നവംബര്‍ 15: സാമൂഹ്യസമ്പര്‍ക്ക മാധ്യമദിനം മാധ്യമസ്വാധീനം കുടുംബത്തില്‍

മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

മാധ്യമയുഗത്തില്‍ ജീവിക്കുന്ന നമ്മെ സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ വ്യാപകമായി സ്വാധീനിക്കുന്നുവെന്നത് സുനിശ്ചിതമാണ്. മനുഷ്യന്റെ എല്ലാ കണ്ടുപിടുത്തങ്ങളുടെയും കാര്യത്തിലെന്നപോലെ സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങളെയും നമുക്ക് നന്മയ്ക്കും തിന്മയ്ക്കും ഉപയോഗിക്കാം. വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളെ ദൈവാനുഗ്രഹമായിട്ടും നമുക്ക് കൈവന്നിരിക്കുന്ന വലിയ അവസരമായിട്ടും വേണം നാം കാണാന്‍ (cf. inter mirifica, 2). എന്നാല്‍, മനുഷ്യന്‍ നിയന്ത്രിക്കേണ്ട മാധ്യമങ്ങള്‍, മനുഷ്യനെ നിയന്ത്രിക്കുന്ന ഒരവസ്ഥ സംജാതമാകുന്നത് അപകടമാണ്. പല സാങ്കേതിക വിദ്യകളുടെയും കാര്യത്തിലെന്നപോലെ മാധ്യമങ്ങള്‍ മനുഷ്യനെ അടിമപ്പെടുത്തുന്ന സാഹചര്യമാണ് പൊതുവിലുള്ളത്. കുടുംബത്തിലെ എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍, പ്രത്യേകിച്ച് ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ കീഴടക്കുന്നു. വീട്ടുജോലി, ഭക്ഷണസമയം, പ്രാര്‍ത്ഥന, കുടുംബത്തിലെ ആശയവിനിമയം, യാത്രകള്‍, സന്ദര്‍ശനങ്ങള്‍, അതിഥികളോടുള്ള സമീപനം തുടങ്ങി എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് മാധ്യമങ്ങളായിരിക്കുന്നു.
കുടുംബജീവിതത്തിന് കോട്ടമുണ്ടാകാത്ത വിധത്തില്‍ മാധ്യമങ്ങളുടെ ഉപയോഗം ക്രമീകരിക്കുകയെന്ന ആവശ്യകതയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. റ്റി.വി. ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത ഒരവസ്ഥയാണിന്ന് സംജാതമായിരിക്കുന്നത്. ജോലിക്കും പഠനത്തിനുമായി പുറത്തുപോയിട്ട് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുന്നവര്‍ ആദ്യം തിരയുന്നത് റ്റി.വി.യുടെ റിമോട്ട് കണ്‍ട്രോളാണെന്നത് മിക്ക കുടുംബങ്ങളുടെയും ഗതിയാണ്. സിനിമ, സീരിയല്‍, റിയാലിറ്റി ഷോ, കോമഡി ഷോ, സ്‌പോര്‍ട്ട്‌സ് എന്നിവ കാണുന്നതിന് സമയം ചെലവഴിക്കുന്നു. അശ്ലീലതയും അക്രമവും റ്റി.വി. യില്‍ നിരന്തരം പ്രദര്‍ശിപ്പിക്കപ്പെടുന്നു. യഥാര്‍ത്ഥ മാനുഷികതയ്ക്കും വിവാഹത്തിനും കുടുംബത്തിനും മങ്ങലേല്പിക്കുന്ന സന്ദേശങ്ങളാണ് സീരിയലുകള്‍ അവതരിപ്പിക്കുന്നത്. ഇത്തരം ചില സീരിയല്‍ സന്ദേശങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ താഴെപ്പറയുന്നവയാണ്. വിവാഹകുടുംബജീവിതങ്ങള്‍ ദുരന്തപൂര്‍ണവും നരകവുമാണ്. അവിഹിതബന്ധങ്ങള്‍ സര്‍വസാധാരണമാണ്. സ്ത്രീ അബലയും ചപലയും ഉപഭോഗവസ്തുവും എപ്പോഴും സഹിക്കേണ്ടവളും കരയേണ്ടവളും ആണ്. പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമാണ്. സമ്പത്തും ഉപഭോഗവുമാണ് ജീവിതവിജയത്തിന്റെ മാനദണ്ഡം. അവ എളുപ്പത്തിലും സൂത്രത്തിലും നേടണം. കുട്ടികള്‍ ബാധ്യതയും ഭാരവുമാണ്. ഗര്‍ഭച്ഛിദ്രം തിന്മയല്ല. ജീവിതപ്രശ്‌നങ്ങള്‍ നേരിടാന്‍ മദ്യമയക്കുമരുന്നുകളാണ് കുറുക്കുവഴി. ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കാം. ഉപദ്രവിച്ചവരോട് പകരം വീട്ടണം. ആരെയും വിശ്വസിക്കാന്‍ പറ്റില്ല. ഇത്തരം റ്റി.വി. പ്രോഗ്രാമുകള്‍ അക്രമം, അഴിമതി, ഗുണ്ടായിസം, ലൈംഗികരാജകത്വം, മദ്യപാനം, നരഹത്യ, ആത്മഹത്യ എന്നിവയുടെ ഒരു ജീര്‍ണ്ണസംസ്‌കാരം രൂപം കൊള്ളുന്നതിന് വഴിതെളിക്കുന്നില്ലേ?
വീട് ചന്തയാക്കപ്പെടുന്നുവെന്നതാണ് മാധ്യമങ്ങള്‍ വരുത്തിവയ്ക്കുന്ന മറ്റൊരു അപകടം. റ്റി.വി. യില്‍ ചന്തയിലെന്നപോലെ ഉത്പന്നങ്ങളെക്കുറിച്ചുള്ള പരസ്യങ്ങളുടെ കോലാഹലമാണ് എപ്പോഴും കാണാനും കേള്‍ക്കാനും കഴിയുന്നത്. വീട്ടുപകരണങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, വാഹനങ്ങള്‍, വസ്ത്രങ്ങള്‍, കുട്ടികളുടെ കുട, ബാഗ്, ഭക്ഷണപാനീയങ്ങള്‍ എന്നിവയുടെ വര്‍ണനകള്‍ അസത്യമായും അതിശയോക്തി കലര്‍ത്തിയും അതിഭാവുകത്വത്തോടെയും ഇഷ്ടതാരങ്ങള്‍ അവതരിപ്പിക്കുന്നു. കുട്ടികള്‍ അവ എളുപ്പത്തില്‍ വിശ്വസിക്കുകയും പരസ്യത്തില്‍ കണ്ടവതന്നെ കിട്ടണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. തങ്ങളുടെ സാമ്പത്തികശേഷി നോക്കാതെതന്നെ, കടം വാങ്ങിച്ചുപോലും, കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ കുറച്ചൊന്നുമല്ല. കുടുംബത്തെ ടാര്‍ജറ്റ് ചെയ്തുകൊണ്ടാണ് പരസ്യങ്ങള്‍ എല്ലാം മുന്നേറുന്നത്. അതില്‍ വീണുപോകുന്നവര്‍ നിരവധിയുമാണ്. ഗൃഹനാഥന്റെ സന്തോഷം, വീട്ടമ്മയുടെ അധ്വാനലാഭം, കുട്ടികളുടെ വളര്‍ച്ച, മുത്തച്ഛന്റെ ആശ്വാസം, അമ്മായിയമ്മയ്ക്ക് സംതൃപ്തി എന്നിവയ്ക്ക് പരസ്യത്തില്‍ പറയുന്ന ഉത്പന്നംതന്നെ വേണമെന്നതാണ് സന്ദേശം. അടിസ്ഥാനാവശ്യങ്ങളും മാനസികാവശ്യങ്ങളും മാറ്റി തങ്ങളുടെ ഉത്പന്നത്തിലാണ് സുഖവും സംതൃപ്തിയും എന്ന് വരുത്തിത്തീര്‍ക്കുന്നത് എത്രയോ വലിയ വഞ്ചനയാണ്. ആര്‍ത്തിയും അസംതൃപ്തിയും വളര്‍ത്തി കുടുംബജീവിതത്തെ താറുമാറാക്കുന്ന എത്ര സംഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇവിടെ, പരസ്യഭാഷ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. അതുപോലെ ആവശ്യവും അനാവശ്യവും തിരിച്ചറിയാനും കഴിയണം. എങ്കിലേ യുക്തമായ തിരഞ്ഞെടുപ്പ് സാധിക്കൂ.
