കാളാശ്ശേരി മാർ ജെയിംസ് മെത്രാന്റെ 60-ാം ഓർമ്മദിനം ഒക്‌ടോബർ 27 ന് വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ

പ്രൊഫ. കെ.റ്റി. സെബാസ്റ്റ്യൻ

വിദ്യാഭ്യാസ മേഖല വെട്ടിപ്പിടിക്കാനുള്ള സർ. സി.പി.യുടെ നീക്കത്തിന് എതിരെയുള്ള കാളാശ്ശേരി പിതാവിന്റെ ധീരോദാത്തമായ ചെറുത്തുനിൽപ് കേരളസഭയുടെ ആധുനിക കാലചരിത്രത്തിലെ അഭിമാനകരമായ ഒരു അദ്ധ്യായമാണ്. ദിവാന്റെ സ്‌കൂൾ ദേശസാൽക്കരണ പരിപാടിയെ ശക്തിയുക്തം എതിർത്തുകൊണ്ട് കാളാശ്ശേരി പിതാവ് 1945 ഓഗസ്റ്റ് 15 ന് പുറപ്പെടുവിച്ച 123-ാം നമ്പർ ഇടയലേഖനം ഭാരതസഭാചരിത്രത്തിൽതന്നെ ഒരു സുവർണ്ണാധ്യായമായിത്തീർന്നിരിക്കുകയാണ്. ഇതിനു മുമ്പോ പിൻപോ സഭയുടെ അവകാശ സംരക്ഷണത്തിനുവേണ്ടി ഇത്ര ശക്തമായ ഒരു ഇടയലേഖനം ഉണ്ടായിട്ടില്ല. സ്‌കൂൾ ദേശസാല്ക്കരണമെന്ന മഹാപാതകത്തിനെതിരെ ആദ്ധ്യാത്മികമായ വാളും അണുബോംബു തന്നെയും പ്രയോഗിക്കേണ്ടതാണെങ്കിലും അതിനൊന്നും തൽക്കാലം മുതിരുന്നില്ല എന്നു പറഞ്ഞുകൊണ്ട് സർക്കാർ സമിതീകരണ (സ്റ്റേറ്റ് സോഷ്യലിസം) ഫലമായി ഉണ്ടാകാനിടയുള്ള ദൈവദ്രോഹം, മാതൃദ്രോഹം, ശിശുദ്രോഹം, ഗുരുഹത്യ എന്നീ പാതകങ്ങളെക്കുറിച്ച് പിതാവ് മുന്നറിയിപ്പു നൽകുന്നു.
ഇതിനു മുമ്പ് ഒരു ഇടയലേഖനവും ഇത്ര ശക്തമായ ഭാഷയിൽ എഴുതപ്പെട്ടിട്ടുണ്ടാവില്ല. പിതാവിനെ സംബന്ധിച്ചിടത്തോളം വിദ്യാലയ ദേശസാൽക്കരണം അത്രകണ്ട് പ്രതിഷേധാർഹമായിരുന്നു. വിദ്യാലയങ്ങൾ സർക്കാരിന്റെ കുത്തകയാക്കുന്ന നടപടി ജനങ്ങളുടെ ജന്മാവകാശമായ മതസ്വാതന്ത്ര്യത്തിനെതിരായിരിക്കുമെന്നും രാജ്യം ഭരിക്കുന്ന മഹാരാജാവിന്റെ സൽക്കീർത്തിക്ക് ഇതു കളങ്കമായിരിക്കുമെന്നും രാജ്യത്തിന്റെ മേൽ അധീശത്വം പുലർ ത്തുന്ന ബ്രിട്ടീഷ് ഭരണകൂടം വിക്‌ടോറിയ റാണിയുടെ വിളംബരത്തിലൂടെ വാഗ്ദാനം ചെയ് തിരുന്ന മതസ്വാതന്ത്ര്യത്തിന് ഇത് ഹാനികരമാണെന്നും ലേഖനത്തിൽ എടുത്തു പറയുന്നുണ്ട്. ഈ സ്വേച്ഛാധിപത്യ നടപടിക്കെതിരായി വ്യവസ്ഥാപിതമായ രീതിയിൽ പ്രക്ഷോഭണം നടത്തുവാൻ പിതാവ് ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്യുന്നു. ദിവാനെ വിറളി പിടിപ്പിക്കുവാനും ജനരോഷത്തെ അദ്ദേഹത്തിനെതിരായി തിരിച്ചുവിടുവാനും ഈ ഇടയലേഖനത്തിനു സാധിച്ചു. കാളാശ്ശേരി പിതാവ് ഇടയലേഖനംകൊണ്ട് ഉദ്ദേശിച്ചതും ഇതുതന്നെയായിരിക്കണം.  