തീർത്ഥാടക സഭ

0
304

ദൈവാലയപ്രതിഷ്ഠാക്കാലം, സഭാസമർപ്പണക്കാലം എന്നൊക്കെ അറിയപ്പെടുന്ന പളളിക്കൂദാശാക്കാലത്തിന്റെ സുപ്രധാന സന്ദേശം മിശിഹാ തന്റെ മണവാട്ടിയായ സഭയെ സ്വീകരിച്ച് ദൈവപിതാവിനു സമർപ്പിക്കുന്നതും പിതാവായ ദൈവവുമായി ദൈവജനം സമ്പൂർണ്ണ ഐക്യത്തിൽ പ്രവേശിക്കുന്നതും രക്ഷാകരസംഭവത്തിന്റെ പരിസമാപ്തിയുമൊക്കെയാണ.് മറ്റുവാക്കുകളിൽ പറഞ്ഞാൽ സർഗ്ഗീയജീവിതവും സ്വർഗ്ഗസൗഭാഗ്യവുമാണ് പളളിക്കൂദാശക്കാലം നമ്മെ ഓർമ്മിപ്പിക്കുന്നത്.

       ഈ ലോകജീവിതം മരണാനന്തരജീവിതത്തിനുളള ഒരുക്കമാണെന്നും ഈ ലോകത്തിനുമപ്പുറം വരുവാനിരിക്കുന്ന ഒരു സ്വർഗ്ഗീയജീവിതമുണ്ടെന്നും ആധുനികജീവിതത്തിന്റെ വ്യഗ്രതയിൽപ്പെട്ടുഴലുന്ന മനുഷ്യൻ മറന്നു പോകുന്നു. സ്വർഗ്ഗവും നരകവുമെല്ലാം ഈലോകജീവിതത്തിൽ തന്നെയാണെന്ന ചിന്തയിൽ വരുവാനിരിക്കുന്ന ജീവിതത്തെ നാം പലപ്പോഴും അവഗണിക്കാറുണ്ട്. സർഗ്ഗോന്മുഖമായി ചരിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ സ്വർഗ്ഗീയജീവിതത്തിന്റെ മുന്നാസ്വാദനം ഈ ലോകത്തിൽവച്ചുതന്നെ അനുഭവിക്കാം എന്നത് ഒരു യാഥാർത്ഥ്യമാണ്. ‘ഇപ്പോൾ നമ്മൾ കണ്ണാടിയിലൂടെ എന്നപോലെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദർശിക്കും. ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂർണ്ണമായി അറിയുന്നതുപോലെ ഞാനും പൂർണ്ണമായി അറിയും’ (1 കോറി.13:12). ദൈവസാന്നിദ്ധ്യത്തിൽ, അവിടുത്തെ ശക്തിയിലാശ്രയിച്ചുകൊണ്ട്, മാലാഖാമാരോടൊത്ത് വരുവാനുളള ലോകത്തിൽ വിശ്വസിച്ചുകൊണ്ട് എപ്പോഴും സ്വർഗ്ഗോന്മുഖമായി ചരിക്കുകയാണ് സഭ.

            മരണാനന്തരജീവിതത്തിനുവേണ്ടി ഒരുങ്ങുന്ന സഭാസമൂഹം സ്വർഗ്ഗലോകത്തെ ലക്ഷ്യമാക്കി ചരിക്കുന്നതിനാലാണ് രണ്ടാംവത്തിക്കാൻ സൂനഹദോസ് സഭയെ തീർത്ഥാടകസഭയെന്നുവിളിക്കുന്നത് (തിരുസഭ 48-51). അതിനാൽ ദൈവജനം സ്വർഗ്ഗോന്മുഖമായി നിന്നുകൊണ്ട് വിശുദ്ധ കുർബാനയർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. കിഴക്കിനഭിമുഖമായുളള പ്രാർത്ഥനയുടെയും മറ്റും പ്രതീകാത്മകതയുടെ പ്രസക്തിയിതാണ്. സ്വർഗ്ഗത്തിലേയ്ക്കുളള തീർഥാടകരായ സഭാമക്കൾ ഈ തീർത്ഥയാത്രയിൽ ഈശോയോടുകൂടി ജീവിക്കണം; ഈശോയെ സ്വന്തമാക്കി ജീവിക്കണം. ഇപ്രകാരം ഈശോമിശിഹായുമായി ഏകീഭവിച്ചു ജീവിക്കുമ്പോഴാണ് അവിടുന്ന് പ്രദാനം ചെയ്യുന്ന ദൈവികജീവനിൽ നാം പങ്കുകാരാകുന്നത്.

