വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേന

ഡോ. ചാൾസ് പൈങ്ങോട്ട് സി.എം.ഐ.

കുറെ വർഷങ്ങളായി യൂദാ ശ്ലീഹായുടെ നൊവേന കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. പന്ത്രണ്ടു പേരിലൊരാളായ ഇദ്ദേഹം അടുത്ത കാലത്തു മുൻപന്തിയിലെത്തിക്കഴിഞ്ഞു. ഇദ്ദേഹത്തെ യാക്കോവിന്റെ പുത്രനായ യൂദാ എന്നു സുറിയാനി ബൈബിളിൽ രണ്ടിടത്ത് വിളിച്ചുകാണുന്നു (ലൂക്കാ 6:16; നട. 1:13). ഇതേസ്ഥാനത്ത് ഗ്രീക്കുബൈബിളിൽ യാക്കോബിന്റെ യൂദാ എന്നാണ് വിളിച്ചിരിക്കുന്നത്. മിക്ക ഇംഗ്ലീഷ് പരിഭാഷകളിലും യാക്കോവിന്റെ പുത്രനായിട്ടാണ് ഈ വാക്കുകൾ തർജ്ജമ ചെയ്തിരിക്കുന്നത്. വേറൊരിടത്ത് (മർക്കോ 3:18) ഇദ്ദേഹത്തിനു കൊടുത്തിരിക്കുന്ന പേര് തദൈ എന്നാണ്. മത്തായിയുടെ സുവിശേഷത്തിലാകട്ടെ ഇദ്ദേഹത്തിന് തദൈ എന്നു വിളിക്കുന്ന ലമ്പൈ എന്ന പേരു കൊടുത്തു കാണുന്നു (മത്താ 10:3). തദേവൂസ് എന്നത് തദൈ എന്നതിന്റെ ലത്തീൻ രൂപമാണ്. ബൈബിളിൽ കാണുന്ന ലേഖനമെഴുതിയ യാക്കോവിന്റെ സഹോദരനായ യൂദാ (യൂദാ 1) വേറൊരാളാണെന്നു എടുത്തുപറയേണ്ട ആവശ്യമില്ല.
തദേവൂസ് എന്ന പേരിന്റെ അർത്ഥം സ്‌നേഹമുള്ളവൻ എന്നാണെന്നും ആ വിശുദ്ധനെ ആശ്രയിക്കുന്നവരെ സഹായിക്കുവാൻ അദ്ദേഹം എപ്പോഴും സന്നദ്ധനാണെന്നും നൊവേനപ്പുസ്തകത്തിന്റെ ആരംഭത്തിൽ പറഞ്ഞുകാണുന്നു. മാത്രമല്ല, ഈ വിവരങ്ങൾ കർത്താവ് സ്വീഡനിലെ വിശുദ്ധ ബ്രിജിത്തായ്ക്ക് (1305-1372) കാണപ്പെട്ടു പറഞ്ഞതാണെന്ന് അതേ നൊവേനപ്പുസ്തകത്തിൽ കൂട്ടിച്ചേർത്തിട്ടുമുണ്ട്. ആ വിശുദ്ധയ്ക്ക് വളരെ ദർശനങ്ങളുണ്ടായിട്ടുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പറഞ്ഞ തരത്തിലുള്ള ഒരു പ്രത്യേക വെളിപാടിനെക്കുറിച്ച് 1833-ൽ പ്രസിദ്ധപ്പെടുത്തിയ വിശുദ്ധരുടെ ചരിത്രത്തിൽ ഒരു സൂചനപോലുമില്ല (cfr Alban Butler, Lives of the Fathers, Martyrs and other principal Saints, Vol. X, 602-605). അതുപോലെതന്നെ അതേ ചരിത്രത്തിൽ യൂദാ തദേവൂസിനെക്കുറിച്ചു പ്രതിപാദിക്കുന്ന സ്ഥല ത്തും മേല്പറഞ്ഞ തരം ഒരു വെളിപാട് ബ്രിജീത്തായ്ക്കുണ്ടായതായി പറഞ്ഞുകാണുന്നില്ല (Idem 751-753). അതുപോലെ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമർദ്ധത്തിൽ ജർമ്മനിയിൽ പ്രസിദ്ധപ്പെടുത്തിയ ദൈവശാസ്ത്ര സന്മാർഗ്ഗശാസ്ത്രവിജ്ഞാനകോശത്തിലും ഇങ്ങനെയൊരു വെളിപാടിനെക്കുറിച്ചു ഒരു സൂചനയുമില്ല (LThk 2, 486).
