ഗ്രന്ഥശാലകൾ വീടുകളിലും ഇടവകയിലും

ഇന്നത്തെ തലമുറയ്ക്ക് വായനശീലം കുറയുന്നുവെന്നു പരക്കെ പരാതിയുണ്ടല്ലോ. എന്തുകൊണ്ട് എന്ന കാര്യം പഠനവിഷയമാക്കേണ്ടതാണ്. മറ്റു മാധ്യമങ്ങൾ വീടുകളിൽ ലഭ്യമാകുന്നതുപോലെ പുസ്തകങ്ങൾ ലഭ്യമാക്കാൻ ആരുമധികം ശ്രദ്ധിക്കുന്നില്ല എന്നതാകാം ഒരു കാരണം. ചാനലുകളും ഇന്റർനെറ്റും മൊബൈൽ ഫോണുമെല്ലാം ലഭ്യമാക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധിക്കാറുണ്ട്. പക്ഷേ പുസ്തകങ്ങളുടെ കാര്യമോ? ടി.വി.യും മൊബൈലുമെല്ലാം ലഭിക്കാൻ കുട്ടികൾ മുറവിളി കൂട്ടും. അങ്ങനെയുള്ള ഡിമാന്റ് പുസ്തകങ്ങളുടെ കാര്യത്തിൽ ഏറെയുണ്ടാകില്ല. കുട്ടികൾക്കു വേണ്ടതു പാഠപുസ്തകങ്ങൾ മാത്രം. അതിനാൽ മറ്റു വിജ്ഞാനപ്രദമായ പുസ്തകങ്ങൾ പ്രായേണ അവഗണിക്കപ്പെടുകയാണെന്നു പറയാം.
മാതാപിതാക്കൾ മുൻകൈയെടുക്കണം
കുട്ടികൾ മാതാപിതാക്കളെ പല കാര്യങ്ങളിലും അനുകരിക്കാറുണ്ടല്ലോ. മാതാപിതാക്കൾക്കു പുസ്തകലോകവുമായി ബന്ധമില്ലെങ്കിൽ മക്കൾക്ക് വായനയിൽ താല്പര്യമുണ്ടാവുക എളുപ്പമല്ല. ഇന്നത്തെ മിക്ക മാതാപിതാക്കളും പണമുണ്ടാക്കുന്ന തത്രപ്പാടിലാണ് – ജോലിത്തിരക്കിലാണ്. ഇന്ന് കുട്ടികൾക്കു വേണ്ട മാർഗ്ഗദർശനം നൽകണമെങ്കിൽ, തങ്ങൾതന്നെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും തങ്ങളെത്തന്നെ പര്യപ്തരാക്കുകയും വേണമെന്ന് മാതാപിതാക്കൾക്ക് ബോദ്ധ്യമുണ്ടാകണം. ഇന്നത്തെ കുട്ടികളെ വിവിധ ശക്തികൾ – വിദ്യാലയാന്തരീക്ഷം, ചാനലുകൾ, രാഷ്ട്രീയപാർട്ടികൾ, പ്രത്യയശാസ്ത്രക്കാർ – എല്ലാം സ്വാധീനിക്കുന്നതുകൊണ്ട് മാതാപിതാക്കൾ കൂടുതൽ സജ്ജരായാലേ കുട്ടികളെ വേണ്ടവിധത്തിൽ നയിക്കാനാവൂ. അതിനു മാതാപിതാക്കൾതന്നെ കൂടുതൽ വായിക്കുകയും പഠിക്കുകയും വേണം. അതു ചെയ്താൽ മക്കൾക്ക് വായനയുടെ രംഗത്തു പ്രചോദനമാകും.
പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പരിശീലിപ്പിക്കാനും മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണ്. വാക്കുകൾ കൂട്ടിച്ചേർത്തും വരികൾക്കിടയിലൂടെയുമെല്ലാം വായിച്ച് കാര്യങ്ങൾ മനസ്സിലാക്കാനാണ് കുട്ടികളെ സഹായിക്കേണ്ടത്. അതുപോലെ ഇന്നത്തെ സാഹചര്യങ്ങളിൽ വേഗത്തിൽ വായിച്ചു കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും കുട്ടികൾക്കുണ്ടാകണം. ഇതിനെല്ലാം അദ്ധ്യാപകരുടെ സഹായം തേടുന്നതും നല്ലതാണ്. ചാനലുകളിലൂടെ എന്നതിനേക്കാൾ കൂടുതൽ ആഴമായ വിജ്ഞാനസമ്പാദനത്തിന് പുസ്തകങ്ങൾ ഉപകരിക്കുമെന്ന് കുട്ടികൾ അറിയേണ്ടതാണ്.
