സാമൂഹികദർശനം അറിഞ്ഞാൽ സഭയ്‌ക്കൊപ്പം നിലകൊള്ളും

0
114
ജോസ് ടി. തോമസ്‌

”പുതിയ ആകാശവും പുതിയ ഭൂമിയും” എന്ന ബൈബിൾ കാഴ്ചപ്പാട് (ഏശയ്യ 65:17, 2 പത്രോസ് 3:13, വെളിപാട് 21:1) തീർത്തും ഭൗതികമായ രീതിയിൽ വ്യാഖ്യാനിക്കുന്നവരുണ്ട്, തീർത്തും അതിഭൗതികമായ രീതിയിൽ വ്യാഖ്യാനിക്കുന്നവരുമുണ്ട്. അർദ്ധസത്യം അസത്യത്തെക്കാൾ ആപത്കരമാകുന്നതുപോലെ ഈ രണ്ട് ‘അർധവ്യാഖ്യാനങ്ങളും’ ദുർവ്യാഖ്യാനത്തെക്കാൾ അപകടകരമാണ്.

പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടിയാണ് തിരുസ്സഭ നിലകൊള്ളുന്നത്. നീതിയും സമാധാനവുമുള്ള ദൈവരാജ്യമാണത് എന്ന് അറിഞ്ഞെങ്കിലേ, അതിനുവേണ്ടി നിലകൊള്ളുന്ന സഭയോടൊത്ത് സമൂഹമധ്യത്തിൽ നില്ക്കുവാൻ സഭാമക്കൾക്കു കഴിയൂ. പുതിയ ആകാശവും പുതിയ ഭൂമിയും ഈ ഭൂമിയിലെ ജീവിതത്തിൽ തുടങ്ങി അതിനപ്പുറത്തേക്കു നീളാനുള്ളതാണ്.
ആദ്യത്തെ ‘അർധവ്യാഖ്യാന’ക്കാർ ഈ ഭൂമിയിലെ പുതിയ ആകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു; രണ്ടാമത്തെ ‘അർധവ്യാഖ്യാന’ക്കാർ പരലോകത്തെ പുത്തൻ ആകാശത്തേക്കുറിച്ചുമാത്രം പറയുന്നു. രണ്ടുകൂട്ടരും വെളിപാടിന്റെ പൊരുളിൽനിന്ന് – ഭൗമികവും അഭൗമികവുമായ നീതിയിലും സമാധാനത്തിലും നിന്ന് – അകന്നു നില്ക്കുന്നു. സമാധാനത്തിന്റെ ഇന്നത്തെ പേര് വികസനം എന്നാണെന്ന് പോൾ ആറാമൻ മാർപാപ്പ പറഞ്ഞു. ആ പദാവലി ഉപയോഗിക്കുമ്പോൾ, നീതിയും സമാധാനവും നിറഞ്ഞ ദൈവരാജ്യത്തിന്റെ ആദ്യഘട്ടം എന്നത് നീതിയും വികസനവുമുള്ള ലോകം എന്നാകുന്നു. അപ്പോൾ, അനീതിയും അവികസിതത്വവും ദൈവരാജ്യത്തിൽനിന്നുള്ള അകൽച്ചയാണെന്നു കാണാം. ദൈവികപദ്ധതിയിൽ എല്ലാവരുടെയും സ്ഥാനം ഉറപ്പിച്ച് ഇവ രണ്ടും പരിഹരിക്കാനുള്ള ശ്രമങ്ങൾ ദൈവരാജ്യത്തിന്റെ സൃഷ്ടിക്കലാകുന്നു. സഭ ഇതിനു ശക്തി പകരുന്നുണ്ട്. പക്ഷേ, പലരും പ്രതീക്ഷിച്ചേക്കാവുന്നതുപോലെ സാങ്കേതിക പരിഹാരമാർഗ്ഗങ്ങൾ എന്തെങ്കിലും നിർദ്ദേശിച്ചുകൊണ്ടല്ല സഭ ഇതു ചെയ്യുന്നത്. മറിച്ച്, വികസനത്തെ സഹായിക്കുന്ന വിമോചനത്തിന് സുവിശേഷത്തിലൂടെ ശക്തി പകരുകയാണ് സഭ ചെയ്യുന്നത്. ജോൺ പോൾ രണ്ടാമൻ പാപ്പ പറഞ്ഞു: ”മിശിഹായെപ്പറ്റിയും സഭയെപ്പറ്റിയും മനുഷ്യനെപ്പറ്റിയുമുള്ള സത്യങ്ങൾ പ്രഘോഷിക്കുമ്പോൾ രൂക്ഷമായ വികസനപ്രശ്‌നങ്ങൾക്കുള്ള ഏക പരിഹാരമാർഗ്ഗം അതിൽ അടങ്ങിയിട്ടുണ്ട്” (സൊള്ളിച്ചിന്തൂദോ റേയി സോഷ്യലിസ്, 41). അതായത്, സാമ്പത്തികവും