സെമിനാരിയിലെ ഒരു പ്രതിജ്ഞ

പെറ്റിസെമിനാരിയിലെ എന്റെ ജീവിതം പൊതുവെ സന്തോഷപ്രദമായിരുന്നെങ്കിലും കയ്പും മധുരവും പകർന്ന അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. സെമിനാരിയിൽ ചേരുന്നതിനുമുൻപ് സെമിനാരിയെക്കുറിച്ചും വൈദികരെക്കുറിച്ചുമൊക്കെ ഉണ്ടായിരുന്ന പ്രതീക്ഷകളും സങ്കല്പങ്ങളും പൂർണ്ണമായി ശരിയല്ല എന്ന് തിരിച്ചറിഞ്ഞ സന്ദർഭങ്ങൾ മനസ്സിൽ വേദന ഉളവാക്കിയിട്ടുണ്ട്. വൈദികവിദ്യാർത്ഥികളും വൈദികരും പൂർണ്ണമായും കുറ്റമറ്റവരായിരിക്കണമെന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ. എന്നാൽ അവരും പല കുറവുകളുമുള്ള മനുഷ്യരാണെന്നും അവയൊക്കെ സഹിഷ്ണതയോടെ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും ക്രമേണ എനിക്ക് കൂടുതൽ കൂടുതൽ ബോദ്ധ്യമായി. സമൂഹജീവിതത്തിൽ സൗഹൃദവും സഹായസഹകരണങ്ങളും പ്രോത്സാഹനങ്ങളും ഏറെ ലഭിക്കുമെങ്കിലും ഒറ്റപ്പെടലും അവഗണനയും സഹനവും തെറ്റിദ്ധാരണയുമൊക്കെ അതിന്റെ ഭാഗമാണെന്നും ഞാൻ മനസ്സിലാക്കി. ഒന്നുരണ്ടു സംഭവങ്ങൾ ഓർമ്മയിൽ വരുന്നു.
സെമിനാരിക്കാർക്ക് വിവിധ ചുമതലകൾ ഓരോ വർഷവും വീതിച്ചുകൊടുക്കാറുണ്ട്. ചുമതലകൾ നിറവേറ്റുന്നതിൽ സംഭവിക്കുന്ന ചെറിയ വീഴ്ചകൾ പോലും വളരെ ഗൗരവമായി പരിഗണിക്കപ്പെടും. ‘ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കുന്നവരെ വലിയ കാര്യങ്ങളിൽ നിയമിച്ചാക്കു’മെന്നുള്ള സുവിശേഷസന്ദേശം, ചെറിയകാര്യങ്ങളിൽ അശ്രദ്ധ കാണിക്കുന്നവർ വലിയ കാര്യങ്ങളിലും അശ്രദ്ധരായിരിക്കുമെന്നുള്ള നിഗമനത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. അതിനാലായിരിക്കണം ചെറിയ പിശകുകളാണെങ്കിലും രൂക്ഷമായ ശാസനകളും കർക്കശമായ ശിക്ഷകളും ചിലപ്പോഴെങ്കിലും ഏല്‌ക്കേണ്ടിവന്നിട്ടുള്ളത്.
എന്റെ ഒരനുഭവം പറയാം. ഞങ്ങൾ പാറേൽ പെറ്റിസെമിനാരിയിൽ പഠിക്കുമ്പോൾ പാറേൽ പള്ളിയുടെ ചുമതലയും സെമിനാരിക്കായിരുന്നു. അന്നത് ഇടവകപ്പള്ളി ആയിരുന്നില്ല. ഒരു വർഷം പള്ളിയുടെ ചുമതല ഞങ്ങൾ രണ്ടുപേർക്കായിരുന്നു. അതായത് ദൈവാലയശുശ്രൂഷിയുടെ ചുമതലകൾ. ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപതയിൽ സേവനം ചെയ്യുന്ന കൊച്ചുപറമ്പിൽ സേവ്യറച്ചനും എനിക്കുമായിരുന്നു ചുമതല.
അത്താഴത്തിനുശേഷം എല്ലാവരുംകൂടി പള്ളിയിൽപോയി പ്രാർത്ഥിക്കുന്ന പതിവുണ്ടായിരുന്നു. ഫാനും ലൈറ്റും ഒക്കെ ഓൺ ചെയ്യുന്നതും ഓഫാക്കുന്നതുമൊക്കെ പള്ളിച്ചുമതലയുള്ള ഞങ്ങളുടെ രണ്ടുപേരുടെ കടമയായിരുന്നു. ഒരുദിവസം പതിവുപോലെ പള്ളിയിൽ വിസീത്ത കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങി. ഫാനും ലൈറ്റും ഓഫാക്കാൻ ഞാൻ സങ്കീർത്തിയിലേക്കു പോകാനൊരുങ്ങിയപ്പോൾ എന്റെ സഹചുമതലക്കാരനായിരുന്ന ബ്രദർ കൊച്ചുപറമ്പിൽ സങ്കീർത്തിയിലേക്കു കയറുന്നതുകണ്ടു. അദ്ദേഹം ഫാൻ ഓഫാക്കാനാണ് പോയതെന്നുകരുതി ഞാൻ മുറ്റത്തു തന്നെ നിന്നു. ഓഫ് ചെയ്യുന്നിെല്ലങ്കിൽ പോയി ചെയ്യാൻ വേണ്ടിയായിരുന്നു ഞാൻ അവിടെ നിന്നത്. റെക്ടറച്ചനാകട്ടെ ഫാൻ ഓഫ് ചെയ്യാതിരുന്നതിൽ അതീവ ക്ഷുഭിതനായി എന്നെ ശാസിക്കാൻ തുടങ്ങി. കാര്യം വിശദീകരിച്ചുകൊടുക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അതൊന്നും ശ്രവിക്കാതെ ചുമതലാബോധമില്ലെന്നും പറഞ്ഞ് പത്തുമിനിറ്റു സമയത്തോളം എന്നെ ശാസിച്ചു കുറ്റപ്പെടുത്തി. ഞാൻ നിശബ്ദനായി അതെല്ലാം കേട്ടു. ഈ സംഭവം എന്നെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. സത്യാവസ്ത മനസ്സിലാക്കാതെയാണല്ലോ എന്നെ കുറ്റപ്പെടുത്തുന്നതെന്ന ചിന്തയാണ് എന്നെ വേദനിപ്പിച്ചത്.
