ജോസ് ടി. തോമസ്
”സഭ ആഫ്രിക്കയിൽ അനുരഞ്ജനത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ശുശ്രൂഷയ്ക്ക്” എന്ന പ്രമേയവുമായി കഴിഞ്ഞ മാസം വത്തിക്കാനിൽ നടന്ന മെത്രാന്മാരുടെ സിനഡിന്റെ ആഫ്രിക്കയ്ക്കുവേണ്ടിയുള്ള രണ്ടാമത് അസംബ്ലിയിൽ ബനഡിക്ട് പതിനാറാമൻ പാപ്പ നടത്തിയ പ്രഭാഷണങ്ങൾ, ആഫ്രിക്കയിൽ മാത്രമല്ല ലോകത്തെവിടെയും സഭയുടെ സാമൂഹികപ്രബോധനത്തിനുള്ള പ്രസക്തി എടുത്തുകാട്ടുന്നതായിരുന്നു.
സമ്മേളനപ്രമേയം രണ്ട് അപകടസാധ്യകളുടെ വെല്ലുവിളിയടങ്ങുന്നതായിരുന്നുവെന്നും അവയെ വിജയകരമായി അതിജീവിക്കുവാൻ സമ്മേളനത്തിനു കഴിഞ്ഞുവെന്നും സമാപനദിവസത്തെ ഉച്ചഭക്ഷണവേളയിൽ കൃതജ്ഞതാപ്രകടനം നടത്തുമ്പോൾ പാപ്പ പറയുകയുണ്ടായി. ”അനുരഞ്ജനം, നീതി, സമാധാനം” എന്നതിന് ഒരേസമയം സൂക്ഷ്മമായ ആദ്ധ്യാത്മികമാനവും ശക്തമായ രാഷ്ട്രീയമാനവും ഉണ്ട്. രണ്ടിൽ ഏതെങ്കിലുമൊരു മാനത്തിലേക്ക് അനുരഞ്ജനത്തെയും നീതിയെയും സമാധാനത്തെയും വെട്ടിച്ചുരുക്കുന്നതാണ് അപകടം.
ദൈവവുമായി വ്യക്തികൾക്കുണ്ടാവുന്ന അനുരഞ്ജനംകൂടാതെ സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നീതിയും സമാധാനവും ഉണ്ടാവില്ല. അതുകൊണ്ട് വ്യക്തിഹൃദയങ്ങളുടെ അഗാധമായ വിമലീകരണത്തിൽ, ചിന്തയുടെയും മനോഭാവങ്ങളുടെയും നവീകരണത്തിൽ, ദൈവവുമായുള്ള നേർക്കാഴ്ചയിൽ, ചുരുക്കിപ്പറഞ്ഞാൽ മാനസാന്തരത്തിൽ ഊന്നണം.
അതേസമയം, മാനസാന്തരത്തിൽ ആത്മാവിനുണ്ടാകുന്ന മാറ്റങ്ങൾ സാക്ഷാത്ക്കരിക്കപ്പെടാൻ നീതിയുടെയും സമാധാനത്തിന്റേതുമായ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക മാനവും ഗൗരവാവഹമായി പരിഗണിക്കപ്പെടണമെന്നു പാപ്പ ചൂണ്ടിക്കാട്ടി.
രണ്ടിൽ ഏതെങ്കിലും ഒന്നിലേക്കു ചുരുണ്ടുകൂടുന്നതിനുള്ള പ്രലോഭനം ഒഴിവാക്കാനുള്ള തത്രപ്പാടിൽ മറ്റേതിലേക്കു ചുരുണ്ടുകൂടിപ്പോവുക -ഇതാണ് അപകടസാധ്യത. മെത്രാന്മാരുടെ സിനഡിലാണു പാപ്പ ഇതു ചൂണ്ടിക്കാട്ടിയതെങ്കിലും വൈദികരും അല്മായരുമെല്ലാം അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണിത്. ”ലോകത്തിന്റേതാവാതെ ലോകത്തിൽ” ആയിരിക്കുകയും പുതിയ ലോകത്തിന്റെ നിർമ്മാണത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നതിലെ വെല്ലുവിളിയുമായി ഇതിനു നാഭീനാളബന്ധമുണ്ട്.
