ഡോ. മാണി പുതിയിടം
ഇതു സ്‌പെഷ്യലൈസേഷന്റെ കാലമാണ്. പണ്ടൊക്കെ ഡോക്ടർമാർ ഏമാന്മാരായിരുന്നു. കൊമ്പും കുഴലും വച്ചു നോക്കിയാൽ മതി, രോഗം ഭേദമാകുമെന്നു ജനം കരുതി. അതിൽ കുറേ ശരിയുമുണ്ടായിരുന്നു. എന്നാലിന്ന് വല്യമ്മച്ചിയും ചോദിക്കും ചങ്കുവേദന വന്നാൽ, ഡോക്ടർ കാർഡിയോളജിസ്റ്റാണോ, എം.ഡി.യാണോയെന്നൊക്കെ. വെറും എം.ബി.ബി.എസു.കാർ ഒന്നുമല്ല. എന്നതുപോലതന്നെ വൈദികൻ സർവ്വജ്ഞാനിയും എല്ലാക്കാര്യങ്ങളിലും മാർഗ്ഗദർശിയുമായിരുന്ന കാലം പോയി. എന്നാൽ വൈദികൻ തന്റെ സ്വന്തം മണ്ഡലത്തിൽ സ്‌പെഷ്യലൈസു ചെയ്യേണ്ടിയിരിക്കുന്നു. സർവ്വാധിപത്യം വിട്ട് ആത്മീയവും അജപാലനപരവുമായ മേഖലകളിൽ വൈദികൻ സ്‌പെഷ്യലൈസ് ചെയ്യണം. സ്വന്തം ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ബഹുവിധ പ്രവർത്തനത്തിൽ മുഴുകിയാൽ ശരിയാവുകയില്ല. ഇതു വൈദികർക്കു മാത്രമല്ല സന്ന്യസ്തർക്കും ബാധകമായ കാര്യമാണ്. ഒരുകാലത്ത് ആതുര, വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനരംഗങ്ങളിൽ സന്ന്യസ്തർ മുമ്പന്തിയിൽ നിന്നിരുന്നു. ആ മേഖലകളിലെല്ലാം ജനം മുമ്പിലെത്തി. അപ്പോൾ സന്ന്യസ്തരുടെ മണ്ഡലങ്ങളിൽ പ്രശ്‌നമായി. എന്നാൽ സന്ന്യസ്തർ, വിളിക്കപ്പെട്ടിരിക്കുന്ന പ്രത്യേക മണ്ഡലങ്ങളിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചാൽ സന്ന്യാസം വീണ്ടും പ്രസന്നമായി. അത് ആത്മീയതയുടെ രംഗമാണ്.
വൈദികൻ ഭൗതിക കാര്യങ്ങളുടെ ഭരണ ചുമതലകൾ കെല്പുള്ള ദൈവജനത്തെ ഏൽപിക്കണം. എന്നാൽ എല്ലാ കാര്യങ്ങളിലും വൈദികൻ പ്രോത്സാഹനം നൽകണം. വിഭിന്ന തുറകളിലുള്ളവരെ ഒന്നിപ്പിച്ചു നിർത്തണം. വൈവിധ്യമാർന്ന ഗ്രൂപ്പുകളും, സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം ഒരേ ദിശയിലോട്ടു നീങ്ങിയാൽ ജനം ഉണർവ്വുള്ളതാകും. വിഭിന്ന പ്രായക്കാർക്കുള്ള ആത്മീയ സാംസ്‌കാരിക രംഗങ്ങൾ ശക്തിപ്പെടുത്തണം. എന്നാൽ എല്ലാറ്റിനുമുപരി, ദരിദ്രർ, രോഗികൾ, മരണാസന്നർ, സമൂഹത്തിൽ തഴയപ്പെട്ടവർ, ആത്മീയതയില്ലാത്തവർ തുടങ്ങിയവർ വൈദികന്റെ ശ്രദ്ധയിലുണ്ടാവണം. വൈദികന്റെ താല്പര്യവും സ്‌നേഹവും ലഭിച്ചാൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കും. ഒരു ഇടവകയിലെ എല്ലാ നല്ലകാര്യങ്ങളും വളരുകയോ തളരുകയോ ചെയ്യുന്നതു വൈദികനെ ആശ്രയിച്ചാണ്. അച്ചന്റെ താൽപര്യം, സ്വഭാവം എന്നിവ എല്ലാക്കാര്യങ്ങളിലും പ്രതിഫലിക്കും. നീറുന്ന നിരവധി പ്രശ്‌നങ്ങളെയാണ് മനുഷ്യൻ ഓരോ ദിവസവും അഭിമുഖീകരിക്കുന്നത്. അവനോടു സഹാനുഭൂതിയും അനുകമ്പയുമുള്ള വൈദികൻ തികച്ചും സ്വീകാര്യനാവും. പ്രശ്‌നങ്ങളിൽനിന്ന് ഓടിയൊളിക്കുന്ന വൈദികന് നേതൃത്വപാടവമുണ്ടാവില്ല. സമൂഹത്തിന്റെ മാറിമാറിവരുന്ന സ്വഭാവരീതികളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും പ്രശ്‌നങ്ങളെ നേരിടാൻ സർവ്വദാ ശ്രദ്ധാലുവാകുകയും പഠിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന രീതിയിലുള്ള സ്‌പെഷ്യലൈസേഷനാണ് ഇന്ന് വൈദികന് ആവശ്യമായിരിക്കുന്നത്. ജന്മനാ കഴിവുകൾ ഉണ്ടായിട്ടുമാത്രം കാര്യമാകില്ല. ജന്മസിദ്ധവും പരമ്പരാഗതവുമായ നേതൃത്വപാടവം കൈമുതലായിട്ടുള്ളവർക്കും പരിശീലനമാവശ്യമാണ്. സ്വന്തം പരിമിതികളിൽ അവബോധമുള്ളവനും, അപകർഷതാബോധമില്ലാത്തവനും, സ്വന്തം കർമ്മ മണ്ഡലത്തെക്കുറിച്ചു തികഞ്ഞ ജ്ഞാനമുള്ളവനും, എല്ലായിടത്തും തലയിടാത്തവനുമായ വൈദികൻ ഇന്നത്തെ സമൂഹത്തെ നയിക്കാനും സ്വാധീനിക്കാനും കഴിവുള്ളവനാകും. അങ്ങനെയുള്ളവൻ സ്വതന്ത്രമായ ചിന്തയെയും വിമർശനത്തെയും സർവ്വദാ സ്വാഗതം ചെയ്യും. അതിനാൽ സർവ്വാധിപത്യമല്ല, ആത്മാർത്ഥമായ ശുശ്രൂഷാ നേതൃത്വമാണ് ഇന്ന് ഏറെ ആവശ്യമായിരിക്കുന്നത്. ആത്മാർത്ഥതയില്ലാത്തവൻ അവഗണിക്കപ്പെടും.