പൗരോഹിത്യവും ശിഷ്യത്വവും

ശ്ലൈഹികത്വവും ശിഷ്യത്വവും

ശ്ലൈഹിക കൈവയ്പിലൂടെയാണ് പുതിയനിയമപൗരോഹിത്യത്തിൽ ഒരുവൻ പങ്കുചേരുന്നത്. ശ്ലൈഹികശുശ്രൂഷയാണ് പുതിയനിയമപൗരോഹിത്യത്തിന്റെ അടിസ്ഥാനപരമായ ശുശ്രൂഷയും. ശ്ലീഹന്മാർ ഈശോയുടെ ശിഷ്യന്മാരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്. അതുകൊണ്ട് ശിഷ്യത്വം ശ്ലൈഹികത്വത്തിനുള്ള വ്യവസ്ഥയാണ്. ഈശോ ശ്ലീഹന്മാരെ വിളിക്കുന്ന രംഗം ഇത് വ്യക്തമാക്കുന്നുണ്ട്: ”പിന്നെ അവൻ മലമുകളിലേയ്ക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേക്കു ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കാൻ അധികാരം നൽകുന്നതിനുമായി അവൻ പന്ത്രണ്ടുപേരെ നിയോഗിച്ചു” (മർക്കോ 3:13-15). ‘തന്നോടുകൂടി ആയിരിക്കുക’ എന്നത് ശിഷ്യത്വത്തേയും പ്രസംഗിക്കാൻ അയയ്ക്കുക എന്നത് ശ്ലൈഹികത്വത്തേയും സൂചിപ്പിക്കുന്നു. ശിഷ്യത്വം ജീവിക്കുന്നവർക്കേ ശ്ലൈഹികത്വം കൈകാര്യം ചെയ്യാനാവൂ എന്ന് ഇത് വ്യക്തമാക്കുന്നു.
ശിഷ്യത്വം ജീവിക്കുന്നവരിൽനിന്നുമാണല്ലോ ദീർഘമായ പ്രാർത്ഥനയ്ക്കു ശേഷം ഈശോ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തത്: ”ആ ദിവസങ്ങളിൽ അവൻ പ്രാർത്ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ട് രാത്രി മുഴുവൻ ചെലവഴിച്ചു. പ്രഭാതമായപ്പോൾ അവൻ ശിഷ്യന്മാരെ അടുത്തുവിളിച്ച് അവരിൽനിന്നു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവർക്ക് ശ്ലീഹന്മാർ എന്നു പേരു നല്കി” (ലൂക്കാ 6:12-13). പന്ത്രണ്ടുപേരിൽ ഒരുവനായ യൂദാസ് സ്‌കറിയോത്താക്കു പകരം ഒരാളെ തിരഞ്ഞെടുക്കുവാൻ ഒന്നിച്ചുകൂടിയപ്പോൾ ശ്ലൈഹികശുശ്രൂഷാസ്ഥാനം ഏറ്റെടുക്കുവാൻ യോഗ്യതയായി പരിഗണിക്കപ്പെട്ടത് ശിഷ്യത്വം തന്നെയാണ്: ”യോഹന്നാന്റെ മാമ്മോദീസാ മുതൽ നമ്മിൽനിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാൾവരെ, ഈശോ നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും നമ്മുടെകൂടെയുണ്ടായിരുന്നവരിൽ ഒരുവനായിരിക്കണം അവൻ” (ശ്ലീഹ. നട. 1:22).