സത്യത്തില്‍, പരസ്യം വസ്തുതയ്ക്ക് നിരക്കാത്തതോ മനുഷ്യമഹത്വത്തെ ഹനിക്കുന്നതോ വികാരങ്ങളെ ചൂഷണം ചെയ്യുന്നതോ ആര്‍ഭാടവും ധൂര്‍ത്തും പ്രോത്സാഹിപ്പിക്കുന്നതോ മനുഷ്യന്റെ ആന്തരിക സ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറ്റം നടത്തുന്നതോ ആയിരിക്കാന്‍ പാടില്ലാത്തതാണ്. മറിച്ച്, അത് സത്യസന്ധവും സാമൂഹികോത്തരവാദിത്വമുള്ളതുമായിരിക്കണം (cf. പരസ്യത്തിലെ സദാചാരം, വത്തിക്കാന്‍ 1997, ഫെബ്രുവരി 22).
ഇന്ന് ആളുകള്‍, പ്രത്യേകിച്ച് കുട്ടികള്‍, റ്റി.വി. ആസക്തിക്ക് വിധേയരാകുന്നു. ജോലികൊണ്ട് മടുത്ത മാതാപിതാക്കള്‍ മക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ ഊര്‍ജ്ജവും സമയവും ഇല്ലാത്തതുകൊണ്ട്, കുഞ്ഞിനെ റ്റി.വി. യുടെ മുമ്പിലിരുത്തി കാര്‍ട്ടൂണ്‍ വച്ചുകൊടുക്കുന്നു. കുഞ്ഞ് അതില്‍ ലയിക്കുന്നു. റ്റി.വി. യുമായി വൈകാരികബന്ധത്തിലാകുന്ന ഇത്തരം കുഞ്ഞുങ്ങളെക്കുറിച്ച് പറയുന്നത് ‘റ്റി വി വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍’ എന്നാണ്. ഇവര്‍ക്ക് ക്രിയാത്മക ചിന്തയോ സന്തോഷമോ കളിയോ ആരോഗ്യമോ ഇല്ലെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കുട്ടികള്‍ സാംസ്‌കാരികവും ധാര്‍മ്മികവും ആത്മീയവുമായി വികസിക്കുന്നതിന് മാധ്യമങ്ങള്‍ വിമര്‍ശനബുദ്ധിയോടെയും വിവേകത്തോടെയും ഉപയോഗിക്കാന്‍ ചെറുപ്പം മുതല്‍ പരിശീലിപ്പിക്കപ്പെടണം. ഏത് ഉപേക്ഷിക്കണം, ഏത് തിരഞ്ഞെടുക്കണം എന്ന് വസ്തുനിഷ്ഠമായി വിധിതീര്‍പ്പുകള്‍ നടത്താനുള്ള പ്രാപ്തിയാണ് അവര്‍ക്ക് ഉണ്ടാകേണ്ടത്. മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ് ഇത് ഉറപ്പാക്കുക എന്നത് (cf. Familiaris Consortio, 76). വൈരൂപ്യവും അശ്ലീലതയും അക്രമവും ഒക്കെ കുട്ടികളുടെ മനോഭാവങ്ങളെയും പെരുമാറ്റങ്ങളെയും മന്ദീഭവിപ്പിക്കും. അതിനാല്‍, സൗന്ദര്യപരവും ധാര്‍മ്മികവും ശ്രേഷ്ഠവുമായ കാര്യങ്ങളോടു താത്പര്യം ഉണ്ടാകാനും സ്വാതന്ത്ര്യത്തോടെ അവ തിരഞ്ഞെടുക്കാനും അവരെ സഹായിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധവയ്ക്കണം. അതാണ് അഗാധമായ സന്തോഷം കുട്ടികളില്‍ ജനിപ്പിക്കുന്നത്.