ഇതുപോലുള്ള സംഭവങ്ങൾ സെമിനാരിജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ആശ്വാസം കണ്ടെത്തിയിരുന്നത് ഏകാന്തമായ പ്രാർത്ഥനയിലായിരുന്നു. ഏതായാലും എന്റെയുള്ളിൽ ക്രമേണ ഒരു തീരുമാനം രൂപം കൊള്ളാൻ ഇത്തരം സംഭവങ്ങൾ സഹായിച്ചു. അതായത്, മറ്റുള്ളവരെ കേൾക്കാൻ സന്നദ്ധതകാണിക്കണമെന്ന തീരുമാനം. അത് കഴിയുന്നത്ര പാലിക്കാൻ ഇന്നും ശ്രമിക്കുന്നുണ്ട്. സംസാരിക്കുന്നതിനേക്കാൾ കേൾക്കുന്നതിൽ എനിക്കു താല്പര്യമുണ്ട്. പലരുകൂടി സംസാരിക്കുമ്പോൾ മിക്കവരും സംസാരിക്കുന്നതിൽ അമിതതാല്പര്യം കാണിക്കുകയും മറ്റുള്ളവരെ കേൾക്കുന്നതിന് തയ്യാറാകാതിരിക്കുകയും ചെയ്യുന്നതായിട്ടാണ് കാണുന്നത്. മറിച്ച് മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുത്ത് ഒന്നും സംസാരിക്കാൻ സാധിക്കാതെവരുന്ന അനുഭവങ്ങളും ഉണ്ടാകുന്നു. പലരുകൂടി സംസാരിക്കുമ്പോൾ, അല്ലെങ്കിൽ സമ്മേളനങ്ങളിൽ മറ്റുള്ളവരെ കേൾക്കാനുള്ള സന്നദ്ധത എല്ലാവരും പ്രകടിപ്പിച്ചാൽ പരസ്പരബന്ധം കൂടുതൽ ഹൃദ്യമാകും.
ഞാനൊരു പ്രതിജ്ഞയെടുക്കാൻ ഇടയാക്കിയ സംഭവംകൂടി വിവരിക്കാം. സെമിനാരികളിൽ വിനോദത്തിനായി ചില അവസരങ്ങളിൽ അല്പസമയം ചീട്ടുകളി അനുവദിക്കുന്ന പതിവുണ്ട്. ചീട്ടുകളിക്കുന്നത് പാടില്ലാത്ത ഒരു കാര്യമാണെന്നുള്ള ശിക്ഷണമായിരുന്നു എനിക്ക് വീട്ടിൽനിന്നു കിട്ടിയിരുന്നത്. അതിനാൽ സെമിനാരിയിൽ ചീട്ടുകളി എന്നു കേട്ടപ്പോൾ എനിക്കു വലിയ ചിന്താക്കുഴപ്പമായി. ക്രമേണ, അനുവാദത്തോടെയുള്ള ചീട്ടുകളിയിൽ തെറ്റില്ല എന്ന ബോദ്ധ്യം എനിക്കു ലഭിച്ചു. ചീട്ടുകളി പഠിക്കാനുള്ള ആഗ്രഹവും എന്നിലുണ്ടായി. ഒരു ദിവസം സെമിനാരിയിലെ അച്ചന്മാരും സീനിയർ സെമിനാരിക്കാരുംകൂടി ചീട്ടുകളിച്ചുകൊണ്ടിരുന്നു. ഞാനൊരു കാഴ്ചക്കാരനായിരുന്നു. അപ്പോൾ ഒരാൾ കുമ്പസാരിക്കാൻ വേണ്ടി അച്ചനെ അന്വേഷിച്ച് സെമിനാരിയിൽവന്നു. ഞാൻ വിവരം ചീട്ടുകളിച്ചുകൊണ്ടിരുന്ന അച്ചനെ അറിയിച്ചു. ചീട്ടുകളിയിൽ രസിച്ചിരുന്ന അച്ചൻ ‘കുറച്ചുകഴിഞ്ഞ് കുമ്പസാരിക്കാൻ വരാൻ’ പറഞ്ഞു. അതെനിക്ക് അക്ഷരാർത്ഥത്തിൽ ഉതപ്പുണ്ടാക്കി. അപ്പോൾത്തന്നെ ഉള്ളിൽ ഞാനൊരു പ്രതിജ്ഞയെടുത്തു. ഞാനൊരിക്കിലും ചീട്ടുകളിക്കുകയില്ല; ചീട്ടുകളി പഠിക്കുകയുമില്ല എന്ന്. ഇന്നും ഈ പ്രതിജ്ഞ ഞാൻ പാലിക്കുന്നു. അതുമൂലം ചിലപ്പോഴൊക്കെ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയേണ്ടി വന്നിട്ടുണ്ടെങ്കിലും പ്രതിജ്ഞയെപ്പറ്റി എനിക്കു ദുഖമില്ല.