തുടർന്നുണ്ടായ സംഭവവികാസങ്ങൾ കാളാശ്ശേരി പിതാവിന്റെ അസാധാരണമായ ആദർശധീരതയും ശ്ലൈഹിക പിൻഗാമിയെന്ന നിലയിൽ അദ്ദേഹത്തിനു സഭയോടുള്ള പ്രതിബദ്ധതയും വെളിപ്പെടുത്തുന്നു. ‘മദ്ധ്യസ്ഥ’നിൽ പ്രസിദ്ധപ്പെടുത്തിയ ഇടയലേഖനത്തെ സർ സി.പി.യുടെ സർക്കാർ ഗൗരവപൂർവ്വം വീക്ഷിക്കുകയും അത് രണ്ടാഴ്ചക്കകം പിൻവലിക്കണമെന്ന് അറിയിച്ചുകൊണ്ട് സെപ്റ്റംബർ 6 – 1945 R.O.C. No. 3824/45/Edn. ആയി ഗവൺമെന്റ് സെക്രട്ടറിയുടേതായ ഒരു നോട്ടീസ് കാളാശ്ശേരി പിതാവിന് അയക്കുകയുണ്ടായി. അതിൽ രണ്ടാഴ്ചയ്ക്കകം ഇടയലേഖനം പിൻവലിക്കണമെന്നും പരസ്യമായി ക്ഷമാപണം നടത്തണമെന്നും അങ്ങനെ ചെയ്യാത്തപക്ഷം ഗവൺമെന്റ് മേൽനടപടികൾ കൈക്കൊള്ളുന്നതാണെന്നും അറിയിച്ചിരുന്നു. ഏതാണ്ടൊരു അന്ത്യശാസനത്തിന്റെ രൂപത്തിലായിരുന്നു ഗവൺമെന്റ് സെക്രട്ടറിയുടെ നോട്ടീസ്. സഭയിലും സമൂഹത്തിലും ഏറെ സംഘർഷം സൃഷ്ടിച്ച ഈ നോട്ടീസിനു പിതാവു നല്കിയ മറുപടി പിതാവിന്റെ കൂർമ്മബുദ്ധിയും ഉറച്ച ദൈവവിശ്വാസവും സഭാസ്‌നേഹവും ധീരതയും വ്യക്തമാക്കുന്നതാണ്.
മറുപടിക്കത്തിലും അതേ തുടർന്ന് സെപ്റ്റംബർ 14 ന് പുറപ്പെടുവിച്ച 124-ാം നമ്പർ ഇടയലേഖനത്തിലും പിതാവ് തന്റെ നിലപാട് ശക്തിയുക്തവും സംശയരഹിതവുമായി ന്യായീകരിച്ചു. ഇടയലേഖനം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നെന്നും വ്യവസ്ഥാപിത ഭരണകൂടത്തെ എതിർക്കുവാനോ അതിനെതിരെ ജനമധ്യത്തിൽ വിദ്വേഷം സൃഷ്ടിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ലെന്നും മറുപടിക്കത്തിൽ വിശദമാക്കി. ഇടയലേഖനം പിൻവലിക്കാനോ അത് പുറപ്പെടുവിച്ചതിന്റെ പേരിൽ ഖേദം പ്രകടിപ്പിക്കുവാനോ കാരണം കാണുന്നില്ലെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു.