സാങ്കേതികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളിൽ നേരിട്ടിറങ്ങി പ്രവർത്തിക്കുക എന്നതല്ല സഭയുടെ ദൗത്യം. ആവശ്യമുള്ളവർക്കെല്ലാം ഭൗതികസഹായം ചെയ്തുകൊടുക്കുവാൻ അവൾക്കാവുകയില്ല. Not ‘to have more’, but ‘to be more’. ”കൂടുതൽ ഉണ്ടായിരിക്കുക” എന്നതിനല്ല ”കൂടുതൽ ആയിത്തീരുക” എന്നതിന് ജനങ്ങൾക്ക് അവസരമൊരുക്കുകയാണ് സഭയുടെ ദൗത്യം. സുവിശേഷവെളിച്ചത്തിൽ മാനവമനസ്സാക്ഷിയെ തട്ടിയുണർത്തി സമഗ്രമാനവ വികസനത്തിലേക്കു നയിച്ചുകൊണ്ട് സാധിക്കേണ്ട കാര്യമാണിത്. ഇതാണ് സഭ സാമൂഹിക പ്രബോധനത്തിലൂടെ ചെയ്യുന്നത്. സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക, സാങ്കേതിക വിദ്യാരംഗങ്ങളിലെല്ലാം സമഗ്ര മാനവ വികസനം ലാക്കാക്കിയുള്ള മനസ്സാക്ഷി രൂപീകരണത്തിന് അതു മാർഗ്ഗദർശനമാകുന്നു.
ഈ ദർശനത്തിന് ‘സമഗ്രവും ഐക്യദാർഢ്യം വളർത്തുന്നതുമായ മാനവികത’ (Integral and solidary Humanism) എന്നായിരുന്നു ജോൺപോൾ രണ്ടാമൻ പാപ്പയുടെ കാലത്ത് പറഞ്ഞിരുന്നത്. ബനഡിക്ട് പതിനാറാമൻ പാപ്പായുടെ പ്രഥമ സാമൂഹിക ചാക്രികലേഖനമായി അടുത്തയിടെ പ്രസിദ്ധീകരിച്ച ‘സത്യത്തിൽ സ്‌നേഹം’ അതിന് ‘സമഗ്രമാനവികത’ (Integral Humanism) എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നു.
നീതിയെയും വികസനത്തെയും സംബന്ധിച്ച് കത്തോലിക്കാ കാഴ്ചപ്പാടാണ് ഇസങ്ങൾക്കെല്ലാമപ്പുറമുളള ഈ കത്തോലിക്കാ ഹ്യൂമനിസം. ബഹുജന വികസനപ്രക്രിയ പണത്തിൽനിന്നോ ഭൗതികസഹായങ്ങളിൽനിന്നോ സാങ്കേതികോപാധികളിൽനിന്നോ ഉരുത്തിരിയുന്നതല്ല. മനസ്സാക്ഷി രൂപവത്കരണത്തിൽനിന്നും ചിന്താരീതികളുടെയും പെരുമാറ്റശൈലികളുടെയും അനുക്രമമായ പരിപാകത്തിൽനിന്നുമാണ് അതുണ്ടാകുന്നത്. വികസനത്തിന്റെ മുഖ്യകാര്യക്കാരൻ മനുഷ്യൻതന്നെയാണ്, പണമോ സാങ്കേതികതയോ അല്ല. മനസ്സാക്ഷിയിൽ മുദ്രിതമായ ദൈവസ്വരം അയാൾ കേൾക്കുക എന്നതാണു കാര്യം.
മാനവ മനസ്സാക്ഷിയെ മെനഞ്ഞെടുക്കുന്ന കർമ്മത്തിലാണ് സഭ മുഴുകിയിട്ടുള്ളത്; ഇന്നും മുഴുകുന്നത്. ദൈവച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യവ്യക്തിയുടെ മഹത്ത്വം ദൈവമക്കളെന്ന നിലയ്ക്കുള്ള സ്ത്രീപുരുഷന്മാരുടെ സമത്വം, മനുഷ്യർക്കുവേണ്ടി ദൈവം സൃഷ്ടിച്ച പ്രകൃതിയുടെമേൽ അവർക്കുള്ള കൈകാര്യകർത്തൃത്വം, പൂർണവ്യക്തിയുടെയും സമസ്തമാനവരാശിയുടെയും വികസനത്തിനുവേണ്ടി പ്രവർത്തിക്കാനുളള കടമ എന്നിവയെല്ലാം സഭ മുന്നോട്ടുവരയ്ക്കുന്ന മാർഗ്ഗരേഖകളാണ്.
