടെ ബുദ്ധിയിലുദിക്കുന്ന ആശയങ്ങൾ ചിട്ടപ്പെടുത്തിയെടുക്കുന്നതല്ല ആരാധനക്രമങ്ങൾ. സാർവ്വത്രികമായ വിശുദ്ധ പാരമ്പര്യങ്ങളിൽ നിന്നുള്ള ജീവാത്മകമായ വളർച്ചയാണ് ആരാധനക്രമരൂപീകരണത്തിന്റെ അടിസ്ഥാന തത്ത്വം. തോമാശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യം അവകാശപ്പെടുന്ന സീറോ മലബാർ സഭയുടെ ആരാധനക്രമം മറ്റ് ഏതൊരു സഭയിലുമെന്നപോലെ അടിസ്ഥാനപരമായി ജറുസലേമിൽ ശ്ലീഹന്മാർ അനുഷ്ഠിച്ചിരുന്ന അപ്പംമുറിയ്ക്കൽ ശുശ്രൂഷയുടെ രൂപത്തിലുള്ളതാണ്. തോമ്മാശ്ലീഹായുടെ പൈതൃകമുള്ള എല്ലാ സഭകളിലും ഈ അടിസ്ഥാന ആരാധനക്രമ രൂപം തന്നെയാണ് ഉപയോഗിച്ചിരുന്നതെന്ന് അനുമാനിക്കാം. അതിനാൽ പ്രശസ്ത ദൈവശാസ്ത്ര ആസ്ഥാനമായ എദേസ്സ കേന്ദ്രമായി വികസിത രൂപം കൈവരിച്ച പൗരസ്ത്യ സുറിയാനി ആരാധനക്രമം തോമ്മാശ്ലീഹായുടെ പൈതൃകം അവകാശപ്പെട്ട സഭകളെല്ലാം സ്വന്തമായി സ്വീകരിച്ചു; എന്നാൽ കാലഘട്ടങ്ങളിലൂടെ അനുരൂപണങ്ങൾക്കു വിധേയമായിട്ടാണ് ഭാരതസഭ ഈ ആരാധനക്രമം ഉപയോഗിച്ചത്. നമ്മുടെ ആരാധനാഭാഷ സുറിയാനി ആയിരുന്നു. ക്രൈസ്തവ ചരിത്രത്തിൽ തന്നെ ആദ്യമായി ഉപയോഗിച്ച ആരാധനാഭാഷ അറമായ ഭാഷ അഥവാ പൗരസ്ത്യ സുറിയാനിയാണ്.
ആരാധനക്രമത്തിന്റെ കേന്ദ്രം വി. കുർബാനയാണല്ലോ. എ.ഡി. 3-ാം നൂറ്റാണ്ടോടുകൂടി നിയതരൂപംകൊണ്ട ശ്ലീഹന്മാരുടെ അഥവാ അദ്ദായിയുടെയും മാറിയുടേയും പേരിലുള്ള അനാഫൊറയാണ് സീറോ-മലബാർ കുർബാനയിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. സീറോ മലബാർ സഭയുടെ ആരാധനപൈതൃകമായ പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിന്റെ മൂലരൂപം ജറുസലേമിൽ ഉത്ഭവിച്ചതും തോമ്മാശ്ലീഹായിലൂടെ കൈമാറപ്പെട്ട് ലഭിച്ചിട്ടുള്ളതുമാണെന്ന് അനുമാനിക്കാം. അതായത് ആദിമസഭയുടെ ആരാധന ശൈലി ഏറ്റവും കൂടുതൽ നിലനിർത്തിയ ഒന്നാണ് പൗരസ്ത്യസുറിയാനി ആരാധനക്രമം. ഈ ആരാധനക്രമ പൈതൃകമാണ് സീറോ മലബാർ സഭയുടേത്.