ദൈവത്തിന്റെയും അവിടുത്തെ വചനത്തിന്റെയും കാഴ്ചപ്പാടിൽനിന്നുകൊണ്ട് രാഷ്ട്രീയ-സാമ്പത്തിക-സാമൂഹികയാഥാർത്ഥ്യത്തെക്കുറിച്ചു സംസാരിക്കുക; എന്നാൽ സാങ്കേതികാർത്ഥത്തിൽ ‘രാഷ്ട്രീയപരിഹാരം’ എന്നു വിളിക്കപ്പെടുന്ന പദ്ധതികളൊന്നും മുന്നോട്ടുവയ്ക്കാതിരിക്കുക – ഇതാണ് ഇടയദൗത്യമായി പാപ്പ ചൂണ്ടിക്കാട്ടിയത്.
അതേസമയം സകല ക്രൈസ്തവരും നീതിക്കും വികസനത്തിനും സമാധാനത്തിനുംവേണ്ടി എങ്ങനെ യത്‌നിക്കണമെന്നത് സമാപനദിവസം ദിവ്യബലിമധ്യേ നടത്തിയ പ്രഭാഷണത്തിൽ ഒരു കൊച്ചു ഫോർമുലപോലെ അദ്ദേഹം അവതരിപ്പിച്ചിരുന്നു: ”ആത്യന്തികമായി നമ്മൾതന്നെ അനുദിന ജീവിതത്തിൽ സുവിശേഷാദർശങ്ങൾ പ്രായോഗികമാക്കുക. ഇതിനെ പിന്തുടർന്ന് നമ്മുടെ ആശയങ്ങൾ വികസന പദ്ധതികളായും പുരോഗതിക്കുള്ള സംരംഭങ്ങളായും രൂപാന്തരപ്പെടുത്തുക.”
അനുദിനജീവിതത്തിൽ സുവിശേഷാദർശങ്ങൾ പ്രായോഗികമാക്കുന്നതിൽനിന്നു വേറിട്ട് ഒരു നീതിപദ്ധതിയോ വികസനപദ്ധതിയോ സമാധാനപദ്ധതിയോ ഇല്ല. നീതിക്കും വികസനത്തിനും സമാധാനത്തിനുംവേണ്ടി നിലപാടെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യാതെ സുവിശേഷാദർശങ്ങളുടെ പിന്തുടരൽ സാധ്യവുമല്ല. ദൈവവചനം പാലിക്കുന്നതിന്റെ ആധ്യാത്മികമാനവും രാഷ്ട്രീയ-സാമ്പത്തിക സാമൂഹികമാനവും തമ്മിലുള്ള ശരിയായ കൂടിച്ചേരലാണ് യഥാർത്ഥ ക്രൈസ്തവജീവിതം. അതിനുള്ള മാർഗദർശനം മറ്റെല്ലാ സഭകൾക്കും മുമ്പേ നടന്ന് കത്തോലിക്കാസഭ അവളുടെ സാമൂഹിക പ്രബോധനത്തിലൂടെ നല്കിയിരിക്കുന്നു.
പ്രബോധനസംഗ്രഹം (Compendium of the Social Doctrine of the Church) പറയുന്നു: സഭയുടെ സുവിശേഷവത്കരണദൗത്യത്തിന്റെ അവിഭാജ്യഭാഗമാണു സാമൂഹിക പ്രബോധനം. നീതി, സ്വാതന്ത്ര്യം, വികസനം, ജനതകൾ തമ്മിലുള്ള ബന്ധങ്ങൾ, ആഗോള വിനിമയങ്ങൾ തുടങ്ങി മനുഷ്യസമുദായത്തെ ബാധിക്കുന്ന ഒന്നും സുവിശേഷവത്കരണത്തിന് അന്യമല്ല. സുവിശേഷവും മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ മൂർത്തജീവിതവും പരസ്പരം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സുവിശേഷവത്കരണം അപൂർണമാവുകയേയുള്ളൂ.
