ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും

0
120

പള്ളിക്കൂദാശകാലം ഒന്നാം ഞായറാഴ്ച, വികാരിയച്ചൻ പള്ളിയിൽ പ്രസംഗിച്ചത് പത്രോസാകുന്ന പാറമേൽ കർത്താവ് സഭ സ്ഥാപിച്ചു എന്നാണ്. എന്നാൽ ഈശോയാകുന്ന പാറമേൽ സഭ സ്ഥാപിച്ചു എന്നു പെന്തക്കോസ്താക്കാർ പറയുന്നതുപോലെ മനസ്സിലാക്കുന്നതല്ലേ കൂടുതൽ ശരി?
ഈശോ തന്റെ സഭ സ്ഥാപിച്ചത് പത്രോസാകുന്ന പാറമേലാണ്. ”നീ പത്രോസാണ്. ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും” (മത്താ. 16:18). എന്നാൽ, ഈശോ അവിടുന്നാകുന്ന പാറമേൽത്തന്നെ സഭ സ്ഥാപിക്കും എന്നാണ് പറഞ്ഞതെന്ന് പെന്തക്കോസ്തുകാർ പഠിപ്പിക്കാറുണ്ട്. ഞാൻ പാറയാകുന്നു ഞാനാകുന്ന പാറമേൽ എന്റെ സഭ സ്ഥാപിക്കും എന്നല്ല കർത്താവ് പറഞ്ഞത്. ഇവിടെ എല്ലാ വാഗ്ദാനവും പത്രോസിന് നല്കിയതാണെന്നു വ്യക്തമാണ്. ”ഞാൻ നിന്നോട് പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും” (മത്താ. 16:18-19). കെട്ടാനും അഴിക്കാനുമുള്ള അധികാരവും സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ കൊടുക്കുമെന്നും വാഗ്ദാനം ചെയ്തിട്ട് പാറ മാത്രം പത്രോസല്ല എന്നു പഠിപ്പിക്കുന്നതിൽ എന്തു സാംഗത്യമാണുള്ളത്? ”നീ പാറയാകുന്നു; ഞാനാകുന്ന പാറമേൽ എന്റെ സഭ പണിയും എന്നു പരസ്പരബന്ധമില്ലാത്ത രീതിയിൽ കർത്താവിന്റെ വാക്കുകളെ വ്യാഖ്യാനിക്കുന്നവരുടെ ബുദ്ധിവൈഭവം അപാരം തന്നെ! നീ കഞ്ഞി കുടിക്കും, എന്റെ വിശപ്പു മാറും എന്നു പറയുമ്പോഴുള്ള ഒരു വിരുദ്ധോക്തിക്ക് ഇവിടെ എന്തു പ്രസക്തി.” തന്റെ സഭയുടെ അടിസ്ഥാനമായി മിശിഹാ പറയുന്ന പാറ പത്രോസ് തന്നെയാണെന്ന് സന്ദർഭത്തിൽ നിന്നും വ്യക്തമാണ്; നേർബുദ്ധിയുള്ളവർ മറിച്ചു ചിന്തിക്കുകയില്ല.

ദൈവം ഇസ്രായേൽ ജനതയുടെ രക്ഷകനും നേതാവും പിതാവും നിയമദാതാവും എല്ലാമാണ്. ആ ദൈവം, തന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തിൽ നിന്നും കാനാൻ ദേശത്തേക്കു നയിക്കുവാനുള്ള ഉത്തരവാദിത്വം മൂശയെ ഏല്പിച്ചു. അതുകൊണ്ട് ദൈവം അവരുടെ രക്ഷകനും നേതാവും അല്ലാതാകുന്നില്ല. അതുപോലെ തന്നെയാണ് മിശിഹാ പത്രോസിനെ തിരഞ്ഞെടുത്ത് ഭൂമിയിലെ തന്റെ സഭയുടെ അടിസ്ഥാനവും നേതാവുമാക്കിയത്. അതിനർത്ഥം മിശിഹാ സഭയുടെ അടിസ്ഥാനമല്ലെന്നല്ല. പത്രോസിന്റെമേൽ സഭ സ്ഥാപിച്ചതുകൊണ്ട് മിശിഹായുടെ അധികാരത്തിനോ മഹത്ത്വത്തിനോ യാതൊരു കുറവും വരുന്നില്ല. പത്രോസിന് ലഭിച്ച അധികാരവും സ്ഥാനവുമെല്ലാം ഈശോമിശിഹായിൽ നിന്നു ലഭിച്ചതാണ്.
ദൈവം, പഴയനിയമ കാലഘട്ടത്തിൽ തന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ വേണ്ടി മൂശയെ തെരഞ്ഞെടുക്കുന്നു. മൂശയെക്കുറിച്ചു അവിടുന്ന് പറയുന്നു: ”എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല. അവനെ എന്റെ ഭവനത്തിന്റെ മുഴുവൻ ചുമതലയും ഏല്പിച്ചിരിക്കുന്നു; അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാൻ സംസാരിക്കുന്നു. അവൻ കർത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു. അങ്ങനെയിരിക്കേ എന്റെ ദാസനായ മോശക്കെതിരായി സംസാരിക്കാൻ നിങ്ങൾ ഭയപ്പെടാതിരിക്കുന്നതെന്ത്? (സംഖ്യ 12:7-8). അതുപോലെ പുതിയ ഇസ്രായേലായ സഭയെ നയിക്കാനും തന്റെ ആടുകളെ മേയിക്കാനുമുള്ള അധികാരം ഈശോ പത്രോസിനെ ഭരമേല്പിച്ചു.
”അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ ഈശോ ശിമയോൻ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാൾ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ? ഈശോ അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. രണ്ടാം പ്രാവശ്യവും അവൻ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവൻ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. അവൻ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്നു ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവൻ പറഞ്ഞു: കർത്താവേ നീ എല്ലാം അറിയുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. ഈശോ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക” (യോഹ. 21:15-17). ”ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു” (യോഹ. 10:11). നല്ല ഇടയനായ ഈശോനാഥൻ തന്റെ ആടുകളെ മേയിക്കുവാനുളള ദൗത്യം പത്രോസിനെ ഭരമേൽപ്പിച്ചു. ദൈവം മൂശയ്ക്കു നല്കിയ അധികാരം തലമുറകളായി കൈമാറിയിരുന്നതുപോലെ പത്രോസിനു നല്കിയ അധികാരം മാർപാപ്പാമാരിലൂടെ ഇന്നും സഭയിൽ തുടരുന്നു.
‘ഈശോ പത്രോസിനെ നോക്കി പറഞ്ഞു: ”നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പ-പാറ എന്നു നീ വിളിക്കപ്പെടും” (യോഹ. 21:42). നീ പത്രോസാണ്; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും (മത്താ. 16:18) മിശിഹാ പത്രോസിനെ, താൻ സ്ഥാപിക്കാനിരിക്കുന്ന സഭയുടെ അടിസ്ഥാനമാക്കിയെന്ന വസ്തുത അംഗീകരിക്കാതിരിക്കാൻ പെന്തക്കോസ്തു പ്രോട്ടെസ്റ്റന്റ് സമൂഹങ്ങൾ കണ്ടു പിടിച്ച ഒരു വാദഗതി ഇപ്രകാരമാണ്. ഗ്രീക്കു മൂലഭാഷയിലുള്ള ഗ്രന്ഥത്തിൽ പത്രോസിനെ സൂചിപ്പിക്കാൻ ചെറിയപാറ എന്നർത്ഥമുള്ള ‘പത്രോസ്’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്കിൽ വലിയ പാറയ്ക്കുള്ള പദം ‘പേത്ര’ എന്നാണ്. ഗ്രീക്കു മൂലഗ്രന്ഥത്തിൽ നീ പത്രോസാണ് ഈ പ്രേത്രായിന്മേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും എന്നാണ് പറയുന്നത്. അതിനാൽ ഈശോ സഭ സ്ഥാപിക്കാൻ ഉദ്ദേശിച്ച പാറ പത്രോസല്ല. മറ്റേതോ പാറക്കെട്ടിനെയാകാം അവിടുന്ന് ഉദ്ദേശിച്ചതെന്ന് അവർ പഠിപ്പിക്കുന്നു.
ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. ഗ്രീക്കുഭാഷയിലല്ല, അന്നത്തെ സാധാരണ ഭാഷയായ അറമായ ഭാഷയിലാണ് ഈശോ സംസാരിച്ചത്. അറമായ ഭാഷയിൽ പാറയ്ക്ക് ‘കേപ്പ’ എന്നാണു പറയുന്നത്. വലിയ പാറ എന്നർത്ഥമുള്ള ‘കേപ്പ’ എന്ന പദമാണ് ഈശോ ശിമയോന് കൊടുത്തത്. ഈശോ ഇപ്രകാരമാണ് പറഞ്ഞത്: നീ കേപ്പായാണ്; ഈ കേപ്പായിന്മേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും.
കേപ്പ എന്ന പേര് വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തപ്പോൾ ഗ്രീക്കിൽ പത്രോസ് എന്നും ലത്തീനിൽ പേത്രൂസ് എന്നും ഇംഗ്ലീഷിൽ പീറ്റർ എന്നും മലയാളത്തിൽ പത്രോസ് എന്നുമുള്ള സംജ്ഞാനാമങ്ങളാണ് ഉപയോഗിച്ചത്. അതിനാൽ മിശിഹാ സംസാരിച്ച ഈ വാക്കിനെക്കുറിച്ച് യാതൊരു വിവാദത്തിനും പഴുതില്ല. അമേരിക്കൻ ബൈബിൾ സൊസൈറ്റിയുടെ Todays English Version-നിൽ പത്രോസിനെത്തന്നെയാണ് സഭ സ്ഥാപിക്കാൻ മിശിഹാ ഉദ്ദേശിച്ച പാറയെന്ന് ഒരു സംശയത്തിനും ഇടവരാത്ത വിധത്തിൽ ഗ്രീക്കിൽ നിന്ന് തർജ്ജമ ചെയ്തു ചേർത്തിട്ടുണ്ട്.
പിന്നെ എന്തുകൊണ്ടാണ് ഗ്രീക്കുമൂലഗ്രന്ഥത്തിൽ പാറയെ സൂചിപ്പിക്കാൻ രണ്ടു വാക്കുകളുപയോഗിച്ചിരിക്കുന്നതെന്നു പരിശോധിക്കാം. ഗ്രീക്കു മൂലകൃതി തയ്യാറാക്കിയ അവസരത്തിൽ ശിമയോനു മിശിഹാ കൊടുത്ത പാറ എന്നർത്ഥമുള്ള ‘കേപ്പാ’ എന്ന അറമായ പദം ഗ്രീക്കിലേക്ക് തർജ്ജമ ചെയ്യേണ്ടത് ആവശ്യമായി വന്നു. ഗ്രീക്കിൽ ‘പേത്ര’ എന്ന പദം ഒരു സ്ത്രീലിംഗപദമാണ്. അതിനാൽ ഈ പദം ഒരു പുരുഷന്റെ സംജ്ഞാനാമമായി ഉപയോഗിക്കുന്നത് ഭംഗിയല്ല. സ്വാഭാവികമായും പത്രോസ് എന്ന പുല്ലിംഗപദം അവിടെ ഉപയോഗിച്ചു. രണ്ടാമത് ഉപയോഗിച്ച കേപ്പാ എന്ന പദം സംജ്ഞാനാമം എന്നതിനെക്കാൾ ഒരു സാമാന്യ നാമം മാത്രമായതുകൊണ്ട് പ്രേത എന്ന സ്ത്രീലിംഗപദവും ഉപയോഗിച്ചു. ഈശോ പത്രോസിന് കേപ്പാ എന്ന നാമമായിരുന്നു നല്കിയത്. ‘പാറ’ എന്നാണ് അതിന്റെ അർത്ഥം. ‘You are Simon son of John, you are to be called Cephas which is translated Peter (John 1:42)’.
