‘ഞാൻ സുവിശേഷം പ്രസംഗിക്കുന്നെങ്കിൽ അതിൽ എനിക്ക് അഹംഭാവത്തിന് വകയില്ല. അത് എന്റ കടമയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം. ഞാൻ സ്വമനസ്സാ ഇതുചെയ്യുന്നെങ്കിൽ എനിക്കു പ്രതിഫലവുമുണ്ട്’ (1 കൊറി 9:16-17).
സുവിശേഷപ്രഘോഷണം ഓരോ ക്രൈസ്തവന്റെയും കടമയാണെന്ന് പൗലോസ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നു. ഏതു പ്രതികൂലസാഹചര്യത്തിലും പ്രേഷിതപ്രവർത്തനം നടത്തുവാൻ സഭാമക്കൾക്കോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്. കാരണം നമ്മുടെ ക്രൈസ്തവവിശ്വാസജീവിതത്തിന്റെ സവിശേഷത അതിന്റെ പ്രേഷിതോന്മുഖതയാണ്. പ്രേഷിത പ്രവർത്തനം നമ്മുടെ ക്രിസ്തീയതയുടെ അവിഭാജ്യഘടകമാണ്. മൺപാത്രങ്ങളിൽ നമുക്കു ലഭിച്ച വലിയനിധിയാണ് (2 കൊറി 4:7) നമ്മുടെ ക്രൈസ്തവ വിശ്വാസം. ഈ നിധി നമുക്കു മാത്രമായി സുക്ഷിക്കാനുളളതല്ല; മറിച്ച് ഈ വിശ്വാസം മറ്റുളളവർക്കു പകർന്നുകൊടുക്കുവാൻ നമുക്ക് ചുമതലയുണ്ട്. സ്വഭാവത്താലേ േപ്രഷിതയായ സഭ ഈ പ്രേഷിത ചൈതന്യം നിലനിർത്തുവാനും ഇത് സഭാമക്കൾക്ക് പകർന്നുകൊടുക്കുവാനും എക്കാലവും പരിശ്രമിച്ചു പോരുകയും ചെയ്തിരുന്നു.
നമ്മുടെ പ്രേഷിതദൗത്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന ഒരുദിവസമാണ് മിഷൻഞായർ. ‘നിങ്ങൾ ലോകമെങ്ങും പോയി സർവ്വസൃഷ്ടികളോടും എന്റെ സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ചു മാമ്മോദീസാ സ്വീകരിക്കുന്നവൻ രക്ഷ പ്രാപിക്കും’ (മർക്കോ 16:15-16). എല്ലാവരെയും രക്ഷയിലേയ്ക്കു നയിക്കുന്ന കർത്താവിന്റെ സുവിശേഷം പ്രസംഗിക്കുവാൻ നമ്മുടെ ക്രിസ്തീയതയുടെ പരമഭാവമായിരിക്കേണ്ട പരസ്‌നേഹവും നമ്മിൽനിന്നും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരെയും നിത്യരക്ഷയിലേയ്ക്കു നയിക്കുവാൻ പരിശ്രമിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായ പരസ്‌നേഹ പ്രവർത്തനമില്ലല്ലോ? അതിനാലാണ് പൗലോസ്ശ്ലീഹാ പറയുന്നത്: ‘സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം’ (റോമാ 10:15) എന്ന്. നമ്മൾ ഇടപഴകുന്നവരുമായി വിശ്വാസം പങ്കുവയ്ക്കുവാൻ നമുക്ക് ചുമതലയുണ്ട്. ക്രിസ്തീയസ്‌നേഹം അതിനു നമ്മെ പ്രചോദിപ്പിക്കണം.