നഷ്ടപ്പെട്ട ആരാധനക്രമ പൈതൃകം വീണ്ടെടുക്കണം

കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് പല സഭകളും ശ്ലൈഹിക പാരമ്പര്യങ്ങളിൽ നിന്ന് കുറെയൊക്കെ വ്യതിചലിച്ചു പോയിട്ടുണ്ട്. അപ്രകാരമുള്ള വ്യതിചലനങ്ങൾ പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നില്ല. ലിറ്റർജിയുടെ പൗരാണിക പാരമ്പര്യം നിലനിർത്തണം, സംരക്ഷിക്കണം, നഷ്ടപ്പെട്ടവ വീണ്ടെടുക്കണം എന്നാണ് സഭ ആഗ്രഹിക്കുന്നത്. പതിനൊന്നാം പീയൂസ് മാർപാപ്പയാണ് സീറോ മലബാർ സഭയുടെ നഷ്ടപ്പെട്ടുപോയ ആരാധനക്രമ പാരമ്പര്യങ്ങൾ പുനരുദ്ധരിക്കാൻ ആദ്യം തീരുമാനിച്ചതും നടപടികൾ എടുത്തതും. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പാതകൾ പന്ത്രണ്ടാം പീയൂസ് മാർപാപ്പയും ജോൺ 23-ാമൻ മാർപാപ്പയും പിൻതുടരുകയും ചെയ്തു. ഈ പുനരുദ്ധാരണത്തിലൂടെ സഭയുടെ ശരിയായ വളർച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്.
16-ാം നൂറ്റാണ്ടു മുതൽ നസ്രാണിസഭ ലത്തീൻ ഭരണത്തിൻ കീഴിലായിരുന്നു. അതിനാൽ സീറോ മലബാർ സഭയുടെ ആരാധനക്രമം വളരെയധികം ലത്തീൻ സ്വാധീനത്തിലാവുകയും ”ലത്തീനീകരിക്കപ്പെടുകയും” ചെയ്തു എന്നത് യാഥാർത്ഥ്യമാണ്. ഈ സ്വാധീനം പരോക്ഷമായി ഒരു പരിധിവരെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുവെന്ന് പറയാം. ഓരോ രാജ്യത്തിനും സംസ്‌ക്കാരത്തിനുമനുസരിച്ച് പുതിയ ആരാധനക്രമങ്ങൾ ഉണ്ടാക്കുക എന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണ്. സഭയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ആരാധനാക്രമങ്ങളുടെ അന്തസ്സത്തയ്ക്ക് കോട്ടം വരാത്തവിധം പ്രാദേശിക സംസ്‌ക്കാരങ്ങളെ അനുരൂപപ്പെടുത്തിയെടുക്കുക എന്നതാണ് ശരിയായ രീതി. അത് സീറോ മലബാർ സഭയുടെ പൈതൃകത്തിൽ ഉൾച്ചേർന്നിട്ടുണ്ടുതാനും. അതിനാൽ അതിന് ശ്ലൈഹിക അടിസ്ഥാനം ഉണ്ട്.
പൗരസ്ത്യസഭകളുടെ തനിമയ്ക്കും വ്യക്തിത്വത്തിനും കോട്ടംവരത്തക്കവിധം പൗരസ്ത്യ ക്രൈസ്തവരുടെയിടയിൽ ലത്തീൻ സഭയുടെ ആചാരാനുഷ്ഠാനങ്ങൾ സമ്മർദ്ദം മൂലമോ അല്ലാതെയോ പ്രചരിപ്പിക്കുന്നതിനെയാണ് ”ലത്തീനീകരണം” എന്നു പറയുന്നത്. ലത്തീനീകരണത്തിന് വിധേയമാകേണ്ടിവന്ന സഭയാണ് സീറോമലബാർ സഭ. അതിനാൽ നഷ്ടപ്പെട്ട പൈതൃകം വീണ്ടെടുക്കേണ്ടതാണ്. പരിശുദ്ധ സിംഹാസനം ഇത് ആഗ്രഹിക്കുകയും ചെയ്യുന്നു. ബനഡിക്ട് 14-ാം മാർപാപ്പ ”അല്ലാത്തെ സുന്ത്” എന്ന ചാക്രികലേഖനത്തിൽ പറയുന്നു, ”എല്ലാ മനുഷ്യരും കത്തോലിക്കരാകാൻ നാം തീക്ഷ്ണമായി ആഗ്രഹിക്കുന്നു; എന്നാൽ എല്ലാവരും ലത്തീൻകാരാകാനല്ല”.

വിശ്വസ്തതയോടെ പാലിക്കണം

പൗരസ്ത്യ സഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയുടെ ഒരു ലക്ഷ്യം അവരുടെ ആരാധനക്രമ പൈതൃകം സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. ഇത് സഭയുടെ പരമ്പരാഗതമായ പ്രബോധനമാണെന്ന് ഈ രേഖയിലൂടെ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. ”നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യസഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളർച്ചയ്ക്കു വേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയിൽ വരുത്താവുന്നതല്ല, അതിനാൽ ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യർ തന്നെ അനുസരിക്കണം. മുമ്പത്തേക്കാൾ കൂടുതലായി ഇവ പഠിക്കുകയും പൂർണ്ണമായി ആചരിക്കുകയും വേണം. കാലത്തിന്റെയോ വ്യക്തികളുടേയോ സാഹചര്യങ്ങൾക്ക് അടിപ്പെട്ട് തങ്ങൾക്ക് ചേരാത്തവിധത്തിൽ ഇവയിൽനിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കിൽ പൗരാണിക പാരമ്പര്യത്തിലേയ്ക്ക് തിരിയുവാൻ അവർ ശ്രദ്ധിക്കേണ്ടതാണ്”. പരിശുദ്ധ സിംഹാസനത്തിന്റെ ഇതു സംബന്ധിച്ച ഉറച്ച നിലപാടാണിത്.
മാർപാപ്പാമാരും പൗരസ്ത്യസഭകളും എന്ന മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ ഗ്രന്ഥത്തിലെ ആശയങ്ങളെ ആധാരമാക്കി തയ്യാറാക്കിയത്.