ശിഷ്യത്വവും ആദ്ധ്യാത്മികതയും

‘ഈശോയോടുകൂടി ആയിരിക്കുക’ എന്നു പറയുന്നത് വെറും ചരിത്രപരമായ ഒരു വസ്തുതയല്ല. ഈശോയോടൊത്തു സഞ്ചരിക്കുവാനും ഈശോയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുവാനും മാത്രമുള്ള ഒരാഹ്വാനമായിരുന്നില്ല അത്. ശിഷ്യത്വത്തിൽ തന്നെ അനുഗമിക്കുവാനുള്ള ആഹ്വാനമാണ്. ഈശോയുമായുള്ള ഒരു ഉറ്റസ്‌നേഹവും ഐക്യവുമാണ് ശിഷ്യത്വം ആവശ്യപ്പെടുന്നത്. സൗഖ്യം പ്രാപിച്ച പിശാചുബാധിതൻ ഈശോയോടുകൂടി ആയിരിക്കാൻ ആഗ്രഹിച്ചു. പക്ഷേ അതിന് ഈശോ അയാളെ അനുവദിച്ചില്ല (മർക്കോ 5;18-19). ഈശോയുടെ പീഡാനുഭവ വിവരണത്തിൽ പത്രോസിന്റെ ശിഷ്യത്വം വെളിപ്പെട്ടത് ”നീയും അവനോടുകൂടെ ആയിരുന്നു” (മർക്കോ 14:67) എന്ന വാക്കുകളിലൂടെയാണ്. ഈശോയോട് പൂർണ്ണമായ പ്രതിബദ്ധതയുള്ള ശിഷ്യസഹജമായ ജീവിതമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മുന്തിരിച്ചെടിയും ശാഖകളുംപോലെ, ഈശോയുമായുള്ള പരസ്പര ഐക്യത്തിന്റെയും സഹവാസത്തിന്റെയും ജീവിതമാണ് ശിഷ്യത്വം: ”ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു” (യോഹ 15:5). ഈ ശിഷ്യത്വമാണ് പുരോഹിതന്റെ ആദ്ധ്യത്മികതയുടെ അടിസ്ഥാനം.

പരിപൂർണ്ണതയിേലക്കുള്ള വിളി

ഈശോയെ അനുഗമിക്കുവാനുള്ള ശിഷ്യത്വത്തിലേക്കുള്ള വിളി പരിപൂർണ്ണതയിലേക്കുള്ള വിളിയാണ്. തന്നെ അനുഗമിക്കുവാൻ ഒരു യുവാവിനെ ആഹ്വാ നം ചെയ്യുന്ന ഈശോയുടെ വാക്കുകൾ ഇത് വ്യക്തമാക്കുന്നുണ്ട്: ”നീ പരിപൂർണ്ണനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക” (മത്താ 19:21). ‘പരിപൂർണ്ണത’ എന്ന വാക്ക് മത്തായിയുടെ സുവിശേഷത്തിൽ രണ്ടു സന്ദർഭങ്ങളിലേ ഉപയോഗിക്കുന്നുള്ളൂ. ഒന്ന്, ഇവിടെയും മറ്റൊന്ന്, മത്താ 5:48-ലും. രണ്ട് സന്ദർഭങ്ങളിലും വ്യക്തമാകുന്നത് ‘പരിപൂർണ്ണത’ സ്‌നേഹത്തിന്റെ പൂർണ്ണതയാണെന്നാണ്. പ്രമാണങ്ങൾ ദൈവസ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും പ്രായോഗികമാനങ്ങളാണ്. പക്ഷേ അവ പലപ്പോഴും അരുതുകളിൽ ഒതുങ്ങിനില്ക്കുന്നു. എന്നാൽ ആകേണ്ടതുകളിലേക്കു കടന്നു ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കുവാൻ സാധിക്കുന്നതാണ് പരിപൂർണ്ണത. ദൈവത്തിന്റെ സ്‌നേഹത്തിനു സാമാനമായ ഒന്നാണത്: ”അതുകൊണ്ട് നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ” (മത്താ 5:48). പുരോഹിതരുടെ ആദ്ധ്യാത്മികതയുടെ തലത്തിൽ ഈ സ്‌നേഹത്തെ അജപാലനസ്‌നേഹം എന്നു വിശേഷിപ്പിക്കാം. ഈ അജപാലനസ്‌നേഹമായിരിക്കണം പുരോഹിതന്റെ ആദ്ധ്യാത്മികതയുടെ മുഖമുദ്ര.