ശ്ലീഹന്മാരുടെ പൗരോഹിത്യസ്വീകരണത്തിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം പ്രകടമാണ്. ഇതും വിവിധ ഘട്ടങ്ങളിലായി പൂർത്തിയാകുന്നതായി കാണാം.
ജനനം: ശ്ലീഹന്മാർ പൗരോഹിത്യത്തിലേയ്ക്ക് പ്രവേശിപ്പിക്കപ്പെട്ടത് ഈശോയിലൂടെ നല്കപ്പെട്ട ദൈവവിളിയിലൂടെയാണ്. ശ്ലൈഹിക ശുശ്രൂഷയുടെ നിർവ്വഹണത്തിനായി ഈശോയാൽ വിളിക്കപ്പെട്ടതോടുകൂടി അവർ ഒരു പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനെ പൗരോഹിത്യത്തിലേയ്ക്കുള്ള ശ്ലീഹന്മാരുടെ ജനനം എന്ന് വിശേഷിപ്പിക്കാം. ”പിന്നെ, അവൻ മലമുകളിലേയ്ക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേയ്ക്കു ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കാൻ അധികാരം നല്കുന്നതിനുമായി അവൻ പന്ത്രണ്ടുപേരെ നിയോഗിച്ചു” (മർക്കോ 3:13-15). ഈ വിളിയാലാണ് അവർ പൗരോഹിത്യത്തിലേയ്ക്ക് പ്രവേശിച്ചത്. ഈ വിളിയുടെ പിന്നിൽ പ്രവർത്തിച്ചത് പരിശുദ്ധാത്മാവു തന്നെയാണ്. ”എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാൻ സാധിക്കുകയില്ല” (യോഹ 6:44) എന്ന് ഈശോ അരുൾച്ചെയ്തിട്ടുണ്ട്. പൗരോഹിത്യത്തിലേയ്ക്കുള്ള വിളിയുടെ സ്വീകരണത്തിനു പിന്നിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
പ്രഖ്യാപനം: തന്റെ സുവിശേഷപ്രഘോഷണത്തിൽ പങ്കുചേരുവാൻ അധികാരപ്പെടുത്തി പന്ത്രണ്ടു ശ്ലീഹന്മാരെ പറഞ്ഞയയ്ക്കുന്ന രംഗം അവരുടെ പൗരോഹിത്യപ്രഖ്യാപനത്തിന്റെ ആദ്യഘട്ടമായി കരുതാം (മത്താ 9:35-10:8). തന്റെ സുവിശേഷപ്രഘോഷണത്തിന്റെ അതേ ശൈലിയാണ് ഈശോ ശിഷ്യരുടെ സുവിശേഷപ്രഘോഷണശൈലിയായി പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതും പരിശുദ്ധാത്മാവാണ്. വി. കുർബ്ബാന സ്ഥാപനത്തിനുശേഷം ഈശോ അരുളിച്ചെയ്തു: ”എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ” (ലൂക്കാ 22:19). ഇത് ശ്ലീഹന്മാരുടെ പൗരോഹിത്യത്തിന്റെ പരസ്യപ്രഖ്യാപനത്തിന്റെ രണ്ടാംഘട്ടമായി കരുതാം. തന്റെ സുവിശേഷപ്രഘോഷണത്തിന്റെ പൂർണ്ണരൂപമായ ജീവിതബലി കൂദാശാപരമായി തുടർന്നർപ്പിക്കാൻ അവർ നിയമിക്കപ്പെടുകയായിരുന്നു. മിശിഹായുടെ പ്രവർത്തനങ്ങളുടേയും ജീവിതം മുഴുവന്റെയും പിന്നിൽ പരിശുദ്ധാരൂപി പ്രവർത്തിച്ചിരുന്നതുകൊണ്ട് പൗരോഹിത്യത്തിന്റെ ഈ പരസ്യപ്രഖ്യാപനത്തിനു പിന്നിലും അരൂപിയുടെ സാന്നിദ്ധ്യമുണ്ട് എന്നത് വ്യക്തമാണ്.
സ്ഥിരീകരണം: തന്റെ ഉത്ഥാനത്തിനുശേഷം മിശിഹാ ശ്ലീഹന്മാരെ പൗരോഹിത്യപദവിയിൽ സ്ഥിരീകരിക്കുന്നതായി കാണാം: ”….. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ 20:21-23). നിത്യപുരോഹിതനായ മിശിഹാ, നിശ്വസനത്തിലൂടെ തന്റെ അരൂപിയെയാണ് അവർക്ക് നല്കുന്നത്. നിശ്വസനം ജീവനാണ്. അതായത്, ഈ നിശ്വസനം സ്വീകരിച്ചതിലൂടെ നിത്യപുരോഹിതനായ ഈശോ അവരിൽ ജീവിക്കുന്നു. അങ്ങനെ ലോകാവസാനത്തോളം സഭയിൽ ശ്ലൈഹികകൈവയ്പിലൂടെ തലമുറതലമുറകളായി നിർവ്വഹിക്കപ്പെടേണ്ട ശുശ്രൂഷാപൗരോഹിത്യം എന്നേയ്ക്കുമായി സ്ഥിരീകരിക്കപ്പെട്ടു.