ഇന്നു പണ്ടത്തേതിലേറെ മാതാപിതാക്കൾക്കും മക്കൾക്കും അവധി അവസരങ്ങളുണ്ട്. ആ സമയം ആഘോഷങ്ങൾക്കും വിനോദസഞ്ചാരത്തിനും മറ്റുമായി മാത്രം മാറ്റിവയ്ക്കാതെ കുറെ സമയം വായനക്കായി നീക്കിവയ്ക്കുന്ന ശീലം വളർത്തിയെടുക്കേണ്ടതാണ്. കുട്ടികളുടെ സമഗ്രവളർച്ചയ്ക്ക് അത് ഏറെ സഹായകമാകും. ഇതിനെല്ലാം എപ്പോഴും ഗ്രന്ഥശാലകളെമാത്രം ആശ്രയിച്ചാൽ പറ്റില്ല. വീട്ടിൽതന്നെ ഒരു ഗ്രന്ഥശേഖരം ഉണ്ടാകണം. അതു സമയം ലാഭിക്കാനും കുട്ടികൾക്കു പുസ്തകങ്ങളുമായി പരിചയപ്പെടാനും ഇടയാക്കും. പുസ്തകങ്ങൾ വീടുകളുടെ അവിഭാജ്യഘടകമാകുമ്പോൾ കുടുംബാംഗങ്ങൾക്ക് അവയോട് ഒരു മമത ഉണ്ടാവുക സ്വാഭാവികമാണ്. സൗകര്യംപോലെ അവ ഉപയോഗിക്കാനും പറ്റുമല്ലോ. ചില പുസ്തകങ്ങളും മറ്റും ചിലപ്പോൾ ചർച്ചാവിഷയമാക്കുന്നതും നല്ലതായിരിക്കും. അങ്ങനെ വിജ്ഞാനത്തിന്റെ ഒരന്തരീക്ഷം നിലവിൽ വരുന്നത് കുടുംബങ്ങളിൽ ഗുണപരമായ മാറ്റത്തിനിടയാക്കും.
പുസ്തകങ്ങൾ തിരഞ്ഞെടുക്കണം, വായന പ്രോത്സാഹിപ്പിക്കണം
തീർച്ചയായും പുസ്തകങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം. പിഞ്ചുകുഞ്ഞുങ്ങൾ വരെയുള്ള വീടുകളിൽ ഇത് അനിവാര്യമാണെന്നു പറയാം. മതഗ്രന്ഥങ്ങൾക്ക് കുടുംബഗ്രന്ഥശേഖരത്തിൽ പ്രഥമസ്ഥാനമുണ്ടായിരിക്കണം. വിശ്വാസവർദ്ധനവിനും ആരാധനയിലെ ഫലപ്രദമായ ഭാഗഭാഗിത്വത്തിനും സഹായിക്കുന്ന ഗ്രന്ഥങ്ങൾക്കാവണം ഏറ്റവും പ്രാധാന്യം നൽകാൻ. ആദ്ധ്യാത്മികതയും ധാർമ്മികതയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥങ്ങൾക്കും പ്രാധാന്യം നൽകണം. കുട്ടികൾക്ക് ചെറുഗ്രന്ഥങ്ങൾ – ബൈബിൾ സംഭവങ്ങൾ, ഉപമകൾ ലരേ., വിശുദ്ധരുടെ ലഘുജീവചരിത്രങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നത് ഉപകാരപ്രദമായിരിക്കും. ചെറുസാഹിത്യകൃതികളും പൊതുവിജ്ഞാനഗ്രന്ഥങ്ങളും മറ്റും എല്ലാവർക്കും പ്രയോജനപ്പെടുമല്ലോ. അതുപോലെതന്നെ പെന്തക്കോസ്തു, നിരീശ്വരപ്രസ്ഥാനങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്കു മറുപടി പറയുന്ന ചെറുഗ്രന്ഥങ്ങളും ഇക്കാലത്ത് ആവശ്യമാണ്.
പുസ്തകങ്ങൾ ഉണ്ടായിരുന്നാൽ മാത്രം പോരാ, അവ വായിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് പ്രേരണയും പ്രോത്സാഹനവും നൽകണം. അതു ചിലപ്പോൾ കുട്ടികളെക്കൊണ്ട് ചില ഭാഗങ്ങൾ വായിപ്പിച്ചുകൊണ്ടാകാം, ചിലപ്പോൾ ചെറു ചോദ്യങ്ങൾ പുസ്തകങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി ചോദിച്ചുകൊണ്ടുമാകാം.