           ‘സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്ന അപ്പം ഞാനാണ്’് (യോഹ 6:41), ‘എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു’ (യോഹ 6:56) തുടങ്ങിയ കർത്താവിന്റെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു കാര്യം ഇതാണ.് ഈശോയുടെ ശരീരരക്തങ്ങളുടെ രഹസ്യങ്ങൾ ഈ ഭൂമിയിൽ മാത്രമായി ഒതുങ്ങുന്നതല്ല, മറിച്ച് സ്വർഗ്ഗത്തിൽ വസിക്കുന്ന ഈശോമിശിഹാ തരുന്നതാണ്. ഈ ശരീരരക്തങ്ങൾ ഭൂമിയിലുളള ദൈവജനം സ്വീകരിക്കുമ്പോൾ സ്വർഗ്ഗീയമുന്നാസ്വാദനം ലഭിക്കുകയും നിത്യസൗഭാഗ്യത്തിന്റ അച്ചാരമായിത്തീരുകയും ചെയ്യുന്നു.

            ‘ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളയും കൂട്ടിക്കൊണ്ടുപോകും’ (യോഹ 14:3). ഈ വാഗ്ദാനം നല്കിയശേഷമാണ് ‘അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവൻ അവരിൽനിന്നും മറയുകയും സ്വർഗ്ഗത്തിലേയ്ക്ക് സംവഹിക്കപ്പെടുകയും ചെയ്തത്'(ലൂക്കാ 24:51). ‘ഞാൻ വേഗം വരുന്നു’ (വെളി 22:20) എന്ന് വാഗ്ദാനം ചെയ്ത ഈശോയോട് ‘മാറാനാത്ത’ (കർത്താവേ വേഗം വരണമേ) (വെളി 22:20) എന്നു പ്രാർത്ഥിച്ചുകൊണ്ട് സ്വർഗ്ഗോന്മുഖമായി ചരിക്കുന്നവളാണ് സഭ.

              സ്വർഗ്ഗോന്മുഖമായ തീർത്ഥയാത്ര നടത്തുന്ന ദൈവജനത്തിന് ആത്മീയശക്തി നല്കുന്നതിനാണ് ഈശോ പരി.കുർബാന സ്ഥാപിച്ചത്. തീർത്ഥാടകസഭയുടെ ഭക്ഷണമാണ് പരി.കുർബാന. സ്വർഗ്ഗീയജീവിതത്തിന് പരി.കുർബാന നമ്മെ ഒരുക്കുന്നു. ‘കർത്താവേ, ഞങ്ങൾ സ്വീകരിച്ചതും സ്വീകരിക്കുന്നതുമായ ഈ അച്ചാരം നിന്റെ കാരുണ്യാതിരേകത്താൽ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിർപ്പിലുള്ള പ്രത്യാശയ്ക്കും, നിന്റെ സന്നിധിയിൽ പ്രീതിജനകമായവിധം വർത്തിച്ച എല്ലാവരോടുമൊന്നിച്ച് സ്വർഗ്ഗരാജ്യത്തിന്റെ നവമായ ജീവിതത്തിനും കാരണമാകട്ടെ’ (റാസക്രമം). അങ്ങനെ ബലഹീനതകളും വീഴ്ചകളും പരിഹരിച്ച് സ്വർഗ്ഗോന്മുഖമായ തീർത്ഥാടനം നടത്തുവാൻ സഭാമക്കൾക്ക് പരി.കുർബാന സഹായകമാകുന്നു. ആരാധനാവത്സരസമാപനം ഈ ചിന്തയിൽ വളരുവാൻ ഇടയാക്കട്ടെ!