സെന്‍സേഷന്‍ ജനിപ്പിക്കുന്ന വാര്‍ത്താവിതരണരീതിയും വിലയിരുത്തപ്പെടേണ്ടതാണ്. മാധ്യമങ്ങള്‍ പലപ്പോഴും ഭാഗിക സത്യമാണ് നല്കുന്നത്. പ്രത്യേക വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പ്രേക്ഷകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്നതുവഴി വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന നാശം വലുതാണ്. ഇങ്ങനെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനു പിന്നില്‍ സ്ഥാപിതതാത്പര്യങ്ങളും വാണിജ്യ താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും സാമ്പത്തിക താത്പര്യങ്ങളും ചാനലുകള്‍ തമ്മിലുള്ള മത്സരങ്ങളും കാരണമാണ്. വാര്‍ത്തയോടു ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ വിഭിന്ന നിലപാടുകള്‍ അവതരിപ്പിച്ചു സത്യം കണ്ടെത്താനുള്ള മാര്‍ഗ്ഗമാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായും കാണുന്നില്ല. ചര്‍ച്ച ‘ഒരു വിചാരണ’യാകുന്ന അനുഭവവും കുറവല്ല. മാധ്യമ പ്രവര്‍ത്തനം മനുഷ്യമഹത്വത്തിനും പൊതുനന്മയ്ക്കും സാര്‍വത്രികമൂല്യങ്ങളായ സത്യത്തിനും നീതിക്കും സ്‌നേഹത്തിനുംവേണ്ടി നിലകൊള്ളേണ്ടതാണ്. ശരിയായ സാംസ്‌കാരിക സാമൂഹ്യ പുരോഗതിക്ക് അതാവശ്യമാണല്ലോ. മനുഷ്യശാസ്ത്രപരമായ പരിപ്രേക്ഷ്യത്തിലേ മാധ്യമങ്ങളുടെ അര്‍ത്ഥവും ലക്ഷ്യവും ഉചിതമായ രീതിയില്‍ സഫലമാകുകയുള്ളു. മാധ്യമപ്രവര്‍ത്തനം ഇന്ന് ബിസിനസ്സ് മത്സരമാകുന്നതുകൊണ്ട് അക്രമത്തെ ഉയര്‍ത്തുന്നു, മാനുഷിക ലൈംഗികതയെ നിസ്സാരവത്കരിക്കുന്നു, വിഭാഗീയതകള്‍ വളര്‍ത്തുന്നു, സമൂഹവിരുദ്ധ പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇവയെല്ലാം തീര്‍ത്തും തെറ്റാണ്, പരിവര്‍ജനീയമാണ്.