ഇടയലേഖനം പിൻവലിക്കുവാനുള്ള സർക്കാർ നോട്ടീസ് കിട്ടിയതിനുശേഷം നമ്മുടെ നാട്ടിൽ പൊതുവെയും, ചങ്ങനാശേരി രൂപതയിൽ പ്രത്യേകിച്ചും പ്രക്ഷുബ്ധമായ ഒരന്തരീക്ഷമാണ് നിലവിൽ വന്നത്. ഇടയലേഖനം പിൻവലിക്കാൻ കാരണം കാണുന്നില്ലെന്നു പറഞ്ഞ് കാളാശ്ശേരി പിതാവ് സർക്കാരിനു മറുപടി അയച്ചപ്പോൾ ജനങ്ങൾ കൂടുതൽ ആവേശഭരിതരായി. അവർ തങ്ങളുടെ ആദ്ധ്യാത്മിക പിതാവിൽ അഭിമാനഭരിതരായി. പിതാവിനെ അറസ്റ്റു ചെയ്യുവാൻ പോകുന്നു എന്നൊരു വാർത്തയുംകൂടി പരന്നപ്പോൾ ചങ്ങനാശ്ശേരിയിലെ അന്തരീക്ഷം സംഘർഷപൂരിതമായി. പിതാവിനും അരമനയ്ക്കും കാവൽ നിൽക്കാൻ ജനങ്ങൾ കൂട്ടംകൂട്ടമായി മുന്നോട്ടുവന്നു. എന്നാൽ പിതാവാകട്ടെ എല്ലാവരെയും ധൈര്യപ്പെടുത്തി അവരുടെ സ്ഥലങ്ങളിലേക്കു മടക്കി അയക്കുകയാണുണ്ടായത്. ഇങ്ങനെയുള്ള പലരംഗങ്ങൾക്കും ഈ ലേഖകൻ സാക്ഷിയാണ്. ആവേശത്തിരത്തള്ളലിൽ പിതാവിനു സമനില നഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല ജനങ്ങളുടെ ഭാഗത്തുനിന്ന് അവിവേകമൊന്നും ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിഷ്‌കർഷിക്കുകയും ചെയ്തിരുന്നു. തനിക്ക് ഉണ്ടായേക്കാവുന്ന അപകടത്തെ അവഗണിച്ചുകൊണ്ടുതന്നെ ഉത്തരവാദിത്വബോധമുള്ള ഒരു അജപാലകനായി അദ്ദേഹം ജനങ്ങൾക്ക് നേതൃത്വം നൽകി. അതേ സമയം തന്നെ പിതാവ് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു ”സഭയുടെ താല്പര്യങ്ങൾക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുന്നതിനു നാം തയ്യാറാണ്.’
ദിവാൻ സർ. സി.പി. ക്രിസ്ത്യൻ വിദ്യാലയങ്ങൾക്കും കാളാശ്ശേരി ബിഷപ്പിനുമെതിരായി തുടങ്ങിവച്ച പ്രകോപനപരമായ നടപടികൾ എങ്ങനെ അവസാനിച്ചുവെന്ന് നമുക്കറിയാം. ക്രിസ്ത്യൻ വിദ്യാലയങ്ങൾ കൈവശപ്പെടുത്തുകയോ കാളാശ്ശേരി പിതാവിനെ അറസ്റ്റു ചെയ്യുകയോ ചെയ്താൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ബോധവാനാകുവാൻ അദ്ദേഹത്തിന് ഏറെ നാളുകൾ വേണ്ടിവന്നില്ല. അതിനകം തന്നെ കാളാശ്ശേരി പിതാവ് നേതൃത്വം നൽകിയ ചെറുത്തുനില്പ് ഒരു കൊടുങ്കാറ്റായി മാറുകയായിരുന്നു. അതിവിടുത്തെ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ഒരു ഭാഗമായി മാറുവാൻ അധികനാളുകൾ വേണ്ടിവന്നില്ല. കാളാശ്ശേരി പിതാവിനെ അറസ്റ്റു ചെയ്യുകയോ ക്രിസ്തീയ വിദ്യാലയങ്ങൾ പിടിച്ചെടുക്കുകയോ ചെയ്താൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് മനസ്സിലാക്കിയ സർ സി.