നൊവേനപ്പുുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നതനുസരിച്ച് യൂദാ തദേവൂസ് നമ്മുടെ കർത്താവിന്റെ ഒരു ബന്ധുവായിരുന്നത്രേ. കൃത്യമായ ബന്ധവും കൊടുത്തിട്ടുണ്ട്. പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന്റെ അമ്മാവിയായിരുന്നു. മാത്രമല്ല, അദ്ദേഹത്തെ വിശുദ്ധ ഗ്രന്ഥകാരന്മാരിൽ ഒരാളായും ചിത്രീകരിച്ചിരിക്കുന്നു. ചരിത്രപരമായി തെളിയിക്കപ്പെടാത്തതും തെളിയിക്കാനാവാത്തതുമായ പ്രസ്താവനകളാണ് ഇവയെല്ലാം. ആശ്രിതരെ സഹായിക്കുവാൻ ഈ ശ്ലീഹാ എപ്പോഴും സന്നദ്ധനാണെന്ന് കർത്താവ് പറഞ്ഞതായും അതേ പുസ്തകത്തിൽത്തന്നെ വ്യാകരണത്തെറ്റുള്ള ഒരു വാക്യത്തിൽ പറഞ്ഞു കാണുന്നു.
അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥൻ എന്ന പേരു തദേവൂസിനു നമ്മുടെ നാട്ടിൽ കിട്ടിയിട്ടുണ്ട്. ഈ പദവി എവിടെനിന്നു കിട്ടിയെന്നോ ആരു കൊടുത്തു എന്നോ ഉള്ള കാര്യത്തെക്കുറിച്ചു ഗവേഷണം നടത്തുന്നത് പാഴ്‌വേലയാണ്. നന്ദിപ്രകടനമെന്നോണം പത്രങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രവും കാണാം. ചിത്രം തന്നെ ഒന്നിലധികം ഭാവങ്ങളിലുണ്ട്. കഴുത്തിൽ ധരിച്ചിരിക്കുന്ന ഏതോ ഒരു മെഡൽ എടുത്തുകാണിച്ചുകൊണ്ടു നിൽക്കുന്നതാണ് അവയിലൊന്ന്. ഇങ്ങനെ ആരുടെയോ ഭാവനയ്ക്കു ചേർന്ന ചിത്രമുണ്ടാക്കി പ്രചരണം നടത്തിക്കൊണ്ടുള്ള ഒരു ചടങ്ങാണിതെന്നു തോന്നിപ്പോകുന്നു.
അസാദ്ധ്യമായി ഒന്നുമില്ലാത്തത് ദൈവത്തിനു മാത്രമാണ്. വലിയ വാർത്തയുമായി മറിയത്തെ സമീപിച്ച ഗബ്രിയേൽദൂതൻ, അല്പം സംശയം പ്രകടിപ്പിച്ച അവളോടു പറഞ്ഞത് ഇപ്രകാരമാണ്: ”ദൈവത്തിനു അസാദ്ധ്യമായി ഒന്നുമില്ല” (ലൂക്കാ 1:37). പഴയനിയമത്തിൽ വൃദ്ധരായ അബ്രാഹത്തിനും സാറായ്ക്കും ഒരു പുത്രനുണ്ടാകുമെന്നു നേരിട്ടു അവരോടു പറഞ്ഞശേഷം ദൈവം ചോദിച്ച ചോദ്യത്തിന്റെ അർത്ഥവും ഇതുതന്നെ. ”കർത്താവിന് ഈ കാര്യം അത്ര വലുതാണോ?” (സൃഷ്ടി. 18:14). പ്രകൃതിയുടെ നിയമങ്ങൾക്കപ്പുറമുള്ള കാര്യങ്ങളാണ് അത്ഭുതങ്ങളെന്നു നാം വിളിക്കാറുള്ളത്. അവയെല്ലാം മനുഷ്യശക്തിക്ക് അതീതവുമാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ വിശുദ്ധരുടെ മദ്ധ്യസ്ഥതയാൽ ദൈവമാണ് പ്രവർത്തിക്കുന്നത്. സ്വന്തം പരിമിതികളെ ഏറ്റുപറഞ്ഞുകൊണ്ടും മിശിഹായുടെ ശക്തിക്ക് ഊന്നൽ നൽകിക്കൊണ്ടും പൗലോസ് ശ്ലീഹാ ഇങ്ങനെയെഴുതി: ”എനിക്കു ശക്തി നൽകുന്ന മിശിഹാമൂലം സകലത്തിനും ഞാൻ ശക്തനാകുന്നു” (പീലി. 4:13).