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും അറിവിന്റെ വാതായനങ്ങള്‍ വിശാലമായി തുറക്കുന്നുണ്ടെന്നതു ശരിയാണ്. വ്യക്തിബന്ധങ്ങള്‍ വളര്‍ത്താന്‍ അവ സഹായങ്ങളുമാകുന്നു. എന്നാല്‍, സ്വകാര്യസമ്പര്‍ക്ക ഉപകരണങ്ങളായി അവ തരം താഴ്ന്നതോടെ, ശുഷ്‌കവും സങ്കുചിതവുമായ ബന്ധങ്ങള്‍ മാത്രമേ വളര്‍ത്തപ്പെടുന്നുള്ളൂ എന്ന ദുഃഖസത്യം അവശേഷിക്കുന്നു. ലാന്റ് ഫോണ്‍ പൊതുസ്ഥലത്തായിരുന്നതുകൊണ്ട്, ബന്ധങ്ങളെ വിശാലമാക്കിയിരുന്നു. ഒരു നിയന്ത്രണവും ഉണ്ടായിരുന്നു. കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ അത്യാവശ്യമാണോയെന്നു മാതാപിതാക്കള്‍ ചിന്തിക്കണം. ചാറ്റിംഗും ഓര്‍ക്കൂട്ടും സുഹൃത്തുക്കളെ കണ്ടെത്തുവാനും സ്വപ്നങ്ങള്‍ പങ്കുവയ്ക്കുവാനും സഹായകമാണെങ്കിലും അശ്ലീലതയിലേയ്ക്കും ഭീകരപ്രവര്‍ത്തനങ്ങളിലേയ്ക്കും അത് നയിക്കുന്നുണ്ടെന്നത് അവഗണിക്കാനാവില്ല. നന്മയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി ഇന്റര്‍നെറ്റ് സൗകര്യം വീട്ടില്‍ എല്ലാവര്‍ക്കും വീക്ഷിക്കാവുന്ന സ്ഥലത്ത് സ്ഥാപിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. യഥാര്‍ത്ഥ കുടുംബമൂല്യങ്ങളും മാനുഷിക മൂല്യങ്ങളും സംരക്ഷിക്കുന്നതിന് മാധ്യമങ്ങളുടെ ഉപയോഗം ചില അവസരത്തില്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വരും (TV off day, TV off week, TV off month). റ്റി.വി. ഉപയോഗിക്കുന്നതില്‍ ശിക്ഷണം അനുപേക്ഷണീയമാണ്. പ്രാര്‍ത്ഥന, പഠനം എന്നിവയുടെ സമയത്ത് റ്റി.വി. പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ഉത്സാഹിക്കണം. ഗുരുജനങ്ങള്‍, പി.റ്റി.എ., അധ്യാപകര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് സഹായകമാകണം. സ്വതന്ത്രബുദ്ധിയും ഇച്ഛാശക്തിയും ഉപയോഗിച്ച് മനുഷ്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണം. ആത്മനിയന്ത്രണവും മിതത്വവും കൂടാതെ കാതലായ നന്മകള്‍ കൈവരിക്കാന്‍ നമുക്കാവില്ലെന്നത് ഒരു സത്യമല്ലേ? ഫാമിലി റ്റി.വി. പ്ലാന്‍ ഉണ്ടാക്കി കുടുംബം കഴിവതും ഒന്നിച്ചിരുന്ന് റ്റി.വി. കാണുകയും അതിനെ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്യുക നല്ല മൂല്യങ്ങളുടെ
സ്വാംശീകരണത്തിന് ആവശ്യമാണ്. മനുഷ്യജീവിതത്തെ ധന്യമാക്കുന്ന സ്‌നേഹം, ക്ഷമ, വിട്ടുവീഴ്ച, അധ്വാനം, ലൈംഗികവിശുദ്ധി, മനുഷ്യമഹത്വം എന്നിവ വളര്‍ത്താനുള്ള സഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം മദ്യവും മയക്കുമരുന്നുമല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമാകണം. മനുഷ്യബന്ധവും സ്‌നേഹവുമാണ് പണത്തെക്കാള്‍ പ്രധാനമെന്ന കാര്യം ഉറപ്പാക്കപ്പെടണം. വിവാഹ-കുടുംബ സമര്‍പ്പണങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടാകുകയും വേണം. സംരക്ഷിക്കപ്പെടേണ്ട വലിയ മനുഷ്യനന്മകളാണവ. തരംതാണതും മലീമസവുമായ, വിദ്വേഷവും വിഭാഗീയതയും പോഷിപ്പിക്കുന്ന പ്രോഗ്രാമുകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവയ്‌ക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാന്‍ കുടുംബങ്ങള്‍ തയ്യാറാവുകയെന്നതും പ്രധാനപ്പെട്ട കാര്യമാണ്.