ഇടവകയിലും ഗ്രന്ഥശാലകൾ വേണം
ഇതുപോലെതന്നെ സുപ്രധാനമാണ് ഇടവക ഗ്രന്ഥശാലകൾ. പലരും മുൻപുതന്നെ ഉന്നയിച്ചിട്ടുള്ള ആശയമാണിത്. ചിലയിടങ്ങളിൽ അങ്ങനെ ലൈബ്രറികൾ തുടങ്ങുകയും ചെയ്തു. പക്ഷേ ഇന്ന് ആ പ്രസ്ഥാനത്തെക്കുറിച്ച് അധികമാരും പറയുന്നില്ല. എല്ലാ വീടുകളിലും ആവശ്യത്തിന് പുസ്തകങ്ങൾ വാങ്ങാൻ സൗകര്യമില്ലാത്തതുതന്നെ ഇത്തരം ഗ്രന്ഥശാലകളുടെ ആവശ്യകതയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. പള്ളിയോടു ചേർന്ന കളിസ്ഥലത്ത് ഗെയിംസ് നടത്താനും മറ്റും പ്രോത്സാഹിപ്പിക്കുന്ന ഇടവകകളുണ്ട്. അവിടെയും ഗ്രന്ഥശാലകൾ ഉണ്ടാകുമോ എന്നു സംശയമാണ്. തീർച്ചയായും യുവജനങ്ങൾക്ക് ആവശ്യമായതെല്ലാം വാമൊഴിയായിത്തന്നെ നൽകാൻ അജപാലകർക്ക് സാധിക്കില്ല. അവർക്ക് പ്രയോജനപ്രദമായ പുസ്തകങ്ങൾ ഇടവകയിൽ ലഭ്യമാക്കുകയും മാർഗ്ഗദർശനം നൽകുകയും ചെയ്താൽ അതൊരു വലിയ അജപാലനപ്രവർത്തനമായിരിക്കും. വീടുകളിലെപ്പോലെതന്നെ ഇവിടെയും നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും മാർഗ്ഗദർശനം നൽകാനും അജപാലകർക്കു കഴിയണം.
യുവാക്കൾക്കു മാത്രമല്ല മുതിർന്നവർക്കും പ്രത്യേകിച്ച് സീനിയർ പൗരന്മാർക്കും ഇങ്ങനെയുള്ള ഗ്രന്ഥശാല പ്രയോജനകരമാക്കാൻ ശ്രദ്ധിക്കണം. ഇന്നിപ്പോൾ ജോലിയിൽനിന്നു മാറി വിശ്രമിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണല്ലോ. അവർക്ക് ഇത്തരം ഗ്രന്ഥശാലകൾ ഏറെ പ്രയോജനകരമാക്കാം. ഇടവകയോഗാംഗങ്ങളും ഇതിന് ഔദാര്യപൂർവം സഹകരിക്കണം.
ഗ്രന്ഥശാലയോടു ചേർന്നുതന്നെ ഇരുന്നു വായിക്കാനുള്ള കുറച്ചു സൗകര്യംകൂടി നൽകുന്നതു നന്നായിരിക്കും. ഇവിടെ വന്നിരുന്നു വായിക്കാമെന്നു മാത്രമല്ല ചിലപ്പോൾ ചെറിയ ചർച്ചകളും മറ്റു പുസ്തകങ്ങളെ ആധാരമാക്കി നടത്തുന്നതും നല്ലതാണ്. കാര്യങ്ങൾ മനസ്സിലാക്കാൻ മാത്രമല്ല, കൂടുതൽ വായിക്കാനും ഇതു സഹായകമാകും. അജപാലകർ ഈ രംഗത്ത് കൂടുതൽ സജീവമായി നേതൃത്വം നൽകുകയാണെങ്കിൽ ഇടവക ഗ്രന്ഥശാലകൾ ഏറെ പ്രയോജനകരമായിരിക്കും.
ഇന്നത്തെ സാഹചര്യത്തിൽ വിശ്വാസത്തിൽ ഉറപ്പുള്ളവരും പ്രബുദ്ധരുമായ ഇടവകസമൂഹങ്ങൾക്ക് രൂപം നൽകാൻ ഇത്തരം സംരംഭങ്ങൾ വളരെ ആവശ്യമാണെന്നു പറയേണ്ടിയിരിക്കുന്നു.