ശ്ലീഹന്മാരെ സംബന്ധിച്ചിടത്തോളം പത്രോസിന് ഒന്നാം സ്ഥാനമുണ്ടായിരുന്നതായി സുവിശേഷങ്ങളിൽ കാണാവുന്നതാണ് (മത്താ. 10:2; മർക്കോ. 3:16; ലൂക്കാ 6:14). കർത്താവ് അത് തെളിവായി പറഞ്ഞുറപ്പിക്കുകയും ചെയ്തു (മത്താ. 16, 13 -19). മറ്റുള്ളവരെ ഉറപ്പിക്കുവാൻ പറഞ്ഞതും പത്രോസിനോടുതന്നെ. (ലൂക്കാ 22,32). ബാക്കി ശ്ലീഹന്മാരിൽ കർത്താവ് സ്‌നേഹിച്ചിരുന്നവൻ എന്ന ബഹുമതി യോഹന്നാനുണ്ടായിരുന്നു. (യോഹ. 13:23; 21:20). ഈശോയോടുകൂടി മരിക്കാൻതന്നെ സന്നദ്ധത കാണിച്ചവനാണ് നമ്മുടെ പിതാവായ തോമ്മാ. (യോഹ. 11:16). ഈ മൂന്നു ശ്ലീഹന്മാർക്കും കർത്താവ് പ്രത്യേകമായ ഒരു വരമോ ആനുകൂല്യമോ കൊടുത്തതായി അറിവില്ല. അവരെല്ലാം തുല്യരായിരുന്നു. അതിനാൽ അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥൻ എന്ന വിചിത്രപദവി ഒരു ശ്ലീഹായ്ക്കു കൊടുക്കുന്നത് തികച്ചും അപ്രസക്തമാണ്. ഇക്കാര്യത്തിൽ മാതാവിനെപ്പോലും കൈവെടിഞ്ഞ് ഏതോ മനുഷ്യർ സംഭാവന ചെയ്തതാണിതെന്നു പറയേണ്ടിയിരിക്കുന്നു.
ഇവയ്‌ക്കെല്ലാമുപരി, മനുഷ്യരെ സഹായിക്കാൻ തയ്യാറാക്കി ഒരാളെ നിർത്തേണ്ട ആവശ്യം ഈശോയ്ക്കുണ്ടോ? ദൈവത്തിന്റെയും മനുഷ്യരുടെയുമിടയ്ക്കുള്ള ഏക മദ്ധ്യസ്ഥൻ മനുഷ്യപുത്രനായ ഈശോ മിശിഹായാണല്ലോ (1 തീമോ 2:5). ഈ മദ്ധ്യസ്ഥതയെ ഉപയോഗിക്കുവാൻ ഈശോതന്നെ ആഹ്വാനം ചെയ്തിട്ടുമുണ്ട്. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവ് തന്റെ പുത്രനിൽ മഹത്ത്വപ്പെടേണ്ടതിനായി ഞാൻ നിങ്ങൾ ക്കു ചെയ്തുതരും (1 തീമോ. 2:5). ഈ മദ്ധ്യസ്ഥതയെ ഉപയോഗിക്കുവാൻ ഈശോതന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്. ”നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവ് തന്റെ പുത്രനിൽ മഹത്ത്വപ്പെടേണ്ടതിനായി ഞാൻ നിങ്ങൾക്കു ചെയ്തുതരും” (യോഹ 14:13, രളൃ 15,16). അതോടൊപ്പം നമ്മുടെ പ്രാർത്ഥനയെ സംബന്ധിച്ച് ഈശോ ഒരു വ്യവസ്ഥയും വച്ചിട്ടുണ്ട്. അതിപ്രകാരമാണ്: ”നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിൽ വസിക്കുകയും ചെയ്താൽ നിങ്ങൾ അപേക്ഷിക്കാനാഗ്രഹിക്കുന്നതെല്ലാം നിങ്ങൾക്കു ലഭിക്കും” (യോഹ. 15:7). ചുരുക്കിപ്പറഞ്ഞാൽ പാപികളെ അന്വേഷിച്ചുവന്ന (മത്താ 9:13) ഈശോയുടെ പക്കലേക്കു നാം തിരിയണം. അത് യൂദാ തദേവൂസ് വഴിയല്ലാതെ ചെയ്യാവുന്ന കാര്യമാണ്.