അതിലൂടെയെല്ലാം സുസ്ഥിരവും സമഗ്രവുമായ വികസനത്തെ സഹായിക്കുന്ന വിമോചനത്തിനു സഭ ശക്തിപകരുകയാണ്. അതു ഹൃദയ പരിവർത്തനത്തിലേക്കും പുനർവിചിന്തനങ്ങളിലേക്കും മനുഷ്യരെ നയിക്കുന്നു; വ്യക്തിത്വമഹിമ അംഗീകരിക്കുന്നു; മനുഷ്യാവകാശങ്ങൾ ഉറപ്പിക്കുന്നു; പൊതുനന്മയുടെയും അധീനാവകാശത്തിന്റെയും പങ്കാളിത്തത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും തത്ത്വങ്ങൾ മുന്നോട്ടുവയ്ക്കുന്നു; കുടുംബത്തെ സമൂഹത്തിന്റെ ജീവകോശമായി പ്രതിഷ്ഠിക്കുന്നു; അധ്വാനത്തെ മൂലധനത്തിനുപരിയാക്കുന്നു; സ്വകാര്യസ്വത്തിനെയും സ്വതന്ത്ര വിപണിയെയും പ്രോത്സാഹിപ്പിക്കുന്നു; എന്നാൽ എല്ലാവിധ ചൂഷണങ്ങളെയും തള്ളിപ്പറയുന്നു.
എല്ലാ ചൂഷണങ്ങൾക്കും കാരണം സ്വകാര്യസ്വത്താണ് എന്നു തുടങ്ങിയ കമ്യൂണിസ്റ്റ് മിത്തുകൾക്കു കേരളത്തിൽ കിട്ടിയ പ്രചാരംമൂലം, കത്തോലിക്കാ ഹ്യൂമനിസത്തിന്റെ മേല്പറഞ്ഞ മാർഗരേഖകളുടെ പരസ്പരബന്ധമോ അവ ദൈവിക വെളിപാടിനനുസൃതമാണ് – ദൈവവചനത്തിനനുസൃതമാണ് – എന്ന കാര്യമോ സഭാമക്കളിൽത്തന്നെ വലിയൊരു വിഭാഗത്തിന് അജ്ഞാതമായിട്ടുണ്ട്. അജ്ഞതയുടെ ഈ കരിമ്പടം എടുത്തുമാറ്റിയാൽ, നീതിനിഷ്ഠമായ പുതിയൊരു വികസിത കേരളത്തിനായി എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും മീതെ ആശയസമരം നടത്തുവാൻ കേരളത്തിലെ അല്മായർക്കു കഴിയും. തല്പര മാധ്യമങ്ങൾ വികലമാക്കിയ സഭയുടെ പ്രതിച്ഛായ സമൂഹമധ്യത്തിൽ തിളക്കമുള്ളതാക്കാനും കേരളവികസനത്തെ മുന്നോട്ടുകൊണ്ടുപോകാനും ഉപകരിക്കുന്ന ആ ആശയസമരത്തിലൂടെയാവും പുതിയ സഹസ്രാബ്ദത്തിൽ കേരളീയ സുവിശേഷവത്കരണം മുന്നോട്ടുനീങ്ങുന്നത്.
ദൈവവും മനുഷ്യനുമായ ഈശോയെന്ന പ്രതിരൂപത്തിൽനിന്നാണ് വികസനം ഉത്ഭവിക്കുന്നത്; ആ വികസനം ദൈവത്തിലേക്കു തിരികെ ചെല്ലുകയും വേണം. അതുകൊണ്ടാണ് മാനവപുരോഗതിയും സുവിശേഷപ്രഘോഷണവും തമ്മിൽ അഭേദ്യബന്ധമുണ്ടെന്നു മാർപാപ്പമാർ പഠിപ്പിച്ചത്.
മാനവികമൂല്യങ്ങളുടെ വികസനത്തിനു സഭ നല്കുന്ന സംഭാവന വികസ്വരരാജ്യങ്ങളിലെ ദാരിദ്ര്യത്തിനും അവികസിതാവസ്ഥയ്ക്കും എതിരായ സമരങ്ങളിൽ മാത്രമല്ല പ്രയോജനപ്പെടുക; വികസിത നാടുകളിലെ ”അധികവികസനം” കൊണ്ടുണ്ടായ ആത്മീയ-ധാർമ്മീക ദാരിദ്ര്യത്തിനെതിരെയും അതു നിലപാടെടുക്കുന്നു. വികസനത്തിന് വർദ്ധിച്ച സമ്പത്തും സാമ്പത്തിക – സാങ്കേതിക പുരോഗതിയും മതി എന്ന ചിന്താഗതിയെ അതു തള്ളിക്കളയുന്നു; കമ്യൂണിസം എന്ന കള്ളത്തെപ്പോലെതന്നെ പടിഞ്ഞാറൻ മുതലാളിത്തത്തിലെ ”ആത്മാവില്ലാത്ത വികസന”ത്തിന്റെ മാതൃകകളെയും സമഗ്ര ഹ്യൂമിസമെന്ന കത്തോലിക്കാസാമൂഹികവിചാരം നിരാകരിക്കുന്നു.
കൂടുതൽ മലയാളികൾ അത് മനസ്സിലാക്കുന്ന നാൾ അകലെയല്ല.