ഡോ. മാണി പുതിയിടം
വൈദികൻ ഒരുകാലത്ത് സർവ്വ വിജ്ഞാനത്തിന്റെയും ഉറവിടമായി കണക്കാക്കപ്പെട്ടിരുന്നു. അക്കാലം പോയിമറഞ്ഞു. ഇന്നു സ്‌പെഷ്യലൈസേഷന്റെ കാലമാണ്. ജനം ഓരോരോ കാര്യങ്ങളിൽ വൈദഗ്ദ്ധ്യമുള്ളവരാണ്. സമൂഹം വളരുകയാണ്. അതിനനുസരിച്ച് ധാരണകളും മാറിമറിയുന്നു. ഒരുകാലത്ത് മറ്റുള്ളവർക്ക് അജ്ഞാതമായ ഭാഷ സംസാരിക്കുന്നവനും, അജ്ഞാതമായ ഭാഷയിൽ ബലിയർപ്പിക്കുന്നവനും, അതിനാൽത്തന്നെ എന്തൊക്കെയോ മന്ത്രോച്ചാരണം നടത്തുന്നവനും, പിശാചിനെ ഒഴിപ്പിക്കുന്നവനും, അമാനുഷികമായ സിദ്ധികൾ ഉള്ളവനുമൊക്കെയാണ് വൈദികൻ എന്ന് ജനം ധരിച്ചിരിക്കുന്നു. ഇന്ന് ആ ധാരണ വച്ചുപുലർത്തുന്നവർ തീരെ കുറയും. അതിനാൽ പിശാചു പിടുത്തക്കാരും സിദ്ധൻമാരുമൊക്കെ നിലപാടുകളും ധാരണകളും മാറ്റേണ്ടിവരും. അക്കാലത്ത് ദൈവത്താൽ അയയ്ക്കപ്പെട്ട വ്യക്തിയെന്ന നിലയിൽ വൈദികനെ അക്ഷരശഃ അനുസരിക്കേണ്ടതാണെന്നും ചോദ്യംചെയ്യാൻ പാടില്ലെന്നുമൊക്കെ ധരിച്ചിരുന്നുവെങ്കിൽ ഇന്ന് ആ സ്ഥിതി മാറി. അച്ചനെ കുറ്റം പറയുന്നതു വലിയ അപരാധമായും, അപകടകരമായ ഭവിഷ്യത്തുണ്ടാക്കാവുന്ന പ്രവൃത്തിയാണെന്നും ധരിച്ചിരുന്നിടത്ത്, വൈദിക വിമർശനം ഒരു ഹോബിയായി കണക്കാക്കിയിട്ടുള്ളവരുടെ എണ്ണവും കൂടി. എന്നാലിന്നും ആത്മീയ നേതൃത്വത്തിന് വലിയ വിലയും സ്ഥാനവുമാണു ജനം നൽകുന്നത്. രാജാക്കന്മാരിൽനിന്നു രാജ്യഭരണം ജനങ്ങളിലേക്കു മാറിക്കൊണ്ടിരിക്കുകയാണല്ലോ. അങ്ങനെ വരുമ്പോൾ ഭരണകാര്യങ്ങൾ ജനങ്ങളെ ഏല്പിച്ചിട്ട് വൈദികൻ ആത്മീയകാര്യങ്ങളിൽ മുഖ്യ ശ്രദ്ധ പതിപ്പിക്കേണ്ട കാലമായി.
വൈദികന് ദൈവം നൽകിയ ചുമതലകൾ വളരെ വ്യക്തമാണ്. വിശുദ്ധീകരിക്കുക, പഠിപ്പിക്കുക, നയിക്കുക. ഇക്കാര്യങ്ങൾ നിർവഹിക്കേണ്ടരീതിയിലാണ് ഇന്നു മാറ്റം വരേണ്ടത്. വിശുദ്ധീകരണം അടിച്ചേൽപ്പിക്കാവുന്ന കാര്യമല്ല. എന്നാൽ നന്മയും നിഷ്‌കളങ്കതയും തിരിച്ചറിയാൻ മനുഷ്യമനസ്സിനു കഴിയും. ശുദ്ധമായ നിയോഗവും സ്‌നേഹവുമാണ് ഇന്ന് മനുഷ്യനെ വിശുദ്ധിയിലേക്കടുപ്പിക്കുവാനുള്ള മാർഗ്ഗം. പഠിപ്പിക്കൽ സ്വന്തധർമ്മമാണെങ്കിലും പഠിപ്പിക്കുന്ന കാര്യത്തോട് ആത്മാർത്ഥതയില്ലെങ്കിൽ അത് വിപരീതഫലമുളവാക്കും. പഠിപ്പിക്കുന്ന ആളിനോടുള്ള വിദ്വേഷം വിഷയത്തോടുതന്നെ വിദ്വേഷം പുലർത്താനിടവരുത്തും. വൈദികവിദ്വേഷത്തിന്റെ മുക്കാൽപങ്കും ഇതിൽനിന്നാണ് വരുന്നതെന്നു തോന്നുന്നു. നയിക്കുകയെന്നത് ഇക്കാലത്ത് ഒരുവൻ തനിച്ചു ചെയ്യേണ്ട കാര്യമല്ല. ജനം അറിവിൽ ഒരുപാടു വളർന്നിരിക്കുന്നു. അറിവുകളെ സംയോജിപ്പിച്ച് ദിശാബോധത്തോടുകൂടി മുമ്പോട്ടുനീങ്ങുന്നതിലാണ് നയിക്കുന്നതിലെ വിജയം അടങ്ങിയിരിക്കുന്നത്. ഒരു ഇടവക വികാരി ജനത്തെ തനിച്ചു നയിക്കാൻ ഒരുമ്പെടുന്നത് വിഡ്ഢിത്തമാണ്. കൂട്ടായ്മയിലൂടെയാണ് ഭരണം നടത്തേണ്ടത്. എങ്കിൽ വികാരിയുടെ ഭരണഭാരം ഏറെ ലഘുവായിരിക്കും. (പുറ. 18:20-22).