നിർബന്ധമതപരിവർത്തനം നമ്മുടെ പ്രേഷിതപ്രവർത്തനത്തിന്റെ ഭാഗമല്ല. പക്ഷെ, ഇന്ന് പ്രേഷിതപ്രവർത്തനങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നവരും പ്രത്യക്ഷമായും പരോക്ഷമായും എതിർക്കുന്നവരും ഏറിവരുകയാണ്. പ്രേഷിതപ്രവർത്തകരെ അധിക്ഷേപിക്കുന്നവരും പീഡിപ്പിക്കുന്നവരും ഉണ്ട്. അവരെ വിമർശിക്കുന്ന മാധ്യമങ്ങളും കുറവല്ല. പക്ഷെ ഏതു പ്രതികൂലസാഹചര്യത്തിലും സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽനിന്നും നമുക്ക് പിന്മാറാനാവില്ല. ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല (2 കൊറി 4:8-9) എന്ന തിരുവചനം സധൈര്യം നമ്മുടെ പ്രേഷിതവേല തുടരുവാൻ നമുക്കെന്നും പ്രചോദനമായിരിക്കണം. ഏതു പ്രതികൂലസാഹചര്യത്തിലും നമ്മുടെ പ്രേഷിതദൗത്യം അടിയറവു വയ്ക്കുവാൻ നമുക്കാവില്ല.
നമ്മുടെ ക്രൈസ്തവജീവിതമായിരിക്കണം ഏറ്റവും വലിയ സുവിശേഷപ്രസംഗം. ക്രൈസ്തവമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാജീവിതത്തുറകളിലും വ്യാപരിക്കുവാൻ ഓരോ ക്രൈസ്തവനും സാധിക്കണം. ജീവിതത്തിന്റെ എല്ലാമേഖലകളിലും ക്രൈസ്തവസാക്ഷ്യം നല്കുവാൻ അല്മായപ്രേഷിതർക്ക് സാധിക്കണം. തങ്ങളായിരിക്കുന്ന ജീവിതരംഗങ്ങളിലെല്ലാം സുവിശേഷത്തിനു സാക്ഷികളാകുവാൻ അല്മായർക്കു സാധിക്കും. സാമൂഹിക, സാംസ്‌ക്കാരിക, കലാസാഹിത്യ, രാഷ്ട്രീയരംഗങ്ങളിലെല്ലാം സുവിശേഷമൂല്യങ്ങളുടെ ദീപ്തിപരത്തുവാൻ അല്മായർ പ്രത്യേകം ശ്രദ്ധിക്കണം.
സഭയുടെ സംഘടിതമായ പ്രേഷിതപ്രവർത്തനങ്ങളിൽ കഴിയുംവിധം പങ്കുചേരുവാനും, ആ പ്രവർത്തനങ്ങളെ ആളും അർത്ഥവും നല്കി സഹായിക്കുവാനും ഓരോ ക്രൈസ്തവനും പരിശ്രമിക്കേണ്ടതാണ്. പ്രേഷിത പ്രവർത്തനത്തിന്റ തീക്ഷ്ണതയാൽ ജ്വലിച്ചിരിക്കുന്ന പൗരസ്ത്യസുറിയാനി സഭാപാരമ്പര്യം പിൻതുടരുന്ന സീറോമലബാർസഭയ്ക്ക് മിഷൻരംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ ഇന്നു സാധിക്കുന്നു എന്നത് അഭിമാനാർ്ഹമാണ്. ഈ പ്രേഷിതചൈതന്യം ഇന്ന് നമ്മിലൂടെ ലോകത്തിൽ പ്രകാശിതമാകണം. നമ്മുടെ പ്രേഷിതദൗത്യം ഒരിക്കലും ഒരു സാഹചര്യത്തിലും ആർക്കും അടിയറവു വയ്ക്കുവാൻ നാം തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വർദ്ധിത തീക്ഷ്ണതയോടുകൂടി പ്രേഷിതരംഗത്തു പ്രവർത്തിക്കുവാൻ മിഷൻഞായർ ആചരണം സഹായകമാകട്ടെ.