കർത്താവ് ശിമയോന്റെ പേര് പത്രോസ് എന്നാക്കിയെങ്കിൽ അതിന് അതിന്റെതായ അർത്ഥവും പ്രാധാന്യവും ഉണ്ട്. ദൈവം അബ്രാമിന്റെ പേര് അബ്രാഹം എന്നാക്കി മാറ്റുന്നു. ”ഇനി മേൽ നീ അബ്രാം എന്ന് വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും; ഞാൻ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു” (ഉത്പ. 17:5). ”നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും” (ഉത്പ. 12:3). അതുപോലെ, അബ്രാഹത്തിന്റെ ഭാര്യ സാറായിയുടെ പേര് ദൈവം സാറാ എന്നാക്കി മാറ്റുന്നു. നിന്റെ ഭാര്യയായ സഹായിയെ ഇനിമേൽ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും. അവൾ ജനതകളുടെ മാതാവായിരിക്കും” (ഉത്പ. 17:15-16). ”യാക്കോബിന്റെ പേര് അവിടുന്ന് ഇസ്രായേൽ എന്നാക്കി മാറ്റുന്നു” (ഉത്പ. 32:28). നൂനിന്റെ മകനായ ഹെഷെയായ്ക്ക് ജോഷ്വാ എന്ന പേരുകൊടുക്കുന്നു (സംഖ്യ 13:16). അതുപോലെ ശിമയോന് പത്രോസ് (കേപ്പാ – പാറ) എന്ന പേരു നല്കി കൊണ്ട് തന്റെ സഭയെ നയിക്കുവാനുള്ള പ്രത്യേക ദൗത്യം ഈശോ അവനെ ഭരമേല്പിച്ചു. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ പത്രോസിനു കൊടുക്കുമെന്ന് വാഗ്ദാനവും ചെയ്തു. താക്കോൽ കൈവശമുള്ളവൻ വീടിന്റെ അധികാരിയാണ്.
രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു: ”ഏകവും പരിശുദ്ധവും സാർവ്വത്രികവും ശ്ലൈഹികവുമെന്ന് വിശ്വസപ്രമാണത്തിൽ നാം സമ്മതിച്ചു പറയുന്ന സഭ, ഉത്ഥാനത്തിനുശേഷം നമ്മുടെ ദിവ്യരക്ഷകൻ മേയിക്കാനായി പത്രോസിനെ ഭരമേൽപിച്ച സഭ (യോഹ. 21:17), പ്രചരിപ്പിക്കാനും ഭരിക്കാനും വേണ്ടി വി. പത്രോസിനെയും മറ്റ് ശ്ലീഹന്മാരേയും ഏൽപിച്ച സഭ (മത്താ. 28:18), നിത്യകാലത്തേക്ക് അവിടുന്നു പടുത്തുയർത്തിയ സഭ, ഇതാണ് മിശിഹായുടെ ഏക സഭ. അവളെ എക്കാലത്തേക്കുമായി സത്യത്തിന്റെ തൂണും താങ്ങുമായി അവിടുന്ന് സ്ഥാപിച്ചു (1 തിമോ. 3:15). ഇഹത്തിൽ സ്ഥാപിച്ചു നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹമെന്ന നിലയിൽ കത്തോലിക്കാസഭയിലാണ് മിശിഹായുടെ മേൽപറഞ്ഞ ഐക്യം പുലർത്തുന്ന മെത്രാന്മാരും ചേർന്ന് ഈ സഭയെ നയിക്കുന്നു.” (2-ാം വത്തിക്കാൻ കൗൺസിൽ തിരുസഭയെക്കുറിച്ചു കോൺസ്റ്റിറ്റിയൂഷൻ ഖണ്ഡിക 8).
പത്രോസ് ശ്ലീഹായുടെ നിയമാനുസൃത പിൻഗാമികളാണ് മാർപാപ്പമാർ. പത്രോസ് ശ്ലീഹാ ആദ്യം ജറുസലേമിൽ സുവിശേഷം പ്രസംഗിച്ചു. അതിനുശേഷം അന്ത്യോക്യായിൽ പോയി ഏഴു വർഷം താമസിച്ച് സുവിശേഷം പ്രസംഗിച്ചു; അന്ത്യോക്യായിലെ സഭയിൽ ഒരു മെത്രാനെ നിയമിച്ചതിനുശേഷം പത്രോസ്ശ്ലീഹാ റോമിൽ പോയി പ്രവർത്തിച്ചു. അവിടെവച്ച് അദ്ദേഹം രക്തസാക്ഷിയായി, തുടർന്ന് റോമിലെ മെത്രാൻമാർ പത്രോസിന്റെ പിൻഗാമികൾ ആയിത്തീർന്നു.