സുവിശേഷവത്കരിക്കപ്പെടേണ്ട മനുഷ്യൻ ഒരു അമൂർത്തജീവിയല്ല. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങൾക്കു വിധേയനാണ് അയാൾ. അനീതി നിർമാർജനം ചെയ്ത് നീതി പുനഃസ്ഥാപിക്കേണ്ട മൂർത്തസാഹചര്യങ്ങളെക്കൂടി സ്പർശിക്കുന്നതാണ് സുവിശേഷവത്കരണം. ”നീതിയിലും സമാധാനത്തിലും മനുഷ്യന്റെ യഥാർത്ഥ പുരോഗതി വളർത്തിയെടുക്കാതെ നമുക്കെങ്ങനെയാണ് സ്‌നേഹത്തിന്റെ പുതിയ കല്പന വിളംബരം ചെയ്യാനാവുക”? എന്നു പോൾ ആറാമൻ പാപ്പ ‘സുവിശേഷപ്രഘോഷണം’ എന്ന ചാക്രികലേഖത്തിൽ (നമ്പർ 31) ചോദിച്ചതു മറക്കാനാവില്ല.
സുവിശേഷമറിയിക്കാനുള്ള ഒരു വിലപ്പെട്ട ഉപകരണമാണ് സഭയുടെ സാമൂഹിക പ്രബോധനം. അതായത്, ആ പ്രബോധനം അറിഞ്ഞ് അതനുസരിച്ചു അല്മായർ പൊതുജീവിതത്തിൽ ഇടപെടുമ്പോൾ സഭയുടെ പ്രേഷിതദൗത്യത്തിൽ പങ്കാളികളാവുകയാണ്. അല്മായ പ്രേഷിതത്വത്തിന്റെ യഥാർത്ഥ ഉരകല്ലാണിത്.
ക്രൈസ്തവസന്ദേശത്തിന്റെ അവിഭാജ്യഘടകമാണു കത്തോലിക്കാസഭയുടെ സാമൂഹികപ്രബോധനം. കാരണം, സമൂഹജീവിതത്തിൽ ആ സന്ദേശം കൊണ്ടുവരുന്ന അനന്തരഫലങ്ങളെയാണ് അതു ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ അനുദിന അധ്വാനത്തെയും മറ്റുള്ളവർക്കു നീതി ഉറപ്പാക്കാനുള്ള യജ്ഞങ്ങളെയും അത് രക്ഷകനായ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്നതിന്റെ ഭാഗമാക്കുന്നു.
”സാമൂഹിക പ്രബോധനത്തിലൂടെ സഭ ദൈവത്തെയും മിശിഹായിൽ അവിടുത്തെ രക്ഷാരഹസ്യത്തെയും സകല മനുഷ്യരോടും വിളംബരം ചെയ്യുകയും അക്കാരണത്താൽതന്നെ മനുഷ്യന് അവനെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു” എന്ന് ജോൺപോൾ രണ്ടാമൻ പാപ്പ ‘ചെന്തേസ്സിമൂസ് അന്നൂസ്’ എന്ന ചാക്രികലേഖനത്തിൽ (നമ്പർ 54) എഴുതി. പ്രഘോഷണത്തിൽനിന്നു മാത്രമല്ല, സാക്ഷ്യം വഹിക്കലിൽനിന്നുകൂടി മുളപൊട്ടുന്നതാണ് സാമൂഹികപ്രബോധനത്തിന്റെ ശുശ്രൂഷ.
(തുടരും)