പി. തനിക്കെതിരായി ഉരുണ്ടുകൂടിയ ജനകീയ പ്രക്ഷോഭണത്തെ മർദ്ദനമുറകൾകൊണ്ട് അടിച്ചമർത്താൻ നോക്കിയെങ്കിലും അധികനാൾ പിടിച്ചു നിൽക്കുവാൻ സാധിച്ചില്ല. 1945 ഒക്‌ടോബറിൽ തന്നെ വിവാദപരമായ വിദ്യാഭ്യാസ ആക്ടിൽ മഹാരാജാവിനെക്കൊണ്ട് ഒപ്പുവെപ്പിച്ചെങ്കിലും അതിലെ വ്യവസ്ഥകൾ നടപ്പിലാക്കുവാൻ സി.പി.യുടെ ഗവൺമെന്റിനു സാധിച്ചില്ല. 1947-ൽ തിരുവിതാംകൂറിലെ രാഷ്ട്രീയാന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധമാവുകയായിരുന്നു. ഈ അവസരത്തിൽ മെത്രാന്മാരുമായി ഒരൊത്തുതീർപ്പുണ്ടാക്കുവാൻ ദിവാൻ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ സഹായം തേടുകയുണ്ടായി. ഇതേത്തുടർന്ന് മെത്രാന്മാരുടെ മൂന്നു പ്രതിനിധികളും അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ. എ.എൻ. തമ്പിയുമായി നടന്ന ചർച്ചകളുടെ അവസാനം ഒരു ഒത്തുതീർപ്പ് ഫോർമുലയുണ്ടായി. ആരുടെയും സമ്മതം കൂടാതെ ഒരു വിദ്യാലയവും ഏറ്റെടുക്കുന്നതല്ലെന്നുള്ളതായിരുന്നു ഒത്തുതീർപ്പു ഫോർമുലായിലെ ഏറ്റവും പ്രധാന വ്യവസ്ഥ. അങ്ങനെ ആ പ്രതിസന്ധി അവസാനിച്ചു. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷവും പിൽക്കാലത്ത് ഇവിടെ സ്വകാര്യ വിദ്യാലയങ്ങൾക്കെതിരെ, പ്രത്യേകിച്ചും ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ, കടന്നാക്രമണം ഉണ്ടായപ്പോൾ അതിനെ ചെറുത്തു നില്ക്കുവാനുള്ള മനോധൈര്യം നമുക്ക് ലഭിച്ചിരുന്നത് മുഖ്യമായും കാളാശ്ശേരി പിതാവ് ഒരു കാലത്ത് നേതൃത്വം നൽകിയ ഐതിഹാസികമായ ചെറുത്തുനില്പിന്റെ സ്മരണയിൽ നിന്നാണ്. കാളാശ്ശേരി പിതാവിന്റെ വിദ്യാഭ്യാസ സ്വാതന്ത്ര്യസംരക്ഷണത്തിന് വളരെയധികം അർത്ഥവ്യാപ്തിയുണ്ട്. പിതാവിന്റെ ഏറ്റവും മഹത്തായ വിദ്യാഭ്യാസസംഭാവന അദ്ദേഹം ഇക്കാര്യത്തിൽ നല്കിയ നേതൃത്വമായിരുന്നു. അദ്ദേഹം നേതൃത്വം നൽകിയ സ്വാതന്ത്ര്യസംരക്ഷണത്തിന്റെ ഗുണഭോക്താക്കൾ കത്തോലിക്കാ സമൂഹമോ ക്രൈസ്തവസമൂഹം തന്നെയോ മാത്രമായിരുന്നില്ല. ഇവിടുത്തെ ജനസമൂഹം മുഴുവനും ഇതിന്റെ സദ്ഫലം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. പിതാവ് നമുക്കായി നേടിത്തന്ന സ്വാതന്ത്ര്യത്തിന് ഒന്നിലധികം മാനങ്ങളുണ്ട്. വിദ്യാഭ്യാസസ്വാതന്ത്ര്യം അതിൽ ഒന്നു മാത്രമാണ്. മതസ്വാതന്ത്ര്യം, മനസ്സാക്ഷി സ്വാതന്ത്ര്യം, രാഷ്ട്രീയസ്വാതന്ത്ര്യം എന്നിവയുമായിട്ടെല്ലാം ഇതു ബന്ധപ്പെട്ടു കിടക്കുന്നു. സമൂഹത്തിന് ഇത്ര മഹത്തായ ഒരു സംഭാവന നല്കി കടന്നുപോയ പിതാവിനെ സഭയും സമുദായവും എക്കാലവും കൃതജ്ഞതയോടുകൂടി സ്മരിക്കേണ്ടതല്ലേ?